Image

വികലാംഗനായ ഭിക്ഷക്കാരന്‌ നേരെ പൊലീസ്‌ അതിക്രമം; ചോദ്യം ചെയ്‌ത യുവക്കളെ സ്‌റ്റേഷനില്‍ കൊണ്ടു പോയി ക്രൂരമായി മര്‍ദ്ദിച്ചു

Published on 22 October, 2018
 വികലാംഗനായ ഭിക്ഷക്കാരന്‌ നേരെ പൊലീസ്‌ അതിക്രമം; ചോദ്യം ചെയ്‌ത യുവക്കളെ സ്‌റ്റേഷനില്‍ കൊണ്ടു പോയി  ക്രൂരമായി മര്‍ദ്ദിച്ചു


തൃശൂര്‍: കൊരട്ടിയില്‍ വികലാംഗനായ ഭിക്ഷക്കാരന്‌ നേരെയുള്ള പൊലീസ്‌ അതിക്രമം ചോദ്യം ചെയ്‌ത യുവാക്കളെ സ്‌റ്റേഷനില്‍ കൊണ്ടു പോയി ക്രൂരമായി മര്‍ദ്ദിച്ചു. പൊലീസ്‌ മര്‍ദ്ദനം പുറത്ത്‌ പറഞ്ഞാല്‍ ജയിലിലടക്കുമെന്ന്‌ ഭീഷണിപ്പെടുത്തിയെന്നും ആരോപണം. കൊരട്ടിപ്പള്ളിയിലാണ്‌ സംഭവം. ചിറ്റാരിക്കല്‍ സ്വദേശിയും ആലുവ യു.സി കൊളേജ്‌ വിദ്യാര്‍ത്ഥിയുമായ ആഷിഷിനേയും വെസ്റ്റ്‌ കൊട്ടാരക്കര സ്വദേശിയും നൈപുണ്യ കൊളേജ്‌ വിദ്യാര്‍ത്ഥിയുമായ അമനേയുമാണ്‌ പൊലീസ്‌ ക്രൂരമായി മര്‍ദ്ദിച്ചത്‌.

'കൊരട്ടിപ്പള്ളി പെരുന്നാളിന്‌ പോയി തിരിച്ചു വരികയായിരുന്നു ഞങ്ങള്‍. അവിടെ വെച്ച്‌ രണ്ട്‌ കാലുമില്ലാതെ ഒരു ഭിക്ഷക്കാരനെ പൊലീസ്‌ അക്രമിക്കുന്നത്‌ കണ്ടു. ഇതു കണ്ട ഞങ്ങള്‍ എന്താ കാര്യമെന്ന്‌ പോലീസിനോട്‌ ചോദിച്ചു. ഇതോടെ പൊലീസ്‌ ഞങ്ങളോട്‌ കയര്‍ക്കുകയും തള്ളി നീക്കുകയും ചെയ്‌തു.

തുടര്‍ന്ന്‌ സുധീഷ്‌ മോന്‍ എന്ന എസ്‌.ഐ ഞങ്ങളോട്‌ സ്ഥലം വിടാന്‍ പറഞ്ഞു. ഒരു തെറ്റും ചെയ്യാത്ത ഒരു പാവത്തിനെ എന്തിനാണ്‌ ഇങ്ങനെ അക്രമിക്കുന്നതെന്ന്‌ ഞങ്ങള്‍ വീണ്ടും ചോദിച്ചു. അപ്പോഴേക്കും ഞങ്ങളെ പിടിച്ച്‌ ജീപ്പില്‍ കയറ്റുകയായിരുന്നു. ഷോള്‍ഡറിന്‌ പിടിച്ച്‌ ഫോണ്‍ തട്ടിപ്പറിച്ച്‌ ഷൗട്ട്‌ ചെയ്‌തു കൊണ്ടാണ്‌ ഞങ്ങളെ രണ്ട്‌ പേരെയും ജീപ്പില്‍ കയറ്റിയത്‌'. മര്‍ദ്ദനമേറ്റ അമന്‍ പറഞ്ഞു.

'ജീപ്പിനകത്ത്‌ വെച്ച്‌ ചെകിടത്ത്‌ നിരന്തരം അടിച്ചു. തുടര്‍ന്ന്‌ സ്‌റ്റേഷനില്‍ എത്തിയപ്പോള്‍ നിലത്തേക്ക്‌ വലിച്ചിട്ടു. സുഹൃത്ത്‌ ആഷിഷിനെ മൂന്ന്‌ നാല്‌ പൊലീസുകാര്‍ ചേര്‍ന്ന്‌ മുഖത്തും നെഞ്ചിനും കാലിനുമെല്ലാം അടിക്കുകയും ചവിട്ടുകയും ചെയ്‌തു. വൃത്തികെട്ട ഭാഷയില്‍ തെറിയും പറയുന്നുണ്ടായിരുന്നു. പിന്നീട്‌ അടിവസ്‌ത്രം മാത്രം ധരിപ്പിച്ച്‌ ഞങ്ങളെ സെല്ലിനകത്തിട്ടു'. അമന്‍ പറയുന്നു.

'പിന്നീട്‌ ചാലക്കുടി സര്‍ക്കാര്‍ ആശുപത്രിയില്‍ മെഡിക്കല്‍ ചെക്കപ്പിന്‌ കൊണ്ടു പോയി. കൊണ്ടു പോകും വഴി മര്‍ദ്ദനത്തെ കുറിച്ചു മിണ്ടിപ്പോകരുതെന്ന്‌ പൊലീസ്‌ പറഞ്ഞു. പോലീസുകാര്‍ തല്ലിയെന്ന്‌ എവിടെയെങ്കിലും പറഞ്ഞാല്‍ നിങ്ങള്‍ ജയിലില്‍ കിടക്കും എന്നായിരുന്നു ഭീഷണി. നിങ്ങളുടെ വാക്ക്‌ പോലെ ഇരിക്കും നിങ്ങളുടെ ഭാവി. ഭീഷണിയുടെ സ്വരത്തില്‍ തന്നെ അവര്‍ പറഞ്ഞു. പറഞ്ഞാല്‍ നല്ല പണികിട്ടും എന്ന രീതിയില്‍ അത്‌ പറഞ്ഞ്‌ കൊണ്ടേയിരുന്നു'. അമന്‍ കൂട്ടിച്ചേര്‍ത്തു.

ഭിക്ഷക്കാരനായ വികാലാംഗനെ അക്രമിച്ചതിന്‌ കാരണമായി പറഞ്ഞത്‌. പൊലീസുകാരോട്‌ ദേശ്യപ്പെട്ടത്‌ കൊണ്ടാണെന്നും അയാള്‍ മദ്യപിച്ചിരുന്നുമെന്നുമാണ്‌. എന്നാല്‍ അവിടെയുണ്ടായിരുന്ന ആര്‍ക്കും അങ്ങനെ ഒരു അഭിപ്രായമില്ലെന്നും അമന്‍ പറഞ്ഞു.

അതേസമയം പൊലീസിന്റെ നടപടിക്കെതിരെ നിയമപരമായി മുന്നോട്ട്‌ പോകുമെന്ന്‌ മര്‍ദനമേറ്റ അമന്റെ പിതാവിന്റെ സുഹൃത്തും സാമൂഹ്യ പ്രവര്‍ത്തകനുമായ ജോണ്‍സണ്‍  പറഞ്ഞു. 'ആഷിഷിന്റെ കഴുത്തിലും മുഖത്തും നല്ലപരിക്കുണ്ട്‌. പുറത്ത്‌ നല്ല വേദനയുണ്ട്‌. അമന്റെ വയറ്റത്താണ്‌ ചിവിട്ടേറ്റിട്ടുള്ളത്‌. നെഞ്ചത്തും പറത്തും നല്ല വേദനയുണ്ട്‌. ജോണ്‍സണ്‍ പറഞ്ഞു
Join WhatsApp News
vincent emmanuel 2018-10-22 07:47:00
what is wrong with these people. They are paid by public funds but behave like they own the people. Criminals in Police force. that is what it is.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക