Image

എന്തുകൊണ്ടാണ് ഇത്ര നാള്‍ പറയാതിരുന്നത്? (മുരളി തുമ്മാരുകുടി)

Published on 13 October, 2018
എന്തുകൊണ്ടാണ് ഇത്ര നാള്‍ പറയാതിരുന്നത്? (മുരളി തുമ്മാരുകുടി)
പ്രതികരിക്കേണ്ട ഏറെ വിഷയങ്ങള്‍ നിലവിലുണ്ടെങ്കിലും ഔദ്യോഗികമായും വ്യക്തിപരമായും ഏറെ തിരക്കുള്ളതിനാല്‍ വിശദമായി എഴുതാന്‍ സാധിക്കുന്നില്ല. എന്നാലും #metoo മൂവ്‌മെന്റിനെപ്പറ്റി രണ്ടു വാക്ക് പറയാതെ വയ്യ.

ഒരു വര്‍ഷത്തിന് ശേഷമാണെങ്കിലും ഇന്ത്യയിലും #metoo പ്രസ്ഥാനം കത്തിക്കയറാന്‍ തുടങ്ങുകയാണ്, നല്ലത്. വിഷമിപ്പിക്കുന്നത് പക്ഷെ ഏറെ ആണുങ്ങളുടെ പ്രതികരണമാണ്. 'എന്തുകൊണ്ടാണ് ഇത്ര നാള്‍ പറയാതിരുന്നത്?', 'എന്തുകൊണ്ടാണ് പോലീസില്‍ പരാതിപ്പെടാതിരുന്നത്?' എന്നിങ്ങനെ തികച്ചും സ്വാഭാവികമായ ചോദ്യങ്ങള്‍ ഉയരുന്നു. അത് അമേരിക്കന്‍ പ്രസിഡന്റ് മുതല്‍ ഇന്നിപ്പോള്‍ WCC പത്രസമ്മേളനത്തിന് താഴെ വന്ന് കമന്റിടുന്നവര്‍ വരെ ഇത് തന്നെയാണ് ചോദിക്കുന്നത്.

ഈ ചോദ്യത്തിനൊക്കെ ഉത്തരങ്ങള്‍ ഇത്തരം അനുഭവങ്ങളില്‍ നിന്നും കരകയറിയവരും മനഃശാസ്ത്രഞ്ജരും ഒക്കെ പല വട്ടം പറഞ്ഞിട്ടുണ്ട്. ഒരിക്കല്‍ ഞാനും എഴുതാം. സഹോദരനും സുഹൃത്തും അധ്യാപകനും മെന്ററും എഴുത്തുകാരനും ഒക്കെയായി ആയിരക്കണക്കിന് സ്ത്രീകളുമായി ഇടപെട്ട പരിചയത്തില്‍ നിന്ന് ഒരു കാര്യം ഞാന്‍ ഇപ്പോള്‍ പറയാം.

ഈ #metoo എന്നത് സിനിമാരംഗത്തോ, രാഷ്ട്രീയ രംഗത്തോ, പത്രപ്രവര്‍ത്തന രംഗത്തോ കായിക രംഗത്തോ, മറ്റു ഗ്ലാമര്‍ രംഗങ്ങളിലോ മാത്രമുള്ള പ്രശ്‌നമല്ല. ഇപ്പോള്‍ പുറത്തു വരുന്ന പത്തോ അതിന്റെ പത്തിരട്ടിയോ ആളുകളുടെ പ്രശ്‌നവുമല്ല. നമ്മുടെയെല്ലാം ചുറ്റിലും ഇതുണ്ട്, അത് മനസ്സിലാക്കാനുള്ള മനസ്സുണ്ടെന്ന് സ്ത്രീകള്‍ക്ക് തോന്നിയിട്ടുള്ള എല്ലാ പുരുഷന്മാരും ഇത്തരം അനുഭവങ്ങള്‍ കേട്ടിട്ടുണ്ട്.

നിങ്ങള്‍ നിങ്ങളുടെ തൊട്ടടുത്തുള്ള ആരില്‍ നിന്നും ഇനിയും ഇത്തരം ഒരു കഥ കേട്ടിട്ടില്ലെങ്കില്‍ അതിന്റെ അര്‍ത്ഥം, നിങ്ങളുടെ തൊട്ടടുത്തുള്ളവര്‍ക്ക് നിങ്ങളോട് അത്തരം അനുഭവങ്ങള്‍ പങ്കുവെക്കാനുള്ള 'സ്‌പേസ്' നിങ്ങള്‍ കൊടുത്തിട്ടില്ല എന്നത് മാത്രമാണ്. അതായത് നിങ്ങള്‍ നിങ്ങളുടെ 'ഏറ്റവും അടുത്തത്', 'ആത്മാര്‍ത്ഥ സുഹൃത്ത്' എന്നൊക്കെ കരുതുന്നവര്‍ നിങ്ങളെ അങ്ങനെ കരുതുന്നില്ല. നിങ്ങളുടെ ചിന്തയും വിചാരവും ഇത്തരത്തില്‍ ആണെങ്കില്‍ എനിക്കതില്‍ അത്ഭുതം തോന്നേണ്ട കാര്യമില്ലല്ലോ.

ഈ '#metoo ഒഒന്നും വലിയൊരു പ്രശ്‌നമല്ലെന്നും സ്ത്രീകള്‍ക്ക് മോശമായ അനുഭവങ്ങള്‍ ഉണ്ടെങ്കില്‍ അവരുടെ കുടുംബത്തോട് നടന്നയുടനെ തുറന്നു പറയും എന്നുമൊക്കെയുള്ള ചിന്താഗതിയില്‍ നിങ്ങള്‍ ഞെളിഞ്ഞിരിക്കുമ്പോള്‍, അനുഭവങ്ങള്‍ പറയാനാകാതെ വീര്‍പ്പുമുട്ടുന്നത് അമേരിക്കയിലെ സിനിമാതാരങ്ങളോ ഡല്‍ഹിയിലെ പത്രപ്രവര്‍ത്തകരോ മാത്രമല്ല. നിങ്ങള്‍ക്ക് തൊട്ടു ചുറ്റുമുള്ള, നിങ്ങള്‍ സ്‌നേഹിക്കുന്ന, നിങ്ങളെ സ്‌നേഹിക്കുന്ന നിങ്ങളുടെ ഭാര്യയോ, സഹോദരിയോ മകളോ സുഹൃത്തുക്കളോ കൂടിയാണ്. അക്കാര്യം മനസ്സിലാകുന്ന കാലത്ത് നിങ്ങള്‍ക്ക് #metoo വിന്റെ ചരിത്ര പ്രാധാന്യം മനസ്സിലാകും. അതുവരെ ചെവിയില്‍ പഞ്ഞിവെച്ച് അടച്ചിരുന്നിട്ട് 'ചെണ്ടമേളത്തിന് ഒച്ചയൊന്നും ഇല്ലല്ലോ' എന്ന് ചിന്തിക്കുന്ന മൂഢന്റെ അവസ്ഥയിലാണ് നിങ്ങള്‍.

ഒരു കുഞ്ഞു ജീവന്റെ വില !

രണ്ടായിരത്തി പതിമൂന്നില്‍ കൊച്ചിന്‍ യൂണിവേഴ്‌സിറ്റിയുമായി ചേര്‍ന്ന് ഞാന്‍ സുരക്ഷയെക്കുറിച്ച് ഒരു സെമിനാര്‍ നടത്തിയിരുന്നു. കടല്‍ തൊട്ട് ആകാശം വരെയുള്ള എല്ലായിടത്തെയും സുരക്ഷാ വിഷയങ്ങള്‍ ഞങ്ങള്‍ ചര്‍ച്ച ചെയ്തു. അന്ന് രണ്ടാമന്‍ ഇന്നത്തെപ്പോലെ അത്ര അറിയപ്പെട്ടിരുന്ന ആളല്ല, സുരക്ഷ വിഷയത്തിന് അന്നിത്ര ഡിമാന്‍ഡും ഇല്ല. എന്നാലും അടുത്ത സുഹൃത്തുക്കളുടെ സഹായത്തോടെ രണ്ടു ദിവസത്തെ സെമിനാര്‍ നന്നായി നടത്താന്‍ സാധിച്ചു.

സെമിനാറില്‍ റോഡ് സുരക്ഷയെപ്പറ്റി സംസാരിക്കുന്‌പോള്‍ ഡെമോ കാണിക്കാന്‍ കാറില്‍ ഉപയോഗിക്കുന്ന ഒരു Child Safety Seat മേടിക്കാന്‍ ഞാന്‍ കേരളത്തില്‍ ഏറെ അന്വേഷിച്ചു. ഒരു രക്ഷയും ഇല്ല. അവസാനം എന്റെ സുഹൃത്ത് Josy ദുബായില്‍ നിന്നും ഒരു സീറ്റുമായി നാട്ടിലെത്തി. കാര്‍ സീറ്റിന്റെ വില അയ്യായിരം രൂപ, ടിക്കറ്റിന്റെ വില പതിനയ്യായിരം .

ഇന്ത്യയില്‍ ഏറ്റവും ലക്ഷ്വറി കാറുകള്‍ വിറ്റുപോകുന്ന സംസ്ഥാനമാണ് അന്ന് കേരളം. പത്തുലക്ഷത്തിന് മുകളിലുള്ള കാറുകള്‍ റോഡുകളില്‍ സുലഭം. എന്നിട്ട് പോലും കുട്ടികളുടെ ജീവന്‍ രക്ഷിക്കാന്‍ ഉതകുന്ന - പതിനായിരം രൂപ മാത്രം വിലയുള്ള ഒരു സീറ്റിന് നാട്ടില്‍ ഡിമാന്‍ഡ് ഇല്ല എന്നത് എന്നെ ഏറെ വിഷമിപ്പിച്ചു.

വര്‍ഷം അഞ്ചു കഴിഞ്ഞു. കുട്ടികളുടെ കാര്‍സീറ്റ് ഇപ്പോള്‍ കേരളത്തില്‍ ലഭ്യമാണെങ്കിലും ലക്ഷക്കണക്കിന് രൂപയുടെ കാറുകള്‍, അതും ഫുള്‍ ഓപ്ഷന്‍ വാങ്ങുന്നവര്‍, ഇപ്പോഴും പതിനായിരം രൂപ കുട്ടികളുടെ സീറ്റിനായി ചിലവാക്കുന്നില്ല.
കുട്ടികളെ പുറകിലത്തെ സീറ്റില്‍ കാര്‍ സീറ്റുകളില്‍ മാത്രമേ പന്ത്രണ്ടു വയസ്സ് വരെ ഇരുത്താന്‍ പാടുള്ളൂ എന്ന് നിയമം ഉണ്ടാകണം എന്നാണ് എന്റെ ആഗ്രഹം. ഒരു വര്‍ഷം പത്തു കുഞ്ഞുങ്ങളുടെ ജീവന്‍ എങ്കിലും അങ്ങനെ രക്ഷപെടും. പക്ഷെ അതൊക്കെ എന്നെങ്കിലും വരുമോ?, വന്നാല്‍ തന്നെ 'പോലീസ് പിടിക്കില്ല' എന്ന് വന്നാല്‍ ആളുകള്‍ ശ്രദ്ധിക്കുമോ?

നിയമം വരാനൊന്നും എന്റെ വായനക്കാര്‍ കാത്തിരിക്കേണ്ട കാര്യമില്ല. നിങ്ങള്‍ക്ക് ഒരു കാറുണ്ടെങ്കില്‍ ഉടന്‍ ഒരു ചൈല്‍ഡ് സേഫ്റ്റി സീറ്റ് വാങ്ങിവെക്കുക. കുട്ടികള്‍ കാറിലുണ്ടെങ്കില്‍ തീര്‍ച്ചയായും അത് ഉപയോഗിക്കുക. നിങ്ങളുടെ കുഞ്ഞിന്റെ ജീവന്‍ രക്ഷിക്കാം എന്നത് മാത്രമല്ല അതിന്റെ ഗുണം. ഒരിക്കല്‍ പോലും അപകടം ഉണ്ടായില്ലെങ്കിലും ചൈല്‍ഡ് സീറ്റില്‍ ഇരുന്നു വളരുന്ന കുഞ്ഞിന് സുരക്ഷ എന്നത് ജീവിതത്തിന്റെയും ചിന്തയുടെയും ഭാഗമാകും. കുഞ്ഞിന്റെ ഭാവിയില്‍ നിങ്ങള്‍ നടത്തുന്ന ഏറ്റവും ലാഭമുള്ള നിക്ഷേപമായിരിക്കും അത്. ഇനി ഒരു കുഞ്ഞിന്റെ ചോര നമ്മുടെ കാറില്‍ വീഴരുത്. രക്ഷിച്ചെടുക്കാവുന്ന ഒരു ജീവനും നമ്മള്‍ വിട്ടുകളയരുത്.

ജനീവയില്‍ നിങ്ങള്‍ ഒരു ടാക്‌സി വിളിക്കുമ്പോള്‍ അതില്‍ ചൈല്‍ഡ് സീറ്റ് ഇല്ലെങ്കില്‍, നിങ്ങളുടെ കൂടെ കുട്ടികളുണ്ടെങ്കില്‍ അവര്‍ ഓട്ടം വരില്ല. എന്റെ മരുമകന്‍ ലണ്ടനില്‍ നിന്നും വര്‍ഷത്തില്‍ ഒന്നോ രണ്ടോ തവണ വരുമ്പോള്‍ മകള്‍ നന്ദക്ക് ഉപയോഗിക്കാന്‍ വേണ്ടി മാത്രം ഞാന്‍ ഒരു ചൈല്‍ഡ് സേഫ്റ്റി സീറ്റ് വാങ്ങിവെച്ചിട്ടുണ്ട്.

അതുപോലെ നിങ്ങളും ദൂരയാത്രക്കൊക്കെ പോകുമ്പോള്‍ ബന്ധുക്കളുടെ അല്ലെങ്കില്‍ കൂട്ടുകാരുടെ കുട്ടികള്‍ ഉണ്ടെങ്കില്‍ ചൈല്‍ഡ് സീറ്റ് ഉറപ്പാക്കണം. കുട്ടികള്‍ സുരക്ഷിതര്‍ ആകട്ടെ, രക്ഷാ ബോധം കൂട്ടുകാരിലേക്കും പടരട്ടെ. (ഇതൊന്നും നിങ്ങളുടെ നിര്‍ബന്ധം അല്ല, ആ എം ടി രണ്ടാമന്റെ ഐഡിയ ആണെന്ന് പറഞ്ഞാല്‍ മതി)

പെന്‍സില്‍ സ്‌കെച് -അലോക് സ്‌കറിയ 
എന്തുകൊണ്ടാണ് ഇത്ര നാള്‍ പറയാതിരുന്നത്? (മുരളി തുമ്മാരുകുടി)
Join WhatsApp News
josecheripuram 2018-10-13 19:03:55
We always take things easy,Forget about car seats How many of us ,in kerala use helmet while riding bycycle .We lost so many livies because of our negligence .I lost my friend Balabasker.This could have been prevented ,If she was in a child seat strapped,&he was wearing a seat belt&if they were not driving early morning.We have Genetic dip 1 pm to 3 pm&2 am to 4 am.Never drive between this time.Please,again please DO NOT DRIVE AT THESE HOURS.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക