Image

700കോടിയേക്കാള്‍ അധികം തുകയുടെ സഹായം യു.എ.ഇയില്‍ നിന്ന്‌ വരും: മുഖ്യമന്ത്രി

Published on 22 October, 2018
700കോടിയേക്കാള്‍ അധികം തുകയുടെ സഹായം യു.എ.ഇയില്‍ നിന്ന്‌ വരും: മുഖ്യമന്ത്രി
തിരുവനന്തപുരം: പ്രളയകാലത്ത്‌ കേന്ദ്രസര്‍ക്കാര്‍ വാങ്ങാന്‍ അനുമതി നല്‍കാതിരുന്ന യു.എ.ഇ സര്‍ക്കാരിന്റെ 700കോടിയേക്കാള്‍ അധികം തുകയുടെ സഹായം തന്റെ സന്ദര്‍ശനത്തിന്റെ പശ്ചാത്തലത്തില്‍ അവിടെനിന്ന്‌ ലഭിക്കുമെന്ന്‌ മുഖ്യമന്ത്രി പിണറായി വിജയന്‍ പറഞ്ഞു. ഇക്കാര്യം താന്‍ ആത്മവിശ്വാസത്തോടെ പറയുകയാണ്‌. യു.എ.ഇയുടെ 700 കോടി സഹായം രഹസ്യമല്ല. അത്‌ കേന്ദ്രം നിഷേധിച്ചു.

കേരളത്തെ രണ്ട്‌ കൈയും നീട്ടി സഹായിക്കാന്‍ യു.എ.ഇ തയ്യാറാണ്‌. ഭവനനിര്‍മ്മാണത്തിലടക്കം യു.എ.ഇ സഹായമുണ്ടാവും. കേരളം കഷ്ടപ്പെടാന്‍ യു.എ.ഇ ഒരിക്കലും അനുവദിക്കില്ലെന്നാണ്‌ ദുബായ്‌ സഹിഷ്‌ണുതാകാര്യ വകുപ്പ്‌ കാബിനറ്റ്‌ മന്ത്രി ശൈഖ്‌ നഹ്യാന്‍ ബിന്‍ മുബാറക്‌ അല്‍ നഹ്യാന്‍ പറഞ്ഞത്‌. നവകേരളനിര്‍മ്മാണത്തിനായി മൂന്ന്‌ ഉന്നതതല സംഘങ്ങള്‍ യു.എ.ഇയില്‍ നിന്നെത്തുമെന്നും മുഖ്യമന്ത്രി വാര്‍ത്താസമ്മേളനത്തില്‍ പറഞ്ഞു.

യു.എ.ഇ സന്ദര്‍ശനം വന്‍ വിജയമായിരുന്നു. യു.എ.ഇ. ഭരണകൂടവും പ്രവാസികളും കേരളത്തോട്‌ കാട്ടുന്ന സ്‌നേഹവായ്‌പും താല്‍പര്യവും നേരിട്ട്‌ മനസിലാക്കാനായി. യു.എ.ഇ ഭരണകൂടത്തിലെ പ്രധാനികള്‍ക്ക്‌ കേരളത്തിലെ പ്രതിസന്ധിയെക്കുറിച്ച്‌ വ്യക്തമായ ധാരണയുണ്ട്‌. യു.എ.ഇയിലെ പ്രധാനപ്പെട്ട മൂന്ന്‌ ചാരിറ്റബിള്‍, ഹ്യുമാനിറ്റേറിയന്‍ ഫൗണ്ടേഷനുകളുമായി കൂടിക്കാഴ്‌ച നടത്തി.

യു.എ.ഇ. പ്രസിഡന്റ്‌ ശൈഖ്‌ ഖലീഫ ബിന്‍ സായ്‌ദ്‌ അല്‍ നഹ്യാന്റെ സഹോദരനും എമിറേറ്റ്‌സ്‌ റെഡ്‌ ക്രസന്റ്‌ ചെയര്‍മാനുമായ ശൈഖ്‌ ഹംദാന്‍ ബിന്‍ സായ്‌ദ്‌ അല്‍ നഹ്യാനുമായിട്ടായിരുന്നു ആദ്യ കൂടിക്കാഴ്‌ച. ലോകത്തെ ഏറ്റവും വലിയ ചാരറ്റിബിള്‍ സ്ഥാപനങ്ങളിലൊന്നാണ്‌ എമിറേറ്റ്‌സ്‌ റെഡ്‌ ക്രസന്റ്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക