Image

400,000 അനധിക്രുത കുടിയേറ്റക്കാരെ ഒരു വര്‍ഷത്തില്‍ പിടികൂടി (എബ്രഹാം തോമസ്)

Published on 19 October, 2018
400,000 അനധിക്രുത കുടിയേറ്റക്കാരെ ഒരു വര്‍ഷത്തില്‍ പിടികൂടി (എബ്രഹാം തോമസ്)
2018 സെപ്റ്റംബര്‍ 30 ന് അവസാനിച്ച സാമ്പത്തിക വര്‍ഷത്തില്‍ യുഎസില്‍ നാലു ലക്ഷത്തോളം നിയമ വിരുദ്ധ കുടിയേറ്റക്കാരെ പിടികൂടിയതായി ഒരു ദേശീയ ദിനപ്പത്രം റിപ്പോര്‍ട്ട് ചെയ്തു. ഔദ്യോഗിക സ്ഥിരീകരണം ഇതുവരെ ഉണ്ടായിട്ടില്ല. ഇവരില്‍ 1,57,000 കുടിയേറ്റക്കാര്‍ കുടുംബ സമേതമോ ഒപ്പം ആരും ഇല്ലാതെ എത്തിയ കുട്ടികളോ ആണ്. അതായത് മൊത്തെ കുടിയേറ്റകാരുടെ ഏതാണ്ട് 40% . 2013 സാമ്പത്തിക വര്‍ഷത്തില്‍ കുടിയേറ്റക്കാരില്‍ എട്ടില്‍ ഒരാള്‍ മാത്രമേ കുടുംബ സമേതമോ ഒപ്പം ആരും ഇല്ലാതെ എത്തിയ കുട്ടികളോ ആയിരുന്നുള്ളൂ.

തിരക്കുള്ള റയോ ഗ്രാന്‍ഡ് വാലിയില്‍ ഒക്ടോബറിലെ ആദ്യ രണ്ടാഴ്ചയില്‍ തടഞ്ഞ് വച്ച കുടുംബങ്ങള്‍ 300% അധികമാണെന്ന് ബോര്‍ഡര്‍ പെട്രോള്‍ സെക്ടര്‍ തലവന്‍ മാനുവല്‍ പാഡില്ല ജൂനിയര്‍ സമൂഹ മാധ്യമത്തില്‍ കുറിച്ചു. ഒരു കാലത്ത് അതിര്‍ത്തി കടന്നെത്തുന്നവര്‍ കൂടുതലും മെക്‌സിക്കോയില്‍ നിന്നുള്ള മുതിര്‍ന്നവരായിരുന്നു. പ്രധാനമായും തൊഴില്‍ അന്വേഷകരായിരുന്നു ഇവര്‍. ഇക്കഴിഞ്ഞ 12 മാസങ്ങളില്‍ പിടിക്കപ്പെട്ടവര്‍ അല്‍സാല്‍വഡോര്‍, ഗോട്ടിമാല, ഹോണ്ടുരാസ് എന്നിവിടങ്ങളില്‍ നിന്നുള്ളവരാണ്. ഹിംസയും പട്ടിണിയും മൂലം സ്വന്തം നാട് വിട്ടോടി അമേരിക്കയില്‍ അഭയം തേടുന്നവര്‍ക്ക് നിയമപരമായി അങ്ങനെ ചെയ്യാനാവും. ഹോണ്ടുരാസിലും അല്‍സാല്‍വഡോ റിലും മാനവഹത്യാ നിരക്ക് വളരെ കൂടുതലാണ്.

എന്നാല്‍, ഇപ്പോള്‍ ദൃശ്യമാവുന്ന കുടിയേറ്റത്തിന്റെ മലവെള്ളപ്പാച്ചില്‍ ട്രംപ് ഭരണ കൂടത്തിന്റെ സ്ഥിരതയില്ലാത്ത നയങ്ങള്‍ മൂലമാണെന്നും ആരോപണമുണ്ട്. കുടുംബങ്ങളെ വേര്‍പെടുത്തണമെന്നും വേണ്ടെന്നും ഉള്ള വിരുദ്ധമായ നിലപാടുകള്‍ മനുഷ്യക്കടത്ത് നടത്തുന്നവര്‍ കൂടുതല്‍ വീറോടെ പ്രവര്‍ത്തിക്കുവാന്‍ കാരണമായി എന്നാണ് ആരോപണം. 2017 ല്‍ ശക്തമായ ട്രംപ് ഭരണകൂടത്തിന്റെ നടപടികള്‍ കുടിയേറ്റശ്രമത്തില്‍ പിടികൂടപ്പെടുന്നവരുടെ എണ്ണം കുറച്ചു. കാരണം തീവ്ര നടപടികളാണ് തങ്ങളെ കാത്തിരിക്കുന്നത് എന്ന ഭയം കുടിയേറ്റ മോഹങ്ങള്‍ കുറച്ചതാണ്.
എന്നാല്‍, ഇപ്പോള്‍ ഈ ഭയം നീങ്ങിയിരിക്കുന്നു. മനുഷ്യക്കടത്തുകാരുടെ ഇപ്പോഴത്തെ വിപണന മന്ത്രം മധ്യ അമേരിക്കയില്‍ നിന്ന് പുറത്ത് കടക്കാനാണ് നിങ്ങള്‍ ഉദ്ദേശിക്കുന്നതെങ്കില്‍ നിങ്ങള്‍ ഒരു ഭയാനക വേട്ടയാടലിനും മറ്റൊരു ഭയാനക വേട്ടയാടലിനും ഇടയിലാണെന്ന് തിരിച്ചറിയുക. ഇപ്പോഴത്തെ അവസരം ഉപയോഗിക്കു എന്നാണ്.
2018 സെപ്റ്റംബര്‍ മാസത്തില്‍ പിടികൂടിയത് 16,658 കുടുംബാംഗങ്ങളെയാണ്. ഇതിനു മുന്‍പ് റെക്കോര്‍ഡ് സൃഷ്ടിച്ച 2014 ലെ ഒരു മാസത്തെ കണക്കിനെക്കാള്‍ 300 പേര്‍ കൂടുതല്‍. കുടിയേറ്റ നിബന്ധനകള്‍ക്ക് വേണ്ടി വാദിക്കുന്നവര്‍ അതിര്‍ത്തി കടന്നെത്തുന്നവര്‍ യുഎസ് നയങ്ങളിലെ പഴുതുകള്‍ മുതലെടുക്കുകയാണെന്ന് പറയുന്നു. ഇത്തരം പലായനങ്ങള്‍ നിയന്ത്രിച്ചില്ലെങ്കില്‍ മധ്യ അമേരിക്കന്‍ രാജ്യങ്ങള്‍ക്കുള്ള സഹായം നിര്‍ത്തണമെന്ന് സെന്റര്‍ ഫോര്‍ ഇമിഗ്രേഷന്‍ സ്റ്റഡീസ് പോലെയുള്ള സംഘടനകള്‍ ആവശ്യപ്പെടുന്നു.
ട്രംപ് ഭരണകൂടം ഒരു സീറോ ടോളറന്‍സ് പദ്ധതി ആരംഭിച്ചു. നിയമ വിരുദ്ധ കുടിയേറ്റക്കാരായ മുതിര്‍ന്നവരെ മുന്‍പ് ചെയ്തിരുന്നതുപോലെ ഉടനെ അമേരിക്കയില്‍ വിട്ടയച്ച് സിവില്‍ കോടതികളില്‍ വിചാരണ ആരംഭിക്കുന്നത് കാത്ത് കഴിയാന്‍ അനുവദിക്കുന്നതിന് പകരം നേരിട്ട് ക്രിമിനല്‍ കോടതികള്‍ ഹാജരാക്കുകയാണ് അപ്പോള്‍ ചെയ്യുന്നത്. കഴിഞ്ഞ ഏപ്രില്‍ മുതല്‍ ജൂണ്‍ വരെ കുടുംബാംഗങ്ങളെ വേര്‍പിരിക്കുവാനുള്ള ട്രംപ് ഭരണ കൂടത്തിന്റെ നയം 2,600 കുട്ടികളെ അവരുടെ കുടുംബങ്ങളില്‍ നിന്ന് അകറ്റി. ഇവരുടെ മാതാപിതാക്കള്‍ ദുര്‍നടപടികള്‍ക്ക് ക്രിമിനല്‍ കേസുകള്‍ നേരിട്ടു.
മാധ്യമങ്ങള്‍ മാസങ്ങളോളം വേര്‍പെടുത്തപെട്ട കുട്ടികളെകുറിച്ച് വാര്‍ത്ത നല്‍കിയതിനുശേഷം വേര്‍പെടുത്തല്‍ അവസാനിപ്പിച്ച് പ്രസിഡന്റ് ടോണള്‍ഡ് ട്രംപ് എക്‌സിക്യൂട്ടീവ് ഓര്‍ഡര്‍ പുറത്തിറക്കി. കഴിഞ്ഞ ഓഗസ്റ്റില്‍ അതിര്‍ത്തി കടക്കുന്ന നിയമ വിരുദ്ധ കുടുംബങ്ങള്‍ വര്‍ധിച്ച് ഏതാണ്ട് 13,000 കുടുംബാംഗങ്ങള്‍ എന്ന നിലയിലായി. ദാരിദ്ര്യവും അപകടകരമായ കുറ്റകൃത്യങ്ങളുടെ വര്‍ധനയും മധ്യ അമേരിക്കന്‍ രാജ്യങ്ങളിലെ ജനങ്ങളെ വടക്കോട്ട് നീങ്ങാന്‍ പ്രേരിപ്പിച്ചു. കുടുംബാംഗങ്ങളെ വേര്‍പെടുത്തുന്ന നയം പെട്ടെന്ന് ട്രംപ് ഭരണകൂടം നിര്‍ത്തിയപ്പോള്‍ മനുഷ്യക്കടത്ത് ചെന്നായ്ക്കള്‍ക്ക് സുവര്‍ണാവസരമായി. ഇപ്പോള്‍ ഒരാളെ മധ്യ അമേരിക്കയില്‍ നിന്ന് യുഎസ്എയുടെ അതിര്‍ത്തി വരെ എത്തിക്കുന്നതിന് 10,000 ഡോളറാണ് ചാര്‍ജ് ചെയ്യുന്നതെന്ന് റിപ്പോര്‍ട്ടുകള്‍ പറയുന്നു. ഇതിന്റെ ഫലം അതിര്‍ത്തിയില്‍ എല്ലാ സൗകര്യങ്ങളുടെ മേലും കനത്ത ആഘാതം ഉണ്ടായതാണ്.
അരിസോണയില്‍ ബോര്‍ഡര്‍ അധികാരികള്‍ ആയിരക്കണക്കിന് നിയമ വിരുദ്ധ കുടിയേറ്റക്കാരെ കുറെനേരം തടഞ്ഞു വെച്ച് അവരുടെ കേസുകള്‍ തീര്‍പ്പാക്കുന്നതു വരെ അമേരിക്കയ്ക്കുള്ളില്‍ വിടുന്നു. അല്‍പാസോയില്‍ കുടിയേറിയ കുടുംബങ്ങള്‍ തങ്ങളെ ദീര്‍ഘനാള്‍ തടങ്കല്‍ കേന്ദ്രങ്ങളില്‍ തിക്കി നിറച്ചതായി പരാതിപ്പെട്ടു. ശൗചാലയങ്ങള്‍ക്ക് മുന്നില്‍ ഉറങ്ങേണ്ടി വന്നുവെന്നും മാതാപിതാക്കള്‍ക്ക് കുട്ടികള്‍ക്കൊപ്പം കുളിക്കേണ്ടി വന്നു എന്നും ഇവര്‍ പരാതിപ്പെട്ടു.

മെക്‌സിക്കോയിലേക്ക് ഗ്വാട്ടിമാലയില്‍ നിന്ന് 2,000 പേരടങ്ങുന്ന ഒരു സംഘം വരുന്നു എന്നറിഞ്ഞ് മെക്‌സിക്കന്‍ ഭരണ കൂടം രണ്ട് പ്ലെയിനുകളില്‍ അതിര്‍ത്തി നഗരമായ ടപാച്ചുവലയില്‍ ഫെഡറല്‍ പൊലീസിനെ എത്തിച്ചു. ഈ കുടിയേറ്റക്കാരെ അതിര്‍ത്തി കടക്കാന്‍ അനുവദിക്കില്ലെന്ന് മെക്‌സിക്കന്‍ ഗവണ്‍മെന്റ് മുന്നറിയിപ്പ് നല്‍കി.

കഴിഞ്ഞ ഏപ്രിലില്‍ ഇത് പോലെ ഒരു കാരവന്‍ മെക്‌സിക്കോയിലെത്തിയപ്പോള്‍ അവര്‍ക്ക് മെക്‌സിക്കന്‍ ഗവണ്‍മെന്റ് താല്‍ക്കാലിക വിസ നല്‍കിയിരുന്നു. ഇവര്‍ അമേരിക്കന്‍ അതിര്‍ത്തി കടക്കും എന്ന് കരുതി ട്രംപ് അമേരിക്കന്‍ നാഷണല്‍ ഗാര്‍ഡുകളെ അതിര്‍ത്തിയിലേയ്ക്ക് അയച്ചു. കാരവന്‍ അംഗങ്ങള്‍ അമേരിക്കന്‍ പരമാധികാരത്തിന് വെല്ലുവിളി ആണെന്ന് ട്രംപ് അന്ന് പറഞ്ഞു
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക