Image

പുന്നപ്ര-വയലാര്‍ പുനര്‍ജനിക്കുമ്പോള്‍: കെ.വി. മോഹന്‍കുമാറുമായി ഒരഭിമുഖം (തയ്യാറാക്കിയത് രതിദേവി)

Published on 26 October, 2018
പുന്നപ്ര-വയലാര്‍ പുനര്‍ജനിക്കുമ്പോള്‍: കെ.വി. മോഹന്‍കുമാറുമായി ഒരഭിമുഖം (തയ്യാറാക്കിയത് രതിദേവി)
സംസ്ഥാന വിദ്യാഭ്യാസ ഡയറക്ടര്‍ കൂടിയായ കെ.വി. മോഹന്‍ കുമാര്‍ ഐ.എ.എസ്. എഴുതിയ 'ഉഷ്ണരാശി: കരപ്പുറത്തിന്റെ ഇതിഹാസം' എന്ന നോവലിനാണ് ഇത്തവണ വയലാര്‍ അവാര്‍ഡ്. ഒരു ലക്ഷം രൂപയും പ്രശസ്തി പത്രവും ഫലകവും അടങ്ങുന്നതാണ് അവാര്‍ഡ്. 

വയലാര്‍ രാമവര്‍മ്മയുടെ ചരമദിനമായ ഒക്ടോബര്‍ 27-ന് തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ നടക്കുന്ന ചടങ്ങില്‍ പുരസ്‌കാരം സമര്‍പ്പിക്കും.

പുന്നപ്ര വയലാര്‍ സമരത്തിന്റെ പശ്ചാത്തലത്തില്‍ എഴുതപ്പെട്ട നോവലാണ് ഉഷ്ണരാശി. 1930 ല്‍ തുടങ്ങി 1957-ലെ ആദ്യസംസ്ഥാന സര്‍ക്കാരിന്റെ ആവിര്‍ഭാവമെല്ലാം സമഗ്രമായി പ്രതിപാദിക്കുന്നതാണീ നോവല്‍. സ്വാതന്ത്ര്യത്തിനു മുന്‍പുള്ള കേരളത്തിന്റെ രാഷ്ട്രീയ, സാമൂഹിക, സാമ്പത്തിക അവസ്ഥകള്‍ നോവലില്‍ ചിത്രീകരിക്കുന്നു.

മോഹന്‍ കുമാര്‍ കേരള കൗമുദിയിലും മനോരമയിലും പത്ര പ്രവര്‍ത്തകനായിരുന്നു. പിന്നീടാണ് സിവില്‍ സര്‍വീസിലെത്തിയത്. കോഴിക്കോട് ഉള്‍പെടെ പലയിടത്തും കലക്ടര്‍ ആയി . ആറ് നോവലുകളും നാല് കഥാ സമാഹാരങ്ങളും അടക്കം പതിനേഴ് കൃതികള്‍.

1995-ല്‍ ഈ ലേഖികയുടെ അടിമവംശം എന്ന പുസ്തകത്തിന്റെ പ്രകാശനം എഴുത്തുകാരന്‍ കാക്കനാടന്‍ നിര്‍വഹിക്കുന്നു . അന്ന് ഞാന്‍ നിയമ വിദ്യാര്‍ത്ഥിനിയായിരുന്നു. ആ ചടങ്ങില്‍ ആശംസാ പ്രസംഗത്തിലേക്ക് ക്ഷണിക്കുവാന്‍ കെ .വി മോഹന്‍കുമാറിന്റെ ഔദ്യോഗിക വസതിലേക്ക് പോയി. അദേഹത്തിന്റെ സുന്ദരിയായ ഭാര്യ രാജലക്ഷ്മി ചേച്ചി ഹൃദ്യതയോടെ തന്ന പാല്‍കാപ്പിയുടെ മധുരം ഇപ്പോഴും ഓര്‍മ്മയില്‍ ഉണ്ട്. അന്ന് മുതല്‍ തുടങ്ങിയ സുഹൃദ്ബന്ധമാണ്.

ആ വര്‍ഷം തന്നെ ആണ് കെ വി മോഹന്‍കുമാറിന്റെ 'ശ്രാദ്ധ ശേഷം' എന്ന ആദ്യ കൃതി ഇറങ്ങുന്നത് . രണ്ടുപേരുടെയും പ്രസാധകര്‍ പ്രസക്തി പബ്ലിഷേഴ്‌സ് ആയിരുന്നു.

അമേരിക്കന്‍ വായനക്കര്‍ക്ക്ഉഷ്ണരാശി പരിചയപ്പെടുത്താന്‍ കൂടിയാണീ ഹൃസ്വ അഭിമുഖം.

ചോദ്യം: അടിമത്തത്തില്‍ നിന്നും സ്വാതന്ത്ര്യത്തിലേക്കുള്ള വെളിച്ചം സ്വപ്നം കണ്ടുകൊണ്ട് നൂറുകണക്കിനു ആള്‍കാര്‍ പോരാടി മരിച്ചുവീണ ഒരു ഭുതകാല ഓര്‍മ്മ മോഹന്‍കുമാര്‍ എന്ന എഴുത്തുകാരനില്‍ സജീവമായി ഉണ്ടല്ലോ. ആ ഓര്‍മ്മ താന്‍ ജീവിക്കുന്ന മണ്ണില്‍ സചേതനമായി നിലനില്‍ക്കുമ്പോള്‍ 'ഉഷ്ണരാശി' ക്ക് നോവലിസ്റ്റുമായി ഒരു ജൈവ ബന്ധമുണ്ടാകുമെന്നു കരുതുന്നു. ആ സാമുഹ്യ പശ്ചാത്തലം ഒന്ന് വിലയിരുത്താമോ?

ഉത്തരം: ശരിയാണ്. ഈ നോവലുമായി എനിക്കൊരു ജൈവ ബന്ധമുണ്ട്. കാരണം ഞാന്‍ ജനിച്ചത് ആലപ്പുഴ പട്ടണത്തിലാണ്. കേട്ടു വളര്‍ന്നത് വീര രക്തസാക്ഷികളുടെ സാഹസികമായ പോരാട്ട കഥകളാണ്. അടിമത്തത്തില്‍ നിന്നും സമ്രാജ്യത്വത്തില്‍ നിന്നും മോചനം നേടി സ്വപ്ന സുന്ദരമായ ഒരു പുതു യുഗത്തിന്റെ സാക്ഷാല്‍കാരത്തിനായി ജീവന്‍ ബലി അര്‍പ്പിച്ചവര്‍, എനിക്ക് ചുറ്റും ജീവിച്ചവര്‍ ആയിരുന്നു.

ഞാന്‍ ചവിട്ടി നില്‍ക്കുന്ന രക്തംപുരണ്ട മണ്ണിന്റെ ഗന്ധം എന്നെ അസ്വസ്ഥമാക്കി. ഞാന്‍ ചെറിയ കുട്ടിയായിരുന്നപ്പോള്‍ അതുവഴി ഒരു കാളി ഭ്രാന്തി ബഹളം വച്ച്ആക്രോശിച്ചു അട്ടഹസിച്ചു എല്ലാവരെയും ഭയപ്പെടുത്തി പോകുമായിരുന്നു. ഒരികല്‍ അവരുടെ മുന്നില്‍ ഞാന്‍ ചെന്ന് പെട്ടു . അവരെ കണ്ട് ഭയന്ന് നിലവിളിച്ച എന്നെകാളി ഭ്രാന്തി 'മോന്‍ പേടിക്കേണ്ട' എന്ന് പറഞ്ഞു. പെട്ടെന്ന്ഒരമ്മയുടെ ഭാവത്തോടെ ശാന്തയായി ആ സ്ത്രീ മാറി. 2009-ല്‍ എം ഡി ചന്ദ്രസേനന്‍ എഴുതിയ '' പുന്നപ്ര വയലാര്‍ ജ്വലിക്കുന്ന അദ്ധ്യായം' എന്ന ആത്മകഥയില്‍ ഈ ഭ്രാന്തി കാളിയെ കുറിച്ച് പ്രതിപാദിക്കുന്നുണ്ട്.

പുന്നപ്ര വയലാര്‍ സമരത്തില്‍ ഇവരുടെ രണ്ട്ആണുമക്കളെ കാണാതാകുന്നു. കൃഷ്ണനും ഗോപാലനും. ഈ മക്കളെ  വഴിക്കണ്ണുമായി വര്‍ഷങ്ങള്‍ ഈ അമ്മ കാത്തിരുന്നു. അവസാനം ഒരു സിഐ ഡി ഈ അമ്മയോടെ പറഞ്ഞു 'അമ്മയുടെ മക്കളും വെടിവെപ്പില്‍ ആയിരക്കണക്കിനു ആള്‍ക്കാരില്‍ പിടഞ്ഞു വീണമരിച്ചവരില്‍ ഉണ്ടായിരുന്നുവെന്നു.'  തന്റെ മക്കളും കൊലചെയ്യപെട്ടു എന്ന് കേട്ടപ്പോള്‍ ആ മാതൃഹൃദയത്തിന്റെ സമനില തെറ്റി.. ഒരു ഭ്രാന്തിയായി മക്കളെ അന്വേഷിച്ചു നിലവിളിച്ചും ആക്രോശിച്ചും അലയാന്‍ തുടങ്ങി..

ജവഹര്‍ലാല്‍ നെഹ്രു യുണിവേഴ്‌സിറ്റിയില്‍ ഗവേഷണം ചെയ്യുന്ന അപരാജിത എന്ന പെണ്‍കുട്ടി സ്വന്തം അച്ചനെ അന്വേഷിച്ചു വയലാറില്‍ എത്തുന്നത് മുതലാണ് നോവല്‍ തുടങ്ങുന്നത്.

ചോദ്യം: ഒരു ചരിത്ര നോവല്‍ രചിക്കുക ദുഷ്‌കരമാണ്. അതില്‍ കാലവും വസ്തുതയും തമ്മിലുള്ള  സത്യസന്ധത, പിന്നെ നോവല്‍ നിര്‍മ്മിതിക്കാവശ്യമായ ഭാവന ഇതെല്ലാം സമന്വയിപ്പികുന്നത് എത്രമേല്‍ സംഘര്‍ഷഭരിതമായിരുന്നു?.

ഉത്തരം: രതിദേവി, ഇതു ഒരു ചരിത്ര നോവല്‍ അല്ല. ഇത് ഒരു ചരിത്രപരമായ നോവല്‍ ആണ്. ഒരേ സമയം മൂന്ന്കാലഘട്ടത്തിന്റെ ആഖ്യാനമാണി നോവല്‍. സ്വാതന്ത്ര്യ സമരത്തിനു മുമ്പുള്ള കാലം; സ്വാതന്ത്ര്യം ലഭിച്ച കാലഘട്ടം; സമകാലം

അതിന്റെ പ്രശ്‌ന പരിസരത്തിലേക്കാണു അപരാജിത എന്ന പെണ്‍കുട്ടി സ്വന്തം വേരുകള്‍ അന്വഷിച്ച്എത്തുന്നത്. ഇന്നത്തെ ന്യൂജെനു സങ്കല്‍പ്പിക്കാന്‍ പോലും കഴിയാത്ത തരത്തിലുള്ള ജാതിവ്യവസ്ഥയുടെ കാലമായിരുന്നു ഒന്നാമത്തേത്. ജന്‍മിത്വത്തിന്റെയും ഫുഡലിസത്തിന്റെയും പീഡനത്തിന്റെയും മനുഷ്യത്വ രഹിതമായ കാലം.

രണ്ടാത്തെ കാലഘട്ടം ജനാധിപത്യത്തിന്റെ ഭുമിക. അവിടെ നിന്നു ഇന്നില്‍ എത്തി നില്‍കുമ്പോള്‍ ഒരു ലിബറല്‍ ഡെമോക്രാസിയുടെ സാധ്യതകള്‍. ഇന്ത്യന്‍ ഭരണഘടനയും ഇന്ത്യന്‍ സുപ്രിംകോടതിയും തുറന്നു തരുന്ന ഒരു സിവില്‍ സമുഹത്തിന്റെ സാമുഹ്യ അവകാശങ്ങളുടെ വിശാല മാനവികത.. വളരെ സുക്ഷ്മതയോടെആണ് ഞാന്‍ ആ കാലത്തെ അപഗ്രഹിക്കുകയും സംഗ്രഹിക്കുകയും ചെയ്തത്.

കുടാതെ ചരിത്രപരമായ ചില അനുമാനങ്ങള്‍ ഈ നോവലില്‍ വന്നുപെട്ടു. എഴുതുന്ന സമയം അതിലേക്കുള്ള വസ്തുതകള്‍ എനിക്ക് കിട്ടിയില്ല. ഉദാഹരണം ആദ്യത്തെ കമ്മ്യൂണിസ്റ്റ് മന്ത്രിസഭ രൂപീകരണത്തിനായുള്ള ആലോചനാ യോഗം ചേര്‍ന്ന കമ്മറ്റിയില്‍ അഞ്ചുപേര്‍ ഉണ്ടായിരുന്നു. അതില്‍ എ കെ ജി ഉണ്ടായിരുവെന്നു ഞാന്‍ എഴുതി. അതെഴുതാന്‍ കാരണം ആ സമയത്ത് പാര്‍ടിയിലും ജനങ്ങളിലും എ കെ ജി യുടെ സ്വാധിനം മുന്‍നിര്‍ത്തിയാണ്. പക്ഷെ പിന്നീട് കോടിയേരി ബാലകൃഷ്ണന്‍ നോവല്‍ വായിച്ചിട്ട് എ കെ ജി ഉണ്ടായിരുന്നില്ലന്നു വ്യകതമാക്കി. രണ്ടാമത്തെ എഡിഷനില്‍ ഞാന്‍ അത് തിരുത്തിയെഴുതി. ചരിത്രപരമായ വസ്തുത വിഴ്ചവരുത്തുവാന്‍ പാടില്ല. അത് സത്യസന്ധമായ ചരിത്രത്തെ നമ്മള്‍ ബോധാപൂര്‍വും മാറ്റിയെഴുതിയെന്നു തെറ്റിദ്ധാരണക്ക് ഇടയാക്കും.

ചോദ്യം: ഒരു എഴുത്തുകാരന്‍ പൊതു  വിദ്യാഭ്യാസ ഡയറക്ടര്‍ ആകുമ്പോള്‍ കുട്ടികളിലെ സാഹിത്യപരമായ അഭിരുചികളെ പ്രോത്സാഹിപ്പിക്കുവാനുള്ള പരിഷ്‌കാരങ്ങള്‍ പ്രാവര്‍ത്തികമാക്കാന്‍ എത്ര മാത്രം കഴിഞ്ഞിട്ടുണ്ട്.

ഉത്തരം: ഒട്ടനവധി കാര്യങ്ങള്‍ നടപ്പിലാക്കിട്ടുണ്ട്. അതില്‍ പ്രധാനമായിട്ടുള്ളത് വായനയുടെ വസന്തം എന്ന പരിപാടിയാണ്. കേരളത്തിലെ 12,000 സ്‌കൂളുകളില്‍ ക്ലാസ്സ്റുമിലെ ലൈബ്രറി എന്ന പ്രോജക്ട്ആണിത്. അതിനായി 10 കോടി രൂപയാണ് നീക്കിവച്ചിട്ടുള്ളത്.
...
ബ്രഹദ് ആഖ്യായികയുടെ കാലം അസ്തമിച്ചു എന്ന പ്രചരണം പോസ്റ്റ്-മോഡേണിസത്തിന്റെ ഉപ ഉല്‍പ്പന്നമായി പ്രചരിപ്പിക്കപെട്ട വാദം, വെറും പൊള്ളയായിരുന്നുവെന്ന് മനസിലാകണമെങ്കില്‍അടുത്തിടഇറങ്ങിയ നോവലുകള്‍ കണ്ടാല്‍ മനസിലാകും. വിശേഷിച്ചു മലയാളത്തിലെ നോവലുകള്‍. എല്ലാം തന്നെ വലിപ്പത്തിലും ആശയത്തിലും ബ്രഹത്താണല്ലോ!

കേരളത്തിലെ കമ്യൂണിസ്റ്റ് പ്രസ്ഥാനത്തിന്റെ വളര്‍ച്ചയിലെ അതിപ്രധാനമായ ഒരേടിനെ വാമൊഴി ചരിത്രത്തിന്റെയും ലിഖിത ചരിത്രത്തിന്റെയും പിന്‍ബലത്തില്‍ വീണ്ടെടുത്ത ബൃഹദ് നോവലാണ് ' ഉഷ്ണ രാശി. നിസ്വാര്‍ത്ഥമായ സഹന സമരങ്ങളുടെയും പോരാട്ടങ്ങളുടെയും ജീവത്യാഗങ്ങളുടെയും കഥ കൃത്യമായി പറഞ്ഞു പോകുന്നുണ്ട് ഇതില്‍.  

വയലാര്‍ സമരത്തിലെ ത്യാഗോജ്ജ്വലമായ ഏടുകളെല്ലാം രചിച്ചത് ശുദ്ധാത്മാക്കളായ സമര ഭടന്മാരാണ്. കമ്മിറ്റി കൂടിയ നേതാക്കളല്ല. മരിക്കാന്‍ ഭയമില്ലല്ലോ, തോക്ക് തീതുപ്പിയാല്‍ നിലം പറ്റിക്കിടക്കുക, അടുത്ത തിര നിറക്കുന്ന നേരത്ത് ചാടിയെണീറ്റ് വാരിക്കുന്തവുമായി നേരിടുക, തുടങ്ങിയ വിവരണങ്ങള്‍ അപ്പാടെ സ്വീകരിച്ച് വിളക്കില്‍ വീണു കരിയുന്ന ഈയാംപാറ്റകളേപ്പോലെ സമരത്തിനു നീങ്ങിയ സാധുക്കളുടെ കഥയാണത്. ജന്മിയുടെ ഗുണ്ടകള്‍, അധികാരത്തിന്റെ കാവല്‍ക്കാര്‍ ഒരു വശത്ത്. നായകന്മാര്‍ നിര്‍ദ്ദേശവുമായി പിന്നിലാണ്. അവര്‍ നേരിട്ട് വരുന്നില്ല.

മറുഭാഗത്ത് നേതാക്കന്മാര്‍ ഒളിവിലാണ്. അനുയായികള്‍ മാത്രമാണു സമരമുഖത്ത്. രണ്ടിലും കൊല്ലാനും ചാകാനുമുള്ള ആജ്ഞാനുവര്‍ത്തികള്‍ മാത്രം. പ്രയോഗത്തില്‍ കമ്യൂണിസവും ജന്മിത്തവും തമ്മിലുള്ള ഈ തള്ളിക്കളയാനാവാത്ത സാദൃശ്യത്തെ ഏറ്റവും ഭംഗിയായി ചിത്രീകരിച്ചിട്ടുണ്ട് ഉഷ്ണ രാശിയില്‍.! പരമാവധി ഒളിവു ജീവിതവുമായി അറസ്റ്റിനെ ഭയന്നു നടന്നവരാണു പ്രഖ്യാത കമ്യൂണിസ്റ്റു നേതാക്കളെല്ലാം. ദേശീയ പ്രസ്ഥാന നേതാക്കളും ഇവരുമായുള്ള പ്രധാന വ്യത്യാസവും അതു തന്നെ. ഗാന്ധിയും നെഹ്‌റുവും ജയിലില്‍ കിടന്നാലും സമരം തുടരുമെന്നവര്‍ക്കറിയാമായിരുന്നു.! എന്നാല്‍ അണികളെ നിസാരരായിക്കണ്ട കമ്യൂണിസ്റ്റുകാര്‍ തങ്ങളകത്തായാല്‍ സമരം പൊളിയുമെന്നു പറഞ്ഞു ഫലിപ്പിച്ച് ഒളിവില്‍പ്പോയി. അവരെ സംരക്ഷിക്കാനും ഒരു പാടു രക്ത സാക്ഷികള്‍ ഉണ്ടായി. ഇത്തരം പുനര്‍വായനക്കുള്ള ഈടുറ്റ സംഭാവന ഉഷ്ണരാശി നല്‍കുന്നുണ്ട്.

മാവോയിസത്തിനും ഗവേഷണത്തിനുമൊക്കെ ജീവിതം സമര്‍പ്പിച്ച യുവതീ യുവാക്കള്‍ പ്രണയമെന്ന സത്യത്തിനു മുന്നില്‍ തരളിതരും വിവശരും ആകേണ്ടതുണ്ടോ എന്നും അനുവാചകര്‍ക്കു തോന്നും. ആഗോള പരിസരമല്ല പ്രാദേശിക പരിസരമാണ് ഈ നോവലിന്റെ ശക്തിയും ചൈതന്യവും. ഒരു ദേശ കഥയുടെ മനോഹരമായ ചൊല്‍വടിവ് നോവല്‍ ശരീരത്തെ കൂടുതല്‍ ചാരു മോഹനമാക്കുമായിരുന്നു എന്നു തോന്നുന്നതും അക്കാരണത്താലാണ്.

ശക്തരായ സ്ത്രീ കഥാപാത്രങ്ങള്‍ നോവലിലുണ്ട്. അവരെ വിവരിക്കുന്നതില്‍പ്പോലും പ്രാദേശികതയുടെ ഇനിപ്പും പുളിപ്പുമുണ്ട്. വാളന്‍പുളി പോലുള്ള രൂപകങ്ങളിലൂടെ ഉടലിന്റെ സൂഷ്മ സ്ഥൂലതകളിലേക്കും അഴകളവുകളിലേക്കും പടര്‍ന്നു കയറുന്ന ആഖ്യാനം അതീവ സുന്ദരമാണ്.

വയലാര്‍ സമര സഖാക്കളെ തല്ലിച്ചതയ്ക്കാന്‍ നേതൃത്വം കൊടുത്ത പൊലീസ് ഓഫീസര്‍ പില്ക്കാലത്ത് സിനിമയിലൂടെ തൊഴിലാളി നേതാവിന്റെ പ്രതിരൂപമായിത്തീര്‍ന്ന വൈരുദ്ധ്യവും നോവലിലെ ചരിത്രാഖ്യാതാവ് വിട്ടു കളയുന്നില്ല. ഉഷ്ണരാശി കരപ്പുറത്തിന്റെ ഇതിഹാസമാണ്. അതിന് ആഗോള പരിസരമോ, മാവോവാദമോ, ചെ ഗുവേരയുടെ സ്വപ്ന സാന്നിധ്യമോ ആവശ്യമില്ല. വായനയുടെ അര്‍ത്ഥാന്തരങ്ങള്‍ തീര്‍ക്കാന്‍..!

നാല് പേരു അടങ്ങുന്ന ജൂറി അംഗമായ ഡോ. ബെറ്റിമോള്‍ മാത്യു എഴുതിയ ആസ്വാദനം ഈയവസരത്തില്‍ ഇവിടെ കൂട്ടിവായിക്കുന്നു.

കാലത്തെയും ചരിത്രത്തെയും ചാരുതയോടെ കൂട്ടിയിണക്കി എഴുതിയ നോവലാണിത്. പൊടിപിടിച്ചു കിടന്ന ഭുതകാല സത്യങ്ങള്‍ ഉല്‍ഖനനം ചെയിതു പുറത്തെടുത്തു സര്‍ഗ്ഗഭാവന കൊണ്ട് മിനുക്കി എടുത്ത് കരപ്പുറത്തിന്റെ ഇതിഹാസമായ ഉഷ്ണരാശിക്ക് കുടുതല്‍ കുടുതല്‍ അംഗികാരങ്ങള്‍ കിട്ടട്ടെ എന്ന്ആശംസിക്കുന്നു.
പുന്നപ്ര-വയലാര്‍ പുനര്‍ജനിക്കുമ്പോള്‍: കെ.വി. മോഹന്‍കുമാറുമായി ഒരഭിമുഖം (തയ്യാറാക്കിയത് രതിദേവി)
പുന്നപ്ര-വയലാര്‍ പുനര്‍ജനിക്കുമ്പോള്‍: കെ.വി. മോഹന്‍കുമാറുമായി ഒരഭിമുഖം (തയ്യാറാക്കിയത് രതിദേവി)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക