Image

വിശുദ്ധ പോള്‍ (ഡോ. ഡി.ബാബു പോള്‍)

Published on 27 October, 2018
വിശുദ്ധ പോള്‍ (ഡോ. ഡി.ബാബു പോള്‍)

പോള്‍ ആറാമനെ റോമാ സഭ വിശുദ്ധനായി പ്രഖ്യാപിച്ചു. ദൈവം കണ്ട വിശുദ്ധി മനുഷ്യന്‍ തിരിച്ചറിയുന്ന പ്രക്രിയയാണ് ഇത്തരം പ്രഖ്യാപനങ്ങള്‍. ഭാരതം സന്ദര്‍ശിച്ച ആദ്യത്തെ മാര്‍പ്പാപ്പയാണ് പോള്‍. വ്യക്തിപരമായി പറഞ്ഞാല്‍ ഞാന്‍ നേരിട്ട് അടുത്തു കണ്ട് സംസാരിച്ച ആദ്യത്തെ മാര്‍പ്പാപ്പയും പോള്‍ തന്നെ. പോളിന് ചെറുപ്പമായിരുന്നതുകൊണ്ട് മാര്‍പ്പാപ്പയായി എന്ന് ലോകം കരുതുന്ന ജോണ്‍ നല്ല പാപ്പാ എന്നാണ് അറിയപ്പെട്ടിരുന്നത്.

നല്ല പാപ്പായുടെ പ്രഗല്‍ഭനായ പിന്‍ഗാമിയായിരുന്നു പോള്‍ VI. ഒന്നരപ്പതിറ്റാണ്ട് മാര്‍പ്പാപ്പയായിരുന്നു പോള്‍. രണ്ടാം വത്തിക്കാന്‍ സുന്നഹദോസ് തുടരുകയും ഓര്‍ത്തഡോക്‌സ് സഭകളുമായി മാത്രവുമല്ല ഏതാണ്ട് എല്ലാ ചിന്താഗതിക്കാരുമായും അടുത്ത ബന്ധം നിലനിര്‍ത്തുകയും ചെയ്തു.

പീയൂസ് XII ന്റെ വിശ്വസ്തരായിരുന്നു തര്‍ദീനിയും മൊണ്ടീനിയും ഇറ്റലിയിലെ ഏറ്റവും വലിയ അതിരൂപതയിലേക്ക് മൊണ്ടീനിയെ നിയോഗിച്ച പിയൂസ് അദ്ദേഹത്തെ അന്ന് കര്‍ദ്ദിനാള്‍ ആക്കിയില്ല. ആക്കിയിരുന്നുവെങ്കില്‍, ഒരു പക്ഷേ ജോണ്‍ XXIII എന്ന മാര്‍പ്പാപ്പ ഉണ്ടാകുമായിരുന്നില്ല. പരിശുദ്ധാത്മാവിന്റെ വികൃതികള്‍ എന്ന് പറയാം, എം. മുകുന്ദന്റെ രചനയുടെ പേര് ഓര്‍ത്തുകൊണ്ട് !

റൊങ്കാലിയുടെ ദാരിദ്ര്യം മൊണ്ടീനി ഒരിക്കലും അറിഞ്ഞില്ല. അപ്പന്‍ മൊണ്ടീനി വക്കീലും സഭയിലെ അല്‍മായ നേതാവും ഇറ്റാലിയന്‍ പാര്‍ലമെന്റിലെ അംഗവും ആയിരുന്നു. അമ്മ ജിയുദേത്ത ഒരു ജന്മി കുടുംബത്തിന്റെ സമ്പന്ന പശ്ചാത്തലം പേറിയവള്‍. ഒരു സഹോദരന്‍ ഡോക്ടര്‍. മറ്റെയാള്‍ വക്കീലും രാഷ്ട്രീയ നേതാവും. അല്ലറ ചില്ലറ രോഗങ്ങള്‍ അലട്ടിയെന്നതൊഴിച്ചാല്‍ ക്ലേശങ്ങള്‍ അറിയാതെയാണ് മൊണ്ടീനി വളര്‍ന്നത്.

കര്‍ദ്ദിനാള്‍ പിസാര്‍ദോയുടെ ശ്രദ്ധയില്‍പെട്ടതാവാം മൊണ്ടീനിയുടെ ജീവിതത്തിന്റെ ഗതി തിരിച്ചു വിട്ടത്. വത്തിക്കാന്‍ കൂരിയയിലെ കരുത്തന്മാരില്‍ ഒരാളിയാരുന്നു പിസാര്‍ദോ. വൈദികനായ ശേഷം മൊണ്ടീനിയുടെ ബിരുദാനന്തരബിരുദ പഠനമൊക്കെ പിസാര്‍ദോ കാട്ടിയ വഴിയെ ആയിരുന്നു. ഇരുപത്തിയഞ്ചാമത്തെ വയസ്സില്‍ പിസാര്‍ദോയുടെ കീഴില്‍ വത്തിക്കാനിലെ സ്റ്റേറ്റ് ഡിപ്പാര്‍ട്ടുമെന്റില്‍ എത്തി. പിന്നീടങ്ങോട്ട് മൊണ്ടീനിയുടെ വളര്‍ച്ച പിസാര്‍ദോയെ അതിശയിക്കുന്ന മട്ടിലായി. അതോടെ അവര്‍ തമ്മില്‍ അത്ര സുഖമല്ലാതായി എന്ന് പറയപ്പെടുന്നുണ്ടെങ്കിലും 1963 ലെ കോണ്‍ക്ലേവില്‍ മൊണ്ടീനി പിസാര്‍ദോയെ നിര്‍ദ്ദേശിച്ചു എന്ന കരക്കമ്പിയും. 1968 വരെ പിസാര്‍ദോ വത്തിക്കാനില്‍ പോളിന്റെ സഹകാരിയായി തുടര്‍ന്നു എന്ന വസ്തുതയും പോള്‍ നടത്തിയ അവസാനയാത്ര പിസാര്‍ദോയുടെ ഓര്‍മ്മക്കുര്‍ബാന ചൊല്ലാന്‍ വേണ്ടി ആയിരുന്നു എന്ന തെളിവും കൂടെ ഇവിടെ ചേര്‍ത്ത് പറയേണ്ടതുണ്ട്.

പോളണ്ടിലൊഴികെ റോമിന് പുറത്ത് എങ്ങും പ്രവര്‍ത്തിക്കേണ്ടിവന്നില്ല മൊണ്ടീനിക്ക്. എന്നാല്‍ ആ ഹ്രസ്വകാലം അതിരില്ലാത്ത ദേശീയതാ ബോധം ജനിപ്പിക്കുന്ന അപകടം തിരിച്ചറിയാന്‍ അദ്ദേഹത്തെ സഹായിച്ചു. വിദേശികളെ, വിശേഷിച്ചും അതിര്‍ത്തി പങ്കിടുന്ന വിദേശികളെ ശത്രുക്കളായി കാണാന്‍ അത് പ്രേരിപ്പിക്കുന്നു. സ്വന്തം രാജ്യം വികസിപ്പിക്കാന്‍ അയല്‍രാജ്യം ആക്രമിക്കുന്ന ത് അടുത്തഘട്ടം, ശ്വാസം മുട്ടിയാണ് ഞങ്ങള്‍ ജീവിക്കുന്നത് എന്ന ധാരണ. യുദ്ധങ്ങള്‍ക്കിടയിലെ ഇടവേളയാകുന്നു സമാധാനം എന്ന് മൊണ്ടീനി രേഖപ്പെടുത്തിയിട്ടുണ്ട്. മാര്‍പ്പാപ്പ ആയപ്പോള്‍ പോളണ്ടിലേക്ക് ഒരു മരിയന്‍ തീര്‍ഥാടനം നടത്താന്‍ അദ്ദേഹം ആഗ്രഹിച്ചെങ്കിലും കമ്യൂണിസ്റ്റ് സര്‍ക്കാര്‍ അനുവദിച്ചില്ല എന്നത് ഇതിനൊപ്പം വായിക്കേണ്ട സത്യം.

പീയൂസ് XII കര്‍ദ്ദിനാളും സ്റ്റേറ്റ് സെക്രട്ടറിയും ആയിരിക്കുമ്പോള്‍ മൊണ്ടീനി പേപ്പല്‍ അക്കാദമിയില്‍ അധ്യാപകനായി. ചരിത്രമായിരുന്നു വിഷയം. മജിസ്‌തേര്‍ വിത്തേ - ജീവിതത്തിന്റെ ഗുരു - എന്നാണ് ചരിത്രത്തെ മൊണ്ടീനി വിശേഷിപ്പിച്ചത്. രണ്ടാം ലോക മഹായുദ്ധം തുടങ്ങിയ കാലത്ത് വത്തിക്കാനില്‍ ത്രിമൂര്‍ത്തികളില്‍ ഒരാളായി അറിയപ്പെട്ടു തുടങ്ങി മൊണ്ടീനി. യുദ്ധം അവസാനിക്കും മുമ്പേ മാഗ്ലിയോനെ കാലം ചെയ്തു. സ്റ്റേറ്റ് ഡിപ്പാര്‍ട്ട്‌മെന്റിന്റെ തലപ്പത്ത് തര്‍ദീനിക്കൊപ്പം മൊണ്ടീനിയും നിയമിതനായി.

യുദ്ധകാലത്ത് അഭയാര്‍ഥികളുടെ പ്രശ്‌നങ്ങള്‍ കൈകാര്യം ചെയ്യുന്നതിനിടയില്‍ വത്തിക്കാനും കാസല്‍ഗൊണ്ടാള്‍ ഫൊയും അവര്‍ക്കായി തുറന്നിട്ടതിന്റെ പിന്നില്‍ മൊണ്ടീനി ആയിരുന്നു. പതിനയ്യായിരം അഭയാര്‍ഥികളാണ് കാസല്‍ഗൊണ്ടാള്‍ഫോയില്‍ താമസിച്ചതത്രെ. ഫാഷിസ്റ്റ് വിരുദ്ധര്‍, സോഷ്യലിസ്റ്റുകള്‍, കമ്മ്യൂണിസ്റ്റുകള്‍, യഹൂദര്‍ തുടങ്ങിയവര്‍ക്കൊക്കെ സഭ അഭയം അരുളിയ കാലം ആയിരുന്നു അത്. മുസ്സോളിനിയുടെ സര്‍ക്കാര്‍ മൊണ്ടീനിയെ ഒരു തറ രാഷ്ട്രീയക്കാരന്‍ എന്ന് അധിക്ഷേപിച്ചുവെങ്കിലും പിയൂസ് XII മൊണ്ടീനിയെ പുത്രതുല്യം കരുതി സംരക്ഷിച്ചത് ചരിത്രത്തിന്റെ ഭാഗമാണ്.

പീയൂസ് മാര്‍പ്പാപ്പയുടെ ആ സ്‌നേഹം 1954 ല്‍ മൊണ്ടീനിയെ മിലാനില്‍ എത്തിച്ചു. കര്‍ദ്ദിനാള്‍ ടിസറാങ്ങ് ആണ് വാഴിച്ചതെങ്കിലും രോഗക്കിടക്കയില്‍ നിന്ന് മാര്‍പ്പാപ്പാ റേഡിയോ വഴി മൊണ്ടീനിയെ പ്രശംസിച്ചത് സെന്റ് പീറ്റേഴ്‌സില്‍ ഹാജരുണ്ടായിരുന്ന വിശ്വാസികള്‍ കേട്ടു. മൊണ്ടീനി മിലാനിലേക്ക് യാത്രയായപ്പോള്‍ മാര്‍പ്പാപ്പ കരഞ്ഞതായി ഹെബല്‍ വെയ്റ്റ് എഴുതിയിട്ടുണ്ട്.

മിലാനിലെ തൊഴിലാളി സംഘടനകളുമായി ബന്ധപ്പെടുകയായിരുന്നു. പുതിയ ആര്‍ച്ചു ബിഷപ്പ് ആദ്യം ചെയ്തത്. പശ്ചിമ യൂറോപ്പിലെ വിശ്വാസക്ഷയം ശ്രദ്ധിച്ച മൊണ്ടീനി ഒരിക്കല്‍ അഞ്ഞൂറിലേറെ അച്ചന്മാരെയും സഹകരിക്കാന്‍ തയാറായ ചില മെത്രാന്മാരെയും കര്‍ദ്ദിനാള്‍മാരെയും എല്ലാം ഉപയോഗിച്ച് രണ്ടാഴ്ചകൊണ്ട് ഏഴായിരം പ്രഭാഷണങ്ങള്‍ സംഘടിപ്പിച്ചു. പള്ളികളില്‍ ഒതുങ്ങിയില്ല ഈ യജ്ഞം. ഫാക്ടറികളിലും പട്ടാളബാരക്കുകളിലും പള്ളിക്കൂടങ്ങളിലും ആശുപത്രികളിലും കഴിഞ്ഞ നൂറ്റാണ്ടില്‍ പ്രൊട്ടസ്റ്റന്റ് ഉപദേശികള്‍ കേരളത്തില്‍ നടത്തിയതുപോലെയുള്ള തെരുവുയോഗങ്ങളിലും ദൈവ സന്ദേശം മുഴങ്ങി. കര്‍ത്തൃപ്രാര്‍ഥന പൊരുളറിഞ്ഞ് ചൊല്ലാനായാല്‍ ക്രിസ്തീയ വിശ്വാസം പൂര്‍ണ്ണമാവും എന്ന ലളിതമായ സിദ്ധാന്തം മൊണ്ടീനി പ്രവര്‍ത്തിപഥത്തിലെത്തിച്ചു. മിലാനിലെ മൂന്നര ലക്ഷം കത്തോലിക്കര്‍ മാത്രം ആയിരുന്നില്ല മൊണ്ടീനിയുടെ ശ്രദ്ധ ആകര്‍ഷിച്ചത് ; പ്രൊട്ടസ്റ്റന്റുകാര്‍, മുസ്ലീമുകള്‍, ബൊഹിമിയന്‍ ജീവിതശൈലിയും പേഗന്‍ വിശ്വാസവും കൊണ്ടു നടന്നവര്‍, നിരീശ്വരവാദികള്‍ എല്ലാം മൊണ്ടീനിയുടെ ദൃഷ്ടിപഥത്തില്‍ തെളിഞ്ഞുനിന്നു. അല്മായ പ്രേക്ഷിതത്വവും സഭയിലെ അല്മായ പങ്കാളിത്തവും മൊണ്ടീനി പ്രത്യേകം ശ്രദ്ധിച്ച വിഷയങ്ങള്‍ ആയിരുന്നു.

ജോണ്‍ മാര്‍പ്പാപ്പയായ ഉടനെ മൊണ്ടീനി കര്‍ദ്ദിനാളായി, കൂരിയയിലെ അതിപ്രധാനങ്ങളായ ചുമതലകള്‍ മാര്‍പ്പാപ്പാ അദ്ദേഹത്തിന് നല്‍കി. ആഫ്രിക്കയിലും ബ്രസീലിലും അമേരിക്കയിലും ഏറെ യാത്ര ചെയ്യാന്‍ നിര്‍ബന്ധിക്കുന്നതായിരുന്നു ഈ ചുമതലകള്‍.

ജോണും മൊണ്ടീനിയും സുഹൃത്തുക്കള്‍ ആയിരുന്നു. എങ്കിലും സാര്‍വ്വത്രിക സുന്നഹദോസ് വിളിച്ചു കൂട്ടുവാന്‍ ജോണ്‍ XXIII നിശ്ചയിച്ചപ്പോള്‍ ഈ അപ്പച്ചന്‍ ഇതെന്ത് ഭാവിച്ചിട്ടാണ്. എന്നായിരുന്നുവെത്രെ മൊണ്ടീനിയുടെ പ്രതികരണം ! എങ്കിലും മൊണ്ടീനി മാര്‍പ്പാപ്പ ആയപ്പോള്‍ സുന്നഹദോസ് പിരിച്ചുവിടുകയല്ല ചെയ്തത്. പരിശുദ്ധാത്മാവിന്റെ വഴികള്‍ മനുഷ്യനുണ്ടോ അറിയുന്നു ?

മൊണ്ടീനി മാര്‍പ്പാപ്പയായപ്പോള്‍ തെരഞ്ഞെടുത്ത പേരും അര്‍ഥപൂര്‍ണ്ണമായി രുന്നു. പൗലോസ്. ആഗോള സുവിശേഷീകരണത്തിന്റെ പ്രതീകം. യഹൂദ പാരമ്പര്യത്തെയും യവന- റോമന്‍ സംസ്‌കാരത്തെയും ബന്ധിപ്പിക്കാന്‍ സര്‍വ്വശക്തന്‍ രണ്ടായിരത്തോളമാണ്ടുകള്‍ക്കപ്പുറത്ത് ദമസ്‌ക്കോസിലേക്കുള്ള പാതയില്‍ ആന്ധ്യം വരുത്തി പ്രകാശത്തിലേക്ക് നയിച്ച പണ്ഡിതപ്രകാണ്ഡം.

പോള്‍ കിരീടധാരണം നടത്താതിരുന്നില്ല. ആ കിരീടം - പതിവുപോലെ മിലാനിലെ അതിരൂപത സമ്മാനിച്ചത് - അമേരിക്കയിലെ ഒരു ബസലിക്കയില്‍ പ്രദര്‍ശിപ്പിക്കാനായി സംഭാവന ചെയ്തത് വീട്ടിലേക്ക് പ്രത്യേകം എഴുതി അറിയിക്കത്തക്ക വിശേഷവുമല്ല. എന്നാല്‍ മാര്‍പ്പാപ്പമാരുടെ ഗതകാലരാജകീയ പ്രൗഢീയുടെ തിരുശേഷിപ്പായിരുന്ന പലാത്തീന്‍ ഗാര്‍ഡും നോബിള്‍ ഗാര്‍ഡും പോള്‍ ഉപേക്ഷിച്ചു.

മാര്‍പ്പാപ്പാ എന്ന നിലയില്‍ പോള്‍ എടുക്കേണ്ടിയിരുന്ന ആദ്യത്തെ പ്രധാന തീരുമാനം വത്തിക്കാന്‍ സുന്നഹദോസ് തുടരണമോ എന്നതായിരുന്നു. വിളിച്ചു കൂട്ടിയ പാപ്പാ കാലം ചെയ്യുമ്പോള്‍ സുന്നഹദോസിനും ഹംസഗാനം ആവും എന്നതാണ് സഭാ നിയമം. തുടരണം എന്നായിരുന്നു തീരുമാനം. വാഴ്ചയുടെ ആറാം ദിവസം ആ പ്രഖ്യാപനം ഉണ്ടായി.

നല്ല പാപ്പാ അമിതമായ ശുഭാപ്തി വിശ്വാസവും അനല്പമായ ധൃതിയും കൊണ്ടാണ് സുന്നഹദോസിനെ അടയാളപ്പെടുത്തിയതെങ്കില്‍ പരസ്പരവിരുദ്ധങ്ങളായ വ്യാഖ്യാനങ്ങളെയും അന്തരീക്ഷത്തെ മുഖരിതമാക്കിയിരുന്ന ബൗദ്ധിക കലാപങ്ങളെയും ഔചിത്യപൂര്‍വ്വം നിയന്ത്രിച്ച് സുന്നഹദോസിന് കൃത്യമായ ദിശാബോധം നല്‍കാനായിരുന്നു പിന്‍ഗാമിയുടെ നിയോഗം. പോളിന്റെ സവിശേഷമായ ശ്രദ്ധ പതിഞ്ഞ ഒരു മേഖല ഇതര സഭകളെയും ഇതരമതങ്ങളെയും ആദരപൂര്‍വ്വം പരാമര്‍ശിക്കുന്നതിന്റെ പ്രാധാന്യം ആയിരുന്നു. ക്രൈസ്തവൈക്യത്തിനുള്ള കാര്യാലയത്തിന്റെ ചുമതലക്കാരനായിരുന്ന കര്‍ദ്ദിനാള്‍ - അഗസ്റ്റിന്‍ ബിയാ- സുന്നഹദോസില്‍ നിരീക്ഷകരായിരുന്ന ഇതര ക്രൈസ്തവരെ വേദനിപ്പിക്കുന്ന ഒരു പരാമര്‍ശവും കടന്നുവരാതെ സൂക്ഷിക്കുന്നതില്‍ വിജയം കൈവരിച്ചു.

റോമന്‍ കത്തോലിക്കാ സഭയില്‍ പോള്‍ നടപ്പിലാക്കിയ പരിഷ്‌കാരങ്ങള്‍ ദൂരവ്യാപകമായ ഫലങ്ങള്‍ സൃഷ്ടിക്കാന്‍ പോന്നതായി. എണ്‍പതു കഴിഞ്ഞ കര്‍ദ്ദിനാള്‍ മാര്‍ക്ക് വോട്ടില്ല, എഴുപത്തഞ്ചായാല്‍ മെത്രാന്മാര്‍ രാജി സന്നദ്ധത അറിയിക്കണം, എന്ന് തുടങ്ങിയ നിബന്ധനകള്‍ക്കൊപ്പം പെട്ടെന്നൊരു ശൂന്യത ഉണ്ടാകാതിരിക്കത്തക്കവണ്ണം താരതമ്യേന ചെറുപ്പക്കാരായവരെ മെത്രാന്മാരും കര്‍ദ്ദിനാള്‍മാരും ആക്കുവാനുള്ള പ്രായോഗിക ബുദ്ധിയും പോള്‍ പ്രകടിപ്പിച്ചു. റോമന്‍ കുരിയയുടെ അന്താരാഷ്ട്ര സ്വഭാവം കൂടുതല്‍ വര്‍ണ്ണാഭമാക്കുവാനും പോളിന് കഴിഞ്ഞു.

ആരാധാനക്രമത്തിന്റെ നവീകരണം വിപ്ലവകരമായ നയവ്യതിയാനത്തിന്റെ പ്രതീകമായി. ലോകത്തിന്റെ വിവിധ പ്രദേശങ്ങളില്‍ യാഥാസ്ഥിതികര്‍ വിമര്‍ശിച്ചതായിരുന്നു ഇത് സംബന്ധിച്ച തീരുമാനങ്ങള്‍. കത്തോലിക്കാസഭ കരുത്തുറ്റ ഒരു ചട്ടക്കൂട് ആയതിനാല്‍ മാത്രമാണ് ഈ തീരുമാനം വിഭജനങ്ങളി നയിക്കാതിരുന്നത്. പോള്‍ പരിഷ്‌കരിച്ചരൂപവും അതിനു മുമ്പ് 1962 ല്‍ ജോണ്‍ ചിട്ടപ്പെടുത്തിയ രൂപവും സമാന്തരമാണെന്ന് ബനഡിക്ട് പതിനാറാമന്‍ പ്രഖ്യാപിച്ചത് ഇവിടെ സ്മരിക്കാവുന്നതാണ്. വര്‍ഷങ്ങള്‍ കഴിഞ്ഞിട്ടും ഒരു നെരിപ്പോട് എരിഞ്ഞുകൊണ്ടിരുന്നു എന്നാണല്ലോ അത് തെളിയിക്കുന്നത്. ഒപ്പം പോള്‍ കൈകൊണ്ട തീരുമാനത്തിന്റെ വിപ്ലവകരമായ ഭാവവും.

ലോകവുമായി നല്ലബന്ധം എന്നതായിരുന്നു പോളിന്റെ മറ്റൊരു മുദ്രാവാക്യം. പതിനഞ്ചുവര്‍ഷം കൊണ്ട് ഏറെ ചെയ്യാന്‍ കഴിഞ്ഞു ഈ ദിശയില്‍. പോള്‍ മാര്‍പ്പാപ്പയാണ് അക്രൈസ്തവരുമായുള്ള സംവാദത്തിന് വേണ്ടി ഒരു കാര്യാലയം തുറന്നത്. 1964 -ല്‍ , പിറ്റേക്കൊല്ലം ഈശ്വര വിശ്വാസമേ ഇല്ലാത്തവരുമായി സംവദിക്കാനും വേദി ഒരുക്കി അദ്ദേഹം. കമ്മ്യൂണിസ്റ്റ് അധികാരികളുമായി സ്ഥാപിച്ച് നിലനിര്‍ത്തിയ ഊഷ്മള ബന്ധങ്ങള്‍ - സോവിയറ്റ് വിദേശ കാര്യമന്ത്രി ആന്ദ്രേഗ്രോമിക്കോവ് 1966 ലും പ്രസിഡന്റ് പൊഡ്‌ഗോര്‍ണി 67 ലും വത്തിക്കാനിലെത്തി - ഹംഗറിയിലും റുമേനിയയിലും പോളണ്ടിലും ഒക്കെ വിശ്വാസികളുടെ അവസ്ഥ കുറച്ചെങ്കിലും ഭേദപ്പെടുത്താന്‍ സഹായിച്ചു. വത്തിക്കാന്‍ നയതന്ത്രബന്ധം ഉള്ള രാജ്യങ്ങളുടെ എണ്ണം ഇരട്ടിയായി ഈ പേപ്പസിയുടെ കാലത്ത്.

പോളിന്റെ വിദേശയാത്രകളും നമുക്ക് ശ്രദ്ധിക്കാനുണ്ട്. യരുശലേമില്‍ നിന്ന് പത്രോസ് പുറത്തിറങ്ങിയശേഷം ആദ്യമായി ഒരു പിന്‍ഗാമി റോമില്‍ നിന്ന് യരുശലേമില്‍ എത്താന്‍ നൂറ്റാണ്ടുകള്‍ പത്തൊമ്പത് കഴിയേണ്ടി വന്നു ; പോള്‍ VI ആയിരുന്നു ആ പിന്‍ഗാമി. രണ്ടായിരം വര്‍ഷത്തെ ചരിത്രം ഉള്ള ഭാരതീയ ക്രൈസ്തവ സഭയ്ക്ക് നേരില്‍ സ്വീകരിക്കാനായ ആദ്യത്തെ പാപ്പയും മറ്റൊരാളായിരുന്നില്ല. പോളണ്ടില്‍ ക്രിസ്തുമതം എത്തിയതിന്റെ സഹസ്രാബ്ദസ്മരണയ്ക്ക് ആ നാട്ടില്‍ പോകാന്‍ അന്നത്തെ അധികാരികള്‍ സമ്മതിക്കാതിരുന്ന കാര്യം നേരത്തെ സൂചിപ്പിച്ചതും ഇവിടെ ഓര്‍ക്കേണ്ടതുണ്ട്.
Join WhatsApp News
Anthappan 2018-10-27 21:12:32
There is no saints or there is no one superior to anyone or inferior to anyone. If he is saint I am a saint to.  Dr. Babu Paul doesn't have the ability to make him saint. But, there are enough morons to fulfill your agenda. You guys are misguiding people and surviving on it. Write article to help the people to find there own potential   
Tom abraham 2018-10-30 07:42:55

Sainthood includes wisdom. Superior to intelligence. Fools dont have either. To say there is noone superor or inferior is like saying there is neither Light or Darkness. Dr Babu Paul has wisdom, intelligence insight and success in life.

മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക