Image

പുനര്‍നിര്‍മാണത്തില്‍ അമേരിക്കന്‍ മലയാളികള്‍ പങ്കാളികളാകണമെന്ന് മുഖ്യമന്ത്രി

അനില്‍ പെണ്ണുക്കര Published on 26 October, 2018
പുനര്‍നിര്‍മാണത്തില്‍ അമേരിക്കന്‍ മലയാളികള്‍ പങ്കാളികളാകണമെന്ന് മുഖ്യമന്ത്രി
കേരള പുനര്‍നിര്‍മാണത്തിനുളള ധനസമാഹരണത്തില്‍ അമേരിക്കന്‍ മലയാളികള്‍ പങ്കാളികളാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍

കേന്ദ്രാനുമതി ലഭിക്കാത്തതിനാല്‍ മന്ത്രിമാരുടെ വിദേശ സന്ദര്‍ശനം മുടങ്ങിയ സാഹചര്യത്തില്‍ കേരള പുനര്‍നിര്‍മാണത്തിനുളള ധനസമാഹരണത്തില്‍ പ്രവാസി മലയാളികള്‍ വാശിയോടെ പങ്കാളികളാകണമെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍ അഭ്യര്‍ത്ഥിച്ചു.

അമേരിക്കയിലെ മലയാളി സംഘടനാ പ്രതിനിധികളുമായി ധനസമാഹരണം സംബന്ധിച്ച് വീഡിയോ കോണ്‍ഫറന്‍സിലൂടെ സംസാരിക്കുകയായിരുന്നു മുഖ്യമന്ത്രി. പുനര്‍നിര്‍മാണത്തിനുള്ള ചെലവ് പരിഗണിക്കുമ്പോള്‍ സഹായമായി ജനങ്ങളില്‍ നിന്ന് ലഭിച്ച തുക ചെറുതാണ്.

പതിനേഴായിരത്തിലേറെ വീടുകള്‍ പൂര്‍ണമായി തകര്‍ന്നിട്ടുണ്ട്. തകര്‍ന്ന വീടിന് കേന്ദ്ര സര്‍ക്കാര്‍ 95,000 രൂപയാണ് നല്‍കുന്നത്. എന്നാല്‍ സംസ്ഥാനം നല്‍കുന്നത് നാല് ലക്ഷം രൂപയാണ്. ഒരു കിലോമീറ്റര്‍ റോഡിന് കേന്ദ്രം അനുവദിക്കുന്നത് ഒരു ലക്ഷം രൂപ മാത്രമാണ്. എന്നാല്‍ മികച്ച റോഡ് പണിയാന്‍ കിലോമീറ്ററിന് രണ്ട് കോടി രൂപ വേണ്ടിവരും. ഈ സാഹചര്യത്തിലാണ് ലോകത്താകെയുളള മലയാളി സഹോദരങ്ങളില്‍ നിന്ന് ഫണ്ട് സമാഹരിക്കാന്‍ തീരുമാനിച്ചത്.

മലയാളി സംഘടനകള്‍ എന്ന നിലയില്‍ ധനസമാഹരണത്തിനും സ്‌പോണ്‍സര്‍ഷിപ്പിനും ശ്രമിക്കുമ്പോള്‍ എല്ലാവരെയും വ്യക്തിപരമായി പങ്കാളികളാക്കാന്‍ ശ്രമിക്കണം. ഈ രീതിയില്‍ പ്രവര്‍ത്തിച്ചാല്‍ ധനസമാഹരണം നല്ല വിജയമാക്കാന്‍ കഴിയും. യു.എ.ഇ സന്ദര്‍ശിച്ചപ്പോള്‍ ഏറെ പ്രതീക്ഷയുളവാക്കുന്ന പ്രതികരണമാണുണ്ടായത്. യു.എ.ഇ ഭരണാധികാരികളുമായി സംസാരിച്ചിരുന്നു. അവരുടെയൊക്കെ ഹൃദയത്തിലെ നാടാണ് കേരളം. യു.എ.ഇയില്‍ ഒരു മാസത്തെ ശമ്പളം നല്‍കാന്‍ മലയാളികള്‍ വലിയ താല്പര്യമാണ് കാണിച്ചത്. സര്‍ക്കാരിനെ സംബന്ധിച്ച് എത്ര ചെറിയ തുകയും വലുതാണ്. ഓരോരുത്തരും അവരുടെ കഴിവിനനുസരിച്ച് പങ്കാളികളാവട്ടെ.

ക്രൗഡ്ഫണ്ടിംഗ് പോര്‍ട്ടല്‍ സജ്ജമായതിനാല്‍ സഹായം നല്‍കാന്‍ ഉദ്ദേശിക്കുന്ന പദ്ധതികള്‍ തെരഞ്ഞെടുക്കാന്‍ കഴിയും. നാശനഷ്ടത്തിന്റെ വിശദാംശം പോര്‍ട്ടലിലുണ്ട് (rebuild.kerala.gov.in). സ്‌കൂളോ അംഗന്‍വാടിയോ പ്രാഥമികാരോഗ്യകേന്ദ്രമോ വീടോ സ്‌പോണ്‍സര്‍ ചെയ്യാം. മന്ത്രിമാരുടെ വിദേശ സന്ദര്‍ശനം നടക്കാത്തതുകൊണ്ട് ധനസമാഹരണത്തില്‍ ഒരു കുറവും വരാന്‍ പാടില്ല. സംഘടയ്ക്ക് പുറത്തുളളവരെയും ബന്ധപ്പെടണമെന്നും ഓരോ പ്രദേശത്തും നല്ല കൂട്ടായ്മ ഉണ്ടാകണമെന്നും അമേരിക്കന്‍ മലയാളികളോട് മുഖ്യമന്ത്രി അഭ്യര്‍ത്ഥിച്ചു.

നോര്‍ക്കയുടെ അമേരിക്കന്‍ പ്രതിനിധികളെ ഉള്‍പ്പെടുത്തിയാണ് ക്രൗഡ് ഫണ്ടിങ്ങിന്റെ പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിക്കുന്നത് .അമേരിക്കയില്‍ ഡോ. അനിരുദ്ധന്റെ നേതൃത്വത്തില്‍ വിപുലമായ ഒരു കമ്മിറ്റി പ്രവര്‍ത്തനങ്ങള്‍ക്കു തുടക്കം കുറിക്കും. സാമൂഹ്യ പ്രവര്‍ത്തകനായ ജോണ്‍ ഐസക് ആണ് കോ ഓര്‍ഡിനേറ്റര്‍ .

കേരളജനതയ്ക്കൊപ്പം ഒപ്പംകൂടാന്‍ ആരെല്ലാമുണ്ട്. അവരെ കണ്ടെത്തി നവകേരളത്തിനൊപ്പം നിര്‍ത്തുക എന്ന ശ്രമകരമായ ദൗത്യവുമായാണ് നോര്‍ക്ക റൂട്‌സ് മുന്നോട്ടു വരുന്നത് .അതിനായി ചില നൂതന പദ്ധതികളും നോര്‍ക്ക റൂട്‌സ് മുന്നോട്ടു വയ്ക്കുന്നു .കേരളത്തിന്റെ വികസനത്തിനായി ചില മേഖലകളെ ശക്തമാക്കുന്നതിനായി അമേരിക്കന്‍ മലയാളികള്‍, മറ്റ് പ്രൊഫഷണലുകളെ കൂടി ഉള്‍പ്പെടുത്തി മെഡിക്കല്‍ രംഗം, ഐ ടി മേഖല, റോബട്ടിക് എഞ്ചിനീയറിംഗ് ആന്‍ഡ് ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് , ടൂറിസം, ഫാര്‍മസ്യുട്ടിക്കല്‍ ആന്‍ഡ് ഡ്രാഗ് മാനുഫാക്ച്ചറിങ്, ന്യൂട്രീഷന്‍ -ഹെല്‍ത് ആന്‍ഡ് എനര്‍ജി ഡ്രിങ്ക്‌സ് ഇലക്ട്രോണിക് ഉപകരണങ്ങളുടെ നിര്‍മ്മാണ മേഖല, തുടങ്ങിയവയില്‍ വിദഗ്ധ പരിശീലനം നല്കുന്നതിനായി അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ ഉള്ള എഞ്ചിനീയറിങ് കോളേജുകള്‍ ആയ എം ഐ ടി, എന്‍ ജി ഐ ടി, വെര്‍ജീനിയ ടെക്, ന്യൂയോര്‍ക് പോളിടെക്‌നിക് എന്നിവയുടെ സഹായത്തോടു കൂടി കേരളത്തിലെ എഞ്ചിനീയറിങ് കോളേജുകള്‍ ,ആശുപത്രികള്‍ ,മറ്റ് വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ എന്നിവിടങ്ങളില്‍ ഹബ്ബുകള്‍ തുറക്കുകയും അതുവഴി കേരളത്തിന്റെ യുവ സമൂഹത്തിനെ നവ കേരളം സൃഷ്ടിക്കായി നോര്‍ക്ക റൂട്‌സ് തയ്യാറാക്കുകയും ചെയ്യുന്ന വിശാലമായ ഒരു പദ്ധതിയാണിത്.

ഏതാണ്ട് ഏഴു ലക്ഷത്തോളം മലയാളികള്‍ ഉണ്ട് ഇന്ന് അമേരിക്കയില്‍. ആ വലിയ സമൂഹത്തെയാണ് കേരളം പുനഃസൃഷ്ടിക്കാന്‍ കൂടെകൂടാന്‍ മുഖ്യമന്ത്രി ക്ഷണിച്ചിരിക്കുന്നത് .പ്രവാസി മലയാളികള്‍ക്കുവേണ്ടി പ്രവര്‍ത്തിക്കുന്ന സഹായഹസ്തമാണ് നോര്‍ക്കയും റൂട്സും. തകര്‍ന്നടിഞ്ഞ കേരളത്തിന്റെ നവനിര്‍മ്മാണത്തിന് അമേരിക്കന്‍ മലയാളികളുടെ ഇടയില്‍നിന്നും ധനസഹായ സമാഹരണം നടത്തുകയും പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുവാനും വേണ്ടിയാണ് ഒരു കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിക്ക് രൂപം നല്‍കുന്നത്.

പ്രവാസികളുടെ കാര്യങ്ങളില്‍ സജ്ജീവമായ ഇടപ്പെടല്‍ നടത്തുന്ന സര്‍ക്കാര്‍ സംവിധാനമാണ് ഈ രണ്ടു വകുപ്പുകള്‍.

കേരള നവനിര്‍മ്മാണം ഒരു നിശ്ചിതസമയത്തിനുള്ളില്‍ പരിപൂര്‍ണമാകുന്ന പ്രയത്നമല്ല. ഓരോ മേഖലയിലും ചെന്ന് മനസ്സുള്ളവര്‍ക്ക് പദ്ധിതികള്‍ ഏറ്റെടുത്തു നടത്താം. പണം സ്വയംമുടക്കി തങ്ങളുടെ സമ്പാദ്യത്തിലൊരു പങ്ക് നാടിന്റെ പുരോഗതിക്ക് വിനിയോഗിച്ച് സംതൃപ്തരാകാം. അതിനു നോര്‍ക്ക റൂട്‌സ് നിങ്ങളെ സഹായിക്കും.

നവകേരള നിര്‍മ്മാണ ദൗത്യം നമ്മുടെ ജീവല്‍ പ്രശ്നമാണ്. 'നില്ക്കാനുള്ള ഒരിടം' കാത്തുസൂക്ഷിക്കാനുള്ള പ്രവര്‍ത്തനമാണ് ഇത്. അതില്‍ നമ്മളും നമുക്കറിയാവുന്നവരെയും സ്വാധീനിക്കാന്‍ ആകുന്നവരെ ഉള്‍പ്പെടുത്തുവാന്‍ പരിശ്രമിക്കണം. അതിനു നോര്‍ക്ക റൂട്‌സ് പുതിയതായി രൂപീകരിക്കുന്ന കോ ഓര്‍ഡിനേഷന്‍ കമ്മിറ്റിയുടെ പ്രവര്‍ത്തനങ്ങള്‍ വിപുലമാക്കുകയും ചെയ്യുമെന്ന് നോര്‍ക്ക റൂട്‌സ് ഡയറക്റ്റര്‍ ഡോ.എം അനിരുദ്ധന്‍ അറിയിച്ചു .
പുനര്‍നിര്‍മാണത്തില്‍ അമേരിക്കന്‍ മലയാളികള്‍ പങ്കാളികളാകണമെന്ന് മുഖ്യമന്ത്രി
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക