Image

കേരളത്തിനുള്ള അന്താരാഷ്ട്ര സഹായങ്ങള്‍ നിഷേധിക്കപ്പെട്ടത് ആര്‍ക്കും മനസിലാകാത്ത കാരണങ്ങളാല്‍ : മുഖ്യമന്ത്രി

Published on 20 October, 2018
കേരളത്തിനുള്ള അന്താരാഷ്ട്ര സഹായങ്ങള്‍ നിഷേധിക്കപ്പെട്ടത് ആര്‍ക്കും മനസിലാകാത്ത കാരണങ്ങളാല്‍ : മുഖ്യമന്ത്രി

അബുദാബി: കേരളവുമായുള്ള ആത്മബന്ധം മൂലം മറ്റു രാജ്യങ്ങളില്‍ നിന്നും ലഭിക്കേണ്ടിയിരുന്ന കോടിക്കണക്കിനു രൂപയുടെ സഹായങ്ങള്‍ കേന്ദ്രം നിഷേധിച്ചത് ആര്‍ക്കും മനസിലാകാത്ത ചില കാരണങ്ങള്‍ നിരത്തിയാണെന്നു മുഖ്യമന്ത്രി പിണറായി വിജയന്‍. അബുദാബിയില്‍ നടന്ന പൊതുസമ്മേളനത്തിലാണ് ആദ്യമായി മുഖ്യമന്ത്രി കേന്ദ്ര സമീപനത്തിനെതിരെ പരസ്യമായി രംഗത്ത് വന്നത് . കേരളത്തെ സ്‌നേഹിക്കുന്ന രാജ്യങ്ങളുടെ പ്രതിനിധികളോട് സഹായം ആവശ്യമില്ല എന്ന് കേന്ദ്രം മറുപടി നല്‍കി. അത്തരം രാജ്യങ്ങള്‍ ഇന്ന് ഇക്കാര്യത്തില്‍ സഹതാപപൂര്‍വമായ മൗനം അവലംബിക്കുകയാണ്. ദുരന്തം നേരിട്ട നമ്മുടെ സംസ്ഥാനത്തിന് ലഭിക്കേണ്ട കോടിക്കണക്കിന് രൂപയുടെ സഹായമാണ് ഇതിലൂടെ നിഷേധിക്കപ്പെട്ടത്. 

വര്‍ഷങ്ങള്‍ക്കു മുന്‍പ് എഴുതിക്കൂട്ടിയ കേന്ദ്ര മാനദണ്ഡങ്ങള്‍ ഇന്നത്തെ ആവശ്യങ്ങള്‍ക്ക് അനുസരണമല്ലെന്നും തകര്‍ന്ന വീടുകളുടെ പുനര്‍നിര്‍മാണത്തിന് ഓരോ വീടിനും 4 ലക്ഷം രൂപയെങ്കിലും വേണ്ടി വരുന്‌പോള്‍ കേന്ദ്രം നല്‍കുന്നത് 95000 രൂപ മാത്രമാണ്. തകര്‍ന്നു പോയ വീടുകള്‍ മുഴുവന്‍ നിര്‍മിക്കണമെങ്കില്‍ സംസ്ഥാനം 5100 കോടി രൂപ കണ്ടെത്തണം. വിദ്യാഭ്യാസ രംഗത്തെ നഷ്ടം 214 കോടിയാണ്, പക്ഷേ കേന്ദ്ര മാനദണ്ഡങ്ങള്‍ അനുസരിച്ചു നമ്മുക്ക് ചോദിക്കാവുന്ന തുക 8 കോടി മാത്രം. കാര്‍ഷിക മല്‍സ്യബന്ധന രംഗത്തെ നഷ്ടം 4500 കോടിയാണെങ്കിലും കേന്ദ്രത്തില്‍ നിന്നും ആവശ്യപ്പെടാവുന്നതു വെറും 45 കോടി മാത്രം. ലോകബാങ്കും എഡിബിയും വായ്പ നല്‍കുന്നതിന് മുന്‌പോട്ടു വന്നിട്ടുണ്ടങ്കിലും കേന്ദ്ര മാനദണ്ഡങ്ങള്‍ അവിടെയും തടസങ്ങള്‍ നില്‍ക്കുകയാണ് . വായ്പ പരിധി ഉയര്‍ത്തിനല്‍കണമെന്നു കേന്ദ്രത്തിനു സമര്‍പ്പിച്ച അപേക്ഷയില്‍ ഇനിയും നടപടി എടുത്തിട്ടില്ല. മാനദണ്ഡങ്ങള്‍ അനുസരിച്ചു കിട്ടേണ്ട തുകയും കിട്ടുമെന്ന് യാതൊരു ഉറപ്പുമില്ലാത്ത സാഹചര്യമാണ് നിലനില്‍ക്കുന്നതെന്ന് മന്ത്രി കൂട്ടിച്ചേര്‍ത്തു. 

ആരൊക്കെ എതിര്‍ത്താലും ലോകമെന്പാടുമുള്ള പ്രവാസി മലയാളികളുടെ ആവേശവും ശക്തിയും ചേര്‍ത്ത് കേരളത്തെ അടുത്ത തലമുറക്കായി പുനഃസൃഷ്ടിക്കുമെന്ന് മുഖ്യമന്ത്രി അസന്ദിഗ്ധമായി പ്രഖ്യാപിച്ചു . സാലറി ചലഞ്ച് ഏറ്റെടുത്ത് ഓരോ പ്രവാസിക്കും കഴിയുന്ന തുക സംഭാവന നല്‍കണമെന്ന് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.  നിങ്ങള്‍ നല്‍കുന്ന തുക എത്ര ചെറുതാണെങ്കിലും അത് വളരെ വലുതാണെന്നും ലോകമെങ്ങുമുള്ള ലക്ഷക്കണക്കിന് പ്രവാസികളിലൂടെ കോടികള്‍ ഒഴുകിയെത്തുമെന്നും മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു.

റിപ്പോര്‍ട്ട്: അനില്‍ സി. ഇടിക്കുള

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക