Image

അനിയന്‍ ജോര്‍ജ് ഫോമയുടെ അമരത്തേക്ക്

മൊയ്തീന്‍ പുത്തന്‍ചിറ Published on 24 October, 2018
അനിയന്‍ ജോര്‍ജ് ഫോമയുടെ അമരത്തേക്ക്
ന്യൂജെഴ്‌സി: അമേരിക്കന്‍ മലയാളികളുടെ ദേശീയ സംഘടനയായ ഫെഡറേഷന്‍ ഓഫ് മലയാളി അസ്സോസിയേഷന്‍സ് ഓഫ് അമേരിക്കാസിന്റെ (ഫോമ) സ്ഥാപക സെക്രട്ടറിയും, കലാസാംസ്‌ക്കാരികസാമൂഹ്യ രംഗങ്ങളില്‍ തനതായ വ്യക്തിമുദ്ര പതിപ്പിച്ച് ജനസമ്മതി നേടിയ നേതാവുമായ അനിയന്‍ ജോര്‍ജ് 2020-22 കാലഘട്ടത്തില്‍ ഫോമയെ നയിക്കുവാന്‍ മുന്നോട്ടു വരണമെന്ന് ഫോമ മിഡ് അറ്റ്‌ലാന്റിക് റീജനിലെ എല്ലാ അംഗസംഘടനകളും സംയുക്തമായി ആവശ്യപ്പെട്ടുവെന്ന് കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജെഴ്‌സി (KANJ) പ്രസിഡന്റ് ജയിംസ് പി ജോര്‍ജ് അറിയിച്ചു.

കേരള അസ്സോസിയേഷന്‍ ഓഫ് ന്യൂജെഴ്‌സി (KANJ), മലയാളി അസ്സോസിയേഷന്‍ ഓഫ് ഗ്രെയ്റ്റര്‍ ഫിലഡല്‍ഫിയ (MAP), ഡെലാവേര്‍ മലയാളി അസ്സോസിയേഷന്‍ (DELMA), സൗത്ത് ജെഴ്‌സി മലയാളി അസ്സോസിയേഷന്‍, കല ഫിലഡല്‍ഫിയ, കേരള സമാജം ഓഫ് ന്യൂജെഴ്‌സി (KSNJ) എന്നീ സംഘടനകളുടെ പ്രസിഡന്റുമാരും മറ്റു ഭാരവാഹികളും, ഫോമാ റീജനല്‍ നേതാക്കളും ചേര്‍ന്നു നടത്തിയ ടെലികോണ്‍ഫറന്‍സിലാണ് അനിയന്‍ ജോര്‍ജിന്റെ പേര് നിര്‍ദ്ദേശിച്ചത്.

വടക്കേ അമേരിക്കയില്‍ പ്രവാസി മലയാളികള്‍ നേരിടുന്ന നിരവധി പ്രശ്‌നങ്ങള്‍ക്ക് പരിഹാരം കാണാന്‍ എപ്പോഴും മുന്‍പന്തിയില്‍ നില്‍ക്കുന്ന, സാമൂഹ്യസാംസ്‌ക്കാരിക പ്രവര്‍ത്തനങ്ങളില്‍ സജീവമായി പ്രവര്‍ത്തിക്കുന്ന അനിയന്‍ ജോര്‍ജിനെ ഫോമയുടെ 75 അംഗ സംഘടനകളും സംയുക്തമായി, എതിരില്ലാതെ 2020-22 ലെ ഫോമ പ്രസിഡന്റായി തെരഞ്ഞെടുക്കണമെന്നും, അത് അദ്ദേഹത്തിനു ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരമായിരിക്കുമെന്നും കാന്‍ജ് പ്രസിഡന്റ് ജയിംസ് ജോര്‍ജ് അഭ്യര്‍ത്ഥിച്ചു. 

അനു സക്കറിയ (പ്രസിഡന്റ്, എംഎപി), പോള്‍ സി മത്തായി (പ്രസിഡന്റ്, സൗത്ത് ജെഴ്‌സി മലയാളി അസ്സോസിയേഷന്‍), ഹരികുമാര്‍ രാജന്‍ (പ്രസിഡന്റ്, കേരള സമാജം ഓഫ് ന്യൂജെഴ്‌സി), പത്മരാജ് നായര്‍ (പ്രസിഡന്റ്, ഡെലാവേര്‍ മലയാളി അസ്സോസിയേഷന്‍), ഡോ. ജയിംസ് കുറിച്ചി (പ്രസിഡന്റ്, കല ഫിലഡല്‍ഫിയ) എന്നിവരെക്കൂടാതെ, ഫോമാ അംഗസംഘടനാ നേതാക്കളായ യോഹന്നാന്‍ ശങ്കരത്തില്‍, ജിബി തോമസ് മോളോപ്പറമ്പില്‍, സാബു സ്‌ക്കറിയ, ബോബി തോമസ്, ചെറിയാന്‍ കോശി, ദീപ്തി നായര്‍, അലക്‌സ് ജോണ്‍, റോയ് മാത്യു, മനോജ് വര്‍ഗീസ്, ജയ് പ്രകാശ്, അലക്‌സ് മാത്യു, സക്കറിയാ തോമസ്, ജോസഫ് ഇടിക്കുള, ബൈജു വര്‍ഗീസ്, തോമസ് ചാണ്ടി തുടങ്ങിയവരും അനിയന്‍ ജോര്‍ജിന് പരിപൂര്‍ണ്ണ പിന്തുണ പ്രഖ്യാപിച്ചു. 

എല്ലാവരുടേയും സ്‌നേഹത്തിനും പിന്തുണയ്ക്കും നന്ദി അറിയിച്ച അനിയന്‍ ജോര്‍ജ്, 2020-22 കാലഘട്ടത്തില്‍ ഫോമയെ നയിക്കുവാന്‍ തയ്യാറാണെന്നും, മറ്റു റീജനുകളിലെ അംഗസംഘടനാ നേതാക്കളുടേയും ഭാരവാഹികളുടേയും അനുഗ്രഹവും അനുവാദവും തേടിയതിനുശേഷം ഉടന്‍ തന്നെ തന്റെ സ്ഥാനാര്‍ത്ഥിത്വം ഔദ്യോഗികമായി പ്രഖ്യാപിക്കുമെന്നും നന്ദിപ്രകടനത്തില്‍ വ്യക്തമാക്കി. ഔദ്യോഗിക പദവി ഒന്നുമില്ലെങ്കിലും ഫോമയുടെ നന്മയ്ക്കും വളര്‍ച്ചക്കും വേണ്ടി ഒരു സന്തതസഹചാരിയായി എപ്പോഴും കൂടെയുണ്ടായിരിക്കുമെന്നും അദ്ദേഹം അറിയിച്ചു.

അനിയന്‍ ജോര്‍ജ് ഫോമയുടെ അമരത്തേക്ക്
Join WhatsApp News
ബലൂൺ 2018-10-24 20:00:48
ബലൂൺ പറത്തി നോക്കൽ! പൊങ്ങുമോ വീഴുമോ?
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക