Image

ശബരിമലയില്‍ എത്തുന്ന വിശ്വാസികള്‍ക്ക്‌ സര്‍ക്കാര്‍ സംരക്ഷണം ഒരുക്കും;മുഖ്യമന്ത്രി

Published on 16 October, 2018
ശബരിമലയില്‍ എത്തുന്ന വിശ്വാസികള്‍ക്ക്‌ സര്‍ക്കാര്‍ സംരക്ഷണം ഒരുക്കും;മുഖ്യമന്ത്രി


ശബരിമല സ്‌ത്രീ പ്രവേശനത്തില്‍ ആരെയും നിയമം കൈയ്യിലെടുക്കാന്‍ അനുവദിക്കില്ലെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍. ശബരിമലയില്‍ എത്തുന്ന വിശ്വാസികള്‍ക്ക്‌ സര്‍ക്കാര്‍ സംരക്ഷണം ഒരുക്കും. അതിന്‌ തടസ്സമായി നില്‍ക്കുന്ന ഒന്നിനെയും പ്രോത്സാഹിപ്പിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

നിലയ്‌ക്കലില്‍ വനിതാമാധ്യമപ്രവര്‍ത്തകരെ തടയുന്ന സ്ഥിതിയുണ്ടായ സാഹചര്യത്തിലാണ്‌ മുഖ്യമന്ത്രി ശബരിമലയിലെത്തുന്ന സ്‌ത്രീകളുടെ സുരക്ഷ സംബന്ധിച്ച സര്‍ക്കാര്‍ നിലപാട്‌ വ്യക്തമാക്കിയത്‌. അത്തരം സംഭവങ്ങള്‍ ഇനി ആവര്‍ത്തിക്കാന്‍ അനുവദിക്കില്ല. വാഹനങ്ങളില്‍ ആരാണ്‌ യാത്രചെയ്യുന്നതെന്ന്‌ പരിശോധിക്കാനോ നിയമം കയ്യിലെടുക്കാനോ ആരെയും അനുവദിക്കില്ലെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.

വിശ്വാസികള്‍ക്ക്‌ കാര്യമായ സഹായവും സംരക്ഷണവും നല്‍കാനാണ്‌ സര്‍ക്കാര്‍ ശ്രമിക്കുന്നത്‌. അതിന്‌ തടസ്സമായി നില്‍ക്കുന്ന ഒന്നിനെയും പ്രോത്സാഹിപ്പിക്കില്ല. വിശ്വാസത്തിന്‍റെ ഭാഗമായി ശബരിമലയില്‍ പോകുന്നയാളുകള്‍ ശാന്തമായി പോയി ശാന്തമായി തിരിച്ചുവരികയാണ്‌ ചെയ്യുന്നത്‌. അതിനുള്ള സാഹചര്യം ഇപ്പോഴുമുണ്ട്‌. അതുകൊണ്ട്‌ തന്നെ വിശ്വാസികള്‍ക്ക്‌ ശബരിമലയില്‍ പോകാനും പ്രാര്‍ത്ഥന നടത്താനും സൗകര്യമൊരുക്കും.

സര്‍ക്കാര്‍ ആവശ്യപ്രകാരമുള്ളതല്ല കോടതി വിധി. എന്നാല്‍ പുരുഷനോടൊപ്പം തന്നെ സ്‌ത്രീയ്‌ക്കും എല്ലാ അവകാശവുമുണ്ടെന്ന നിലപാടാണ്‌ സര്‍ക്കാരിന്‍റേത്‌. നിലവില്‍ ബി.ജെ.പി പ്രശ്‌നങ്ങള്‍ ഉണ്ടാക്കാനാണ്‌ ശ്രമിക്കുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക