Image

ഇടക്കാല തിരഞ്ഞെടുപ്പിലെ പുതിയ മുദ്രാവാക്യം: 'ഷോ അസ് യുവര്‍ ടാക്‌സസ്' (എബ്രഹാം തോമസ്)

(എബ്രഹാം തോമസ്) Published on 25 October, 2018
ഇടക്കാല തിരഞ്ഞെടുപ്പിലെ പുതിയ മുദ്രാവാക്യം: 'ഷോ അസ് യുവര്‍ ടാക്‌സസ്' (എബ്രഹാം തോമസ്)
വാഷിംഗ്ടണ്‍: പ്രസിഡന്റ് ഡോണള്‍ഡ് ട്രമ്പ് തന്റെ ടാക്‌സ് വിവരങ്ങള്‍ വെളിപ്പെടുത്താത്തത് ഇടക്കാല തിരഞ്ഞെടുപ്പില്‍ വലിയ വിഷയമായി ഡെമോക്രാറ്റിക് പാര്‍ട്ടി ഉയര്‍ത്തിക്കാട്ടുന്നു. ഷോ അസ് യുവര്‍ ടാക്‌സസ് പ്രചരണമന്ത്രമാണ് അവര്‍ ഇതിനായി ഉപയോഗിക്കുന്നത്. നവംബര്‍ 6ന് നടക്കുന്ന തിരഞ്ഞെടുപ്പില്‍ സെനറ്റിലെ നേരിയ ഭൂരിപക്ഷം റിപ്പബ്ലിക്കന്‍ പാര്‍്ട്ടി നിലനിര്‍ത്തും എന്നാണ് കരുതുന്നത്. എന്നാല്‍ ജനപ്രതിനിധിസഭയിലെ കാര്യം സംശയമാണ്. ആവശ്യമായ കേവല ഭൂരിപക്ഷം പോലും ലഭിക്കുകയില്ല എന്നാണ് ചില പ്രവചനങ്ങള്‍ അവകാശപ്പെടുന്നത്.

ജനപ്രതിനിധി സഭയില്‍ ഡെമോക്രാറ്റുകള്‍ക്ക് ഭൂരിപക്ഷം ലഭിച്ചാല്‍ ട്രമ്പിന്റെ ടാക്‌സ് വിവരങ്ങള്‍ ആവശ്യപ്പെടും എന്ന് ഡെമോക്രാറ്റിക് പാര്‍ട്ടി പറയുന്നു. ഈ വാദം ശക്തമായി ഉന്നയിച്ച് ഹൗസ് വേയ്‌സ് ആന്റ് മീല്‍സ് കമ്മിറ്റി അംഗവും സീനിയര്‍ ഡെമോക്രാറ്റ് ജനപ്രതിനിധി(ഓസ്റ്റിന്‍)യുമായ ലോയ്ഡ് ഡോഗെറ്റ് രംഗത്തെത്തി. 1924 ലെ നിയമം അനുസരിച്ച് ഇങ്ങനെ ആവശ്യപ്പെടാമെന്നും പ്രസിഡന്റ് റിച്ചാര്‍ഡ് നിക്‌സന്‍ പോലും കോണ്‍ഗ്രസിന് തന്റെ ടാക്‌സ് റിട്ടേണുകള്‍ കാണാനുള്ള അവസരം ഒരുക്കിയെന്നും പുതിയ കോണ്‍ഗ്രസില്‍ ഞങ്ങള്‍ ട്രമ്പിനെ നിക്‌സന്‍ സ്റ്റാന്‍ഡേര്‍ഡ് പാലിക്കുവാന്‍ നിര്‍ബന്ധിതനാക്കുമെന്നും ഡോഗെറ്റ് പറഞ്ഞു. പ്രസിഡന്റ് ഒരു കബളിപ്പിക്കലുകാരന്‍ അല്ല എന്ന് അറിയുവാന്‍ ജനങ്ങള്‍ക്ക് അവകാശം ഉണ്ടെന്ന് കൂട്ടിച്ചേര്‍ത്തു.
എന്നാല്‍ ഹ്യൂസ്റ്റണില്‍ നിന്നുള്ള റിപ്പബ്ലിക്കന്‍ ജനപ്രതിനിധിയും ഹൗസ് വേയ്‌സ് ആന്റ് മീന്‍സ് കമ്മിറ്റി ചെയര്‍മാനുമായ കെവിന്‍ ബ്രാഡി എതിരാളിക്ക് ഇതൊരു ആയുധമാക്കാനാണ് താല്‍പര്യം എന്ന് വിശേഷിപ്പിച്ചു. പബ്ലിക്ക് അറ്റ് റിയല്‍ - ഡോണള്‍ഡ് ട്രമ്പ് ടാക്‌സ് റിട്ടേണ്‍സ്, ഹാഷ് ടാഗ് ഡെമോക്രാറ്റ്‌സ്, എന്നിവയ്‌ക്കൊപ്പം ബ്രാഡി ഹാഷ്ടാഗ് യൂആര്‍ നെക്‌സ്ടും കൂട്ടിച്ചേര്‍ത്തു. രാഷ്ട്രീയ ലക്ഷ്യങ്ങള്‍ക്കാണ് ടാക്‌സ് വിവരങ്ങള്‍ ആവശ്യപ്പെടുന്നതെന്നും നാളെ നിങ്ങളുടെ നികുതിവിവരങ്ങളും ഇവര്‍ ആവശ്യപ്പെടും എന്ന് വിശദീകരിച്ചു. പ്രസിഡന്റിന്റെ നികുതി വിവരങ്ങള്‍ പുറത്ത് വിടുകയോ വിടാതിരിക്കുകയോ ചെയ്യുന്നത് ഇടക്കാല തിരഞ്ഞെടുപ്പ് ഫലങ്ങളെ ബാധിക്കുകയില്ലെന്ന് നിരീക്ഷകര്‍ പറയുന്നു.

പക്ഷെ ഈ തിരഞ്ഞെടുപ്പില്‍ പലകാര്യങ്ങളും പ്രവചിക്കാനാവില്ല. ്അണ്‍നോണ്‍സിനും വാട്ട് ഇഫിനും വലിയ തോതിലുള്ള അതിശയോക്തി സംഭാവ്യതയുണ്ട്. ഡെമോക്രാറ്റുകള്‍ ആഗ്രഹിക്കുന്നത് പോലെ ഹൗസ് ഓഫ് റെപ്രസെന്റേറ്റീവ്‌സില്‍ അവര്‍ക്ക് ഭൂരിപക്ഷം ലഭിച്ചാല്‍ വിസ്മൃതിയിലാണ്ട കിടക്കുന്ന 1924 ലെ നിയമത്തിന് സര്‍വത്ര പ്രാധാന്യം ഉണ്ടാകും. ട്രമ്പിനെ ടാക്‌സ് റിട്ടേണുകള്‍ വെളിപ്പെടുത്തുവാന്‍ ഇന്റേണല്‍ റെവന്യൂ സര്‍വീസിനോട് ആവശ്യപ്പെടും. കോണ്‍ഗ്രസ് ആവശ്യപ്പെടുമ്പോള്‍ ഐആര്‍എസിന് ഇത് നല്‍കേണ്ടി വരും.

ഒരു ബില്യണയറായ ട്രമ്പ് പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ പ്രചരണം ആരംഭിച്ചപ്പോള്‍ മുതല്‍ ടാക്‌സ് വിവരങ്ങള്‍ അറിയുവാനുള്ള ശ്രമങ്ങള്‍ വര്‍ധിച്ചുവന്നു. തന്റെ ടാക്‌സ് വിവരങ്ങള്‍ സാധാരണ പ്രധാന പ്രസിഡന്റ് സ്ഥാനാര്‍ത്ഥികള്‍ വെളിപ്പെടുത്തുന്നതുപോലെ താനും വെളിപ്പെടുത്തുമെന്ന് ട്രമ്പ് പറഞ്ഞിരുന്നു. എന്നാല്‍ ഇതുവരെ ഈ വാഗ്ദാനം പാലിച്ചിട്ടില്ല. അതിന് കാരണമായി ട്രമ്പ് പറയുന്നത് തന്റെ റിട്ടേണുകളുടെ ഓഡിറ്റിംഗ് ഐആര്‍എസ് നടത്തിക്കൊണ്ടിരിക്കുകയാണെന്നാണ്. ഐആര്‍എസ് ഈ വിഷയത്തില്‍ ഇന്നുവരെ പ്രതികരിച്ചിട്ടില്ല.

ട്രമ്പിന്റെ ടാക്‌സ് റിട്ടേണുകളില്‍ വീണ്ടും താല്‍പര്യം ജനിച്ചത് ന്യൂയോര്‍ക്കിലെ ഒരു പ്രമുഖ ദിനപ്പത്രം 18 മാസം നീണ്ട ഗവേഷണം നടത്തി പ്രസിദ്ധീകരിച്ച റിപ്പോര്‍ട്ട് മൂലമാണ്. റിട്ടേണുകളില്‍ കൃത്രിമത്വം കാണിച്ചതായും സംശയാസ്പദമായ ഉപായങ്ങള്‍ തേടിയതായും റിപ്പോര്‍ട്ട് ആരോപിച്ചു. ഇത് വളരെ പഴയ, മുഷിപ്പിക്കുന്ന പലപ്പോഴും തനിക്കെതിരെ നടത്തുന്ന ആക്രമമാണ്, ട്രമ്പ് പ്രതികരിച്ചു, എന്നാല്‍ ഡെമോക്രാറ്റുകള്‍ ഇതൊരു അവസരമായി ഉപയോഗിച്ചു. കോണ്‍ഗ്രസ് അതിന്റെ അധികാരം ഉപയോഗിച്ച് ടാക്‌സ് വിവരങ്ങള്‍ കാണണം എന്നാവശ്യപ്പെട്ടു.

നികുതി നിയമസംഹിതപ്രകാരം ഹൗസ് വേയ്‌സ് ആന്റ് മീന്‍സ് കമ്മിറ്റിക്ക് പ്രസിഡന്റിന്റെയോ മറ്റാരുടെ എങ്കിലുമോ ടാക്‌സ് രേഖകള്‍ രഹസ്യാവലോകനത്തിന് ആവശ്യപ്പെടാം.

ഇതേ അധികാരം സെനറ്റ് ഫൈനാന്‍സ് കമ്മിറ്റിക്കും ഉണ്ട്. സെനറ്റിന്റെ ടാക്‌സ് റൈറ്റിംഗ് പാനലും ഇതാണ്. എന്നാല്‍ സെനറ്റില്‍ ഡെമോക്രാറ്റുകള്‍ ഭൂരിപക്ഷം നേടാന്‍ സാധ്യത ഇല്ലാത്തതിനാല്‍ സെന്റ്റ് ഫൈനാന്‍സ് കമ്മിറ്റി ഇങ്ങനെ ഒരു ആവശ്യം ഉന്നയിക്കുവാന്‍ സാധ്യതയില്ല.

ഇടക്കാല തിരഞ്ഞെടുപ്പിലെ പുതിയ മുദ്രാവാക്യം: 'ഷോ അസ് യുവര്‍ ടാക്‌സസ്' (എബ്രഹാം തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക