Image

ഹിന്ദുസ്ഥാനി സംഗീതജ്ഞ അന്നപൂര്‍ണ ദേവി അന്തരിച്ചു

Published on 13 October, 2018
ഹിന്ദുസ്ഥാനി സംഗീതജ്ഞ അന്നപൂര്‍ണ ദേവി അന്തരിച്ചു


ദില്ലി: പ്രശസ്‌ത ഹിന്ദുസ്ഥാനി സംഗീതജ്ഞ അന്നപൂര്‍ണ ദേവി അന്തരിച്ചു. ദീര്‍ഘനാളായി ചികിത്സയിലായിരുന്നു അവര്‍. 91ാം വയസ്സിലാണ്‌ അന്ത്യം. പുലര്‍ച്ചെ മൂന്നര മണിയോടെയാണ്‌ മുംബൈയിലെ ബീച്ച്‌ കാന്‍ഡി ആശുപത്രിയിലെ ഡോക്ടര്‍മാര്‍ അവരുടെ അന്ത്യം സ്ഥിരീകരിച്ചത്‌. അന്നപൂര്‍ണ ദേവിക്ക്‌ ദീര്‍ഘനാളായി വാര്‍ധക്യ സഹജമായ രോഗങ്ങളുണ്ടായിരുന്നുവെന്ന്‌ ഡോക്ടര്‍മാര്‍ വ്യക്തമാക്കി.

മധ്യപ്രദേശിലെ മെയ്‌ഹാറില്‍ ഉസ്‌താദ്‌ ബാബ അലാവുദ്ദീന്‍ ഖാന്റെയും മദീന ബീഗത്തിന്റെയും നാലു മക്കളില്‍ ഇളയവളായിരുന്നു അന്നപൂര്‍ണാ ദേവി. പ്രശസ്‌ത ഹിന്ദുസ്ഥാനി സംഗീതജ്ഞന്‍ ഉസ്‌താദ്‌ അലി അക്‌ബര്‍ ഖാന്‍ സഹോദരനാണ്‌. ബ്രിട്ടീഷ്‌ ഇന്ത്യയിലെ മെയ്‌ഹാര്‍ രാജാവ്‌ മഹാരാജ ബ്രിജ്‌നാഥ്‌ സിംഗിന്റെ കൊട്ടാരത്തിലെ സംഗീതജ്ഞനായിരുന്നു ഉസ്‌താദ്‌ ബാബ അലാവുദ്ദീന്‍ ഖാന്‍.

സിത്താര്‍ വാദ്യത്തിന്റെ മാന്ത്രികത നിറഞ്ഞതായിരുന്നു അന്നപൂര്‍ണാ ദേവിയുടെ സംഗീതം മുഴുവന്‍. പ്രശസ്‌തിയില്‍ നില്‍ക്കുമ്‌ബോഴും ഭര്‍ത്താവും സംഗീതജ്ഞനുമായ രവിശങ്കറിന്‌ വേണ്ടി വേദിയില്‍ പരിപാടികള്‍ അവര്‍ ഉപേക്ഷിച്ചിരുന്നു. പിന്നീട്‌ വിവാഹ മോചനത്തിന്‌ ശേഷവും അവര്‍ പൊതുവേദികളില്‍ പാടിയിരുന്നില്ല.

ഹരിപ്രസാദ്‌ ചൗരസ്യ, നിത്യാനന്ദ്‌ ഹാല്‍ദിപൂര്‍, നിഖില്‍ ബാനര്‍ജി, അമിത്‌ ഭട്ടാചാര്യ തുടങ്ങിയ പ്രതിഭകളെ സംഭാവന ചെയ്‌തത്‌ അന്നപൂര്‍ണാ ദേവിയാണ്‌. രാജ്യത്തിന്‌ നല്‍കിയ മികച്ച സംഭാവനങ്ങളുടെ പേരില്‍ പദ്‌മഭൂഷണ്‍ നല്‍കി അവരെ ആദരിച്ചിട്ടുണ്ട്‌. ചൈത്യ പൗര്‍ണമി നാളില്‍ ജനിച്ച പെണ്‍കുട്ടിക്ക്‌ അന്നപൂര്‍ണ എന്ന പേരിട്ടത്‌ മഹാരാജ ബ്രിജ്‌നാഥ്‌ സിംഗായിരുന്നു.

പിതാവ്‌ ഉസ്‌താദ്‌ ബാബ അലാവുദ്ദീന്‍ ഖാന്‍ ആയിരുന്നു അന്നപൂര്‍ണയുടെ ആദ്യ ഗുരു, പിതാവിന്റെ കീഴിലാണ്‌ അവര്‍ സിത്താറില്‍ വൈദഗ്‌ദ്യം നേടുന്നത്‌. പിന്നീട്‌ സിത്താര്‍ മാന്ത്രികനായിരുന്ന രവിശങ്കറിനെ വിവാഹം കഴിക്കുകയായിരുന്നു. 1962ല്‍ ഈ ബന്ധം വേര്‍പിരിഞ്ഞതിന്‌ ശേഷം ഋഷികുമാര്‍ പാണ്ഡെയെ ഇവര്‍ വിവാഹം ചെയ്യുകയായിരുന്നു.

ഹിന്ദുസ്ഥാനി സംഗീതത്തിലെ പകരം വെക്കാനില്ലാത്ത പ്രതിഭയെന്നാണ്‌ അവര്‍ വിശേഷിപ്പിക്കപ്പെടുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക