Image

കോടതി കയറിയ ശബരിമലയും കല്ലുംമുള്ളും നിറഞ്ഞ ശരണവും (പകല്‍ക്കിനാവ്: ജോര്‍ജ് തുമ്പയില്‍)

Published on 25 October, 2018
കോടതി കയറിയ ശബരിമലയും കല്ലുംമുള്ളും നിറഞ്ഞ ശരണവും (പകല്‍ക്കിനാവ്: ജോര്‍ജ് തുമ്പയില്‍)
നൂറ്റാണ്ടുകളായി നിലനിന്നിരുന്ന ഒരു ആചാരത്തിന് വിലങ്ങിട്ടുകൊണ്ട് എല്ലാ പ്രായത്തിലുമുള്ള സ്ത്രീകള്‍ക്കും ശബരിമല ക്ഷേത്രദര്‍ശനം അനുവദിച്ച സുപ്രീം കോടതി വിധിയുടെ പ്രത്യാഘാതങ്ങള്‍ അതീവ ഗുരുതരവും സ്‌ഫോടനാത്മകവുമാണെന്ന് നിത്യേന അവിടെ നിന്നു കേള്‍ക്കുന്ന വാര്‍ത്തകളും ദൃശ്യങ്ങളും തെളിയിക്കുന്നു. തുലാമാസ പൂജകള്‍ക്കായി ഒക്‌ടോബര്‍ 17-ാം തീയതി അഞ്ചു ദിവസത്തേക്ക് നട തുറന്നതു മുതല്‍ നിലയ്ക്കല്‍, പമ്പ, സന്നിധാനം എന്നിവടങ്ങളിലെ ക്രമസമാധാനം തീര്‍ത്തും വഷളായിരിക്കുന്നു. പത്തിനു അമ്പതിനും ഇടയ്ക്കുള്ള സ്ത്രീകളും ആക്ടിവിസ്റ്റ് എന്ന് സ്വയം പ്രഖ്യാപിച്ച വനിതകളും ന്യൂയോര്‍ക്ക് ടൈംസിന്റെ റിപ്പോര്‍ട്ടര്‍ സുഹാസിനി രാജ് ഉള്‍പ്പെടെയുള്ള യുവ വനിതാ മാധ്യമ പ്രവര്‍ത്തകരും കോടതി വിധിയുടെ ബലത്തില്‍ മല കയറാന്‍ ശ്രമിച്ചതോടെയാണ് പോലീസ്-വിശ്വാസി സംഘര്‍ഷം ഉടലെടുത്തതും അത് സ്ഥാപിത താത്പര്യക്കാരല്ലാത്ത ലക്ഷക്കണക്കിന് ഭക്തര്‍ക്ക് ബുദ്ധിമുട്ടാകുന്നതും.

ശബരിമലയില്‍ ഞാന്‍ ദര്‍ശനം നടത്തിയിട്ടില്ലെങ്കിലും ഇതര മതങ്ങളോട് സഹിഷ്ണുത പുലര്‍ത്തുന്ന ഒരു ശരാശരി പ്രവാസി മലയാളി എന്ന നിലയില്‍ ഒരു സംശയം... എന്തിനു വേണ്ടി, ആരുടെ താത്പര്യത്തിനായാണ് സുപ്രീം കോടതി തീക്കൊള്ളി കൊണ്ട് തല ചൊറിയുന്ന ഈ വിധി പുറപ്പെടുവിച്ചത്...? സ്ത്രീ-പുരുഷ സമത്വം ഊട്ടി ഉറപ്പിക്കാനാണത്രേ പ്രസ്തുത വിധി. എന്നാല്‍ ശബരിമലയില്‍ ഇതുവരെ നിലനിന്നു പോന്നത് സ്ത്രീ-പുരുഷ സമത്വം തന്നെയാണ്. ചില വിപ്ലവ കക്ഷികള്‍ തൊണ്ട കീറുന്നതു പോലെ "ലിംഗനീതി'യും സന്നിധാനത്ത് പുലരുന്നുണ്ടായിരുന്നു. കാരണം, ശബരിമലയില്‍ ഒരു കാലത്തും സ്ത്രീകള്‍ക്ക് പ്രവേശനം നിഷേധിച്ചിട്ടില്ല. നിശ്ചിത പ്രായത്തിലുള്ളവര്‍ക്ക് നിയന്ത്രണം മാത്രമാണ് ഏര്‍പ്പെടുത്തിയിരുന്നത്. അതാകട്ടെ ഈ ക്ഷേത്രത്തില്‍ നൂറ്റാണ്ടുകളായി തുടര്‍ന്നു പോരുന്ന കണിശമായ ആചാരാനുഷ്ഠാനങ്ങളുടെ ഭാഗവുമാണ്. ഒരു വിശ്വാസ സമൂഹത്തിന്റെ മതപരമായ ആചാരത്തെ അല്ലെങ്കില്‍ ഒരു ക്ഷേത്രത്തിലെ പൂജാദികര്‍മ്മങ്ങളെ, ചിട്ടകളെ നിയമം കൊണ്ട് നേരിടുന്നത് ഭാരതീയ സംസ്കൃതിക്ക് യോജിച്ചതാണോ എന്ന് ഈ വിധിയെ അനുകൂലിക്കുന്നവര്‍ ആത്മവിമര്‍ശനം നടത്തുന്നത് ഉചിതമായിരിക്കും.

കാനനക്ഷേത്രമായ ശബരിമലയില്‍ അതിന്റേതായ ആചാരങ്ങളും അനുഷ്ഠാനങ്ങളുമുണ്ട്. അതൊക്കെ നമ്മുടെ പൂര്‍വസൂരികള്‍ മുതല്‍ അനുഷ്ഠിച്ചു പോരുന്നതുമാണ്. ഭരണഘടനയുടെ 21-1 അനുഛേദം ആരാധനാ സ്വാതന്ത്ര്യം വ്യക്തമാക്കുന്നതാണ്. അതോടൊപ്പം നൈഷ്ഠിക ബ്രഹ്മചാരിയാണ് അയ്യപ്പന്‍ എന്നതും സുപ്രധാനമാണ്. ആജിവനാന്തം ബ്രഹ്മചര്യം അനുഷ്ഠിക്കുമെന്ന വ്രതമെടുത്ത് ആധ്യാത്മിക ജീവിതം നയിക്കുന്ന ആളാണ് നൈഷ്ഠിക ബ്രഹ്മചാരി. ശബരിമല അയ്യപ്പ വിഗ്രഹത്തിന്റെ സ്വഭാവം നൈഷ്ഠിക ബ്രഹ്മചര്യമാണ്. ഇങ്ങനെ ഓരോ പ്രതിഷ്ഠയ്ക്കുമുള്ള സ്വഭാവ വ്യത്യാസങ്ങള്‍ ഒരിക്കലും താന്ത്രിക വിധി അനുസരിച്ച് മാറ്റാനാവില്ല.

അയ്യപ്പന്റെ നൈഷ്ഠിക ബ്രഹ്മസങ്കല്‍പ്പം ഇല്ലെങ്കില്‍ ശബരിമല ഇല്ല. അതു വെറുമൊരു ക്ഷേത്രമായി മാറുമത്രേ. ബ്രഹ്മസങ്കല്‍പ്പം പ്രകൃതിദത്തമാണ്. അവിടേക്ക് കയറിവരുന്നവര്‍ ആ ആചാര്യമര്യാദകള്‍ പാലിക്കേണ്ടതുണ്ട്. ബ്രഹ്മചര്യം, വ്രതം, ശുദ്ധിവൃത്തി എന്നിവ നിശ്ചയമായും വേണം. അത് ഈശ്വരകല്‍പ്പിതമാണെന്നും കേട്ടിട്ടുണ്ട്. ആ നിലയ്ക്ക് ആ ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും വെല്ലുവിളിച്ച്, നിയന്ത്രണമുള്ള സ്ത്രീകള്‍ അവിടെ പോയി ക്രമസമാധാന പ്രശ്‌നമുണ്ടാക്കുന്നതെന്തിന്...? ശബരിമലയെ സംബന്ധിച്ചിടത്തോളം ഇപ്പോഴുള്ള അടിസ്ഥാന സൗകര്യങ്ങള്‍ പലപ്പോഴും ഭക്തര്‍ക്ക് തന്നെ മതിയാവുന്നില്ലെന്നു കേട്ടിട്ടുണ്ട്. അപ്പോള്‍ പിന്നെ ഈ സ്ത്രീകള്‍ കൂടി എത്തുമ്പോഴുള്ള ഭീകരാവസ്ഥ ഊഹിക്കാവുന്നതേയുള്ളൂ. എന്തായാലും, ശബരിമലയില്‍ എല്ലാ പ്രായത്തിലുള്ള സ്ത്രീകള്‍ക്കും പ്രവേശനം അനുവദിച്ച് കൊണ്ടുള്ള സുപ്രീം കോടതി വിധിക്ക് ദൂരവ്യാപകമായ പ്രത്യാഘാതങ്ങളുണ്ടാകുമെന്നുറപ്പാണ്. ഇത്തരം ആചാരങ്ങളെയും അനുഷ്ഠാനങ്ങളെയും പിന്തുടരുന്നതില്‍ കോടതി ഇടപെടാതിരിക്കുന്നതു തന്നെയാണ് നല്ലത്. ഓരോ മതത്തിനും അതിന്റേതായ നിഷ്ഠകളും ആചാരങ്ങളുമുണ്ട്. ഹിന്ദുമത വിശ്വാസികളില്‍ നല്ലൊരു ശതമാനവും ശബരിമലയില്‍ സ്ത്രീപ്രവേശനം അനുവദിക്കരുത് എന്ന് ആഗ്രഹിക്കുന്നവരാണ്.

സുപ്രീം കോടതി ഇന്ത്യയുടെ പരമോന്നത നീതിപീഠമാണ്. അവിടെ നിന്നുള്ള ഉത്തരവുകള്‍ നടപ്പാക്കാന്‍ ഭരണകൂടം പ്രതിജ്ഞാബദ്ധവുമാണ്. വിധി നടപ്പാക്കിയില്ലെങ്കില്‍ അത് കോടതിയലക്ഷ്യമാവും. സര്‍ക്കാരിന് സമാധാനം പറയേണ്ടി വരും. ഇതൊക്കെ അംഗീകരിക്കാം. പക്ഷേ ചില ചോദ്യങ്ങള്‍ ഉണ്ട്. പ്രായഭേദമില്ലാതെ സ്ത്രീകളെ ശബരിമലയില്‍ പ്രവേശിപ്പിക്കുന്നതിനെ നേരത്തെ എതിര്‍ത്ത ഇടതുപക്ഷം ഇന്ന് ഭരണപക്ഷമായി മാറി. ഇപ്പോള്‍ അവര്‍ സുപ്രീം കോടതി വിധിയെ അനുകൂലിക്കുന്നതെന്തു കൊണ്ട്...? സുപ്രീം കോടതി വിധിക്കെതിരെ റിവ്യൂ ഹര്‍ജി കൊടുക്കാന്‍ തീരുമാനിച്ച ദേവസ്വം ബോര്‍ഡിന്റെ മലക്കം മറിച്ചലിന് കാരണമെന്ത്...? സര്‍ക്കാര്‍ എന്തുകൊണ്ട് ഓര്‍ഡിനന്‍സ് ഇറക്കുന്നില്ല...? സ്ത്രീകള്‍ക്ക് എന്തു സുരക്ഷിതത്വമാണ് പമ്പ മുതല്‍ സന്നിധാനം വരെയുള്ളത്...? വിധിയെ ആദ്യം സ്വാഗതം ചെയ്ത ബി.ജെ.പിയും ആര്‍.എസ്.എസും ഇപ്പോള്‍ നിലപാട് മാറ്റി പ്രക്ഷോഭ സമരം നടത്തുന്നതിനു പിന്നിലുള്ള ചേതോവികാരം...? ഉത്തരം വളരെ ലളിതമാണ്. എല്ലാറ്റിനും പിന്നില്‍ അധികാരം നിലനിര്‍ത്താനുള്ള ഭരണകക്ഷിയുടെ സ്വാര്‍ത്ഥ താത്പര്യവും വര്‍ഗ്ഗീയതയുടെ പേരില്‍ കലക്കവെള്ളത്തില്‍ മീന്‍ പിടിച്ച് അധികാരത്തില്‍ എത്താനുള്ള തത്പരകക്ഷികളുടെ വോട്ടുബാങ്കു രാഷ്ട്രീയവും പാര്‍ലമെന്റ് മോഹവും.

ഇവിടെ കോടതി വിധിയുടെ ആത്മാര്‍ത്ഥത പരിശോധിക്കപ്പെടണം. കോടതിവിധികളെല്ലാം കുറ്റമറ്റതാണോ എന്ന് ചിന്തിക്കണം. വിശ്വാസത്തിന്റെയും ആചാരത്തിന്റെയും സംരക്ഷകരെന്ന് മേനി നടിച്ച് തെരുവിലിറങ്ങുന്നവരുടെ രാഷ്ട്രീയ അജണ്ടയുടെ പുറംപൂച്ച് കൊണ്ടുവരണം. സന്നിധാനത്തെ തന്ത്രിമഠത്തിലെയും മേല്‍ശാന്തിയുടെയും മാളികപ്പുറം മേല്‍ശാന്തിയുടെയും പരികര്‍മ്മികള്‍ പൂജകള്‍ എല്ലാം നിര്‍ത്തിവച്ച് പതിനെട്ടാം പടിക്ക് താഴെ ശരണം വിളിച്ചിരുന്ന് സമരം ചെയ്യുന്ന അവസ്ഥയിലേക്ക് കാര്യങ്ങളെത്തി. യുവതികള്‍ പതിനെട്ടാം പടി കയറിയാല്‍ ശ്രീകോവില്‍ അടച്ച് താക്കോല്‍ ഏല്‍പ്പിച്ച് മലയിറങ്ങുമെന്ന് തന്ത്രി കണ്ഠരര് രാജീവരരും മുന്നറിയിപ്പ് നല്‍കി. ഇതൊന്നും ശബരിമലയുടെ മഹിതമായ ചരിത്രത്തില്‍ കേട്ടുകേഴ് വിയില്ലാത്ത കാര്യങ്ങളാണ്. തന്ത്രിയുടെ നിലപാടില്‍ നിന്ന് ഒരു കാര്യം വ്യക്തമാണ്. ശബരിമലയില്‍ ആചാര ലംഘനം ഒരു തരത്തിലും അനുവദിക്കില്ല. പത്തിനും അന്‍പതിനും ഇടയ്ക്ക് പ്രായമുള്ള സ്ത്രീകളെ പ്രവേശിപ്പിക്കില്ല. വരുന്ന നവംബര്‍ 17ന് മണ്ഡലകാലം ആരംഭിക്കുകയാണ്. പിന്നെ മകരവിളക്ക് മഹോത്സവവും. അതും കഴിഞ്ഞ് നടയടയ്ക്കും വരെ കാര്യങ്ങള്‍ സമാധാനപരമായി പര്യവസാനിക്കുമോ...?

""സ്വാമി ശരണം...'' എന്ന് മാത്രം ഉറക്കെ വിളിക്കാം.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക