Image

തന്ത്രി കണ്‌ഠരര്‌ രാജീവര്‍ക്കെതിരെ മന്ത്രി എ.കെ ബാലന്‍

Published on 22 October, 2018
തന്ത്രി കണ്‌ഠരര്‌ രാജീവര്‍ക്കെതിരെ മന്ത്രി എ.കെ ബാലന്‍


പത്തനംതിട്ട: ശബരിമല തന്ത്രി കണ്‌ഠരര്‌ രാജീവര്‍ക്കെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി എ.കെ ബാലന്‍. ഒരു പ്രശ്‌നമുണ്ടാവുമ്പോള്‍ രാഷ്ട്രീയക്കാര്‍ ചെയ്യുന്നത്‌ പോലെ തന്ത്രിയെപ്പോലൊരാള്‍ ചെയ്യരുതെന്നായിരുന്നു എ.കെ ബാലന്റെ വിമര്‍ശനം.

യുവതികള്‍ കയറിയാല്‍ ശ്രീകോവില്‍ പൂട്ടി പോകുമെന്ന തന്ത്രിയുടെ നിലപാടിന്റെ പശ്ചാത്തലത്തിലായിരുന്നു എ.കെ ബാലന്റെ വിമര്‍ശനം.
ശബരിമലയില്‍ ഒരു വെടിവെപ്പുണ്ടാക്കാന്‍ ആയിരുന്നു ബി.ജെ.പി ആര്‍.എസ്‌.എസ്‌ ശ്രമമെന്നും അതുകൊണ്ടാണ്‌ പൊലീസ്‌ അവിടെ സംയമനം പാലിച്ചതെന്നും എ.കെ ബാലന്‍ പറഞ്ഞു.

കേരളത്തിന്‌ ബി.ജെ.പി ശാപമായി മാറിയിരിക്കുകയാണ്‌. സി.പി.ഐ.എമ്മിന്റെ പ്രധാന ഹിന്ദു വോട്ടുകള്‍ പാര്‍ട്ടിക്ക്‌ എതിരെ തിരിക്കാനാണ്‌ ബി.ജെ.പിയുടെ ശ്രമം. അത്‌ നടക്കാതിരുന്നപ്പോഴാണ്‌ ശബരിമലയില്‍ പ്രശ്‌നങ്ങള്‍ ഉണ്ടാക്കിയത്‌.
വിഷലിപ്‌തമായ പ്രചാരണങ്ങളാണ്‌ ബി.ജെ.പി അധ്യക്ഷന്‍ ശ്രീധരന്‍പിള്ള നടത്തുന്നതെന്നും ബാലന്‍ ആരോപിച്ചു.

ബി.ജെ.പിയുടെ വര്‍ഗീയ പ്രചാരണങ്ങള്‍ക്കെതിരെ ശക്തമായ ഇടപ്പെടല്‍ സര്‍ക്കാരും സി.പി.ഐ.എമ്മും നടത്തും. ഇത്‌ തിരിച്ചറിയാന്‍ സാധിച്ചില്ലെങ്കില്‍ കേരളം വിവേകാനന്ദന്‍ സൂചിപ്പിച്ച ഭ്രാന്താലയമായി മാറും.

ശബരിമല യുവതീപ്രവേശന കേസില്‍ തന്ത്രി കുടുംബം, പന്തളം കൊട്ടാരം, എന്‍.എസ്‌.എസ്‌, ദേവസ്വം ബോര്‍ഡ്‌ എന്നിവരും കക്ഷി ചേര്‍ന്നിരുന്നു. വിഷയത്തില്‍ ഭരണഘടന പരമായ നിലപാടാണ്‌ സംസ്ഥാന സര്‍ക്കാര്‍ കൈക്കൊണ്ടത്‌.

അമിക്കസ്‌ ക്യൂറിയുടെ മുന്നില്‍ പോലും ഒരാളും അഭിപ്രായം പറഞ്ഞിരുന്നില്ല. തത്വത്തില്‍ കോണ്‍ഗ്രസും ബി.ജെ.പിയും യുവതി പ്രവേശത്തെ അംഗീകരിച്ചിരുന്നു. അതിനാലാണ്‌ അക്കാലത്ത്‌ സര്‍ക്കാര്‍ എതിരഭിപ്രായം പറയാതിരുന്നത്‌. ഒരു വിശ്വാസിയേയും വ്രണപ്പെടുത്തുന്ന സമീപനം സര്‍ക്കാരിന്റെ ഭാഗത്ത്‌ നിന്നുണ്ടായിട്ടില്ലെന്നും ബാലന്‍ വ്യക്തമാക്കി.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക