ദുരന്തം എല്ലാവരേയും ബാധിക്കുമെങ്കിലും അത് എല്ലാവരേയും ബാധിക്കുന്നത് ഒരുപോലെയല്ല. സമൂഹത്തിലെ ചില ഗ്രൂപ്പുകളെ അത് കൂടുതല്‍ ബാധിക്കും അല്ലെങ്കില്‍ അവര്‍ക്ക് വ്യത്യസ്തമായ പ്രശ്നങ്ങളാണ് ഉണ്ടാവുക. ഇതില്‍ പ്രധാനമാണ് ഭിന്നശേഷിയുള്ളവരുടെ കാര്യം. ഉദാഹരണത്തിന് കേരളത്തിലെ കഴിഞ്ഞ പ്രളയം അവരെ പല തരത്തിലാണ് ബാധിച്ചത്.
1. പ്രളയത്തെക്കുറിച്ച് കേള്‍ക്കുമ്പോള്‍ സ്വയം അതിനെ നേരിടാനോ രക്ഷപെടാനോ ഒന്നും പറ്റാത്തതിനാല്‍ അവര്‍ക്ക് കൂടുതല്‍ മാനസിക സംഘര്‍ഷങ്ങള്‍ ഉണ്ടാകുന്നു.
2. വീട്ടില്‍ ഭിന്നശേഷിയുള്ള ആളുകളുണ്ടെങ്കില്‍ വീട്ടില്‍ നിന്ന് പോകാന്‍ വീട്ടുകാര്‍ മടിക്കുന്നു, ഭിന്നശേഷിയുള്ളവരെ മറ്റു വീടുകളിലോ ക്യാംപുകളിലോ എങ്ങനെ മാനേജ് ചെയ്യുമെന്ന ചിന്ത വീട്ടുകാര്‍ക്ക് ഉണ്ടാകും.
3. ക്യാംപുകളില്‍ സാധാരണ ആളുകള്‍ക്ക് പോലും സൗകര്യങ്ങള്‍ കുറവാകുമ്പോള്‍ ഭിന്നശേഷിക്കാരുടെ പ്രത്യേക ആവശ്യങ്ങള്‍ നടത്തിക്കൊടുക്കാന്‍ പലപ്പോഴും ബുദ്ധിമുട്ട് ഉണ്ടാകുന്നു.
4. ഭിന്നശേഷിയുള്ളവരെ സമൂഹം മനഃപൂര്‍വ്വം അവഗണിക്കുന്നു.
ഭിന്നശേഷിക്കാരുടെ കാര്യം ദുരന്ത ലഘൂകരണ പ്ലാനുകളില്‍ പ്രത്യേകം ചിന്തിച്ചിട്ടുള്ള, അതിന് വേണ്ടി മാര്‍ഗ്ഗരേഖകള്‍ ഉണ്ടാക്കിയിട്ടുള്ള മാതൃക സംസ്ഥാനമാണ് കേരളം. എന്നാലും ഈ ദുരന്ത കാലത്തും കേരളത്തില്‍ മുന്‍പ് പറഞ്ഞ ഓരോ പ്രശ്നങ്ങളും ഉണ്ടായതായി വായിച്ചും അല്ലാതെയും അറിഞ്ഞിട്ടുണ്ട്. ഇത്തരം കാര്യങ്ങള്‍ കൃത്യമായി പഠിച്ചാല്‍ മാത്രമേ ഭാവിയില്‍ ഭിന്നശേഷിക്കാരുടെ കാര്യം പ്രത്യേകം കരുതലോടെ നോക്കുന്ന ഒരു ദുരന്ത നിവാരണ സംവിധാനം നമുക്ക് ഉണ്ടാക്കാന്‍ പറ്റൂ.
ഇതിനുവേണ്ടി ഈ ദുരന്തകാലത്ത് ഭിന്നശേഷിക്കാര്‍ അനുഭവിച്ച, അല്ലെങ്കില്‍ ഭിന്നശേഷിക്കാരുള്ള കുടുംബങ്ങള്‍ അനുഭവിച്ച പ്രശ്നങ്ങളെപ്പറ്റി ഞങ്ങള്‍ ഒരു പഠനം നടത്തുകയാണ്. എന്റെ സുഹൃത്ത് സാബിത് ആണതിന് നേതൃത്വം നല്‍കുന്നത്. നിങ്ങള്‍ക്ക് ഈ വിഷയത്തെക്കുറിച്ച് നേരിട്ട് അറിവുകളുണ്ടങ്കില് ദയവായി ഇവിടെ ഒരു കമന്റ്റ് ഇടണം, സാബിത് നിങ്ങളുമായി ബന്ധപ്പെടും. എനിക്കോ സാബിത്തിനോ ഒരു മെസ്സേജോ ഇമെയിലോ അയച്ചാലും മതി.
ഭിന്നശേഷിക്കാര്‍ക്ക് ഉണ്ടായ പ്രശ്നങ്ങള്‍ മാത്രമല്ല അവരെ കരുതലോടെ കണ്ട നല്ല നടപടികളും നിങ്ങള്‍ക്ക് എഴുതാം. ദുരന്തത്തിന് ശേഷം ഭിന്നശേഷിയുള്ളവര്‍ കൂടുതല്‍ മാനസിക പ്രയാസം കാണിക്കുന്നതായി തോന്നുന്നുണ്ടെങ്കില്‍ അതും എഴുതാം. സ്വന്തം വീട്ടിലോ ചുറ്റിലോ ഭിന്നശേഷിക്കാര്‍ ഇല്ലെങ്കിലും മറ്റേതെങ്കിലും തരത്തില്‍ ഈ വിഷയത്തില്‍ നിങ്ങള്‍ക്ക് അഭിപ്രായമോ അറിവോ ഉണ്ടെങ്കിലും ദയവായി ഞങ്ങളുമായി ബന്ധപ്പെടണം. വിദേശത്ത് താമസിക്കുന്നവര്‍ക്കും അവര്‍ കണ്ടിട്ടുള്ള നല്ല പാഠങ്ങള്‍ പങ്കുവെക്കാം.