Image

കര്‍മ്മേല്‍ മാര്‍ത്തോമ്മ സെന്റര്‍ കൂദാശയും പ്രവര്‍ത്തന ഉത്ഘാടനവും ഡിസംബര്‍ 29 ശനിയാഴ്ച

ഷാജി രാമപുരം Published on 16 October, 2018
കര്‍മ്മേല്‍ മാര്‍ത്തോമ്മ സെന്റര്‍ കൂദാശയും പ്രവര്‍ത്തന ഉത്ഘാടനവും ഡിസംബര്‍ 29 ശനിയാഴ്ച
ന്യൂയോര്‍ക്ക് : മാര്‍ത്തോമ്മ സഭയുടെ നോര്‍ത്ത് അമേരിക്ക-യൂറോപ്പ് ഭദ്രാസനം അറ്റ്‌ലാന്റയില്‍ ഏകദേശം ആറ് മില്യന്‍ ഡോളര്‍ ചിലവഴിച്ച് വാങ്ങിയ കര്‍മ്മേല്‍ മാര്‍ത്തോമ്മ  സെന്ററിന്റെ പ്രവര്‍ത്തന ഉത്ഘാടനവും കൂദാശയും ഡിസംബര്‍ 29 ശനിയാഴ്ച വൈകീട്ട് 3 മണിക്ക് മാര്‍ത്തോമ്മ സഭയുടെ പരമാധ്യക്ഷന്‍ ഡോ.ജോസഫ് മാര്‍ത്തോമ്മയുടെ മുഖ്യകാര്‍മ്മികത്വത്തിലും ഭദ്രാസനാധ്യക്ഷന്‍ ഡോ.ഐസക് മാര്‍ ഫിലക്‌സിനോസ് എപ്പിസ്‌കോപ്പയുടെ സഹകാര്‍മ്മികത്്വത്തിലും നടത്തപ്പെടുന്നു.
അറ്റ്‌ലാന്റയില്‍ സാന്‍ഡി സ്പ്രിങ്ങ്‌സ്-റോസ് വെല്‍ മെട്രോപൊളിറ്റന്‍ ഏരിയായില്‍ ഓള്‍ഡ് സ്‌റ്റോണ്‍ മൗണ്ടന്‍ റോഡില്‍ സ്ഥിതിചെയ്യുന്ന മൗണ്ട് കര്‍മ്മേല്‍ ക്രിസ്ത്യന്‍ ചര്‍ച്ച് വക ഏകദേശം  42 ഏക്കര്‍ സ്ഥലത്ത് 2200 ല്‍ പരം ജനങ്ങള്‍ക്ക് ഇരിപ്പിടമുള്ള മനോഹരമായ ദേവാലയവും അതിനോടനുബന്ധിച്ച് 200 ല്‍ പരം പേര്‍ക്ക് ഇരിക്കാവുന്ന മറ്റൊരു ആലയവും, ഇന്‍ഡോര്‍ കോര്‍ട്ട് , 36 ക്ലാസ്സ്‌റൂം ഉള്ള ബഹുനില സ്‌ക്ൂള്‍ കെട്ടിടം തുടങ്ങി വിപുലമായ സൗകര്യങ്ങളോടുകൂടിയ ഒരു വലിയ കെട്ടിട സമുച്ചയം ആണ് കര്‍മ്മേല്‍ മാര്‍ത്തോമ്മ സെന്റര്‍ എന്ന് നാമകരണം ചെയ്യപ്പെട്ട ഈ കേന്ദ്രം.

ഭദ്രാസനത്തിന്റെ നേതൃത്വത്തില്‍ നടത്തപ്പെടുന്ന വിവിധ മിഷന്‍ പ്രവര്‍ത്തനങ്ങളുടെയും, പോഷക സംഘടനകളുടെയും, പുതിയതായി ആരംഭിക്കുവാന്‍ പോകുന്ന പ്രവര്‍ത്തനങ്ങളുടെയും ഏകോപന കേന്ദ്രം ആയിട്ടാണ് ഈ സെന്റര്‍ പ്രധാനമായും പ്രവര്‍ത്തിക്കുന്നത് എന്നും ഇപ്പോള്‍ അറ്റ്‌ലാന്റയില്‍ നിലവിലുള്ള രണ്ട് മാര്‍ത്തോമ്മ ഇടവകകളും ഒന്നിച്ച് പുതിയ ദേവാലയത്തില്‍ ആയിരിക്കും തുടര്‍ന്ന് ആരാധന നടത്തുക എന്നും ഭദ്രാസന അധ്യക്ഷന്‍ ബിഷപ് ഡോ.മാര്‍ ഫിലക്‌സിനോസ് അറിയിച്ചു.
സെന്ററിന്റെ ഉത്ഘാടനത്തോടനുബന്ധിച്ച് വിപുലമായ പരിപാടികള്‍ക്കാണ് ഭദ്രാസന കൗണ്‍സില്‍ ക്രമീകരണം ചെയ്തിരിക്കുന്നത്. ഡിസംബര്‍ 27, 28 (വ്യാഴം, വെള്ളി) തീയതികളില്‍ വൈകീട്ട് ആറു മുതല്‍ എട്ടുവരെ പ്രസിദ്ധമായ മാരാമണ്‍ കണ്‍വെന്‍ഷന്‍ പ്രസംഗകനും, പ്രമുഖ പ്രഭാഷകനും ആയ ഡോ.മാര്‍ട്ടിന്‍ അല്‍ഫോണ്‍സിന്റെ നേതൃത്വത്തില്‍ ഭദ്രാസന കണ്‍വെന്‍ഷന്‍ നടത്തപ്പെടുന്നതും, 29 ശനി രാവിലെ 10 മുതല്‍ 1 മണി വരെ ഭദ്രാസനത്തിലെ യുവജനങ്ങള്‍ക്കായി ഒരു പ്രത്യേക യൂത്ത് മീറ്റിങ്ങും, വൈകീട്ട് 6 മണി മുതല്‍ വിപുലമായ ഒരു എക്യൂമെനിക്കല്‍ ഡിന്നറും, 30 ഞായറാഴ്ച രാവിലെ 9.30 മുതല്‍ വിശുദ്ധ കുര്‍ബ്ബാന ശുശ്രൂഷയും നടത്തപ്പെടുന്നതാണെന്ന് ഭദ്രാസന കൗണ്‍സിലിനുവേണ്ടി സെക്രട്ടറി റവ.മനോജ് ഇടിക്കുള, ട്രഷറാര്‍ ഫിലിപ്പ് തോമസ് സിപിഎ എന്നിവര്‍ അറിയിച്ചു.

ഭദ്രാസനത്തിന്റെ വിവിധ ഇടവകകളില്‍ നിന്നും പ്രസ്തുത ചടങ്ങുകളില്‍ പങ്കെടുക്കുവാന്‍ വരുന്നവര്‍ക്കായി താമസസൗകര്യം സംഘാടകര്‍ ക്രമീകരിക്കുന്നതാണ്. ആവശ്യമുളളവര്‍ റവ.അനു എബ്രഹാം(770-342-8071), റവ.സ്‌കറിയ വര്‍ഗീസ്(770-935- 1223) എന്നിവരുമായി ബന്ധപ്പെടേണ്ടതാണ്.

ഭദ്രാസന പ്രവര്‍ത്തനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്ന ഭദ്രാസന ബിഷപ് ഡോ.മാര്‍ ഫിലക്‌സിനോസിന്റെ എപ്പിസ്‌കോപ്പല്‍ സ്ഥാനാരോഹണത്തിന്റെ രജത ജൂബിലി കൊണ്ടാടുന്ന ഈ വര്‍ഷം തന്നെ ഇത്രയും വലിയ ഒരു പ്രോജക്ട് നടപ്പിലാക്കുവാന്‍ സഹായിച്ചവരെയും, സഹായിച്ചുകൊണ്ടിരിക്കുന്നവരെയും മാര്‍ത്തോമ്മ സഭാധ്യക്ഷന്‍ ഡോ.ജോസഫ് മാര്‍ത്തോമ്മ മെത്രാപോലീത്ത അഭിനന്ദനം അറിയിച്ചു.
ഭദ്രാസന മീഡിയ കമ്മറ്റിക്കു വേണ്ടി കണ്‍വീനര്‍ റവ.വിജു വര്‍ഗീസ് അറിയിച്ചതാണിത്.

കര്‍മ്മേല്‍ മാര്‍ത്തോമ്മ സെന്റര്‍ കൂദാശയും പ്രവര്‍ത്തന ഉത്ഘാടനവും ഡിസംബര്‍ 29 ശനിയാഴ്ചകര്‍മ്മേല്‍ മാര്‍ത്തോമ്മ സെന്റര്‍ കൂദാശയും പ്രവര്‍ത്തന ഉത്ഘാടനവും ഡിസംബര്‍ 29 ശനിയാഴ്ചകര്‍മ്മേല്‍ മാര്‍ത്തോമ്മ സെന്റര്‍ കൂദാശയും പ്രവര്‍ത്തന ഉത്ഘാടനവും ഡിസംബര്‍ 29 ശനിയാഴ്ച
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക