Image

അണക്കെട്ടുകള്‍ ഒരുമിച്ചു തുറന്നത്‌ പ്രളയത്തിന്റെ വ്യാപ്‌തി കൂട്ടിയെന്ന്‌ പഠനം

Published on 27 October, 2018
അണക്കെട്ടുകള്‍ ഒരുമിച്ചു തുറന്നത്‌ പ്രളയത്തിന്റെ വ്യാപ്‌തി കൂട്ടിയെന്ന്‌ പഠനം

ന്യൂഡല്‍ഹി: കേരളത്തിലുണ്ടായ പ്രളയത്തിന്റെ വ്യാപ്‌തി കൂടാന്‍ കാരണം വിവിധ സര്‍ക്കാര്‍ ഏജന്‍സികളുടെ വീഴ്‌ചയാണെന്ന്‌ ദേശീയ ദുരന്ത നിവാരണ ഇന്‍സ്റ്റിറ്റിയൂട്ടും ഡല്‍ഹി ജവഹര്‍ ലാല്‍ നെഹ്‌റു സര്‍കലാശാലയും ചേര്‍ന്ന്‌ നടത്തിയ പഠനത്തില്‍ കണ്ടെത്തി. കോട്ടയം, ആലപ്പുഴ, ഇടുക്കി, പത്തനംതിട്ട ജില്ലകളിലെ 20 താലൂക്കുകളിലാണ്‌ സംഘം പഠനം നടത്തിയത്‌. അണക്കെട്ടുകള്‍ ഒരുമിച്ച്‌ തുറന്നതാണ്‌ പ്രളയത്തിന്‌ കാരണമായതെന്ന പ്രതിപക്ഷ ആരോപണം ശരിവെ്‌ക്കുന്നതാണ്‌ സമിതിയുടെ കണ്ടെത്തല്‍.

2005ലെ ദുരന്ത നിവാരണ നിയമത്തിന്റെ അടിസ്ഥാനത്തില്‍ 2007ല്‍ തന്നെ സംസ്ഥാനത്ത്‌ ദുരന്ത നിവാരണ അതോറിറ്റി സ്ഥാപിച്ചുവെങ്കിലും ദുരന്തങ്ങളെ നേരിടാനുള്ള പദ്ധതി 2013ലാണ്‌ അതോറിറ്റി തയ്യാറാക്കുന്നത്‌. ദുരന്ത സാധ്യത വിലയിരുത്തി ഓരോ വര്‍ഷവും പുതുക്കേണ്ട ഈ പദ്ധതി തയ്യാറാക്കിയിരിക്കുന്നത്‌ 2010ലെ കണക്കുകള്‍ അനുസരിച്ചാണ്‌. കാലഹരണപ്പെട്ട ഈ പദ്ധതി അനുസരിച്ചാണ്‌ കേരളം പ്രളയത്തെ നേരിടാന്‍ ഒരുങ്ങിയത്‌.
ഇതിന്റെ ഫലമായി ദുരന്തം മുന്‍കൂട്ടി പ്രവചിക്കുന്നത്‌ അടക്കമുള്ള കാര്യങ്ങളില്‍ വീഴ്‌ച സംഭവിച്ചുവെന്ന്‌ സമിതിയുടെ റിപ്പോര്‍ട്ടില്‍ പറയുന്നു.

കനത്ത മഴയുണ്ടാകുമെന്ന്‌ കേന്ദ്രകാലാവസ്ഥാ നിരീക്ഷണ കേന്ദ്രം മുന്നറിയിപ്പ്‌ നല്‍കിയിട്ടും കേരളത്തിലെ അണക്കെട്ടുകള്‍ തുറന്നുവിടാന്‍ വൈകിയതും പ്രളയത്തിന്‌ കാരണമായെന്ന്‌ സമിതിയുടെ റിപ്പോര്‍ട്ടില്‍ തുടരുന്നു. ആഗസ്റ്റ്‌ 9 മുതല്‍ 15 വരെ മഴയുണ്ടാകുമെന്ന്‌ കാലാവസ്ഥ നിരീക്ഷണ കേന്ദ്രം നേരത്തെ തന്നെ മുന്നറിയിപ്പ്‌ നല്‍കിയിരുന്നു.
ആഗസ്റ്റ്‌ ഏഴിന്‌ ഡാം സേഫ്‌റ്റി അതോറിറ്റി നടത്തിയ വാര്‍ത്താ സമ്മേളനത്തില്‍ അണക്കെട്ടുകള്‍ തുറക്കുന്നത്‌ സംബന്ധിച്ച്‌ ഒരു പദ്ധതിയും പ്രഖ്യാപിച്ചിരുന്നില്ല. ഒരാഴ്‌ചക്ക്‌ ശേഷം 38 അണക്കെട്ടുകള്‍ ഒരുമിച്ച്‌ തുറന്നപ്പോഴേക്കും സംസ്ഥാനത്തെ ഏറ്റവും വലിയ അണക്കെട്ടായ ഇടുക്കി പരമാവധി സംഭരണ ശേഷിയിലെത്തിയിരുന്നു.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക