Image

ചെറുകഥ- ഭ്രമണം- (ഭാഗം :1 -ജോണ്‍വേറ്റം)

ജോണ്‍വേറ്റം Published on 22 October, 2018
ചെറുകഥ- ഭ്രമണം-  (ഭാഗം :1 -ജോണ്‍വേറ്റം)
ഉറങ്ങാന്‍ കഴിയുന്നില്ല. ഉണര്‍വ്വിന്റെ ചിന്തകള്‍. ഉള്ളില്‍ ഊഷ്മള സ്മരണകള്‍. മനസ്സില്‍ മിന്നുന്ന ചിത്രങ്ങള്‍. നോവുകള്‍ നിറഞ്ഞ ഹൃദയത്തില്‍ കുറെ വിസ്മയവാക്കുകളുടെ ധ്വനി. ഏതാനും യാമങ്ങള്‍ കൊഴിഞ്ഞാല്‍ ജീവനെ ചൂഴുന്ന അഴല്‍ അഴിഞ്ഞു വീഴും. അപ്പോള്‍, പുനര്‍ജന്മത്തിലെന്നപോലെ പുതിയൊരു ജീവിതത്തിന്റെ പൂത്തറയിലെത്താം. ആത്മാവില്‍ ആശ്വാസത്തിന്റെ ആന്ദോളനം! സിരകളില്‍ ഉന്മേഷത്തിന്റെ ജ്വലനം. നഷ്ടപ്പെട്ടതെല്ലാം തിരിച്ചുകിട്ടുമെന്ന പ്രതീക്ഷ. ഇനി, സമാധാനവും സുഖവും സ്വാതന്ത്ര്യവും അന്ത്യംവരെ ആസ്വദിക്കണം. കണ്ണില്‍ നിന്ന് കാണാമറത്തോടിപ്പോയ കിനാക്കളെ വീണ്ടും കാണണം. കാതില്‍ നിന്നൊഴുകിപ്പോയ അനുരാഗഗാനങ്ങള്‍ എന്നും കേള്‍ക്കണം. നെഞ്ചിനുള്ളില്‍ നിറഞ്ഞുനില്‍ക്കുന്ന സ്‌നേഹവാത്സല്യങ്ങള്‍ സംതൃപ്തിയോടെ പകരണം. അതിന് ഏത് വഴി പോകണം? എന്തെല്ലാം കരുതണം?
അഭിമാനവും ആഭിജാത്യവും പുരുഷത്വത്തിന്റെ കവചങ്ങളാണെന്നറിയാം. അവ കാലഹരണപ്പെടുകയില്ല. ആത്മനിയന്ത്രണം ജീവരക്ഷയ്ക്ക് അനിവാര്യമെന്ന് പഠിച്ചു. അക്ഷമയും ക്ഷിപ്രകോപവും തല്ലിയുടച്ച എത്ര ജീവിതങ്ങള്‍ കണ്ടു. ജീവച്ഛവംപോലെ തുടരാന്‍ മടിച്ചു മരിച്ചവരെ മറക്കാന്‍ കഴിയുന്നില്ല. പ്രതിസന്ധികളെ അതിജീവിക്കാന്‍ വിവേകമില്ലാതെ  വീണുപോയവരുടെ അന്ത്യവചനങ്ങള്‍ സന്ധ്യാമംഗളം പോലെ മനസ്സില്‍ മുഴുങ്ങുന്നു. ഇപ്പോള്‍, എന്നെ നയിക്കുന്നതും നിയന്ത്രിക്കുന്നതും പ്രതീക്ഷയാണ്. വിശാലസുന്ദരമായൊരു ലോകത്ത് സമാധാനത്തോടെ ശാന്തനായി ജീവിക്കാനുള്ള ലളിതമോഹം. സ്‌നേഹിക്കപ്പെടുമ്പോള്‍ മാത്രം പീലിവിടര്‍ത്തുന്ന ഒരു വികാരമാണ് സ്‌നേഹമെന്നും ഗ്രഹിച്ചു. ജീവിതത്തിന്റെ മര്‍മ്മഭാഗം കൊഴിഞ്ഞെങ്കിലും, ഇടറാതെ തളരാതെ മുന്നോട്ട് പോകണം.

നെടുവീര്‍പ്പുകളുടെ മോഹഭംഗങ്ങളുടെ ലോക്തത് വന്നപ്പോള്‍, തെറ്റുകളുടെയും കുറ്റങ്ങളുടെയും സാഹസിക കഥകള്‍ കേട്ടു നടുങ്ങി! അപ്പോള്‍, വിമുഖതയോടെ തന്നിലേക്ക് തിരിഞ്ഞുനോക്കി. ധര്‍മ്മയുദ്ധങ്ങളുടെ കാലം കഴിഞ്ഞെന്നു തോന്നി. നീ എന്തിനിവിടെ വന്നു എന്ന ചോദ്യത്തിന്റെ മറുപടി മൗനമായിരുന്നു. വാസ്തവം പറയാന്‍ ഇഷ്ടപ്പെട്ടില്ല. ഇന്ന് പരിവര്‍ത്തനത്തിന്റെ പുണ്യജലത്തില്‍ മുങ്ങി, മാനസാന്തരം ഭവിച്ച മനുഷ്യനായി. ആകാശത്ത് പറന്നുയരുന്ന പറവകളും ചിറകൊടിഞ്ഞാല്‍ താഴെവീണ് പിടഞ്ഞു മരിക്കുമല്ലോ. പക്ഷേ, പ്രപഞ്ചത്തിന് മരണമില്ല. ഏറെക്കാലം ഹൃദയത്തില്‍ വേരുറപ്പിച്ചുനിന്ന ശാഠ്യം ഇന്നില്ല. തല്‍സ്ഥാനത്ത് ഭാവിജീവിതത്തിന്റെ രൂപരേഖ. എന്നിട്ടും, കലമ്പുന്ന സംശയം. ജീവിതത്തെ പുതുക്കിപ്പണിയുവാന്‍ കഴിയുമോ? ഉപരോധത്തെയും ഒളിയമ്പിനെയും പ്രതിരോധിക്കുവാന്‍ സാധിക്കുമോ? കാലം കൊഴിയുമ്പോള്‍ മനസിനെ അനുസരിക്കാത്ത അവസഥ ശരീരത്തിനുണ്ടാകും. അപ്പോള്‍ ഒരു താങ്ങ് വടിപോലെ സഹായിക്കാന്‍ ആരുണ്ടാവും?

പ്രഭാതമായപ്പോള്‍ കാരാഗൃഹത്തിന്റെ കനത്ത വാതില്‍ തുറന്നു! നാരായണപിള്ള മോചിതനായി. ഇളംവെയില്‍. തെളിഞ്ഞ ആകാശം. സുഖദമായ കാറ്റ്. സ്വതന്ത്രലോകം. അയാളെ സ്വീകരിക്കാന്‍ ആരും വന്നില്ല. ആരെങ്കിലും വരുമെന്ന്ു പ്രതീക്ഷിച്ചതുമില്ല. മെല്ലെ നടന്നു. സ്വയം ചോദിച്ചു: എങ്ങോട്ട് പോകണം? പെട്ടെന്ന് ഉത്തരം കിട്ടിയില്ല. പുത്തന്‍ചിന്തകള്‍. കുറെ സന്ദേഹങ്ങള്‍.

ഉച്ചയായപ്പോള്‍, വഴിവക്കിലെ തണല്‍മരത്തില്‍ ചാരിയിരുന്നു മയങ്ങി. ക്ഷീണം മാറിയപ്പോള്‍ ബസില്‍ കയറി. വഴിയില്‍ രണ്ട് പതിറ്റാണ്ടുകള്‍ പണിത പരിഷ്‌ക്കാരങ്ങള്‍ കണ്ടുകൊണ്ടിരുന്നു. അത്ഭുതം തോന്നി. സ്വന്ത ഗ്രാമത്തിലേക്കു വഴിതിരിയുന്ന കവലയില്‍ ഇറങ്ങി. വിളിപ്പാടകലെ, ക്ഷേത്രത്തിനു മുന്നിലുള്ള ആല്‍ത്തറയില്‍ മൂടിപ്പുതച്ചിരുന്നു. രണ്ട് മൈല്‍ ദൂരം പിന്നിട്ടാല്‍, തറവാട്ടിലെത്താം. അവിടെ ഇപ്പോള്‍ ആരുണ്ടാവും? പെ്‌ട്ടെന്ന്, അപകര്‍ഷതാ ബോധം. ഉള്ളം ഉരുകരുതെന്നു വിചാരിച്ചു. എന്നിട്ടും, കണ്ണീര്‍പ്രവാഹം. മനസ്സ് പിന്നിലേക്കോടി. ഒരു സത്യസംഭവത്തിന്റെ ചുവട്ടിലേക്ക് .

പുരാതനവും പ്രസിദ്ധവുമായ കൂട്ടുകുടുംബത്തില്‍ ജനിച്ചപ്പോള്‍ പ്രഭാവമുണ്ടായിരുന്നു. ധൂര്‍ത്തനായ കാരണവര്‍ ആചാരങ്ങളും പാരമ്പര്യങ്ങളും മുറപോലെ നടത്തി. ബാദ്ധ്യതകള്‍ നിലനിര്‍ത്തിക്കൊണ്ട് അയാള്‍ മാഞ്ഞുപോയപ്പോള്‍, കൂട്ടുകുടുംബം ശിഥിലമായി! നാരായണപിള്ളക്ക് വീടും അത് നില്‍ക്കുന്ന പറമ്പും കിട്ടി. തികച്ചും അനുകൂലമല്ലാത്ത സമയത്തായിരുന്നു വിവാഹം. അതുകൊണ്ട്, ഉപരിപഠനത്തിന് പോയില്ല.

പെണ്‍മക്കള്‍ രണ്ട്‌പേര്‍ക്കും ഉന്നതവിദ്യാഭ്യാസം നല്‍കണമെന്ന ലക്ഷ്യത്തോടെ പ്രവര്‍ത്തിച്ചു. എന്നാല്‍, പാട്ടവസ്തുക്കളില്‍ കൃഷിയിറക്കിയെങ്കിലും വേണ്ടത്ര വിളവ് കിട്ടിയില്ല. കൂട്ടുകച്ചവടം നടത്തിയിട്ടും നേട്ടമുണ്ടായില്ല. സാമ്പത്തിക ത്തകര്‍ച്ച ഭാനുമതിയമ്മയെ ഭയപ്പെടുത്തി. മക്കളുടെ വിവാഹമായിരുന്നു ആ നല്ലഭാര്യയുടെ ഉത്കണ്ഠ. അതുകൊണ്ട്, മക്കളുടെ പഠനം പൂര്‍ത്തിയാക്കിയില്ല. അവരുടെ വിവാഹം നടന്നു. അപ്പോള്‍, നാരായണപിള്ളയുടെ സ്വത്ത് താമസിക്കുന്ന വീടും മുറ്റവുമായി കുറഞ്ഞു. എന്നിട്ടും, ആചാരഭ്രംശം വരുത്താതെ കരുതലോടെ ജീവിച്ചു. അഭിമാനവും ആഭിജാത്യവും നഷ്ടപ്പെടുത്താതെ സൂക്ഷിച്ചു. ഭാര്യയുടെ സാന്ത്വനം ആത്മബലം നല്‍കി. പരിചരണം സൗഖ്യമായിരുന്നു.

നശിച്ചുപോയ പ്രഭുത്വത്തിന്റെ സൂവര്‍ണ്ണസ്മാരകംപോലെ വീട്ടുഭിത്തിയില്‍ ചേര്‍ത്തുവച്ചിരിക്കുന്ന, പൂര്‍വ്വികരുടെ പടങ്ങളില്‍ നോക്കിനിന്ന് അയാള്‍ നിരാശനായിട്ടുണ്ട്. ദാരിദ്ര്യദുഃഖത്താല്‍ ഞെരുങ്ങുമ്പോഴും നിരര്‍ത്ഥകമായ തത്വചിന്തകളുമായി വൃഥാ സഞ്ചരിക്കുന്ന ദുരഭിമാനിയെന്ന് തോന്നിയിട്ടുണ്ട്. എന്നിട്ടും, തറവാടിത്തം എന്ന കുലീനബോധത്തില്‍ ഉറച്ചുനിന്നു. ഭാനുമതിയമ്മയുടെ വീട്ടുകാരുടെ പിന്തുണയോടെ ജീവിതം പുഷ്ടിപ്പെടാന്‍ തുടങ്ങി. എങ്കിലും, മറ്റൊരു പരീക്ഷണം. മൂത്തമകള്‍ സുഭദ്ര മടങ്ങിയെത്തി. മദ്യപിക്കുകയും മര്‍ദ്ദിക്കുകയും ചെയ്ത ഭര്‍ത്താവിനോടൊത്തുള്ള ജീവിതം അവള്‍ മതിയാക്കി. സഹനവും സ്‌നേഹവുമാണ് ദാമ്പത്യജീവിതത്തിന്റെ കാന്തശക്തിയെന്നു പറഞ്ഞു വിശ്വസിപ്പിച്ചു മകളെ ഭര്‍ത്തൃഗൃഹത്തിലയയ്ക്കാന്‍ ഭാനുമതിയമ്മ ശ്രമിച്ചു. നിര്‍ബ്ബന്ധിച്ചയച്ചാല്‍, ആത്മഹത്യയോ കൊലപാതകമോ ഉണ്ടാകുമെന്നായിരുന്നു സുഭദ്രയുടെ മറുപടി. അത്്, തള്ളാനും കൊള്ളാനും കഴിയാത്ത ഒരവസ്ഥ നല്‍കി. മ്ദ്യപിക്കുന്ന മരുമകനെ നാരായണപിള്ള വെറുത്തില്ല. പക്ഷെ, കുറ്റം ചെയ്യാത്ത ഭാര്യയെ നിത്യവും മര്‍ദ്ദിക്കുന്ന നിര്‍ദ്ദയശത്രുവിനെ ഇഷ്ടപ്പെട്ടില്ല. ഇളയമകള്‍  സുഹാസിനിയുടെ ഭര്‍ത്താവ് സഹൃദയനും സഹായിയും ആയിരുന്നു.

(തുടരും...)


ചെറുകഥ- ഭ്രമണം-  (ഭാഗം :1 -ജോണ്‍വേറ്റം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക