Image

അയ്യപ്പസന്നിധിയില്‍ പൊട്ടിക്കരഞ്ഞ്‌ തൊഴുത്‌ ഐ ജി ശ്രീജിത്ത്‌ മലയിറങ്ങി

Published on 22 October, 2018
അയ്യപ്പസന്നിധിയില്‍ പൊട്ടിക്കരഞ്ഞ്‌  തൊഴുത്‌ ഐ ജി ശ്രീജിത്ത്‌ മലയിറങ്ങി

സന്നിധാനം: അയ്യപ്പസന്നിധിയില്‍ പൊട്ടിക്കരഞ്ഞ്‌ തൊഴുതുകൊണ്ട്‌ ഐ ജി എസ്‌ ശ്രീജിത്തിന്റെ മലയിറക്കം. ഇന്ന്‌ പുലര്‍ച്ചെയാണ്‌ ഐ ജി ശ്രീജിത്ത്‌ ദര്‍ശനം നടത്തിയത്‌.

ആക്ടിവിസ്റ്റ്‌ രഹന ഫാത്തിമയ്‌ക്ക്‌ സുരക്ഷയൊരുക്കി വിമര്‍ശനത്തിനിരയായ ഐ ജി നടതുറന്ന ശേഷം ഇന്നാണ്‌ ദര്‍ശനത്തിനെത്തിയത്‌.
മാസപൂജയ്‌ക്കായി ശബരിമല നട തുറന്നതുമുതല്‍ പമ്പയിലും സന്നിധാനത്തുമായി നിലകൊണ്ട ശ്രീജിത്തിന്റെ നേതൃത്വത്തിലായിരുന്നു സ്‌ത്രീകള്‍ സന്നിധാനം വരെ എത്തിയത്‌. സ്‌ത്രീകള്‍ ശബരിമലയില്‍ പ്രവേശിക്കുന്നതില്‍ എതിര്‍പ്പുമായി നിന്ന ഭക്തരുടെ പ്രതിഷേധം സംഘര്‍ഷത്തിലേക്കും ക്രമസമാധാന പ്രശ്‌നത്തിലേക്കും വഴിമാറാതെ നോക്കിയതില്‍ ശ്രീജിത്തിന്റേയും സംഘത്തിന്റേയും അവസരോചിതമായ ഇടപെടലും ഉണ്ടായിരുന്നു.

അതേ ഐ ജി ശ്രീജിത്ത്‌ തന്നെ സാധാരണ ഭക്തനെപോലെ ശബരിമലയില്‍ നിറഞ്ഞൊഴുകുന്ന മിഴികളോടെ അയ്യപ്പനെ ദര്‍ശിക്കുന്ന ചിത്രം ഇപ്പോള്‍ വൈറലാവുകയാണ്‌. കൈകള്‍ കൂപ്പി ഭക്തര്‍ക്കിടയില്‍ നിന്ന്‌ മനമുരുകി പ്രാര്‍ത്ഥിക്കുന്ന ശ്രീജിത്തിന്റെ കണ്ണുകള്‍ നിറഞ്ഞൊഴുകുന്നത്‌ കാണാം.

കഴിഞ്ഞ വെള്ളിയാഴ്‌ചയാണ്‌ ചുംബന സമരത്തിലൂടെ ശ്രദ്ധേയയായ വിമന്‍ ആക്ടിവിസ്റ്റ്‌ രഹ്നാ ഫാത്തിമയും ഹൈദരാബാദില്‍ നിന്നുള്ള മോജോ ടി വി റിപ്പോര്‍ട്ടര്‍ കവിതാ ജെക്കലും മല കയറാനെത്തിയത്‌. കനത്ത സുരക്ഷയില്‍ 180 പോലീസുകാരുടെ അകമ്പടിയോടെ ഇവരെ വലിയ നടപ്പന്തല്‍ വരെ എത്തിക്കുകയും ചെയ്‌തു.

എന്നാല്‍ പതിനെട്ടാം പടിക്കുതാഴെ പരികര്‍മ്മികളടക്കമുള്ളവര്‍ പ്രതിഷേധിച്ചതോടെ സംഭവം വിവാദമായി. ആക്ടിവിസത്തിനുള്ള ഇടമല്ല ശബരിമലയെന്ന്‌ പറഞ്ഞ ദേവസ്വം മന്ത്രി കടകംപള്ളി സുരേന്ദ്രന്‍ ഇവരെ സന്നിധാനത്തേക്കു വിടേണ്ടെന്ന്‌ നിര്‍ദ്ദേശവും കൊടുത്തു. ഇതോടെ പോലീസ്‌ ഇവരെ പറഞ്ഞു മനസ്സിലാക്കി ദൗത്യത്തില്‍നിന്നു പിന്മാറ്റുകയായിരുന്നു.

എന്നാല്‍ രഹന ഫാത്തിമയെ സന്നിധാനത്തെത്തിച്ചതില്‍ ഐ ജി ശ്രീജിത്ത്‌ ശക്തമായ വിമര്‍ശനമാണ്‌ നേരിട്ടത്‌. ആക്ടിവിസ്റ്റായ രഹനയെ ശ്രീജിത്തിന്‌ അറിയാമായിരുന്നിട്ടും മല കയറാന്‍ അനുവദിച്ചെന്നതായിരുന്നു നേരിട്ട ഏറ്റവും വലിയ വിമര്‍ശനം.

ശബരിമലയിലെ സ്‌ത്രീപ്രവേശനം സംബന്ധിച്ച സുപ്രീം കോടതി വിധിക്കെതിരെ ഒരുവശത്ത്‌ പ്രതിഷേധം വ്യാപകമാകുന്ന സമയത്താണ്‌ മല ചവിട്ടാനെത്തിയ യുവതികള്‍ക്ക്‌ സുരക്ഷ ഒരുക്കി ഐ ജി എസ്‌ ശ്രീജിത്ത്‌ വിശ്വാസികളുടെ കണ്ണിലെ കരടായത്‌.

ശബരിമല നടയുടെ പതിനെട്ടാംപടിക്ക്‌ ഇരുനൂറ്‌ മീറ്റര്‍ അകലെ മാത്രമുള്ള നടപ്പന്തല്‍ വരെ എത്തിയ യുവതികളുടെ സംഘം എന്നാല്‍ ഭക്തരുടെ പ്രതിഷേധത്തെ തുടര്‍ന്ന്‌ മടങ്ങിപ്പോയിരുന്നു. നടപ്പന്തലിലെ പ്രതിഷേധക്കാരോട്‌ ഐ ജി സംസാരിച്ചത്‌ വിശ്വാസികളുടെ ഭാഷയിലായിരുന്നു. തന്റെ സുരക്ഷാകവചവും ഹെല്‍മറ്റും അഴിച്ചുവച്ച ശേഷമായിരുന്നു ഇത്‌.

മറ്റ്‌ വിശ്വാസികളെ പോലെ ഞാനും ഭക്തനാണ്‌. ഞങ്ങള്‍ ഡ്യൂട്ടിയുടെ ഭാഗമായിട്ടാണ്‌ നിങ്ങളുടെ മുന്നില്‍ നില്‍ക്കുന്നത്‌. ഭക്തരെ ചവിട്ടി അരച്ച്‌ ഞങ്ങള്‍ മുന്നോട്ടു നീങ്ങാന്‍ ആഗ്രഹിക്കുന്നില്ല. എന്നാല്‍ സുപ്രീം കോടതി ഉത്തരവ്‌ പ്രകാരം നിയമം നടപ്പാക്കേണ്ട സാഹചര്യമുണ്ട്‌. നിങ്ങളുടെ വിശ്വാസം മാത്രമല്ല സംരക്ഷിക്കേണ്ടതെന്നും ഐ ജി പ്രതിഷേധക്കാരോട്‌ വ്യക്തമാക്കുകയായിരുന്നു.

നിയമം നടപ്പാക്കേണ്ട ബാധ്യതയുള്ളതിനാലാണ്‌ താന്‍ അവര്‍ക്ക്‌ സുരക്ഷ ഒരുക്കിയതെന്നും ഐ ജി പറഞ്ഞു. ഐ ജിയുടെ ഈ വാക്കുകളെ സമചിത്തതയോടെയാണ്‌ ഭക്തര്‍ കേട്ടുനിന്നത്‌. പിന്നീട്‌ പ്രതിഷേധം ശക്തമായതോടെ യുവതികള്‍ ദര്‍ശനം നടത്താതെ മടങ്ങുകയായിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക