Image

ശബരിമലയടക്കമുള്ള 61 ക്ഷേത്രങ്ങള്‍ക്ക് മാത്രമാണ് വരുമാനമുള്ളത്: മന്ത്രി കടകംപള്ളി

Published on 15 October, 2018
ശബരിമലയടക്കമുള്ള 61 ക്ഷേത്രങ്ങള്‍ക്ക് മാത്രമാണ് വരുമാനമുള്ളത്: മന്ത്രി കടകംപള്ളി
തിരുവനന്തപുരം: തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് ജീവനക്കാരുടെ ശമ്പളം (354 കോടി), പെന്‍ഷന്‍(133 കോടി) എന്നിവക്കായി 487 കോടി രൂപയും ക്ഷേത്രങ്ങളുടെ നടത്തിപ്പിന് 678 കോടി രൂപയുമാണ് കഴിഞ്ഞ സാമ്പത്തികവര്‍ഷം വേണ്ടിവന്നതെന്ന് മന്ത്രി കടകംപള്ളി സുരേന്ദ്രന്‍. ബോര്‍ഡിന് കീഴിലുള്ളത് 1249 ക്ഷേത്രങ്ങളാണ്. ഇതില്‍ ശബരിമലയടക്കമുള്ള 61 ക്ഷേത്രങ്ങള്‍ക്ക് മാത്രമാണ് വരുമാനമുള്ളത്. ഇതുപയോഗിച്ചാണ് വരുമാനമില്ലാത്ത 1188 ക്ഷേത്രങ്ങള്‍ പ്രവര്‍ത്തിക്കുന്നത്. 2017-18ല്‍ ശബരിമലയില്‍ നിന്ന് 342 കോടി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന് ലഭിച്ചു. ഇതടക്കം ബോര്‍ഡിന് ആകെ ലഭിച്ചത് 683 കോടി രൂപ. കാണിക്ക, വഴിപാട്, ലേലം, ബുക് സ്റ്റാള്‍ തുടങ്ങിയവയില്‍ നിന്നുള്ളതടക്കമുള്ള വരുമാനമാണിത്.

73 കോടി രൂപ ശബരിമലയിലെ തന്നെ ചെലവുകള്‍ക്കായി വിനിയോഗിച്ചെന്നാണ് ദേവസ്വം ബോര്‍ഡ് അറിയിച്ചിരിക്കുന്നതെന്നും മന്ത്രി വ്യക്തമാക്കി. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെയും ശബരിമലയിലെയും പണം സംസ്ഥാന സര്‍ക്കാര്‍ എടുക്കുന്നെന്ന വ്യാജപ്രചാരണം വ്യാപകമായ സാഹചര്യത്തിലാണ് ദേവസ്വം മന്ത്രി ദേവസ്വം ബോര്‍ഡിനോട് വരവുചെലവ് കണക്കുകള്‍ ആവശ്യപ്പെട്ടത്. തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ നീക്കിയിരിപ്പ് തുക ദേവസ്വം ബോര്‍ഡിന്റെ കരുതല്‍ നിക്ഷേപമായി സൂക്ഷിച്ചിരിക്കുകയാണ്. അതിലും സംസ്ഥാന സര്‍ക്കാര്‍ കൈകടത്താറില്ലെന്നും മന്ത്രി പറഞ്ഞു.

കഴിഞ്ഞ സാമ്പത്തികവര്‍ഷം മാത്രം സംസ്ഥാനത്തെ എല്ലാ ദേവസ്വം ബോര്‍ഡുകള്‍ക്കുമായി 70 കോടി രൂപയാണ് ദേവസ്വം വകുപ്പില്‍ നിന്ന് നല്‍കിയത്. റോഡുകള്‍, ജലവിതരണം തുടങ്ങി വിവിധ സര്‍ക്കാര്‍ വകുപ്പുകള്‍ ചെലവാക്കുന്ന കോടിക്കണക്കിന് രൂപ ഇതിന് പുറമെയാണ്. വസ്തുതകള്‍ ഇതായിരിക്കെ തെറ്റിദ്ധാരണകള്‍ പരത്തി ക്ഷേത്രങ്ങളിലെ ദൈനംദിനപ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെടുത്താനും നാട്ടിലെ സമാധാനാന്തരീക്ഷം തകര്‍ക്കാനും ആസൂത്രിതശ്രമം നടക്കുകയാണെന്നും മന്ത്രി പറഞ്ഞു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക