Image

സാഹിത്യനിരൂപണത്തിന്റെ ആഴങ്ങള്‍ തേടി സര്‍ഗ്ഗവേദി (പി. ടി. പൗലോസ്)

Published on 24 October, 2018
സാഹിത്യനിരൂപണത്തിന്റെ ആഴങ്ങള്‍ തേടി സര്‍ഗ്ഗവേദി (പി. ടി. പൗലോസ്)
2018 ഒക്ടോബര്‍ 21 ഞായറാഴ്ചയിലെ മനോഹര സായാഹ്നം. ന്യുയോര്‍ക്ക് കേരളാ സെന്ററില്‍ സഹൃദയരായ ഒട്ടനവധി സാഹിത്യസ്‌നേഹികളാല്‍ സമ്പന്നമായ സദസ്സിനെ സാക്ഷി നിര്‍ത്തി, പ്രശസ്ത എഴുത്തുകാരനും വാഗ്മിയും അമേരിക്കന്‍ മലയാളികളുടെ പ്രിയങ്കരനുമായ ജോയന്‍ കുമരകത്തിന്റെ അധ്യക്ഷ പ്രസംഗത്തോടെ ന്യയോര്‍ക്ക് സര്‍ഗ്ഗവേദിയുടെ മറ്റൊരു അദ്ധ്യായം തുറക്കപ്പെട്ടു. ആരോഗ്യ പ്രശ്‌നങ്ങള്‍ അലട്ടുന്നുണ്ടെങ്കിലും ന്യയോര്‍ക്കിലെ സഹൃദയരായ സുഹൃത്തുക്കളെ വീണ്ടും കാണാന്‍ സാധിച്ചതിലുള്ള ആഹ്ലാദം മറച്ചുവയ്ക്കാതെ, സാഹിത്യത്തിന്റെ അടിസ്ഥാന നിയമങ്ങള്‍ വിസ്മരിച്ചുകൊണ്ട് ആര്‍ക്കും കൈ വെക്കാവുന്ന ഒരു മേഖലയായി അമേരിക്കന്‍ മലയാളസാഹിത്യം പിന്നോട്ട് തള്ളപ്പെടുന്ന ഈ വര്‍ത്തമാനകാലത്ത് ന്യുയോര്‍ക്ക് സര്‍ഗ്ഗവേദിയുടെ ഇതുപോലുള്ള സംവാദങ്ങളും കൂട്ടായ്മകളും ശ്ലാഘനീയമാണ് എന്ന് ജോയന്‍ തന്റെ അധ്യക്ഷപ്രസംഗത്തില്‍ അടിവരയിട്ടു പറഞ്ഞു.

അമേരിക്കന്‍ മലയാളസാഹിത്യ വേദികളില്‍ നിറസാന്നിദ്ധ്യവും പ്രശസ്ത എഴുത്തുകാരിയുമായ ഡോഃ എന്‍. പി. ഷീല ''നിരൂപണം സാഹിത്യത്തില്‍'' എന്ന വിഷയം അവതരിപ്പിച്ചുകൊണ്ട് സംസാരിച്ചു. നിരൂപണം തന്നെ സൃഷ്ടികള്‍ക്ക് മാറ്റുകൂട്ടുന്ന സാഹിത്യത്തിന്റെ ഒരു ശാഖയാണെന്നും നിരൂപകന്‍ തന്റെ യോഗ്യതകളെ കുറിച്ച് ബോധവാനായിരിക്കണം എന്നും ഡോഃ ഷീല അഭിപ്രായപ്പെട്ടു. കൈകാര്യം ചെയ്യുന്ന വിഷയത്തെക്കുറിച്ചുള്ള ആധികാരികമായ അറിവ് നിരൂപകന് ഉണ്ടായിരിക്കണം. വേള്‍ഡ് ക്ലാസിക് കൃതികളെക്കുറിച്ചുള്ള പരിഞ്ജാനം നിരൂപകനേ നിഷ്പക്ഷമായി കൃതികളെ വിലയിരുത്താന്‍ സഹായിക്കും. സ്തുതിപാടകരുടെ കൈപ്പിടികളില്‍ നിരൂപകര്‍ ഒതുങ്ങരുത് എന്നുകൂടി ഡോഃ ഷീല ഓര്‍മ്മിപ്പിച്ചു.

ജെ. മാത്യൂസ് തന്റെ പ്രസംഗത്തില്‍
നിരൂപകന്‍ സ്വന്തം കഴിവിന്റെ
പരിമിതിയില്‍ നിന്നുകൊണ്ട് കൃതികളുടെ മൂല്യനിര്‍ണ്ണയം നടത്താം, പക്ഷെ വിധികര്‍ത്താവാകരുത് എന്ന് പ്രത്യേകം എടുത്തു പറഞ്ഞു. കെ.കെ. ജോണ്‍സന്റെ അഭിപ്രായത്തില്‍ മുണ്ടശ്ശേരിയും സി.ജെ. തോമസ്സുമൊക്കെ പാശ്ചാത്യസാഹിത്യത്തെ ഉള്‍ക്കൊണ്ടപ്പോള്‍ എം. കൃഷ്ണന്‍ നായര്‍ മലയാള സാഹിത്യത്തില്‍ ഒരു ക്ലാസ്സിക് ദൗത്യമാണ് നിര്‍വ്വഹിച്ചത്. അഴീക്കോടിന്റെ ശിഷ്യനായ സുനില്‍ പി. ഇളയിടം ചരിത്രത്തില്‍ അവഗാഢമായ അറിവുള്ള ആളും സത്യാന്വേഷികളായ യുവസാഹിത്യകാരന്മാര്‍ക്ക് ചരിത്രബോധം നല്‍കുന്ന അധ്യാപകനുമാണ് എന്നുകൂടി പറഞ്ഞു.

പി. ടി. പൗലോസ് തന്റെ ഹ്യസ്വമായ പ്രസംഗത്തില്‍ പുതിയ കാലഘട്ടത്തിലെ നിരൂപകരായ കേസരിബാലകൃഷ്ണപിള്ളയെയും എം. പി. പോളിനെയും കുട്ടിക്കൃഷ്ണമാരാരെയും കുറ്റിപ്പുഴയെയുമൊക്കെ ക്കുറിച്ചു നാം വാചാലരാകുമ്പോള്‍ വിദ്യാവിനോദിനി മാസികയുടെ എഡിറ്ററും മലയാളസാഹിത്യ നിരൂപണത്തിന്റെ പിതാവുമായ 1937 ല്‍ മരണമടഞ്ഞ സി.പി. അച്യുതമേനോനെയും തന്റെ പിന്‍ഗാമികളായ വലിയകോയിത്തമ്പുരാന്‍, എ.ആര്‍. രാജരാജവര്‍മ്മ, മൂര്‍ക്കോത്തു കുമാരന്‍ എന്നിവരെ വിസ്മരിക്കരുതേ എന്ന് ശക്തമായി പറഞ്ഞു. വിമര്‍ശകന്‍ നല്ല ആസ്വാദകന്‍ ആകണം. അപ്പോള്‍ ആസ്വാദകന്‍തന്നെ നിരൂപകന്‍ ആകുമെന്നായിരുന്നു മാമ്മന്‍ മാത്യുവിന്റെ അഭിപ്രായം. എന്നാല്‍ മോന്‍സി കൊടുമണ്ണിന്റെ കാഴ്ചപ്പാട് മറ്റൊന്നായിരുന്നു. നിരൂപകന്‍ കൃതിയുടെ ഗുണവും ദോഷവും വേര്‍തിരിച്ചിട്ടു ഗുണത്തെ പ്രോത്സാഹിപ്പിക്കുകയും ചെയ്യണം. ദോഷം മാത്രം പെരുപ്പിച്ചു കാണിക്കുന്നത് എഴുത്തുകാരന്റെ സര്‍ഗ്ഗശേഷി മുരടിക്കാന്‍ കാരണമാകും എന്നായിരുന്നു മോന്‍സിയുടെ അഭിപ്രായം. കോരസണ്‍ വര്‍ഗീസും ഏതാണ്ട് ഈ കാഴ്ചപ്പാടിനോട് യോജിച്ചു. നിരൂപകന്‍ പരന്ന വായനാശീലമുള്ള ആളായിരിക്കണം, പ്രോത്സാഹനങ്ങളിലൂടെ അയാള്‍ എഴുത്തുകാരന്റെ കൈത്താങ്ങ് ആകണം എന്നുകൂടി കോരസണ്‍ കൂട്ടിച്ചേര്‍ത്തു.

ഡോഃ നന്ദകുമാര്‍ ചാണയില്‍ തന്റെ പ്രസംഗത്തില്‍ നിരൂപകന്റെ വിജ്ഞാനവിസ്ത്രതി, ഭാഷാപ്രാവീണ്യം, സ്വതന്ത്രമായ താരതമ്മ്യ പഠനത്തിലുളള കഴിവ് എന്നിവ സാഹിത്യ മൂല്യനിര്ണയത്തിലെ പ്രധാനപ്പെട്ട ഘടകങ്ങളാണെന്നും നിഷ്പ്പക്ഷമായി വിധിയെഴുതുന്ന സത്യസന്ധനായ ഒരു ന്യായാധിപനെപോലെ ആയിരിക്കണം നിരൂപകന്‍ എന്ന് പറഞ്ഞു. രചനകള്‍ ശ്രദ്ധയോടെ വായിക്കാതെയുള്ള നിരൂപണരീതി മലയാളസാഹിത്യത്തെ മുരടിപ്പിക്കും എന്നുകൂടി ഡോഃ നന്ദകുമാര്‍ ചൂണ്ടിക്കാട്ടി. തുടര്‍ന്ന് രാജു തോമസ്, സി.എം.സി, ബാബു പാറക്കല്‍, നിര്‍മ്മല (മാലിനി ), ജോസ് ചെരിപുറം , ഇ.എം. സ്റ്റീഫന്‍ എന്നിവര്‍ എഴുത്തുകാരന്റെ നിലനില്‍പ്പിന് നിരൂപണത്തിന്റെ ആവശ്യകതയെക്കുറിച് സംസാരിച്ചു.

2018 നവംബര്‍ 18 ഞായറാഴ്ച നടക്കുന്ന അടുത്ത സര്‍ഗ്ഗവേദിയില്‍ പി. ടി. പൗലോസ് '' സ്ത്രീസുരക്ഷ '' എന്ന വിഷയം അവതരിപ്പിക്കുമെന്ന് അറിയിച്ചു. തുടര്‍ന്ന് ഡോഃ എന്‍.പി. ഷീലയുടെ '' വെളിച്ചത്തിലേക്ക് '' എന്ന കവിത കവയിത്രി തന്നെ ആലപിച്ചു.

ജോയന്‍ കുമരകം തന്റെ ഉപസംഹാരത്തില്‍ എല്ലാവരെയും കണ്ടതുകൊണ്ട് താന്‍ കൂടുതല്‍ ഉന്മേഷവാനായി കാലിഫോര്ണിയക്ക് മടങ്ങുന്നു എന്ന് പറഞ്ഞുകൊണ്ട് സര്‍ഗ്ഗവേദിക്ക് എല്ലാ ഭാവുകങ്ങളും നേര്‍ന്നപ്പോള്‍ ഒരു സര്‍ഗ്ഗസായാഹ്നത്തിനുകൂടി തിരശീല വീണു.
സാഹിത്യനിരൂപണത്തിന്റെ ആഴങ്ങള്‍ തേടി സര്‍ഗ്ഗവേദി (പി. ടി. പൗലോസ്)സാഹിത്യനിരൂപണത്തിന്റെ ആഴങ്ങള്‍ തേടി സര്‍ഗ്ഗവേദി (പി. ടി. പൗലോസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക