Image

പന്തളം കൊട്ടാരം പ്രതിനിധികള്‍ വിഡ്‌ഢിത്തം പുലമ്പുന്നുവെന്ന്‌ മന്ത്രി മണി

Published on 25 October, 2018
പന്തളം കൊട്ടാരം പ്രതിനിധികള്‍ വിഡ്‌ഢിത്തം പുലമ്പുന്നുവെന്ന്‌ മന്ത്രി മണി
കല്‍പറ്റ: പന്തളം കൊട്ടാരം പ്രതിനിധികള്‍ വിഡ്‌ഢിത്തം പുലമ്പുന്നുവെന്ന്‌ മന്ത്രി എം.എം മണി. സുപ്രീം കോടതി വിധി അംഗീകരിക്കുന്നതിന്‌ പകരം അവര്‍ ആണും പെണ്ണുംകെട്ട നിലപാടാണ്‌ സ്വീകരിക്കുന്നതെന്നും അദ്ദേഹം കുറ്റപ്പെടുത്തി. വിധി അംഗീകരിക്കാനാവില്ലെങ്കില്‍ കോടതിയിലാണ്‌ പറയേണ്ടത്‌.

എന്തുവിലകൊടുത്തും ശബരിമലയില്‍ യുവതികളെ കയറ്റണമെന്ന്‌ തന്നെയാണ്‌ സര്‍ക്കാര്‍ നിലപാടെന്നും എം.എം മണി പറഞ്ഞു. മാധ്യമ പ്രവര്‍ത്തകരോട്‌ സംസാരിക്കുകയായിരുന്നു അദ്ദേഹം.

അതിനിടെ ശബരിമല അയ്യപ്പ ക്ഷേത്രത്തിന്റെ നിയമപരമായ അവകാശി തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ തന്നെയാണെന്ന്‌ കേരള ദേവസ്വം റിക്രൂട്ട്‌മെന്റ്‌ ബോര്‍ഡ്‌ ചെയര്‍മാനും തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ്‌ മുന്‍ പ്രസിഡന്റുമായ എം.രാജഗോപാലന്‍ നായര്‍ പറഞ്ഞു. ക്ഷേത്രത്തിന്റെ താന്ത്രിക കാര്യങ്ങള്‍ നിര്‍വഹിക്കാന്‍ മാത്രമേ തന്ത്രിക്ക്‌ അധികാരമുള്ളൂ. സുപ്രീംകോടതി വിധി നടപ്പാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്‌.

യുവതികള്‍ പ്രവേശിച്ചാല്‍ ശബരിമല ക്ഷേത്രത്തിന്റെ നട അടച്ചിടുമെന്ന്‌ തന്ത്രി കണ്‌ഠരര്‌ രാജീവര്‌ പറഞ്ഞത്‌ ശുദ്ധ വിഡ്‌ഢിത്തമാണ്‌. ക്ഷേത്രത്തിന്റെ ഭരണ നിര്‍വഹണ ചുമതലയുള്ള ദേവസ്വം ബോര്‍ഡിന്റെ നിയന്ത്രണത്തിലുള്ള വെറുമൊരു ജീവനക്കാരന്‍ മാത്രമാണ്‌ തന്ത്രി.
നട അടച്ചാല്‍ തന്ത്രിക്കെതിരെ കടുത്ത നടപടി എടുക്കാം. നോട്ടീസ്‌ പോലും നല്‍കാതെ തന്ത്രിയെ പിരിച്ചുവിട്ട്‌ പകരം മറ്റൊരു തന്ത്രിയെ ദേവസ്വം ബോര്‍ഡിന്‌ നിയമിക്കാനാവും. ഇത്‌ സംബന്ധിച്ച ചട്ടങ്ങള്‍ ദേവസ്വം ബോര്‍ഡിന്റെ നിയമാവലിയിലുണ്ട്‌. ഇക്കാര്യത്തില്‍ യാതൊരു സംശയവുമില്ല.

എന്താണോ സുപ്രീംകോടതിയുടെ വിധി അത്‌ നടപ്പിലാക്കാന്‍ സര്‍ക്കാര്‍ ബാധ്യസ്ഥരാണ്‌. അതിനുള്ള മാര്‍ഗങ്ങള്‍ കണ്ടെത്താന്‍ സര്‍ക്കാരിന്‌ അറിയാം. ഒരുസംഘം സ്‌ത്രീകള്‍ സമരം ചെയ്‌തത്‌ കൊണ്ട്‌ സര്‍ക്കാര്‍ മുട്ടുമടക്കില്ല. വരുന്ന മണ്ഡലകാലത്ത്‌ ശബരിമലയില്‍ സംഘര്‍ഷം ഉണ്ടാകുമെന്ന്‌ കരുതുന്നില്ല.

മുന്‍കൂട്ടി ആസൂത്രണം ചെയ്‌തത്‌ പ്രകാരമുള്ള ഒരു സംഘമാണ്‌ ഇപ്പോള്‍ നടന്ന പ്രതിഷേധത്തിന്‌ പിറകില്‍. അത്തരക്കാരെ കണ്ടുപിടിച്ച്‌ തടഞ്ഞാല്‍ പിന്നെ യാതൊരു പ്രശ്‌നവുമുണ്ടാകില്ല. മണ്ഡലകാലം ആവുമ്പോഴേക്കും സര്‍ക്കാര്‍ വേണ്ട നടപടികള്‍ സ്വീകരിക്കുമെന്നാണ്‌ കരുതുന്നതെന്നും അദ്ദേഹം പറഞ്ഞു.

Join WhatsApp News
സംഭ്രമൻ 2018-10-25 22:41:07
വൺ ടൂ ത്രീ പന്തളം കൊട്ടാരം പ്രതിനിധികൾ വിഡ്ഢിത്വം പുലമ്പുന്നു 

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക