Image

ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക് (അധ്യായം ഏഴ്: ആന്‍ഡ്രൂ പാപ്പച്ചന്‍)

Published on 26 October, 2018
ഇരുട്ടില്‍ നിന്ന് വെളിച്ചത്തിലേക്ക് (അധ്യായം ഏഴ്: ആന്‍ഡ്രൂ പാപ്പച്ചന്‍)
ദിവസങ്ങളും മാസങ്ങളും കൊഴിഞ്ഞുകൊണ്ടിരുന്നു. ആല്‍ഫ്രഡ് ബൈബിളിലൂടെയും സങ്കീര്‍ത്തനങ്ങളിലൂടെയും വീണ്ടും മനസിനെ മേയാന്‍വിട്ടു. ഹൃദയത്തില്‍ തട്ടിയ വാചകങ്ങള്‍ വീണ്ടും വീണ്ടും വായിച്ചു. ഇടക്കിടെ ജാനറ്റിന്റെയും ബെറ്റിയുടെയും മുഖങ്ങള്‍ അയാളുടെ മനസിലേക്കോടിവരും. ജാനറ്റിന് പ്രത്യേക പരിചരണവും ശ്രദ്ധയും ആവശ്യമുള്ള സമയമാണ്. പക്ഷേ തനിക്കൊന്നിനും സാധിക്കുന്നില്ലല്ലോ എന്നതിലയാള്‍ക്ക് വിഷമമുണ്ടായിരുന്നു. ഒരുമാസമായി മമ്മിയേം കാണാനില്ലാത്തതിന്റെ ഉത്കണ്ഠ അയാള്‍ക്കുണ്ടായിരുന്നു. രണ്ടാഴ്ചകൂടി കഴിഞ്ഞൊരുദിവസം രാവിലെ ബെറ്റിയെത്തി. ബെറ്റിയുടെ മുഖം പതിവിലും പ്രസന്നമായിരുന്നു.
""എന്താ മമ്മീ, മുഖത്തിത്ര സന്തോഷം? ജാനറ്റ് പ്രസവിച്ചോ.? ''ആല്‍ഫ്രഡ് ചോദിച്ചു.
""ഉവ്വാല്‍ഫ്രഡ്. നീയൊരപ്പച്ചനായിരിക്കുന്നു. അതു പറയാനാ ഞാനോടിയെത്തിയേ... ഒരാണ്‍കുഞ്ഞ്.....ഇനി നിന്റെ സ്‌നേഹത്തിനൊരവകാശികൂടിയായി. നിന്നെസ്‌നേഹിക്കാനും ഒരാളായി. ജാനറ്റും കുഞ്ഞും സുഖമായിരിക്കുന്നു. ''
""താങ്ക് ഗോഡ്. വിവരമറിയാതെ ഞാനിവിടെ വിഷമിച്ചിരിക്കുവാരുന്നു. എനിക്കവരെയൊന്ന് കാണാന്‍ പറ്റില്ലല്ലോ മമ്മീ?'' ആല്‍ഫ്രഡ് നിരാശയോടെ പറഞ്ഞു.
""കുറച്ചുനാള്‍ കൂടി കഴിയട്ടേ. ഞാനവരെ ഇവിടെകൊണ്ടുവന്ന് നിന്നെ കാണിക്കാം. നീ ജയിലില്‍ നിന്ന് പ്രത്യേക അനുവാദം വാങ്ങണം.''
""അതൊക്കെ ഞാന്‍ തരപ്പെടുത്തിക്കോളാം മമ്മീ. മമ്മിയവരെ കൊണ്ടുവന്നാ മതി. അവനെ നമുക്ക് ഡേവിഡെന്നു വിളിക്കാം. അവന്‍ വളരുമ്പോള്‍ ദാവീദ് രാജാവിനെപോലെ പേരും സാമര്‍ഥ്യവും പ്രശസ്തിയുമുള്ളവനായി വളരട്ടെ''
""എല്ലാം നിന്റിഷ്ടം പോലെയാവട്ടെ മോനേ. '' ബെറ്റി പറഞ്ഞു.
""കുഞ്ഞ് കണ്ടാല്‍ മിടുക്കനാണോ? ഞങ്ങളെപോലെ വെളുത്തിട്ടാണോ? അടുത്തതവണ വരുമ്പോള്‍ അവന്റെയൊരു ഫോട്ടോ കൊണ്ടുവരണം, അതെങ്കിലും എനിക്ക് കാണാമല്ലോ. '' ആകാംക്ഷയടക്കാനാവാതെ ആല്‍ഫ്രഡ് പറഞ്ഞു.
""അവന്‍ നന്നായി വെളുത്തിട്ടൊരു മിടുക്കന്‍ കുട്ടിതന്നെ. ഫോട്ടോവേണ്ട, അവനെത്തന്നെ ഞാന്‍ വൈകാതിവിടെത്തിക്കാം, മറ്റെന്തുണ്ട് വിശേഷം? '' ബെറ്റി ചോദിച്ചു.
""ഞാനാ പുസ്തകം മുഴുവന്‍ വായിച്ചുകഴിഞ്ഞു മമ്മീ. ഇപ്പോള്‍ ബൈബിള്‍ വായിച്ചുകൊണ്ടിരിക്കുകയാ...'' ആല്‍ഫ്രഡ് പറഞ്ഞു.
""ഓ അതെയോ? എന്നിട്ട് നിനക്കിഷ്ടപ്പെട്ടോ?.'' ബെറ്റി ആകാംക്ഷയോടെ ചോദിച്ചു.
""തീര്‍ച്ചയായും. വായിച്ചിട്ട് ഞാനാ പുസ്തകം ഗാര്‍ഡിനു കൊടുത്തിരിക്കുവാ. അദ്ദേഹത്തിനുമത് വായിക്കണമെന്നുപറഞ്ഞു. എനിക്കാ പുസ്തകം വളരെ ഇഷ്ടപ്പെട്ടു. അതിലെ വാചകങ്ങള്‍ എന്നെ സ്വാധീനിച്ചു. പുതിയൊരു മനുഷ്യനാകാന്‍ ഞാനിന്ന് ശ്രമിച്ചുകൊണ്ടിരിക്കുന്നു. .... ദൈവത്തിന്റെ അദ്ഭുതങ്ങളിലെനിക്ക് വിശ്വാസമുണ്ട്. ഈ വായനയെനിക്കാത്മവിശ്വാസം തന്നു. ധൈര്യവും. തിന്‍മയില്‍ നിന്നും ദുഷ്ടതയുടെ വഴികളില്‍നിന്നും എന്റെ മനസിനെ തിരിച്ചെടുക്കാനെനിക്കീ പുസ്തകവായന പ്രയോജനപ്പെടുന്നുണ്ട്. പല വാചകങ്ങളും ഞാന്‍ പലവട്ടം വായിച്ചു. അവയെനിക്ക് വളരെ സന്തോഷം തന്നു....'' ആല്‍ഫ്രഡ് പറഞ്ഞു.
""എനിക്കിനി ഇതിലേറെയൊരു സന്തോഷമില്ലാല്‍ഫ്രഡ്. സങ്കീര്‍ത്തനങ്ങളുടെ പുസ്തകം നിന്നെ ഈ വിധത്തില്‍ സ്വാധീനിക്കുമെന്ന് ഞാന്‍ കരുതിയതേയില്ല. ദൈവത്തില്‍ വിശ്വസിക്കുക. നീയിനിയെങ്കിലും നല്ലൊരു ജീവിതം നയിക്കണം, ഒരു പുതിയ മനുഷ്യനാകണം..'' ബെറ്റി പറഞ്ഞു. മമ്മിയുടെ കണ്ണുകളില്‍ വാല്‍സല്യം തിരയടിക്കുന്നത് ആല്‍ഫ്രഡ് തിരിച്ചറിഞ്ഞു.
""ഞാനത് തീരുമാനിച്ചുകഴിഞ്ഞു മമ്മീ. ജയില്‍ ഗാര്‍ഡിനോടക്കം എന്റെ പെരുമാറ്റം ഞാന്‍ മാറ്റിയെടുത്തുകഴിഞ്ഞു. ഗാര്‍ഡ് നല്ലൊരു മനുഷ്യനാ. അയാളെനിക്ക് മറ്റ് മതങ്ങളെ കുറിച്ച പുസ്തകങ്ങള്‍ തരാമെന്നേറ്റിട്ടുണ്ട്..'' ആല്‍ഫ്രഡ് പറഞ്ഞു.
""ഇത്ര കാലംവേണ്ടിവന്നല്ലോ മോനേ, നിനക്ക് ശരിയും തെറ്റും തിരിച്ചറിയാന്‍. ജയിലില്‍ കിടന്നെങ്കിലും എനിക്കു നിന്നെ നഷ്ടപ്പെട്ടില്ലെന്നതില്‍ സന്തോഷമുണ്ട്. നീയിവിടുന്ന് പുറത്തുവരുന്നത് നല്ലൊരു മനുഷ്യനായിട്ടാവുമെന്നെനിക്കുറപ്പുണ്ട്..''
""അത് ഞാന്‍ വാക്ക് തരുന്നു മമ്മീ. ഒരുപുതിയ മനുഷ്യനായിട്ടാവും ഞാന്‍ പുറത്തെത്തുക. എനിക്കെന്റെ സഹോദരിമാരെയും ജാനറ്റിനെയും കാണണമെന്നുണ്ട്. അവര്മൂന്നും കൂടി ഒരുമിച്ചെന്നെ കാണാന്‍ വന്നാല്‍ സ്‌പെഷല്‍ അനുവാദം വേണ്ടി വരും. എന്തായാലും മമ്മിയിനി സമാധാനത്തോടെ പൊയ്‌ക്കോളൂ..'' ആല്‍ഫ്രഡ് പറഞ്ഞു.
ബെറ്റി തിരിച്ചുപോയി. നിറഞ്ഞ മനസോടെ ആല്‍ഫ്രഡ് സെല്ലിലേക്കും.
""മമ്മിക്ക് വളരെ സന്തോഷമുണ്ടെന്റെ മാറ്റം കണ്ടിട്ട്.''ഗാര്‍ഡ് വന്നപ്പോള്‍ ആല്‍ഫ്രഡ് പറഞ്ഞു.
""എനിക്കും സന്തോഷമുണ്ട്. ഇനിയുള്ള സമയം മതങ്ങളെകുറിച്ചും വിശ്വാസത്തെകുറിച്ചുമുള്ള പുസ്തകങ്ങള്‍ വായിക്കണം. അങ്ങനെ മാറ്റത്തിന്റെ വഴിയില്‍ വന്നെത്തിയാല്‍ നല്ല സ്വഭാവത്തിന്റെ പേരില്‍ തനിക്ക് ജയിലില്‍ നിന്ന് നേരത്തെ മോചനം ലഭിക്കാന്‍ സാധ്യതയുണ്ട്. കുറച്ചുപുസ്തകങ്ങള്‍ ഞാന്‍തരാം.''
""തീര്‍ച്ചയായും നന്ദിയുണ്ട് സര്‍. സാര്‍ തരുന്ന എല്ലാ പുസ്തകങ്ങളും എനിക്ക് വായിക്കണം. വായനക്കിടെ നോട്ടുകുറിക്കാനെനിക്കൊരു ബുക്കും പേനയും തരുമോ?.''ആല്‍ഫ്രഡ് ചോദിച്ചു.

""തീര്‍ച്ചയായും ..'' ഗാര്‍ഡ് പറഞ്ഞു. പിറ്റേന്നുരാവിലെ ഏതാനും പുസ്തകങ്ങളുമായി ഗാര്‍ഡെത്തി. ഹിന്ദു, ബുദ്ധ, യഹൂദ, ഇസ്ലാം മതങ്ങളെകുറിച്ചുള്ള ഗ്രന്ഥങ്ങള്‍ അതിലുണ്ടായിരുന്നു. പുസ്തകങ്ങളിലൂടെ കടന്നുപോയപ്പോള്‍ മതങ്ങള്‍ തമ്മിലെ അതിശയകരമായ സാമ്യം ആല്‍ഫ്രഡിന് പുതിയൊരറിവായി. ലോകത്തിനൊരു സൃഷ്ടാവുണ്ടെന്ന് എല്ലാ മതങ്ങളും വിശ്വസിക്കുന്നു. ചിലര്‍ ആ പ്രപഞ്ചനിയന്താതാവിനെ ദൈവമെന്ന് വിളിക്കുന്നു. ചിലര്‍ യഹോവയെന്നും ചിലര്‍ അള്ളാഹുവെന്നും. ലോകമെങ്ങനെയുണ്ടായെന്നും ആരാണിത് സൃഷ്ടിച്ചതെന്നുമുള്ള ചോദ്യങ്ങള്‍ക്ക് ഉത്തരംതേടി മനുഷ്യന്‍ നടത്തിയ അന്വേഷണങ്ങള്‍ക്കൊടുവിലായിരുന്നു മതങ്ങള്‍ പിറന്നത്. മതങ്ങള്‍ രൂപംകൊണ്ട സമയത്ത് ഭൂമി, സൂര്യന്‍, ചന്ദ്രന്‍, ആകാശത്തിലെ നക്ഷത്രങ്ങള്‍ എന്നിങ്ങനെയായിരുന്നു പ്രപഞ്ചത്തെകുറിച്ചുള്ള മനുഷ്യന്റെ കാഴ്ചപ്പാട്. ഭൂമി പരന്നതാണന്നായിരുന്നു പഴയകാലത്തെ വിശ്വാസം. ശാസ്ത്രത്തെകുറിച്ചും പ്രപഞ്ചത്തെകുറിച്ചും മതങ്ങളുടെ അറിവ് പരിമിതമായിരുന്നു. ദൈവത്തെ ആരാധിക്കാനുള്ള ഓരോ പ്രദേശത്തെയും മനുഷ്യന്റെ ശ്രമങ്ങളാണ് മതങ്ങളുടെ പിറവിക്ക് വഴിതെളിച്ചത്. ശൂന്യതയില്‍നിന്നും സൃഷ്ടാവിന്റെ ഇഷ്ടമനുസരിച്ച് പ്രപഞ്ചം രൂപപ്പെട്ടു. ആദ്യകാലത്ത് തന്റെ ശക്തിക്ക് അതീതമെന്ന് മനുഷ്യന് ബോധ്യപ്പെട്ട സൂര്യന്‍, തീയ് തുടങ്ങിയ പ്രപഞ്ചശക്തികളെ അവന്‍ ആരാധിച്ചു. പിന്നീടാണ് ദൈവത്തെ ആരാധിച്ചുതുടങ്ങിയത്. ഓരോ മതങ്ങളും ദൈവത്തെ എങ്ങനെ കണ്ടെത്തിയെന്നും അറിഞ്ഞുവെന്നും ശ്രദ്ധാലുവായൊരു വിദ്യാര്‍ഥിയുടെ മനസോടെ ആല്‍ഫ്രഡ് വായിച്ചു മനസിലാക്കി.


ഇന്ത്യയില്‍ രൂപപ്പെട്ട ഹിന്ദുമതത്തിന് പഴക്കമേറെയാണ്. ഹിന്ദുഫിലസഫിയുടെ ഉദ്ഭവം തന്നെ വേദങ്ങളില്‍ നിന്നാണ്. വേദങ്ങള്‍ക്ക് ആദിയും അവസാനവുമില്ലന്നാണ് വിശ്വസിക്കപ്പെടുന്നത്. വ്യത്യസ്തങ്ങളായ ആളുകള്‍ പല സമയങ്ങളില്‍ കണ്ടെത്തിയ ആധ്യാത്മികനിയമങ്ങളുടെ സമാഹാരങ്ങളാണ് വേദങ്ങളെന്ന് വിശേഷിപ്പിക്കാം. ആദിയും അന്തവുമില്ലാത്തതെന്ന സിദ്ധാന്തത്തിന് ഭൂമിയുടെ ഗുരുത്വാകര്‍ഷണബലത്തെകുറിച്ചുള്ള സിദ്ധാന്തം ഉദാഹരണമായെടുക്കാം. മനുഷ്യനാല്‍ കണ്ടുപിടിക്കപ്പെടും മുമ്പുതന്നെ ഭൂഗുരുത്വാകര്‍ഷണബലം ഭൂമിയില്‍ നിലനിന്നിരുന്നു. മനുഷ്യന്‍ നശിച്ചുപോയാലും ഭൂഗുരുത്വാകര്‍ഷണബലം ഭൂമിയിലുണ്ടാകും. അതേപോലെതന്നെ, മതങ്ങള്‍ രൂപപ്പെടും മുമ്പ് മനുഷ്യര്‍ തമ്മില്‍ നിലനിന്നിരുന്ന ബന്ധവും, പുരുഷനും സ്ത്രീയും തമ്മിലുണ്ടായിരുന്ന ബന്ധവും അത് മാനസികതലത്തിലായാലും ശാരീരികതലത്തിലായാലും മതങ്ങള്‍ നശിച്ചാലും തുടരും.

ശരീരവും ആത്മാവും വ്യത്യസ്ത അസ്തിത്വത്തിന്റെ ഭാഗമാണന്ന് ഹിന്ദുമതം കരുതുന്നു. പദാര്‍ഥംകൊണ്ട് നിര്‍മിതമായ ശരീരം നശ്വരമാണ്. ആത്മാവിനെ നശിപ്പിക്കാനാവില്ല. അതിന് ആദിയും അന്ത്യവുമില്ല. ആത്മാവ് സൃഷ്ടിക്കപ്പെട്ടതല്ല. ആയിരുന്നങ്കില്‍ അത് നശിച്ചേനെ. ഓരോ മനുഷ്യനും ഓരോ ആത്മാവാണന്ന് ഹിന്ദുമതം വിശ്വസിക്കുന്നു. വാള്‍കൊണ്ട് ആത്മാവിനെപിളര്‍ക്കാനാവില്ല, തീകൊണ്ട് കത്തിക്കാനാവില്ല, വെള്ളം കൊണ്ട് നനക്കാനാവില്ല, വായുകൊണ്ട് ഉണക്കാനുമാവില്ല. ഓരോ ആത്മാവും അതിരുകളില്ലാത്ത ഓരോ വൃത്തമാണന്നാണ് ഹിന്ദു വിശ്വാസം. ആത്മാവിന്റെ കേന്ദ്രം മനുഷ്യശരീരത്തിലാണ്. ഒരുശരീരത്തില്‍ നിന്നും മറ്റൊരു ശരീരംതേടിയുള്ള ഈ ആത്മകേന്ദ്രത്തിന്റെ മാറ്റമാണ് മരണം. ആത്മാവിന് മരണമില്ല. പദാര്‍ഥനിര്‍മിതമായ ശരീരത്തിന്റെ വ്യവസ്ഥകള്‍ ആത്മാവിന് ബാധകവുമല്ല. ആത്മാവ് സ്വതന്ത്രമാണ്, പരിശുദ്ധമാണ്, കുറ്റമറ്റതാണ്. ഒരു ശരീരത്തോടോ പദാര്‍ഥത്തോടോ അത് എല്ലായ്‌പോഴും ബന്ധപ്പെട്ട് കിടക്കുന്നുവെന്ന് മാത്രം. ഒരുശരീരത്തില്‍ നിന്ന് മറ്റൊന്നിലേക്ക് ആത്മാവ് അതിന്റെ കേന്ദ്രം മാറ്റുമ്പോള്‍ വര്‍ത്തമാനകാലകാര്യങ്ങള്‍ ഭൂതകാലത്തെ പ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തില്‍ നിശ്ചയിക്കപ്പെടുന്നു. ഭാവികാര്യങ്ങളാവട്ടെ, വര്‍ത്തമാനകാലപ്രവര്‍ത്തനങ്ങളുടെ അടിസ്ഥാനത്തിലും നിശ്ചയിക്കപ്പെടുന്നു.. മരണത്തില്‍നിന്നും മരണത്തിലേക്കും ജനനത്തില്‍ നിന്ന് ജനനത്തിലേക്കും ആത്മാവ് മാറിക്കൊണ്ടേയിരിക്കുന്നു. ആത്മാവ് ദൈവികമാണ്. പദാര്‍ഥവുമായി മാത്രം ബന്ധപ്പെട്ടാണ് ആത്മാവിന്റെ വ്യാപാരം. പദാര്‍ഥവുമായുള്ള ഈ ബന്ധനത്തില്‍നിന്ന് മോചിക്കപ്പെടുമ്പോള്‍, അഥവാ അപൂര്‍ണതയുടെയും മരണത്തിന്റെയും ദുരിതങ്ങളുടെയും ബന്ധനങ്ങളില്‍ നിന്ന് മോചനം അല്ലെങ്കില്‍ മുക്തി പ്രാപിക്കുമ്പോഴാണ് പൂര്‍ണത പ്രാപിക്കുക. ഇത് ദൈവത്തിന്റെ ദയ കൊണ്ടേ സംഭവിക്കൂ, കളങ്കമില്ലാത്തവരിലേ ഇത് സംഭവിക്കൂ. ദൈവത്തിന്റെ കരുണലഭിക്കാനുള്ള വ്യവസ്ഥ പരിശുദ്ധിയാണ്. ആത്മാവിനെ നിങ്ങള്‍ കണ്ടിട്ടുണ്ടെങ്കില്‍ ദൈവത്തെ കണ്ടു അഥവാ നിങ്ങള്‍ പൂര്‍ണത പ്രാപിച്ചുഎന്നര്‍ഥം. ആയിരിക്കുന്നതിലും ആയിത്തീരുന്നതിലുമാണ് ഹിന്ദുമതം വിശ്വസിക്കുന്നത്.
പൂര്‍ണരാകാനും ദൈവികതയിലേക്ക് വളരാനും ദൈവത്തിലെത്തിച്ചേരാനും ദൈവത്തെ കാണാനുമുള്ള മനുഷ്യന്റെ നിരന്തരസമരമാണ് ജീവിതം. നാം പൂര്‍ണതപ്രാപിച്ച് ദൈവത്തോടുകൂടി ആയിരുന്നാല്‍ ശാശ്വതമായ സന്തോഷവും അനുഗ്രഹവും നമുക്ക് സ്വന്തമാകും. ഹിന്ദുക്കള്‍ ദൈവത്തിന്റെ പ്രതിരൂപങ്ങളായി വ്യത്യസ്ത രൂപത്തിലുള്ള ബിംബങ്ങളെ ആരാധിക്കുന്നു. പരിശുദ്ധി,ദിവ്യത്വം, സത്യം, ശക്തി തുടങ്ങിയ ആശയങ്ങളൊക്കെയും വിവിധവിഗ്രഹങ്ങളില്‍ പ്രതിബിംബിക്കുന്നു.

ഹിന്ദുമതത്തെകുറിച്ചറിയാന്‍ ആല്‍ഫ്രഡ് മുമ്പ് ശ്രമിച്ചിരുന്നില്ലെങ്കിലും ഹിന്ദുഫിലസഫിയോട് ആല്‍ഫ്രഡ് മനസില്‍ താല്‍പര്യം ഉണ്ടാക്കിയെടുത്തു. ഒരാത്മാവ്, അഥവാ ജീവന്‍ നിഗൂഢമായാണ് അല്ലെങ്കില്‍ ദൈവത്തിന്റെ ശക്തിയാലാണ് ഈ ലോകത്ത് പ്രവേശിക്കുന്നത്. എങ്ങനെ അല്ലെങ്കില്‍ എന്തുകൊണ്ട് ഇത് സംഭവിക്കുന്നു എന്നതിന് വിശദീകരണമില്ല. ജീവന്റെ ലാളിത്യമാര്‍ന്ന രൂപങ്ങളായിട്ടാണ് അവയുടെ തുടക്കം. പക്ഷേ ശരീരം നശിക്കുന്നതോടെ ആത്മാവ് അപ്രത്യക്ഷമാകുന്നില്ല. ശരീരം അത് ധരിക്കുന്ന വസ്ത്രത്തെ എത്രമാത്രം ആശ്രയിക്കുന്നുവോ, താമസിക്കുന്ന ഭവനത്തെ നാം എത്രത്തോളം ആശ്രയിക്കുന്നുവോ അത്രമാത്രമേ ശരീരത്തെ ആത്മാവും ആശ്രയിക്കുന്നുള്ളൂ. വളരുന്നതിനനുസരിച്ച്, ഒരുവസ്ത്രം നമുക്ക് പാകമാകാതെവന്നാല്‍ കുറച്ചുകൂടി വലിയൊരു വസ്ത്രം നാം വാങ്ങാറില്ലേ? താമസിക്കുന്ന ഭവനം നമ്മുടെ ആവശ്യങ്ങള്‍ക്ക് മതിയാകാതെ വന്നാല്‍ കുറച്ചുകൂടി മുറികളുള്ള വലിയൊരുവീട്ടിലേക്ക് നാം താമസം മാറ്റില്ലേ? ശരീരത്തിന് സ്വാതന്ത്ര്യമുള്ള ഒരിടത്തേക്ക് ആത്മാവും യാത്രയാകുന്നു. ഒരാത്മാവ് അല്ലെങ്കില്‍ ജീവന്‍ അനേകം ശരീരങ്ങളിലൂടെ കടന്നുപോകുന്ന ഈ പ്രക്രിയയെ ആത്മാവിന്റെ പുനര്‍ജന്‍മം എന്നു പറയും. ജീവിതം, മരണം, പുനര്‍ജനനം തുടങ്ങിയ ജീവിതചക്രങ്ങളിലൂടെയുള്ള അവസാനമില്ലാത്ത ഈ കടന്നുപോക്കിനെ സംസ്കൃതത്തില്‍ സംസാര എന്നു പറയും. ഒരു മനുഷ്യശരീരം കിട്ടുന്നതുവരെ ആത്മാവ് ഈ യാത്ര തുടരും. ഈയവസ്ഥവരെ ആത്മാവിന്റെ വളര്‍ച്ച ഓട്ടോമാറ്റിക്കായി നടക്കും.

ആത്മാവ് മനുഷ്യശരീരത്ത് പ്രവേശിക്കുന്നതിനര്‍ഥം സ്വന്തം നിലനില്‍പിനെ സംബന്ധിച്ച് അവബോധം നേടിയെന്നാണ്. ആത്മാവ് ശരീരത്ത് പ്രവേശിച്ചുകഴിഞ്ഞാല്‍ കര്‍മ തുടങ്ങുകയായി. ഓരോരുത്തരുടെയും ജീവിതാവസ്ഥക്ക് ഉത്തരവാദി അവനവന്‍ തന്നെയാണ്. അര്‍ഹിക്കുന്നതാണ് ഓരോരുത്തര്‍ക്കും ലഭിക്കുന്നത്. ഇപ്പോള്‍ എങ്ങനെ ജീവിക്കുന്നുവോ അതിനനുസരിച്ചാവും ഓരോരുത്തരുടെയും ഭാവി ജീവിതം. നിയമങ്ങള്‍ നിറഞ്ഞൊരു ലോകത്തെയാണ് കര്‍മ മുന്നോട്ട് വെക്കുന്നത്. ഓരോ തീരുമാനത്തിനും അതിന്റേതായ പരിണിതഫലങ്ങളുണ്ടാവുമെന്ന് കര്‍മ അനുശാസിക്കുന്നു. മനുഷ്യശരീരങ്ങളിലൂടെയുള്ള ആത്മാവിന്റെ യാത്രയുടെ വിവിധഘട്ടങ്ങളെ ആത്മാവിന്റെ ഇഷ്ടങ്ങളും താല്‍പര്യങ്ങളും സ്വാധീനിക്കും. ആദ്യമായൊരാത്മാവ് ഒരുമനുഷ്യശരീരത്തില്‍ പ്രവേശിക്കുമ്പോള്‍

പുതിയ ഭൗതികചുറ്റുപാടുകള്‍ നല്‍കുന്ന സന്തോഷം ആസ്വദിക്കാനതിഷ്ടപ്പെടുന്നു. ജീവിതചക്രം ആവര്‍ത്തിക്കപ്പെടുന്നതോടെ സന്തോഷങ്ങള്‍ മടുപ്പിന് വഴിമാറുന്നു. ഈ മടുപ്പകറ്റാന്‍ ധനം, പ്രശസ്തി, അധികാരം എന്നിവയിലേക്ക് ചെറിയൊരു കാലയളവിലേക്കെങ്കിലും വ്യക്തികളുടെ താല്‍പര്യം ആകര്‍ഷിക്കപ്പെടാം. ഒരു താമരയില പോലെ വേണം, മനുഷ്യന്‍ ഈ ഭൂമിയില്‍ ജീവിക്കാനെന്ന് ഹിന്ദു ദൈവം ശ്രീകൃഷ്ണന്‍ പഠിപ്പിക്കുന്നു. വെള്ളത്തില്‍ വളരുമ്പോഴും വെള്ളം വീണ് നനയാത്ത താമരയില പോലെ, ഹൃദയം ദൈവത്തിനര്‍പ്പിച്ചും കൈകള്‍ കൊണ്ട് ജോലിചെയ്തും വേണം മനുഷ്യന്‍ ലോകത്ത് ജീവിക്കേണ്ടത്. പല ശരീരങ്ങളിലൂടെ കടന്നുപോകുമ്പോഴും പൂര്‍ണതനേടുകയാണ് ആത്മാവിന്റെ ലക്ഷ്യം. പൂര്‍ണത നേടുകയെന്നതിനര്‍ഥം ദൈവീകമാകുകയാണ്, ദൈവത്തിലെത്തിച്ചേരുകയാണ്, ദൈവത്തെ കാണുകയാണ്. ഒരിക്കല്‍ പൂര്‍ണത നേടിയാല്‍ ദൈവത്തെ സ്വന്തമാക്കി അനുഗ്രഹത്തിന്റേതായ ലോകം അവന് സ്വന്തമാകും. ഹിന്ദുമതത്തെകുറിച്ചും മനുഷ്യജീവിതത്തെ കുറിച്ചുള്ള അതിന്റെ നിര്‍വചനത്തെകുറിച്ചും മനസിലാക്കിയതോടെ മറ്റ് മതങ്ങളെകുറിച്ചറിയാനുള്ള ആല്‍ഫ്രഡിന്റെ താല്‍പര്യമേറി.
ഹിന്ദുമതത്തെപോലെതന്നെ ബുദ്ധമതവും 2500വര്‍ഷംമുമ്പ് ഇന്ത്യയില്‍ ഉദ്ഭവിച്ചു. ബുദ്ധമതസ്ഥാപകനായ സിദ്ധാര്‍ഥ ഗൗതമന്‍, ഒരുഡോക്ടര്‍ രോഗിയെ പരിശോധിക്കുന്ന ശ്രദ്ധയോടെ മനുഷ്യന്റെ അവസ്ഥകളിലേക്ക് കണ്ണുനട്ടു. രോഗവും നാശവും മരണവുമാണെല്ലായിടത്തുമെന്നദ്ദേഹം കണ്ടു. സന്തോഷവും ആഹ്ലാദവും ഒരുപോലെ ലോകത്ത് നിലനില്‍ക്കുന്നുവെങ്കിലും ഇതൊന്നും നശ്വരമല്ല. ജീവിതത്തില്‍ മനുഷ്യന് സന്തോഷം ലഭിക്കുമെങ്കിലും അത് നശ്വരവും ക്ഷണികവുമാണ്. സന്തോഷവേളയിലും മരണത്തെകുറിച്ചുള്ള ചിന്തകള്‍ നമുക്ക് വേദന നല്‍കും. ആഗ്രഹങ്ങളാണ് മനുഷ്യന്റെ ദുരിതങ്ങളുടെയെല്ലാം കാരണമെന്ന് ബുദ്ധന്‍ തിരിച്ചറിഞ്ഞു. ശരിയായ ചിന്തകളും ശരിയായ പ്രവര്‍ത്തികളും കൊണ്ട് ആഗ്രഹത്തെ ഇല്ലാതാക്കണം. പ്രശ്‌നങ്ങള്‍ക്ക് ബുദ്ധന്‍ കണ്ട പരിഹാരമാര്‍ഗം ഇതാണ്. ബുദ്ധമതത്തിന്റെ നിയമം ധര്‍മമാണ്. ധര്‍മമാര്‍ഗം പിന്തുടരാന്‍ ആഗ്രഹിക്കുന്നവര്‍ സ്വഭാവത്തില്‍ സ്വയം നിഷേധവും സന്തോഷത്തോടുള്ള അമിതതാല്‍പര്യവും ഉപേക്ഷിക്കണം. ലോകത്തിന്റെ സുഖങ്ങളോടും സന്തോഷങ്ങളോടുമുള്ള ആകര്‍ഷണവും സ്വയം പീഡനവും ഒരുപോലെ ഉപേക്ഷിക്കപ്പെടേണ്ടവയാണന്ന് ബുദ്ധന്‍ പറയുന്നു. രണ്ടും ലാഭകരമല്ല.
നിര്‍വാണം പ്രാപിക്കാന്‍ ബുദ്ധന്‍ എട്ട് മാര്‍ഗങ്ങള്‍ പഠിപ്പിക്കുന്നു. വിദ്വേഷവും അസൂയയും തുടച്ചുനീക്കി, അഹങ്കാരെത്ത, അഥവാ ഞാനെന്നഭാവത്തെ ഇല്ലാതാക്കുകയാണ് നിര്‍വാണയെന്നതുകൊണ്ട് ഉദ്ദേശിക്കുന്നത്. വേദനയുടെയും സഹനത്തിന്റെയും വഴികളെ അവസാനിപ്പിച്ച് ഒരുവ്യക്തി, ഒരു ജീവിതത്തില്‍നിന്നും മറ്റൊരു ജീവിതത്തിലേക്ക് യാത്രചെയ്യുന്ന അവസ്ഥയാണത്. ഹിംസിക്കരുത്,കള്ളം പറയരുത്, വഞ്ചിക്കരുത്,മോഷ്ടിക്കരുത്,മറ്റുള്ളവരോട് ദയയോടെ പെരുമാറണം തുടങ്ങി ധാര്‍മികതക്കൊരു നയരൂപീകരണം തന്നെ നിര്‍വാണയിലെത്താന്‍ ബുദ്ധന്‍ നിര്‍ദേശിക്കുന്നു. കഷ്ടപ്പാടിന്റെയും വേദനയുടെയും വഴികളെ അവസാനിപ്പിക്കുന്ന അവസ്ഥയാണത്. വിദ്വേഷത്തെ വിദ്വേഷം കൊണ്ടല്ല, സ്‌നേഹം കൊണ്ടേ കീഴടക്കാനാവൂ എന്ന് ബുദ്ധ പറയുന്നു. എല്ലാ മനുഷ്യന്റെയും സഹനങ്ങളെ ബുദ്ധമതം തിരിച്ചറിയുന്നു, അവ മറികടക്കാനുള്ള വഴികളും ആത്മവിശ്വാസവും അത് പകര്‍ന്നുതരുന്നു. ബുദ്ധമതത്തിലെ വിശ്വാസപ്രമാണങ്ങള്‍, ഉയര്‍ന്നവനെന്നും താഴ്ന്നവനെന്നും ധനവാനും പാവപ്പെട്ടവനുമെന്നും വിവേചനം കാട്ടുന്നില്ല. ആകാശം പോലെ വിശാലമാണിത്. ഇവിടെ ഏതൊരാള്‍ക്കും സ്ഥലമുണ്ട്. വെള്ളത്തെപോലെ ഇത് എല്ലാവരെയും കഴുകുന്നു.
ആത്മാവിനെ കുറിച്ച ബുദ്ധമത ചിന്തകളിലെ വ്യത്യസ്തത ആല്‍ഫ്രഡിനെ ആകര്‍ഷിച്ചു. ജീവ അല്ലെങ്കില്‍ ആത്മന്‍ ഒരു പ്രത്യേകഘട്ടത്തില്‍ പൂര്‍ണത അല്ലെങ്കില്‍ മുക്തിയെ പ്രാപിക്കുന്നു എന്ന് ഹിന്ദുമതം പഠിപ്പിക്കുന്നു. ആത്മാവിനെകുറിച്ച ഹിന്ദു ആശയങ്ങളെയും അനശ്വരമായ ആത്മാവുണ്ടെന്ന വാദത്തെയും ബുദ്ധന്‍ നിഷേധിക്കുന്നു. ഒരുവ്യക്തിയെ കാളവണ്ടിയോടാണ് ബുദ്ധന്‍ ഉപമിക്കുന്നത്. ചക്രങ്ങള്‍, ഉടല്‍, തുടങ്ങി എല്ലാ ഭാഗങ്ങളും ഒരുമിച്ച്‌ചേരുമ്പോഴാണ് ഒരുകാളവണ്ടിപൂര്‍ണമാകുന്നത്. ഓരോ ഘടകങ്ങളും വേറിട്ട്‌നിന്നാല്‍ കാളവണ്ടിയാകില്ല. ഇതേപോലെ തന്നെ സ്കന്ദാസ് എന്ന അഞ്ച് പദാര്‍ഥങ്ങള്‍ ചേര്‍ന്നാണ് ഒരുവ്യക്തി രൂപം കൊള്ളുന്നതെന്ന് ബുദ്ധന്‍ പഠിപ്പിച്ചു. സ്കന്ദാസ് നിരന്തരം മാറ്റത്തിന് വിധേയമായിരിക്കും. പദാര്‍ഥവും ആശയങ്ങളും വികാരങ്ങളും ബോധതലവുമെല്ലാം ചേര്‍ന്നതാണ് സ്കന്ദാസ്. അഷ്ടാംഗമാര്‍ഗങ്ങള്‍ പിന്തുടരുകവഴി ആളുകള്‍ അവരുടെ സ്വത്വത്തെകുറിച്ചുള്ള തെറ്റായ ആശയങ്ങള്‍ ഉപേക്ഷിക്കുമെന്നും നിര്‍വാണയിലെത്തുമെന്നും ബുദ്ധന്‍ പറയുന്നു. മരണത്തിന് കീഴടങ്ങിയ മകന്റെ മൃതശരീരം തന്റെ അരികിലെത്തിച്ച സ്ത്രീയോട് ബുദ്ധന്‍ പറഞ്ഞ ഉപമ ആല്‍ഫ്രഡിനെ ആകര്‍ഷിച്ചു. ഒരുചെറിയ കടുകുമണിയുമെടുത്ത് തനിക്കരികിലെത്താന്‍ ബുദ്ധന്‍ സ്ത്രീയോടാവശ്യപ്പെട്ടു. പക്ഷേ ഒരിക്കലും മരണം നടന്നിട്ടില്ലാത്ത വീട്ടില്‍നിന്നു വേണം കടുകുമണി കൊണ്ടുവരാനെന്ന് അദ്ദേഹം നിര്‍ദേശിച്ചു. സ്ത്രീ വളരെ അന്വേഷിച്ചെങ്കിലും അങ്ങനെയൊരു ഭവനം കണ്ടെത്താനായില്ല. തന്നെപോലെ തന്നെ ഉറ്റവരെ നഷ്ടപ്പെട്ട നിരവധിപേരെ അവള്‍ക്ക് കാണാനുമായി. മറ്റുള്ളവരുടെ വേദനകള്‍ കാണാനിടവന്നപ്പോള്‍ ആ സ്ത്രീ സ്വന്തം ദുഖം മറന്നു. മരണം സ്വാഭാവികമായും സാധാരണയായും സംഭവിക്കുന്നൊരു കാര്യമാണന്ന സന്ദേശം ആ സ്ത്രീക്ക് നല്‍കുകയായിരുന്നു ബുദ്ധ ലക്ഷ്യമിട്ടത്.
ഓരോ മതങ്ങളെയും അവയെ കുറിച്ചുള്ള പഠനങ്ങളെയും പരാമര്‍ശിക്കുന്ന നിരവധി പുസ്തകങ്ങള്‍ ആല്‍ഫ്രഡ് വായിച്ചു. ഓരോ തവണയും ബെറ്റിയെത്തുമ്പോള്‍ വായിച്ചതിനെകുറിച്ച് ആല്‍ഫ്രഡ് വിശദമായി സംസാരിക്കും. മാസങ്ങള്‍ കടന്നുപോയി. ഒരുദിവസം സന്ദര്‍ശകമുറിയില്‍ അപ്രതീക്ഷിതമായെത്തിയ ജാനറ്റിനെകണ്ട് ആല്‍ഫ്രഡ് അതിശയിച്ചു. ഒരുനിമിഷം ആല്‍ഫ്രഡ് എല്ലാം മറന്നു ജാനറ്റിനെ നോക്കിനിന്നു. ആ മിഴികളിലെ പ്രതീക്ഷയുടെ തിളക്കം അയാള്‍ ശ്രദ്ധിച്ചു. നിറചിരിയോടെ അയാള്‍ അവളെ സ്വാഗതംചെയ്തു.

""ജാനറ്റ് നീ ഇന്നുവരുമെന്ന് ഞാനറിഞ്ഞിരുന്നില്ല, നമ്മുടെ മോനെവിടെ ജാനറ്റ്? അവനെകുറിച്ച് ചോദിക്കാനും പറയാനും എന്തവകാശമാ ഈ പാപിക്കുള്ളതല്ലേ ജാനറ്റ്? എന്നാലും നീയെന്നെ കാണാന്‍ വന്നല്ലോ.'' പറയുമ്പോള്‍ ആല്‍ഫ്രഡിന്റെ മിഴികള്‍ നിറയുന്നത് ജാനറ്റ് ശ്രദ്ധിച്ചു.
"" വിഷമിച്ചിട്ട് കാര്യമില്ലാല്‍ഫ്രഡ്. ഇങ്ങനെയൊക്കെ സംഭവിക്കണെമന്നത് ദൈവനിശ്ചയമാരുന്നിരിക്കും. മമ്മി മോനുമായി അടുത്ത മുറിയിലിരിപ്പുണ്ട്. ഒരാള്‍ക്കല്ലേ ഒരുസമയത്ത് സന്ദര്‍ശനം അനുവദിക്കൂ.''
"" മോനേ കൊണ്ടുവന്നെന്നോ? എനിക്കവനെ കണ്ണ് നിറച്ചൊന്നു കാണണം. ''അയാള്‍ പ്രതീക്ഷയോടെ പുറത്തേക്കുനോക്കി.
"" എങ്ങനുണ്ടാല്‍ഫ്രഡ് ഇവിടെ? മമ്മി എന്നും പറയും, ആല്‍ഫ്രഡിനെ കാണണമെന്ന്. അതാ ഞാന്‍ വന്നത്്? .''
""ജാനറ്റ് .....തനിക്കെങ്ങനെയെന്നോട് ക്ഷമിക്കാന്‍ കഴിഞ്ഞു.? തന്നോട് ചെയ്തതിനെല്ലാം ഞാന്‍ ക്ഷമ ചോദിക്കുന്നു. ഞാന്‍ തെറ്റുകളെകുറിച്ച് ബോധമില്ലാത്തൊരു ചീത്തമനുഷ്യനായിരുന്നു ഇത്രകാലവും. സ്‌നേഹമെന്താണന്ന്, അതിന്റര്‍ഥമെന്താണന്ന് ഞാന്‍ അറിഞ്ഞിരുന്നില്ല. എല്ലാ സ്ത്രീകളും എന്നെ വെറുക്കുന്നുവെന്നാ ഞാന്‍ കരുതിയത്. പക്‌ഷേഞാന്‍ തന്നെ എന്നും സ്‌നേഹിച്ചിട്ടേയുള്ളൂ ജാനറ്റ്. ആ സ്‌നേഹത്തിനിന്നും കുറവ് വന്നിട്ടുമില്ല. ഞാനീ ജയിലില്‍ നിന്ന് പുറത്തുവരും വരെ താനെനിക്കായി കാത്തിരിക്കണം. തന്നോടൊപ്പം ജീവിക്കണമെന്നാണെന്റെ ആഗ്രഹം. നിന്നെ എനിക്ക് സ്‌നേഹിക്കണം, നിന്റെ കാര്യങ്ങള്‍ ശ്രദ്ധിക്കണം. ഞാനിന്നൊരു പുതിയ മനുഷ്യനാ. സങ്കീര്‍ത്തനങ്ങളുടെ പുസ്തകം വായിച്ചതാണെന്റെ ജീവിതത്തില്‍ വഴിത്തിരിവായത്. നല്ലതും ചീത്തയും തമ്മിലും ശരിയും തെറ്റും തമ്മിലും സ്‌നേഹവും വെറുപ്പും തമ്മിലുമുള്ള വ്യത്യാസത്തെകുറച്ച് ഞാനിന്ന് ബോധവാനാണ്..''
ഒരു നിമിഷം മിണ്ടാതെ നിന്നിട്ട് ജാനറ്റ് പറഞ്ഞു. ""മമ്മി എന്നോട് പറഞ്ഞിരുന്നൂ ആല്‍ഫ്രഡ് നന്നായി മാറിയിട്ടുണ്ടെന്ന്. അതുകൊണ്ടാ ഞാന്‍ തന്നെക്കാണാന്‍ വന്നതുതന്നെ. ഞാന്‍ ആല്‍ഫ്രഡിനെ സ്‌നേഹിച്ചിട്ടേയുള്ളൂ എന്നും. പക്ഷേ താനെന്നും ഒരുമൃഗത്തെ പോലെയാ എന്നെ കരുതിയത്. ഒരു പെണ്ണിനെ കൊന്നിട്ടുണ്ടെന്ന കാര്യം നിങ്ങളെന്നോട് പറഞ്ഞിട്ടുമില്ല. .''
""നീ ക്ഷമിക്കണം ജാനറ്റ്. അത് ഞാന്‍ മനപൂര്‍വം ചെയ്തതല്ല. യാദൃശ്ഛികമായി സംഭവിച്ചതാണ്. അവളെന്നെ കുത്താന്‍ കത്തിയുമായി പിന്നാലെ ഓടിവന്നു. രക്ഷപ്പെടാനുള്ള ശ്രമത്തില്‍ കത്തി വാങ്ങി എനിക്കവളെ കുത്തേണ്ടി വന്നു. അത് മനപൂര്‍വമായിരുന്നില്ല. '' ആല്‍ഫ്രഡ് പറഞ്ഞു.
""നീ പറയുന്നതൊക്കെയും എനിക്ക് വിശ്വാസമാ ആല്‍ഫ്രഡ്. ഞാനിനിയെത്ര കാലം നിനക്കായി കാത്തിരിക്കണം.?.''
""പത്തുവര്‍ഷമെങ്കിലും കഴിയണം എനിക്ക് പരോള്‍ ലഭിക്കാന്‍. എങ്ങനെപോയാലും ഇനിയും ഒമ്പതാണ്ടെങ്കിലും എനിക്കുവേണ്ടി കാത്തിരിക്കേണ്ടിവരും. .....'' അയാള്‍ പ്രതീക്ഷയോടെ ജാനറ്റിനെ നോക്കി. ജാനറ്റ് ഒരുനിമിഷം മിണ്ടാതെ നിന്നിട്ട് ആല്‍ഫ്രഡിനു നേരേനോക്കി പറഞ്ഞു.
""ഞാനിന്നും നിന്നെ സ്‌നേഹിക്കുന്നു. നിന്റെ മമ്മിയേം എനിക്കിഷ്ടമാ. ..''
ആല്‍ഫ്രഡിന്റെ കണ്ണുകള്‍ വിടര്‍ന്നു. അയാള്‍ നന്ദിയോടെ ജാനറ്റിനെ നോക്കിപറഞ്ഞു. ""ശരി ജാനറ്റ്. നീ ഇപ്പോഴുമെന്നെ സ്‌നേഹിക്കുന്നുവെന്ന് പറഞ്ഞതില്‍ സന്തോഷമുണ്ട്. ഇപ്പോഴാ എനിക്കല്‍പം സമാധാനമായത്...എന്റെ ജീവിതത്തിനൊരര്‍ഥമുണ്ടായത്്..''
""എനിക്ക് മനസിലാകുന്നുണ്ടാല്‍ഫ്രഡ്. ഞാനെന്റെ വാക്ക് പാലിക്കും. നിനക്കായെത്ര കാലം വേണമെങ്കിലും കാത്തിരിക്കും. ''
""ശരി ജാനറ്റ്. മമ്മിക്കൊപ്പം ഇടക്ക് നീയും കൂടി ഇവിടേക്ക് വരണം.''
"" തീര്‍ച്ചയായും. പോയി വരാം ആല്‍ഫ്രഡ്.'' ജാനറ്റ് പോയി മറയുന്നത് ആല്‍ഫ്രഡ് നോക്കിനിന്നു.
നിമിഷങ്ങള്‍ക്കുള്ളില്‍ ബെറ്റി കുഞ്ഞുമായി വന്നു. കുഞ്ഞിനെ കണ്ടതേ ആല്‍ഫ്രഡ് ഓടിയെത്തി അവനെ കൈകളിലെടുത്ത് തുരുതുരാ ഉമ്മവച്ചു. കളങ്കമില്ലാത്ത പുഞ്ചിരിയുമായി കുഞ്ഞ,് ആല്‍ഫ്രഡിനെ നോക്കി കൈകാലുകളിളക്കി കളിച്ചുകൊണ്ടിരുന്നു. ""മമ്മിയിവനെ ഡേവിഡെന്ന് വിളിച്ചോ?''
ഉവ്വെന്ന് ബെറ്റി തലയാട്ടി.
"" ഡേവിഡ്, നിന്നെ കാണുമ്പോളെനിക്ക് വിഷമമുണ്ട് മോനേ. നിന്റെ പപ്പയെ നിനക്കിവിടെ വന്ന് കാണേണ്ടിവന്നല്ലോ. നീ വളരുമ്പോ പപ്പയെ പോലാകരുത്, ദാവീദ് രാജാവിനെപോലെ മിടുക്കനാകണം. ജാനറ്റിനെ കൊണ്ടുവന്നതില്‍ സന്തോഷമുണ്ട് മമ്മി. ഇന്നെന്റെ ജീവിതത്തിലെ സന്തോഷം നിറഞ്ഞ ദിവസമാ. ജാനറ്റെന്നെയിപ്പോഴും സ്‌നേഹിക്കുന്നുണ്ടല്ലോ.'' ആല്‍ഫ്രഡിന്റെ മുഖം
""എനിക്കുമിത് സന്തോഷത്തിന്റെ ദിവസമാ ആല്‍ഫ്രഡ്. ദൈവമേ നന്ദി. ജയിലിലാണെങ്കിലും എന്റെ മോനിപ്പോ നല്ലവനായല്ലോ. എനിക്കാശ്രയത്തിന് അവന്റെ ഭാര്യയുമുണ്ടല്ലോ..'' ബെറ്റി പറഞ്ഞു. ബെറ്റി പോയതോടെ ആല്‍ഫ്രഡ് സെല്ലിലേക്ക് തിരിച്ചുപോയി. ""എല്ലാരും എന്നോട് ക്ഷമിക്ക്. എനിക്കിനി ജീവിതത്തില്‍ ഇതിലും വലിയ ആഗ്രഹമൊന്നുമില്ല. ഞാനിന്ന് സന്തോഷമുളള മനുഷ്യനാ...'' ആത്മഗതം പോലെ ആല്‍ഫ്രഡ് പറഞ്ഞു. (തുടരും)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക