Image

ഒരു മുന്‍ പ്രഥമ പുത്രി വിവാഹിതയായി

ഏബ്രഹാം തോമസ് Published on 14 October, 2018
ഒരു മുന്‍ പ്രഥമ പുത്രി വിവാഹിതയായി
കെന്നെബങ്ക്‌പോര്‍ട്ട്, മെയിന്‍: ഒച്ചപ്പാടുകള്‍ ഇല്ലാതെ, മാധ്യമശ്രദ്ധ കാര്യമായി പിടിച്ചുപറ്റാതെ ഒരു മുന്‍ പ്രഥമപുത്രി വിവാഹിതയായി. മുന്‍ അമേരിക്കന്‍ പ്രസിഡന്റ് ജോര്‍ജ് ഡബ്ല്യു ബുഷിന്റെ മകള്‍ ബാര്‍ബറയുടെ വിവാഹം നടന്‍ ക്രെയ്ഗ് കോയ്‌നുമായി വളരെ ലളിതമായാണ് സമ്പൂര്‍ണ്ണമായത്.

ഒരു ചെറിയ കുടുംബ ചടങ്ങായി വിശേഷിപ്പിച്ച വിവാഹത്തിന് സാക്ഷികളായത് 20 കുടുംബങ്ങള്‍ മാത്രമാണ്. വളരെ അടുത്ത ബന്ധുക്കള്‍ മാത്രമാണ് ചടങ്ങില്‍ പങ്കെടുത്തത്. പിതാവും മുന്‍ പ്രസിഡന്റുമായ ജോര്‍ജ് ഡബ്ല്യു ബുഷ്, മുന്‍ പ്രഥമ വനിത ലോറ ബുഷ്, മുത്തച്ഛനും മുന്‍ പ്രസിഡന്റുമായ ജോര്‍ജ് എച്ച് ഡബ്ല്യു ബുഷ്, ബാര്‍ബറയുടെ സഹോദരി ജെന്ന ബുഷ് ഹേഗര്‍, ഭര്‍ത്താവ് ഹെന്റി ഹേഗര്‍, അവരുടെ മക്കള്‍ മാര്‍ഗരറ്റ് ലോറാ, മിലാഹെഗര്‍, പോപ്പി ലൂയി ഹേഗര്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

ബുഷ് സീനിയറിന് ഇപ്പോള്‍ പ്രായം 94 വയസാണ്. ഭാര്യ പ്രഥമ വനിത ബാര്‍ബറ കഴിഞ്ഞ ഏപ്രിലില്‍ 92 -ാം വയസില്‍ മരിച്ചു. അവരുടെ പേരാണ് പേരക്കുട്ടിക്ക് നല്‍കിയത്.

വധുവിന്റെ പിതാവ് ബുഷ് ജൂണിയറാണ് അവരെ വിവാഹവേദിയിലേക്ക് ആനിയിച്ചത്. അഞ്ചാഴ്ച നീണ്ടുനിന്ന ഒരു "വിവാഹനിശ്ചയകാല'ത്തിനു ശേഷമാണ് വിവാഹം നടന്നത്. കോയ്ന്‍ ലോസ്ആഞ്ചലസില്‍ നിന്നു മാറി ബാര്‍ബറയ്‌ക്കൊപ്പം മന്‍ഹാട്ടനില്‍ താമസം ആരംഭിക്കുന്നു.

ബാര്‍ബറ ഒരു ഐവറി സില്‍ക്ക് ക്രേപ്പ് വേരാ വാംഗ് ഗൗണ്‍ ധരിച്ചാണ് വിവാഹത്തിന് എത്തിയത്. ഗൗണിന് സ്‌പെഗെറ്റി സ്ട്രാപ്പ് ഡീറ്റെയിലുണ്ടായിരുന്നു. കഴുത്തില്‍ ഒരു ശിരോവേഷ്ടനം താഴേക്ക് കിടക്കുന്നു. ഒരു ഷോളും തോളിലൂടെ താഴെ നിലത്തു തട്ടുന്നുണ്ടായിരുന്നു. ഇത് അവരുടെ മുത്തശ്ശി ധരിച്ചതാണ്.

ബാര്‍ബറ മുത്തശ്ശിയെക്കുറിച്ച് പറഞ്ഞപ്പോള്‍ വികാരഭരിതയും വാചാലയുമായി. "ഞാന്‍ ധരിച്ചിരിക്കുന്ന ബ്രേസ് ലെറ്റ് കടംവാങ്ങിയതാണ്. മുത്തച്ഛന്‍ മുത്തശ്ശിക്ക് എഴുപതാമത് വിവാഹവാര്‍ഷികത്തില്‍ സമ്മാനിച്ച ബ്രേസ് ലെറ്റ് എന്റെ വിവാഹത്തിന് ഞാന്‍ കടംവാങ്ങി. ഇരട്ട സഹോദരി ജെന്ന നല്കിയ നീല കമ്മലുകളാണ് ഞാന്‍ കാതുകളില്‍ ധരിച്ചിരിക്കുന്നത്' ബാര്‍ബറ പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക