Image

ആറു സെന്റ് ബാക്കി വച്ച് ഗണേശന്റെ ഭൂമിദാനം; 300 പേര്‍ക്ക് സര്‍ക്കാര്‍ ജോലിക്കു വഴിതുറന്ന എഞ്ചിനിയര്‍

ഫ്രാന്‍സിസ് തടത്തില്‍ Published on 24 October, 2018
ആറു സെന്റ് ബാക്കി വച്ച് ഗണേശന്റെ ഭൂമിദാനം; 300 പേര്‍ക്ക് സര്‍ക്കാര്‍ ജോലിക്കു വഴിതുറന്ന എഞ്ചിനിയര്‍
മുല്ലപ്പെരിയാര്‍ ഡാം തുറന്നതിനെ തുടര്‍ന്ന് വെള്ളം കയറി വീടു തകര്‍ന്നു പോയവര്‍ക്ക് സ്വാന്ത്വനമേകാന്‍ സ്വന്തം കിടപ്പാടമൊഴികെ മുഴുവന്‍ ഭൂമിയും വിട്ടുകൊടുത്ത എം. ഗണേശന്‍ വീണ്ടും മാതൃകയാകുന്നു

ഒരു ഗ്രാമത്തിലെ 300-ല്‍ പരം ആളുകള്‍ക്ക് സര്‍ക്കാര്‍ ജോലി ലഭിക്കുന്നതിന് അശ്രാന്ത പരിശ്രമം നടത്തി നാട്ടുകാരുടെ സ്വന്തം ഗണേശന്‍ മാസ്റ്റര്‍ ആയി മാറിയ അദ്ദേഹം ആറ് സെന്റ് വീടും പറമ്പും ഒഴിച്ച് ബാക്കി വന്ന രണ്ടേക്കര്‍ സ്ഥലം പ്രളയത്തില്‍ വീടു നഷ്ടപ്പെട്ടവര്‍ക്ക് വീടു പണിയാനായി വിട്ടുകൊടുത്തു. ഇവിടെ 50 വീടുകള്‍ നിര്‍മ്മിക്കുന്നതിനും കുട്ടികള്‍ക്കുള്ള കളിസ്ഥലം, പാര്‍ക്ക്, കമ്മ്യൂണിറ്റി ഹാള്‍ എന്നിവ ഉള്‍പ്പെടെ ഒരു മാതൃകാ ഗ്രാമം പണിയുന്നതിനുമുള്ള മാസ്റ്റര്‍ പ്ലാനും തയ്യാറാക്കി വച്ചിരിക്കയാണ് ഗണേശന്‍ എന്ന മനുഷ്യ സ്‌നേഹി.

ഗണേശന്‍ നല്‍കിയ ഈ സ്ഥലത്തായിരിക്കും ഫൊക്കാന -ഇമലയാളി മാതൃകാ ഗ്രാമം നിര്‍മ്മിക്കുക . https://www.gofundme.com/fokana-kerala-flood-relief-fund

മന്ത്രി എം.എം. മണി, ഇ.എസ്. ബിജിമോള്‍ എം.എല്‍.എ., ജില്ലാ കളക്ടര്‍ എന്നിവരുടെ സാന്നിധ്യത്തിലാണ് മുല്ലപ്പെരിയാറില്‍ നിന്ന് 20 മൈല്‍ മാറി കടുത്തിക്കാട് എന്ന സ്ഥലത്തുള്ള രണ്ടേക്കര്‍ ഭൂമിയുടെ ഉടമസ്ഥാവാകാശം റവന്യൂ വകുപ്പിനു ഗണേശന്‍ കൈമാറിയത് . ഇനി ഗണേഷനു സ്വന്തമായുള്ളത് 66 -ം മൈലിലുള്ള 6 സെനറ്റ് ഭൂമിയും വീടും മാത്രം.

വണ്ടിപ്പെരിയാറില്‍ 450 വീടുകളാണ് വെള്ളത്തിലായത്. 250 വീടുകള്‍ തല്‍സ്ഥാനത്ത് പുനര്‍നിര്‍മ്മിക്കുക പ്രായോഗികമല്ലാത്തതിനാല്‍ ജില്ലാ ഭരണകൂടത്തിന്റെയും സ്ഥലം എം.എല്‍.എ.യൂടെയും നേതൃത്വത്തില്‍ ഭൂമി അന്വേഷിച്ചു വരികയായിരുന്നു. എം എല്‍ എയ്ക്കും സംഘത്തിനുമൊപ്പം എപ്പോഴുമുണ്ടായിരുന്ന ഗണേശന്‍ തന്റെ ഏക സമ്പാദ്യമായ ഭൂമി എടുത്തോളാന്‍ പറഞ്ഞപ്പോള്‍ നാട്ടുകാര്‍ ഒഴികെ കൂടെയുണ്ടായിരുന്നവരെല്ലാം അമ്പരന്നു. നാട്ടുകാര്‍ക്കറിയാം ഗണേശന്റെ മനസില്‍ നിസ്വാര്‍ത്ഥത മാത്രമെന്ന്. 

ഇനി ഗണേശന്‍ മാഷ് ആരെന്നറിയാം. വിദ്യാഭ്യാസത്തിലും സാമ്പത്തികത്തിലും പിന്നോക്കം നില്‍ക്കുന്ന വണ്ടിപ്പെരിയാര്‍ പ്രദേശത്ത് താമസിക്കുന്ന പാവപ്പെട്ട തോട്ടം തൊഴിലാളികളുടെ ഇടയില്‍ നിന്ന് ബി.ടെക്ക് പാസായശേഷം എന്‍ജീനിയറിംഗ് ജോലി വേണ്ടെന്നു വച്ച് ജനങ്ങളെ സേവിക്കാന്‍ എല്‍.ഡി. ക്ലാര്‍ക്കായി ജോലിയില്‍ പ്രവേശിച്ച ഗണേശന്‍ ഒരുപാട് കഷ്ടപ്പാടുകളെ അതിജീവിച്ചാണ് ജീവിത ഓട്ടത്തില്‍ ഇത്രയും വലിയ വിജയക്കുതിപ്പ് നേടിയത്.

വിദ്യാഭ്യാസത്തിനു അധികം പ്രാധാന്യം നല്‍കാത്ത നാട്ടുകാരില്‍ ബോധവല്‍ക്കരണം നടത്തി മികച്ച വിദ്യാര്‍ത്ഥികളെ ഹൈസ്‌ക്കൂള്‍ തലം മുതല്‍ കണ്ടെത്തി അവര്‍ക്ക് പ്രത്യേകം പരിശീലനം നല്‍കി ഗണേശന്‍ 300-ല്‍ പരം പേരെ സര്‍ക്കാര്‍ ഉദ്യോഗസ്ഥരാക്കി. ഏറ്റവും ഒടുവില്‍ സര്‍ക്കാര്‍ ഉദ്യോഗ്‌സഥയായത് വനിതാ എസ്‌ഐ. തോട്ടം മേഖലയില്‍ നിന്ന് ഒരു സിവില്‍ സര്‍വീസുകാരനെയെങ്കിലും സൃഷ്ടിക്കുക എന്ന ദൗത്യത്തിലാണ് മാഷ് ഇപ്പോള്‍. അതിനായി ഹൈസ്‌ക്കൂള്‍ തലം മുതല്‍ വിദ്യാര്‍ത്ഥികളെ ഒരുക്കുന്നു

വണ്ടിപ്പെരിയാര്‍ 66 -ാം മൈല്‍ സ്വദേശിയായ എ. ഗണേശന്‍ പ്രാഥമിക വിദ്യാഭ്യാസത്തിനുശേഷം വണ്ടിപ്പെരിയാര്‍ എന്ന സാധാരണ ഹൈസ്‌ക്കൂളില്‍ ഉന്നത വിജയം നേടി തിരുവനന്തപുരം ആര്‍ട്‌സ് കോളേജില്‍ നിന്ന് പ്രീഡിഗ്രിയും എന്‍ജിനീയറിംഗ് കോളേജില്‍ നിന്ന് മെക്കാനിക്കല്‍ എന്‍ജീനിയറിംഗില്‍ ബിരുദവും നേടി. ഉയര്‍ന്ന വെള്ളക്കോളര്‍ ജോലി വേണ്ടെന്നു വച്ചു പി.എസ്.സി. വഴി സര്‍ക്കാര്‍ ജോലിയില്‍ കയറി. ഇപ്പോള്‍ കുട്ടിക്കാനത്ത് പീരുമേട് സപ്ലൈ ഓഫീസറായി ജോലി. സംസ്ഥാന സിവില്‍ സര്‍വീസില്‍ ഡപ്യൂട്ടി കളക്ടര്‍ തസ്തികയില്‍ പ്രവേശനം പ്രതീക്ഷിച്ചു കഴിയുകയാണ്.

വിദ്യാഭ്യാസ പുരോഗതിയില്ലാത്ത സ്വന്തം നാട്ടുകാര്‍ക്കു വേണ്ടി എന്തെങ്കിലും ചെയ്യണമെന്ന് ഗണേശനു തോന്നിയത് തന്റെ ജീവിതാനുഭവം കൊണ്ടു മാത്രമാണ്. പി.എസ്.സി. കോച്ചിംഗിനു പോകാന്‍ ആഗ്രഹിച്ച ഗണേശന് കൂലിപ്പണി എടുത്തു ലഭിക്കുന്ന കാശു മതിയാകുമായിരുന്നില്ല. 200 രൂപ വീതം സുഹൃത്തുക്കളായ 10 പേരില്‍ നിന്നും കടം വാങ്ങിയപ്പോള്‍ ഒരു നിബന്ധന വച്ചു. താന്‍ പഠിക്കുന്ന പരീക്ഷയില്‍ പണം തന്നു സഹായിക്കുന്നവരുടെ കുടുംബത്തില്‍ നിന്ന് ഒരാളെയെങ്കിലും പഠിപ്പിച്ചു പാസാക്കി സര്‍ക്കാര്‍ ജോലി വാങ്ങിച്ചു കൊടുക്കാം.

ആ നിബന്ധന വിജയകരമായി പാലിക്കാന്‍ കഴിഞ്ഞതാണ് പിന്നീട് 300 പേരെ സര്‍ക്കാര്‍ ജോലിയില്‍ കയറുന്നതിനു പരിശീലനം നല്‍കാന്‍ ഗണേശനെ പ്രാപ്തനാക്കിയത്.

പരുമല ആര്‍.ബി.ടി. എസ്റ്റേറ്റിലെ തോട്ടം തൊഴിലാളികളായ മാടസ്വാമി-കനകമ്മ ദമ്പതികളുടെ നാലു മക്കളില്‍ മൂന്നാമനായ ഗണേശന്‍ ഒഴിവു സമയങ്ങളില്‍ കൂലിപ്പണി ചെയ്താണ് പഠനത്തിനുള്ള ചെലവ് കണ്ടെത്തിയിരുന്നത്.

എല്‍.ഡി.ക്ലാര്‍ക്കായി ജോലിയില്‍ തുടരാന്‍ കാരണം പാവപ്പെട്ട തോട്ടം തൊഴിലാളികളുടെ മക്കളെ പി.എസ്.സി. പരീക്ഷയ്ക്ക് പരിശീലിപ്പിച്ച് ജോലിയില്‍ കയറ്റുക എന്ന ആഗ്രഹം കൊണ്ടു മാത്രമായിരുന്നു. മലയാളം എഴുതാന്‍ അറിയാത്ത ഗണേശന്‍ അതും പഠിച്ചെടുത്തു.

എക്‌സൈസ് ഇന്‍സ്‌പെക്ടര്‍, സെക്രട്ടറിയേറ്റ് അസിസ്റ്റന്റ് എന്നീ തസ്തികകളില്‍ നിയമനം ലഭിച്ചെങ്കിലും നാട്ടുകാര്‍ക്ക് നല്‍കി വരുന്ന പരിശീലനം മുടങ്ങുമെന്നു കരുതി ആ ജോലികളും വേണ്ടെന്നു വച്ചു. 2010 ല്‍ റേഷനിംഗ് ഓഫീസറായി ജോലിയില്‍ പ്രവേശിക്കാന്‍ കാരണം നിയമനം കുട്ടിക്കാനത്തു ലഭിച്ചതു കൊണ്ടുമാത്രം.

ജോലി ലഭിച്ചെങ്കിലും ദൗത്യത്തില്‍ നിന്നും പിന്മാറിയില്ല. ഞായറാഴ്ചകളിലും ഒഴിവു ദിവസങ്ങളിലും വണ്ടിപ്പെരിയാറിലെത്തി പരിശീലനം നല്‍കി. തുടക്കത്തില്‍ ഏഴു പേര്‍ക്കാണ് പരിശീലനം ആരംഭിച്ചത്. ഇപ്പോഴത് 80 പേര്‍ വീതമായി. ഇതിനകം മൊത്തം 700-ല്‍ പരം പേരെ പരിശീലിപ്പിച്ചു. 300 പേര്‍ക്ക് ജോലി ലഭിച്ചു. ചിലര്‍ നിയമന ഉത്തരവ്കാത്തു കഴിയുന്നു. പരിശീലനം തികച്ചും സൗജന്യമെന്നു പറയാം. ചിലരില്‍ നിന്ന് അടുത്ത കാലത്തായി 300 രൂപ വീതം വാങ്ങുന്നുണ്ട്. ജോലി ലഭിച്ചവര്‍ മാസാമാസം ഒരു തുക മറ്റുള്ളവരുടെ പഠനത്തിനായി നല്‍കാറുണ്ട്. ചില നിര്‍ധനരായ ഉദ്യോഗാര്‍ത്ഥികള്‍ക്ക് പരീക്ഷ ഫീസ് അടക്കാനും വണ്ടിക്കൂലിക്കും മറ്റുമായി അങ്ങോട്ട് പൈസ കൊടുക്കണം.

പരിശീലന കേന്ദ്രം വളര്‍ന്നപ്പോള്‍ ഉചിതമായ ഒരു പേരു നല്‍കി. നോളജ് മോട്ടിവേഷന്‍ ഗ്രാറ്റിറ്റിയൂഡ് (കെ.എം.ജി.) അറിവിനെ പ്രചോദിപ്പിക്കാന്‍ സഹായിക്കുക എന്നര്‍ത്ഥം. തോട്ടം മേഖലയില്‍ നിന്നുതന്നെ എംഎ, ബി എഡ് പാസ്സായ മനോജ് എന്ന യുവാവാണ് ഇപ്പോള്‍ മുഴുവന്‍ സമയ കോച്ചിങ്ങ് നടത്തുന്നത്.

വണ്ടിപ്പെരിയാര്‍ ഹൈസ്‌കൂളിനെ ഒരു ഇന്റര്‍നാഷണല്‍ ഹൈടെക്ക് ഹൈസ്‌കൂള്‍ ആക്കി മാറ്റണമെന്നതാണ് ഗണേശ്ന്റെ സ്വപ്നം. അതിന്റെ പ്രാരംഭ നടപടി ക്രമങ്ങള്‍ ആരംഭിച്ചു കഴിഞ്ഞു. പഠിക്കാന്‍ കഴിവുള്ള ഒരുപാടു പേരുണ്ട് ഇവിടെ. പക്ഷേ വ്യക്തമായ കരിയര്‍ ഗൈഡന്‍സ് നല്‍കാന്‍ ആരുമില്ലാത്തതാണ് കുഴപ്പം. ഒരാളെയെങ്കിലും സിവില്‍ സര്‍വീസില്‍ കയറ്റണമെന്നാണ് ഗണേഷന്റെ ആഗ്രഹം.

മഹാമനസ്‌കതയുടെ പര്യായമായി മാറിയ ഗണേശന്‍ തന്റെ പ്രവര്‍ത്തനം അവിടെയും അവസാനിപ്പിച്ചില്ല. പ്രളയ കാലത്ത് മുല്ലപ്പെരിയാറില്‍ ജലനിരപ്പ് ക്രമാതീതമായി ഉയരുകയും ഏതു നിമിഷവും തമിഴ്‌നാട് അധികൃതര്‍ ഡാമിന്റെ ഷട്ടറുകള്‍ തുറക്കാമെന്ന അവസ്ഥയും വന്നു. മുല്ലപ്പെരിയാറിനു താഴ് വാരത്തു താമസിച്ചിരുന്ന തോട്ടം തൊഴിലാളികള്‍ തലയ്ക്കു മുകളിലുള്ള ഡാം കരകവിയാറായ വിവരം അറിഞ്ഞുമില്ല അതൊട്ടു വിശ്വസിക്കാന്‍ തയ്യാറായുമായില്ല.

ഒരു നൂറ്റാണ്ടോളമായി ഈ താഴ് വാരത്ത് ജീവിച്ചു പോരുന്ന ഇവരുടെ അനുഭവത്തില്‍ സമീപകാലത്തൊന്നും തന്നെ മുല്ലപ്പെരിയാര്‍ ഡാമില്‍ കര്‍ക്കിടക മഴയില്‍ ജലനിരപ്പ് ഉയര്‍ന്നതായിട്ടോ ഷട്ടറുകള്‍ തുറന്നതായിട്ടോ കേട്ടിട്ടില്ല. ഡാമില്‍ ജലനിരപ്പുയരുന്നത് തുലാമഴയിലാണ്. ശക്തമായ തുലാമഴയില്‍ ഉള്‍ക്കാടുകളില്‍ ഉരുള്‍ പൊട്ടുമ്പോഴുള്ള അതി ശക്തമായ ഒഴുക്കിനെ തുടര്‍ന്ന് പലപ്പോഴും ഡാമില്‍ വെള്ളം ക്രമാതീതമായി ഉയര്‍ന്നിട്ടുണ്ട്.

പ്രളയകാലത്തുറെഡ് അലര്‍ട്ട് പ്രഖ്യാപിത മേഖലകളില്‍ നിന്ന് ഇവരെ ഒഴിപ്പിക്കാന്‍ ജില്ലാ ഭരണകൂടം പെടാപാട് പെട്ടപ്പോള്‍ ഗണേശനും അവര്‍ക്കൊപ്പം ചെന്നു. ഗണേശന്റെ വാക്കുകേട്ടാണ് പലരും വീടൊഴിഞ്ഞു പോകാന്‍ തയ്യാറായത്. മറ്റു ചിലരെ പോലീസ് ബലമായി ഒഴിപ്പിച്ചു.

പിറ്റേന്ന് രാവിലെ ദുരിതാശ്വാസ ക്യാമ്പുകളില്‍ നിന്ന് വീടുകള്‍ കാണാന്‍ വന്നവരും ഗണേശനും അക്ഷരാര്‍ത്ഥത്തില്‍ പൊട്ടിക്കരഞ്ഞു. മേല്‍ക്കൂര വരെ വെള്ളം കയറിയ വീടുകളെ നോക്കി നെഞ്ചത്തടിച്ചു കരയുന്ന ഗൃഹനാഥന്മാര്‍, അടുക്കളയിലെ പാത്രങ്ങളും കട്ടിലുകളും മറ്റും മുല്ലപ്പെരിയാറിലെ ശക്തമായ ഒഴുക്കില്‍പ്പെട്ടെങ്ങോട്ടോ പോയ് മറയുന്ന കാഴ്ച കണ്ട് അലമുറയിടുന്ന അമ്മമാര്‍. ഒരു ആയുഷ്‌ക്കാലം മുഴുവന്‍ കഴിഞ്ഞ ഭവനങ്ങള്‍ സംഹാര താണ്ഡവമാടിവന്ന ജലപ്രളയത്തില്‍ തകര്‍ന്നടിയുന്നത് കണ്ട് പലരും അവിശ്വസനീയതയോടെ നോക്കിനിന്നു.

എല്ലാം നഷ്ട്ടപ്പെട്ട വേദനയിലും അവര്‍ ജീവന്‍ രക്ഷിച്ച ഗണേഷനും കൂട്ടര്‍ക്കും മുന്നില്‍ വികാരഭരിതരായി. വാശി പിടിച്ച് സ്വന്തം ഭവനങ്ങളില്‍ കഴിഞ്ഞിരുന്നുവെങ്കില്‍...

ഗണേശന്‍ തന്റെ സമ്പാദ്യങ്ങള്‍ സ്വരുക്കൂട്ടി വാങ്ങിയ രണ്ടേക്കര്‍ സ്ഥലത്ത് കാപ്പിയും കുരുമുളകും വച്ചു പിടിപ്പിച്ച്‌നല്ലൊരു കൃഷിത്തോട്ടമൊരുക്കി. തനിക്കു ജീവിക്കാന്‍ ആറു സെന്റ് ഭൂമിയും നല്ലൊരു വീടുമുണ്ട്. തന്റെ രണ്ടേക്കര്‍ സ്ഥലം വിട്ടുകൊടുത്താല്‍ കുറഞ്ഞത് 50 പേര്‍ക്കെങ്കിലും വീടു വയ്ക്കാം. വീടു നഷ്ടപ്പെട്ടവരുടെ ദീനരോദനം തന്റെ ഹൃദയത്തെ വല്ലാതെ മുറിപ്പെടുത്തി. ആ സ്ഥലം വിട്ടുകൊടുക്കണമെന്ന ആഗ്രഹം ഭാര്യ ഏഴില്‍ അരസിയോട് പറയാനിരുന്ന രാത്രിയില്‍ അവര്‍ തന്നെ അക്കാര്യം കാര്യം ഇങ്ങോട്ടു പറഞ്ഞു. തന്റെ കണ്ണീര്‍ ധാരയായി പൊഴിഞ്ഞു വീണത് ഗണേശന്‍ പോലുമറിഞ്ഞില്ല. അത്ര വികാരഭരിതമായിരുന്നു ആ അഭിപ്രായം കേട്ടപ്പോഴുണ്ടായത്

മികച്ച റേഷനിംഗ് ഇന്‍സ്‌പെക്ടര്‍ക്കുള്ള അവാര്‍ഡ് മൂന്നു തവണ ലഭിച്ച ഗണേശനൊപ്പം റവന്യൂ വകുപ്പിലെ യു.ഡി.ക്ലാര്‍ക്ക് ആയ ഭാര്യ ഏഴില്‍ അരസിയും രണ്ടു തവണ മികച്ച ജീവനക്കാരിക്കുള്ള പുരസ്‌ക്കാരം നേടിയിട്ടുണ്ട്.

ഭൂമി നല്‍കുക മാത്രമല്ല മാതൃകാ ഗ്രാമത്തിന്റെ മാസ്റ്റര്‍ പ്ലാനും എന്‍ജിനീയര്‍ കൂടിയായ ഗണേശന്‍ തയ്യാറാക്കി. ഇനി വീടു നിര്‍മ്മിക്കാനുള്ള തുക വേണം.

ഗണേഷനും ബിജി മോള്‍ എം.എല്‍.എ.യും കൂടി രൂപകല്‍പ്പന ചെയ്ത വീടുകള്‍ക്ക് ആറര ലക്ഷം രൂപയാണ് ചെലവ് പ്രതീക്ഷിക്കുന്നത്. 82 വീടുകള്‍ അടിയന്തിരമായി നിര്‍മ്മിക്കേണ്ടതുണ്ട്.

ഈ വീടുകള്‍ നിര്‍മ്മിക്കാന്‍ ഫൊക്കാനയും ഇ-മലയാളിയും സംയുക്തമായി രംഗത്തിറങ്ങിയ സാഹചര്യത്തില്‍ ഗണേശന്റെ സ്വപ്നത്തിനു ചിറകു മുളച്ചു. 450 വീട്ടുകാരെയും പുനരധിവസിപ്പിക്കുക എന്നതാണ് ഗണേഷന്റെ സ്വപ്നം. ഇവിടെ നിന്നും 300 പേരെ സര്‍ക്കാര്‍ സര്‍വീസില്‍ കയറ്റുന്നതിനു വഴിയൊരുക്കാന്‍ കഴിഞ്ഞ ഗണേശന്റെ സ്വപ്നം പൂവണിയുക തന്നെ ചെയ്യും.

കൂലിപ്പണിയെടുത്ത് പഠിച്ച് ബി.ടെക്ക് പാസായി എല്‍ഡി ക്ലാര്‍ക്കില്‍ നിന്ന് റേഷനിംഗ് ഇന്‍സ്‌പെക്ടറായി ഇനി ഡപ്യൂട്ടി കളക്ടറാകാനിരിക്കുന്ന ഗണേശന് ഈ സ്വപ്നവും അധികപറ്റല്ല.

അഞ്ചാം ക്ലാസില്‍ പഠിക്കുന്ന കാര്‍ണിക, രണ്ടാം ക്ലാസ്സില്‍ പഠിക്കുന്ന കവിനേഷ് എന്നിവരാണ് മക്കള്‍.

ഗണേശന്റെ സ്വപ്നം യാഥാര്‍ഥ്യമാകാന്‍ നമുക്കും ഒരു കൈ നീട്ടാം. നമുക്കെല്ലാം ഗണേശന്‍ മാഷ് ആകാന്‍ കഴിയില്ല. പക്ഷെ ചെറിയ സഹായം ചെയ്യാനാകും.
 പണം നല്‍കുവാന്‍ ഈ ലിങ്ക് അമര്‍ത്തുക: https://www.gofundme.com/fokana-kerala-flood-relief-fund 

ചെക്ക് അയക്കേണ്ട വിലാസം:

payable to: FOKANA
ചെക്കിന്റ മെമ്മോയിൽ  FOKANA-EMALAYALI project  എന്നെഴുതുക

mail to:
Sajimon Antoney 
(Treasurer FOKANA)
3 Gorham Ave
Livingston 
NJ 07039


see also
ഒരു വീടിനു ആറര ലക്ഷം: ഫൊക്കാന- ഇ-മലയാളി മാത്രുകാ ഗ്രാമം പദ്ധതിയില്‍ പങ്ക് ചേരാം

ഫൊക്കാന-ഇ മലയാളി സംയുക്തമായി വണ്ടിപ്പെരിയാറില്‍ മാതൃക ഗ്രാമം നിര്‍മ്മിക്കുന്നു
ആറു സെന്റ് ബാക്കി വച്ച് ഗണേശന്റെ ഭൂമിദാനം; 300 പേര്‍ക്ക് സര്‍ക്കാര്‍ ജോലിക്കു വഴിതുറന്ന എഞ്ചിനിയര്‍
Join WhatsApp News
raju philip 2018-10-25 12:16:56
congratulations. 

Stephen 2018-10-26 02:20:02
The man I adore, made such a big difference in local community. have a great vision. no words that i can explain him about.
thomas paul 2018-10-26 23:43:26
Great human being. I adore him. I feel pity about me that i can never be a person like him. i will be there to help his dream fulfill
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക