Image

കണക്കു നോക്കുന്നു നാം........(കവിത: തൊടുപുഴ കെ ശങ്കര്‍, മുംബൈ)

Published on 26 October, 2018
കണക്കു നോക്കുന്നു നാം........(കവിത: തൊടുപുഴ കെ ശങ്കര്‍, മുംബൈ)
കണക്കു നോക്കാതേകും ഈശന് കൊടുക്കുമ്പോള്‍
കൂട്ടിക്കിഴിക്കുന്നു നാം, ഓരോരോ കാര്യത്തിലും!
കിട്ടുമ്പോള്‍ ചൊല്ലാറില്ല, ന്യായമാം കൃതജ്ഞത
കിട്ടിയാല്‍ കാട്ടുന്നതോ, നിന്ദ്യമാം കൃതഘ്‌നത!

നേരുന്ന നേരത്തെത്ര കേമമായ് നേരുന്നെന്നാല്‍
നല്‍കുന്ന നേരത്തതി ലോഭവും അനിഷ്ടവും!
ഉടയ്ക്കും നാളികേര മേറ്റവും ചെറുതാകും
ഉണ്ടിയിലിടുന്നതോ തുച്ഛനാണയങ്ങളും!

പൂക്കളും പഴങ്ങളും ഫലമൂലാദികളും
പൂജാവിധികള്‍ക്കുള്ള വസ്തുക്കളഖിലവും,
ഏറ്റവും വിലക്കുറവുള്ളതു തിരയുന്നു
ഏകുന്നതു തുലോം തുച്ഛവും പുച്ഛിപ്പതും!

പാലം കടക്കും വരെ ചൊല്‍വത് നാരായണ
പാലം കടന്നാല്‍ പിന്നെ ചൊല്‍വത് മറിച്ചാകും!
നല്ലപ്പോള്‍ പോകാറില്ല ദേവാലയത്തി, ലെന്നാല്‍
അല്ലലു വന്നാല്‍ പിന്നെ തുടങ്ങും സന്ദര്‍ശനം!

ഭഗവദ് നാമങ്ങളോ, ശ്ലോകമോ ചൊല്ലാറില്ല
ഭഗങ്ങള്‍ നല്‍കും ഭഗവാനെ സ്മരിക്കാറില്ല!
ഭക്ഷണം നിത്യം വേണം കൃത്യമാം സമയത്തില്‍
ഭംഗം വരാതെ വേണം നിദ്രയുമതുപോലെ!

നിനച്ച പോല്‍ തന്‍ കാര്യം, നടന്നില്ലെന്നാലതു
നിനയ്ക്കും നേരത്തെല്ലാം പഴിയും പരാതിയും!
കാംക്ഷിക്കും അഭിലാഷം, നടക്കാതിരിപ്പതു
കര്‍മ്മഫലമാണെന്ന ചിന്തയും വരാറില്ല!

ഇന്നു നീ സ്വന്തമെന്നു ചിന്തിപ്പതഖിലവും
ഈശ്വരന്‍ കനിഞ്ഞിട്ട ഭിക്ഷയെന്നറിക നീ!
ഉണരൂ മര്‍ത്ത്യാ, സ്വയമറിയൂ, ജഗദീശന്‍
ഉണര്‍ന്നാണിരിപ്പതു, സര്‍വ്വദാ നമ്മെ കാപ്പാന്‍!
........................................
Join WhatsApp News
പ്രീതൻ 2018-10-26 23:27:13
തന്നുള്ളിൽ വാഴുന്ന ദൈവത്തിനെന്തിനു
നൂറിന്റെ നോട്ടും തേങ്ങാക്കുലയും
പാവങ്ങൾ‌ക്കായതു ദാനമായ് നൽകുകിൽ
ഉള്ളിലുള്ളീശ്വരൻ പ്രീതനാകും
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക