Image

ചില സമോസാ വിശേഷങ്ങള്‍... (മീട്ടു റഹ്മത്ത് കലാം)

Published on 14 October, 2018
ചില സമോസാ വിശേഷങ്ങള്‍... (മീട്ടു റഹ്മത്ത് കലാം)
ലോകത്തിലെ ആദ്യത്തെ ഫാസ്റ്റ് ഫുഡ് എന്ന് വിശേഷിപ്പിക്കപ്പെടുന്ന സമോസയുടെ ഉത്ഭവം എവിടെ നിന്നായിരുന്നു? കേരളത്തിലെ ഒരു ഗ്രാമത്തിന് സമോസപ്പടി എന്ന് പേര് വന്നതെങ്ങിനെ? സമോസ മാത്രം വില്‍ക്കുന്ന ഒരു ഷോപ്പുമായി വരാന്‍ ഷാജി കൈലാസിന്റെ മകന്‍ ജഗനെ പ്രേരിപ്പിച്ചതെന്ത്? ഗൂഗിളിലെ ജോലികളഞ്ഞ് സമോസ വില്‍ക്കാനിറങ്ങിയ മുംബൈ സ്വദേശിയായ യുവാവ് ഇപ്പോള്‍ സമ്പാദിക്കുന്നത് ലക്ഷങ്ങളാണ്. ചില സമോസാ വിശേഷങ്ങള്‍...

ആഗോളവല്‍ക്കരണം എന്ന വാക്കിന്റെ പിറവിക്ക് വളരെ മുന്‍പ് തന്നെ രാജ്യങ്ങള്‍ക്കിടയില്‍ നിലനിന്നിരുന്ന കൊടുക്കല്‍ വാങ്ങലുകളുടെ ചരിത്രസ്മാരകമാണ് ഇന്ന് പരിചിതമായ പല രുചിവൈവിധ്യങ്ങളും. സമോസ അതില്‍ എടുത്ത് പറയാവുന്ന ഒന്നാണ്. രസമുകുളങ്ങളെ തൃപ്തിപ്പെടുത്തുന്ന രീതിയില്‍ പ്രാദേശികമായ വ്യത്യാസങ്ങളോടെ തയ്യാറാക്കുന്ന ഈ പലഹാരം, ഇന്ത്യയുടെ വടക്കേയറ്റം മുതല്‍ തെക്കേയറ്റംവരെയുള്ള ആഹാരപ്രേമികള്‍ക്ക് പ്രിയങ്കരമാണ്. ദേശീയ പലഹാരം തിരഞ്ഞെടുക്കുന്നതിന് ഒരു പ്രമുഖ ചാനല്‍ നടത്തിയ സര്‍വേയില്‍ ഏറ്റവും കൂടുതല്‍ വോട്ട് ലഭിച്ചത് സമോസയ്ക്കാണ്. നമ്മുടെ സ്വന്തം പലഹാരം എന്ന് അഭിമാനത്തോടെ പറയുമ്പോഴും സമോസ വിദേശി ആണെന്ന സത്യം ഉള്‍ക്കൊണ്ടേ മതിയാകൂ. ഇന്ത്യയില്‍ നിന്നും ആയിരം കാതങ്ങള്‍ അകലെയുള്ള ഇറാനിലാണ് സമോസ പിറവി കൊണ്ടത്.

ഇറാനില്‍ നിന്ന് ഇന്ത്യയുടെ നെഞ്ചിലേക്ക്

ഇറാന്റെ പാചകകലാ സപര്യ പത്താം നൂറ്റാണ്ടില്‍ തുടങ്ങിയതാണ്. ഇറാനിയന്‍ ചരിത്രകാരനായ അബുല്‍ ഫസല്‍ (995-1077 ) രചിച്ച താരീഖ്-ഇ-ബേഹഖിയില്‍ മദ്ധ്യ ഏഷ്യയില്‍ നിന്ന് ഇന്ത്യന്‍ ഉപഭൂഖണ്ഡത്തിലെത്തിയ 'സംബൂസ' എന്ന പലഹാരത്തെക്കുറിച്ച് പരാമര്‍ശിക്കുന്നുണ്ട്. പതിനാലാം നൂറ്റാണ്ടില്‍ ഇന്ത്യ സന്ദര്‍ശിച്ച മൊറോക്കന്‍ സഞ്ചാരി ഇബ്‌നു ബത്തൂത്ത , മുഹമ്മദ് ബിന്‍ തുഗ്ലക്കിന്റെ സദസ്സില്‍ ത്രികോണാകൃതിയില്‍ മുറിച്ചെടുത്ത പലഹാരത്തെക്കുറിച്ച് എഴുതിയിട്ടുണ്ട്. ഉള്ളില്‍ മാംസവും പിസ്തയും ബദാമും പ്രത്യേക രസക്കൂട്ടും ചേര്‍ത്ത് തയ്യാറാക്കിയ ആ പലഹാരത്തിന് സംബുസാഗ് എന്നാണ് പേര് കൊടുത്തിരിക്കുന്നത്. അച്ചുതണ്ട് എന്ന് അര്‍ത്ഥംവരുന്ന ഖുതുബ് എന്നപേരില്‍ മുഗള്‍ ഭരണകാലത്ത് വിശേഷാവസരങ്ങളില്‍ ഉണ്ടാക്കിയിരുന്ന വിഭവത്തിന്റെ ചിത്രം ഐന്‍-ഈ- അക്ബറിയില്‍ കൊടുത്തിട്ടുണ്ട്. പുറമെ പരുക്കനായി ഉള്ളില്‍ മാര്‍ദ്ദവവും ആസ്വാദ്യകരമായ രുചിയും ഒളിപ്പിച്ച നമ്മുടെ സമോസയെ തന്നെയാണ് ചരിത്രകാരന്മാര്‍ പല പേരില്‍ വര്‍ണിച്ചിരിക്കുന്നതെന്ന് ഇവ പരിശോധിച്ചാല്‍ മനസിലാകും. അമീര്‍ ഖുസ്‌റോയുടെ കവിതയില്‍പോലും ഇടം പിടിച്ചെങ്കില്‍ ആ രുചിവൈഭവം ഊഹിക്കാമല്ലോ?

സമഭാവന സമം സമോസ

സമത്വത്തിന്റെ വലിയ ആശയം പേറുന്ന പലഹാരമാണ് സമോസ. തെരുവോരങ്ങളില്‍ തട്ടുകടയില്‍ നിന്നായാലും പഞ്ചനക്ഷത്രഹോട്ടലില്‍ നിന്നായാലും നമുക്കവ ലഭിക്കും. ജോലിചെയ്തു മടുത്തിരിക്കുമ്പോഴും മനസ്സില്‍ സന്തോഷം തോന്നുമ്പോഴും മെനുവില്‍ നോക്കാതെ ഓര്‍ഡര്‍ ചെയ്യാവുന്ന ഒന്നാണത്. നിന്നോ ഇരുന്നോ വേഗം കഴിക്കാം, വിശപ്പ് ശമിക്കുകയും പോക്കറ്റ് കാലിയാകാതിരിക്കുകയും ചെയ്യും. ഏതു കാലാവസ്ഥയോടും പൊരുത്തപ്പെടുന്ന രുചിയാണ് മറ്റൊരു പ്രത്യേകത. മരംകോച്ചുന്ന തണുപ്പില്‍ ചൂടുചായയ്‌ക്കൊപ്പവും കൊടുംചൂടില്‍ ശീതളപാനീയത്തോടൊപ്പവും സമോസ കഴിക്കാം. ചൈനീസ് ടേസ്റ്റ് ഇഷ്ടമുള്ളവര്‍ക്ക് സോസിനൊപ്പവും നാടന്‍രുചി ആഗ്രഹിക്കുന്നവര്‍ക്ക് ചമ്മന്തിക്കൊപ്പവും സമോസ ശാപ്പിടാം. വെജിറ്റേറിയന്‍സിനും നോണ്‍-വെജിറ്റേറിയന്‍സിനും ഒരുപോലെ മനസ്സിനെ തൃപ്തിപ്പെടുത്തുന്ന രുചിക്കൂട്ടുമായി തീന്‍മേശയില്‍ പ്രത്യക്ഷപ്പെടുന്ന മറ്റൊന്നില്ലെന്നതും സമോസ ആളുകളുടെ മനസ്സില്‍ ചിരപ്രതിഷ്ഠ നേടിയ കാരണങ്ങളില്‍ ഒന്നാണ്. ഉള്ളിലെ ഫില്ലിങ്ങില്‍ ഇത്രത്തോളം പരീക്ഷണം നടത്താന്‍ പറ്റിയ മറ്റൊരു വിഭവമില്ല. വെജ് സമോസ, പ്രോണ്‍ സമോസ, മീറ്റ് സമോസ, സ്വീറ്റ് സമോസ തുടങ്ങി ആയിരത്തില്‍പരം വൈവിധ്യങ്ങള്‍ ലോകത്തിന്റെ ഏതുകോണിലും കാണാം.

നാനത്വത്തില്‍ ഏകത്വം

ഇന്ത്യന്‍ സംസ്‌കാരത്തില്‍ എടുത്തുപറയപ്പെടുന്ന തത്വമാണ് നാനത്വത്തില്‍ ഏകത്വം എന്നത്. സമോസയുടെ കാര്യത്തിലും ഇത് ശരിയാണ്. ഓരോ നാട്ടിലും പല പേരിലും രുചിയിലും ഒക്കെ തയ്യാറാക്കുമ്പോഴും അടിസ്ഥാനപരമായി സമോസ എന്ന പേര് ഇവയെ ഒന്നിപ്പിക്കുന്ന ചരടായി നിലകൊള്ളുന്നുണ്ട്. താരതമ്യേന വലിയ സമോസകള്‍ ഉണ്ടാക്കുന്നത് ഉത്തരേന്ത്യയിലാണ്. ബര്‍മീസ് സ്‌റ്റൈല്‍ സമോസകള്‍ തീരെ ചെറുതാണ്. ഒഡീഷയില്‍ ശിങ്കാര എന്നാണ് പേര്. ഉള്ളില്‍ നിറയ്ക്കുന്ന പുഴുങ്ങിയ കിഴങ്ങ് ഉടയ്ക്കില്ലെന്നതാണ് ശിങ്കാരയുടെ പ്രത്യേകത. ഫിഷ് ശിങ്കാരയ്ക്കാണ് ബംഗാളില്‍ പ്രിയം. ഉള്ളില്‍ തേങ്ങാ നിറച്ച്, പഞ്ചസാരപ്പാനിയില്‍ മുക്കി കഴിക്കുന്ന നാരിയല്‍ ശിങ്കാരയും പ്രചാരത്തിലുണ്ട്. ഹൈദരാബാദില്‍ ലുഖ്മി എന്നപേരില്‍ ലഭിക്കുന്ന സമോസയ്ക്കുള്ളില്‍ ഉള്ളി മാത്രമേ ഉണ്ടാകൂ. കര്‍ണാടക മുതല്‍ കേരളം വരെ പോര്‍ച്ചുഗീസുകാരുടെ ചമൂക്ക എന്ന സ്‌റ്റൈലുമായി ചേര്‍ന്ന രുചിക്കൂട്ടിലാണ് സമോസ തയ്യാറാക്കുന്നത്. പച്ചക്കറിയും ഇറച്ചിയുമെല്ലാം സ്റ്റഫിങ്ങിന് ഉപയോഗിക്കും. ബംഗ്‌ളാദേശിലെ സമൂച്ച, ശിങ്കാരയോട് സാമ്യമുള്ളതാണ്. നേപ്പാളില്‍ എത്തുമ്പോള്‍ പേര് ശിങ്കട എന്നാകും. മാലിദ്വീപില്‍ ട്യൂണ മത്സ്യംകൊണ്ട് തയ്യാറാക്കുന്ന ബാജിയയും സമോസെയില്‍ നിന്ന് ഉരുത്തിരിഞ്ഞതാണ്. ഇന്തോനേഷ്യയില്‍ പാസ്തല്‍ എന്നാണ് സമോസ അറിയപ്പെടുന്നത്. ഇവയ്ക്കുള്ളില്‍, മുട്ടയും ഇറച്ചിയും ഉപയോഗിക്കും. ജൂതന്മാര്‍ക്കിടയില്‍ ഏറ്റവും പവിത്രമായി കാണുന്ന ശാബത്ത് എന്ന പ്രാര്‍ത്ഥനാനിരതമായ ദിവസം, കുടുംബാംഗങ്ങള്‍ കടല ഫില്ലിങ്ങാക്കിയുള്ള സമോസ തയ്യാറാക്കും. ഇറാനികളെപ്പോലെ ഇസ്രായേലികളും ഇതിനെ സംബൂസാഗ് എന്നാണ് വിളിക്കുക.

കേരളത്തില്‍ വെജ് സമോസയ്ക്കും നോണ്‍വെജ് സമോസയ്ക്കും ഒരുപോലെ ആരാധകരുണ്ട്.

മലപ്പുറത്ത് ഒരു 'സമോസപ്പടി'

മലപ്പുറത്ത് സമോസപ്പടി എന്ന പേരില്‍ ഒരു ഗ്രാമം തന്നെയുണ്ട്. മലപ്പുറം പഴമള്ളൂര്‍ക്കാര്‍ക്ക് സമോസ പലഹാരം മാത്രമല്ല, വികാരം കൂടിയാണ്. സാമ്പത്തികമായി ആ നാട്ടുകാരെ പിടിച്ചുനിര്‍ത്തുന്നതില്‍ സമോസ നിര്‍മാണവും വില്പനയുമാണ് പ്രധാന പങ്കുവഹിക്കുന്നത്. അതുകൊണ്ടാണ് ആ നാട് സമോസപ്പടി എന്ന് അറിയപ്പെടുന്നതും. ജില്ലയ്ക്കുള്ളില്‍ മാത്രം ഒതുങ്ങിയിരുന്ന വ്യവസായം, കോഴിക്കോട്, പാലക്കാട്, കണ്ണൂര്‍ തുടങ്ങി അയല്‍ ജില്ലകളിലേക്കുകൂടി ഓര്‍ഡര്‍ ലഭിച്ചതോടെ വ്യാപിപ്പിച്ചു. വീടുകളില്‍ ഇരുന്ന് വൃത്തിയോടെ വീട്ടമ്മമാര്‍ തന്നെ ഉണ്ടാക്കുന്ന സമോസകള്‍ക്ക് വിപണിയില്‍ ഏറെ പ്രിയമാണ്. നേരംവെളുക്കുമ്പോള്‍ മുതല്‍ അന്തിയാകുവോളം പഴമള്ളൂരിലെങ്ങും സമോസ വറുത്തുകോരുന്ന ഗന്ധമാണ്.

സമോസയ്ക്ക് മാത്രമായി റസ്‌റ്റോറന്റ ്

തലസ്ഥാനത്ത് സമോസയ്ക്ക് മാത്രമായി ഒരു കട തുറന്നിരിക്കുന്നു ഷാജി കൈലാസ്-ആനി ദമ്പതികളുടെ പുത്രന്‍ ജഗന്നാഥന്‍.

ബി.ബി.എ റിസള്‍ട്ട് വന്നപ്പോള്‍ തനിക്ക് മൂന്നാം റാങ്ക് ലഭിച്ചതറിഞ്ഞിട്ടും സംവിധായകന്‍ ഷാജി കൈലാസിന്റെയും ആനിയുടെയും മകന്‍ ജഗന്റെ മുഖത്ത് കാര്യമായ ഭാവവ്യത്യാസം ഉണ്ടായിരുന്നില്ല. തിയറി പഠിച്ചാല്‍ നേടാവുന്ന റാങ്കിനേക്കാള്‍, ബിസിനസ്സില്‍ പ്രാക്ടിക്കല്‍ സൈഡിനാണ് ജഗന്‍ മുന്‍ഗണന കൊടുക്കുന്നത്. പരീക്ഷാഫലം വരുന്നതിനും മുന്‍പേ സുഹൃത്ത് ബിജിന്‍ തങ്കച്ചനുമായി ചേര്‍ന്ന് തിരുവനന്തപുരത്ത് തുടക്കം കുറിച്ച 'ആനീസ് സമോസ പോയിന്റ്' എന്ന റെസ്‌റ്റോറന്റ് ബിസിനസ് വിജയിച്ചതിലാണ് ഈ യുവാവിന് ഏറെ അഭിമാനം.

കരി എന്ന ഷോര്‍ട് ഫിലിം സംവിധാനം ചെയ്ത് കഴിവുതെളിയിച്ചെങ്കിലും പൂര്‍ണമായും അച്ഛന്റെ വഴിയേ തിരിയാന്‍ ജഗന് താല്പര്യം ഉണ്ടായിരുന്നില്ല. അഭിനയത്തിലും പാചകത്തിലും പേരുകേട്ട അമ്മ ആനിയുടെ വഴിയിലേക്കും തുല്യ അളവില്‍ ചായ്‌വുതോന്നി. കുടുംബം സര്‍ട്ടിഫൈ ചെയ്ത ആനിയുടെ രുചിക്കൂട്ടുകള്‍ വിപണിയില്‍ എത്തിക്കുമ്പോള്‍ വിജയം ഉറപ്പായിരുന്നെങ്കിലും ഇത്രമാത്രം ഹിറ്റ് ആകുമെന്ന് ഓര്‍ത്തിരുന്നില്ല.

ഖത്തറില്‍ ഇന്റേണ്‍ഷിപ് ചെയ്തവകയില്‍ ലഭിച്ച തുകയും വിഷുക്കൈനീട്ടമായും മറ്റും കിട്ടിയിരുന്ന പണം ചേര്‍ത്തുവച്ച സമ്പാദ്യവും ആയിരുന്നു മൂലധനം. നാലുമണിപ്പലഹാരങ്ങള്‍ ലഭ്യമാകുന്ന കട തുടങ്ങാന്‍ ആലോചിച്ചപ്പോള്‍ സമോസ മനസ്സില്‍ വന്നതിനും ജഗന് കാരണങ്ങളുണ്ട്.

''ചെറുപ്പത്തില്‍ ട്രെയിന്‍ യാത്രയിലാണ് സമോസ ആദ്യമായി രുചിക്കുന്നത്. പിന്നെ അമ്മ വീട്ടില്‍ ഉണ്ടാക്കി തന്നു. എനിക്കും അനിയന്മാരായ ഷാരോണിനും റൂഷനും സമൂസയിലെ വെറൈറ്റിയോട് വലിയ പ്രിയമാണ്. എപ്പോഴും ഫ്രഷ് ആന്‍ഡ് ക്രിസ്പ് ഫീല്‍ ഉണ്ടായിരിക്കുമെന്നത് സമോസയുടെ പ്രത്യേകതയാണ്. ബര്‍ഗറിനേക്കാള്‍ ആരോഗ്യകരമാണ് സമോസയെന്ന് അടുത്തിടെ പഠനങ്ങളിലൂടെ തെളിഞ്ഞതും സമോസയുടെ കാലമാണ് വരാന്‍പോകുന്നതെന്ന തോന്നല്‍ ഉണ്ടാക്കി. ഉരുളക്കിഴങ്ങ് ചേര്‍ക്കാത്ത സമോസകളാണ് സമോസ പോയിന്റിലെ സ്‌പെഷ്യാലിറ്റി. ക്രാബ് സമോസ, ലോലിപ്പോപ് സമോസ തുടങ്ങി അധികം പരിചിതമല്ലാത്ത പതിനഞ്ച് തരം സമോസകള്‍ ഇവിടെ ലഭ്യമാണ്. സാധാരണക്കാര്‍ക്കും അഫോര്‍ഡബിള്‍ ആയ റേറ്റ് മാത്രമേ ഈടാക്കുന്നുള്ളു. ഐഎഫ്എഫ്‌കെ നടന്നപ്പോള്‍ സമോസ പോയിന്റിന്റെ ഒരു സ്റ്റാള്‍ ടാഗോര്‍ തീയറ്ററില്‍ ഇട്ടിരുന്നു. അതോടെയാണ് പ്രമുഖര്‍ കേട്ടറിഞ്ഞ് എത്തിത്തുടങ്ങിയത്. ''

സി.ഇ.ഒ, ചീഫ് ഈറ്റിംഗ് ഓഫീസര്‍

ഗൂഗിളിലെ മോഹിപ്പിക്കുന്ന വൈറ്റ് കോളര്‍ ജോലി വലിച്ചെറിഞ്ഞ് സമോസ വില്‍ക്കാനിറങ്ങിയ യുവാവ് ലക്ഷാധിപതിയായ കഥയും സമോസയുടെ ജനപ്രിയതയ്ക്ക് തെളിവാണ്.

മാര്‍ക്കറ്റിംഗ് മാനേജ്‌മെന്റില്‍ സ്‌പെഷ്യലൈസ് ചെയ്ത മകന്‍ ലോകത്തെ തന്നെ മികച്ച കമ്പനികളില്‍ ഒന്നായ ഗൂഗിളിലെ എക്‌സിക്യൂട്ടീവ് സ്ഥാനം രാജിവച്ച് സമോസ വില്പനയ്ക്കിറങ്ങിയാല്‍ പിന്തുണയ്ക്കുന്ന മാതാപിതാക്കള്‍ കാണുമോ? ചരിത്രം കുറിക്കുന്ന പലമാറ്റങ്ങള്‍ക്കു പിന്നിലും റിസ്‌ക് എടുക്കാന്‍ തയ്യാറാകുന്ന കുടുംബവും കാണും. മുംബൈ സ്വദേശി മുനാഫ് കപാഡിയ ഗൂഗിളിലെ ജോലി ഉപേക്ഷിച്ച്, ബോഹ്‌റി കിച്ചന്‍ എന്ന റെസ്‌റ്റോറന്റ് ബിസിനസ്സ് തുടങ്ങാന്‍ ആലോചിച്ചപ്പോള്‍ കൈപ്പുണ്യവും രഹസ്യക്കൂട്ടുകളുമായി അമ്മ നഫീസ കപാഡിയ കൂടെ നിന്നു. അവിടത്തെ കീമ സമോസ ഹിറ്റ് ആകാന്‍ അധികനാള്‍ വേണ്ടി വന്നില്ല. 2014 ല്‍ തുടങ്ങിയ റെസ്‌റ്റോറന്റില്‍ ലോകത്തിന്റെ നാനാഭാഗത്തുനിന്നുള്ള ഫുഡ് ബ്ലോഗര്‍മാരും എത്തി റിവ്യൂ ഇടാറുണ്ട്. അങ്ങനെ രുചിപ്പെരുമ കേട്ടറിഞ്ഞ് ബോഹ്‌റി കിച്ചനിലെ സമോസ രുചിക്കാന്‍ എത്തിയവരില്‍ ബോളിവുഡിലെ പ്രമുഖ താരങ്ങളും സംവിധായകരും ഉള്‍പ്പെടും. ഋഷി കപൂര്‍, ഫാറാ ഖാന്‍, സഞ്ജയ് ലീല ബന്‍സാലി, റാണി മുഖര്‍ജി, ആദിത്യ ചോപ്ര തുടങ്ങിയവര്‍ ഇവിടത്തെ പതിവുകാരാണ്. സമോസ ബിസിനസ്സിലൂടെ ലക്ഷങ്ങള്‍ നേടിയ മുനാഫ്, ഗ്രില്‍ഡ് എന്ന പാചക റിയാലിറ്റി ഷോയില്‍ പങ്കെടുത്ത് ഒന്നരക്കോടിയുടെ ഒന്നാം സമ്മാനം കരസ്ഥമാക്കിയ ആളാണ്.

മുപ്പതു വയസ്സില്‍താഴെയുള്ള മുപ്പത് സംരംഭകരെക്കുറിച്ചുളള സ്‌റ്റോറിയുമായി ഇറങ്ങിയ അന്താരാഷ്ട്ര ബിസിനസ് മാഗസിന്‍ ഫോര്‍ബ്‌സിന്റെ കവര്‍ ചിത്രവും മുനാഫിന്റേതായിരുന്നു.
കടപ്പാട്: മംഗളം
ചില സമോസാ വിശേഷങ്ങള്‍... (മീട്ടു റഹ്മത്ത് കലാം)
Join WhatsApp News
Ponmelil Abraham 2018-10-14 14:20:07
Interesting article about varieties of "Samosa" the famous snack food.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക