Image

ലോകത്തില്‍ ഒന്നാമന്‍ (മീട്ടു റഹ്മത്ത് കലാം)

Published on 27 October, 2018
ലോകത്തില്‍ ഒന്നാമന്‍ (മീട്ടു റഹ്മത്ത് കലാം)
ആശ്രിത ഫര്‍മാനെന്ന അറുപത്തിനാലുകാരന്റെ നിഘണ്ടുവില്‍ അസാധ്യം എന്നൊരു വാക്കില്ല. യവ്വനത്തിന്റെ ചുറുചുറുക്കാണ് ഇപ്പോഴും ഓരോ ചുവടുവെപ്പിലും. സ്വപ്നത്തില്‍പ്പോലും ഒരാളെക്കൊണ്ട് കഴിയുമെന്ന് കരുതാത്ത കാര്യങ്ങള്‍ ഈ കാലയളവില്‍ നേടിയെടുത്തതാകാം അതിന്റെ രഹസ്യം. നടക്കില്ലെന്നുറപ്പുള്ളവ നടത്തിയെടുക്കുന്നതിനു പിന്നാലെയാണ് അദ്ദേഹം എന്നും സഞ്ചരിച്ചത്. അതുകൊണ്ടുതന്നെ ഗിന്നസ് ബുക്ക് ഓഫ് റെക്കോര്‍ഡ്‌സില്‍ ഏറ്റവും കൂടുതല്‍ തവണ സ്ഥാനം നേടിയ വ്യക്തി എന്ന ഖ്യാതിയും ഫര്‍മാനെ തേടിയെത്തി. 2009 ലായിരുന്നു ആ അപൂര്‍വ ബഹുമതി. എഴുന്നൂറില്പരം റെക്കോര്‍ഡുകള്‍ തീര്‍ത്തതില്‍ 226 എണ്ണം ഇപ്പോഴും ആരെക്കൊണ്ടും മറികടക്കാന്‍ കഴിയാത്തതുകൊണ്ടുതന്നെ ഒന്നാമന്‍ എന്ന് കാലത്തെക്കൊണ്ട് വിളിപ്പിക്കാന്‍ ഏറ്റവും യോഗ്യനായ വ്യക്തിയാണ് ആശ്രിത ഫര്‍മാന്‍.

സ്വപ്നങ്ങള്‍ക്ക് പിന്നാലെ

ന്യൂയോര്‍ക്കുകാരനായ ഫര്‍മാന്റെ നാല്പതുവര്‍ഷത്തെ പരിശ്രമമാണ് അനുപമമായ വിജയഗാഥയ്ക്ക് പിന്നില്‍. ഓരോ റെക്കോര്‍ഡും ഒന്ന് ഒന്നില്‍നിന്ന് വ്യത്യസ്തവും കൗതുകകരവും ആണെന്നതും അദ്ദേഹത്തിന്റെ ചിന്തയെ പ്രശംസിച്ചുപോകുന്ന വസ്തുതയാണ്. 1954 ല്‍ ഗിന്നസ് രൂപംകൊണ്ട് നാലുദിവസത്തിനുശേഷമാണ് താന്‍ ജനിച്ചതെന്നും അവിടെ തനിക്കൊരു ഇടമുണ്ടെന്ന് ദൈവം വളരെമുമ്പ് നിശ്ചയിച്ചിട്ടുണ്ടാകാമെന്നും ഫര്‍മാന്‍ പറഞ്ഞിട്ടുണ്ട്. ആറാം വയസ്സുമുതല്‍ എങ്ങനെയെങ്കിലും ഗിന്നസില്‍ കയറിപ്പറ്റണമെന്ന ആഗ്രഹം ഉടലെടുത്തിരുന്നു. പഠനപുസ്തകങ്ങള്‍ക്കിടയില്‍ ഒളിപ്പിച്ച റെക്കോര്‍ഡ് ജേതാക്കളുടെ പേരടങ്ങിയ പുസ്തകത്തിലൂടെ കണ്ണോടിക്കുമ്പോള്‍ വല്ലാത്ത ഉന്മേഷം തോന്നിയിരുന്നത്രെ. ലോകത്തില്‍ തന്നെ ' ദി ബെസ്റ്റ്' ആയിട്ടുള്ളവരുടെ പേരാണ് അതിലെന്നോര്‍ക്കുന്നതുതന്നെ വലിയ പ്രേരണയായി മാറി. സ്വപ്നങ്ങള്‍ സാക്ഷാത്കരിക്കാനുള്ള അവസരമായാണ് ഫര്‍മാന്‍ ജീവിതത്തെ കണ്ടത്. ഓരോ നിമിഷവും സ്വപ്നങ്ങള്‍ക്കുപിന്നാലെ സഞ്ചരിച്ചാണ് അദ്ദേഹം ചരിത്രത്തില്‍ ഇടംനേടിയത്.

തിരിച്ചറിവ്
വേഗതയേറിയത്, ഭാരംകൂടിയത് പോലെയുള്ളവ ഫര്‍മാനെ ഒരിക്കലും ഭ്രമിപ്പിച്ചില്ല. തന്റെ കഴിവ് എത്രത്തോളമാണെന്ന ധാരണ അദ്ദേഹത്തിന് നല്ലവണ്ണം ഉണ്ടായിരുന്നു. കായികശേഷി ആവശ്യമില്ലാത്ത എന്തിലൊക്കെ റെക്കോര്‍ഡ് സൃഷ്ടിക്കാം എന്നതിലായി പിന്നീടുള്ള ഗവേഷണം.

വഴിത്തിരിവായ ആത്മീയത

ആത്മീയാചാര്യന്‍ ശ്രീ.ചിന്മയിയെ പരിചയപ്പെട്ടതോടെയാണ് അദ്ദേഹത്തിന്റെ ജീവിതം മാറി മറിഞ്ഞത്. ദിനചര്യപോലും പാടെ മാറി. രാവിലെ ആറുമണിക്ക് ഉണരുന്നതിനും തുടര്‍ന്നുള്ള ധ്യാനത്തിനും ചിന്മയി സ്വാമിയുടെ ശ്ലോകം ശ്രവിക്കുന്നതിലുമൊന്നും നാളിതുവരെ വീഴ്ച വരുത്തിയിട്ടില്ല. സസ്യാഹാരം ശീലമാക്കുകയും നൈഷ്ഠിക ബ്രഹ്മചര്യം പാലിക്കുകയും ആത്മീയത ജീവവായു ആക്കുകയും ചെയ്തതോടെയാണ് ആശ്രിത എന്ന പേര് സ്വീകരിച്ചതും. സംസ്കൃതത്തില്‍ ആ വാക്കിന് ദൈവത്തിന്റെ സംരക്ഷണത്തില്‍ ഉള്ളവന്‍ എന്നാണ് അര്‍ഥം. പരിമിതികള്‍ അതിജീവിക്കാനുള്ളശക്തി ധ്യാനത്തിലൂടെ ആര്‍ജിച്ചതോടെ ആത്മവിശ്വാസം ഇരട്ടിച്ചു. പരീക്ഷണാര്‍ത്ഥം, 1978 ല്‍ ഇരുപത്തിനാല് മണിക്കൂര്‍ നീളുന്ന സൈക്കിള്‍ ഓട്ടമത്സരത്തില്‍ പങ്കെടുത്തു. പ്രത്യേക പരിശീലനം ഇല്ലാതിരുന്നിട്ടും മൂന്നാം സ്ഥാനം ലഭിച്ചതോടെ ധ്യാനത്തിന്റെ ശക്തി ബോധ്യപ്പെട്ടു. ഒന്നാമനെന്ന് ചരിത്രത്തില്‍ ആവര്‍ത്തിച്ചെഴുതപ്പെടുന്നതിനുള്ള മുന്നൊരുക്കമായിരുന്നു ആ മൂന്നാം സ്ഥാനം.

ഗിന്നസിലേക്ക്

കൊത്തങ്കല്ലാടുന്നതിലായിരുന്നു ഫര്‍മാന്‍ ആദ്യമായി ഗിന്നസ് റെക്കോര്‍ഡ് കുറിച്ചത് ആറു മണിക്കൂറും നാല്‍പ്പത്തിയഞ്ച് മിനിട്ടുംകൊണ്ട് 27000 തവണ! 1979 ലെ കന്നിയങ്കത്തില്‍ അദ്ദേഹത്തിന് 25 വയസ്സേ ഉണ്ടായിരുന്നുള്ളു. ആത്മീയ യാത്രയുടെ ഭാഗമായും ഗുരുവിനുള്ള അര്‍പ്പണമായും തുടര്‍ന്നും അദ്ദേഹം വിചിത്രമായ റെക്കോര്‍ഡുകള്‍ സൃഷ്ടിച്ചുകൊണ്ടേയിരുന്നു. ചിന്മയി ഗുരുവിന്റെ എണ്‍പത്തിയഞ്ചാം പിറന്നാളിന് കേക്കില്‍ 72585 മെഴുകുതിരികള്‍ തെളിച്ചുപോലും ഫര്‍മാന്‍ ആളുകളെ അമ്പരപ്പിച്ച് റെക്കോര്‍ഡ് തീര്‍ത്തു.

ഫര്‍മാന്റെ രസകരമായ ചില റെക്കോര്‍ഡുകള്‍

പാല്‍നിറച്ച കുപ്പി തലയില്‍ ബാലന്‍സ് ചെയ്ത്, 80 മൈല്‍ നടന്നു.
ഒറ്റ മണിക്കൂറില്‍ 9628 തവണ തുടര്‍ച്ചയായി ഇരിക്കുകയും എഴുന്നേല്‍ക്കുകയും ചെയ്തു.
24 മിനിറ്റും 34 സെക്കന്‍ഡുംകൊണ്ട് ഒരു മൈല്‍ ദൂരം മൂക്കുകൊണ്ട് ഓറഞ്ച് തള്ളിനീക്കി.
മുട്ടവച്ച സ്പൂണ്‍ കയ്യില്‍പിടിച്ച് താഴെ കളയാതെ ഒരു മൈല്‍ ദൂരം ഓടി.
24 മണിക്കൂരില്‍ കൈകൊണ്ട് കാറ് തള്ളി 17 മൈല്‍ ദൂരം താണ്ടി.
24 മണിക്കൂറില്‍ ഒരു കവിത 111 ഭാഷകളിലേക്ക് വിവര്‍ത്തനം ചെയ്യുകയും ചൊല്ലുകയും ചെയ്തു.
മൂര്‍ച്ചയേറിയ വാളുകൊണ്ട് ഒരുമിനിറ്റില്‍ 27 ആപ്പിളുകള്‍ മുറിച്ചു.
കിടന്നുകൊണ്ട്,ഒറ്റ മിനിറ്റില്‍ 27 തണ്ണിമത്തന്‍ സ്വന്തം വയറ്റില്‍വെച്ച് മുറിച്ചു. (നിലവില്‍ ഒടുവിലത്തേത്)

ഗിന്നസിനുമുന്നില്‍ ആര്‍ക്കും പ്രത്യേക പരിഗണനയില്ല

ലോകത്തിന്റെ നാനാഭാഗത്തുനിന്നുമുള്ള മറ്റ് അപേക്ഷകരെപ്പോലെ തന്നെയാണ് ഗിന്നസ് അധികൃതര്‍ ഫര്‍മാനെയും കാണുന്നത്. നൈപുണ്യം തെളിയിക്കുന്ന വീഡിയോ സമര്‍പ്പിച്ച് ആറുമാസം കാത്തിരുന്ന ശേഷം, ഔദ്യോഗിക സംഘം എത്തി നേരില്‍ക്കണ്ട് ബോധ്യപ്പെടുമ്പോള്‍ മാത്രമാണ് സ്ഥാനം നല്‍കുന്നത്. സ്ഥിരം പാര്‍ട്ടിയാണെന്നുള്ള പരിഗണനയൊന്നുമില്ല.

പണത്തിനുവേണ്ടിയല്ല ഈ പരിശ്രമം

ഹെല്‍ത്തി ഫുഡ് സ്‌റ്റോറില്‍ മാനേജരായി ജോലിയുള്ള ഫര്‍മാന്‍ റെക്കോര്‍ഡ് സൃഷ്ടിക്കാന്‍ പറ്റിയ കാര്യങ്ങള്‍ ചിന്തിച്ച് കണ്ടുപിടിച്ചുകഴിഞ്ഞ്, ഞായറാഴ്ചകള്‍ പൂര്‍ണമായും പരിശീലനത്തിന് ഒഴിഞ്ഞുവയ്ക്കും. സുഹൃത്തുക്കളുമായും ഫോണിലുമൊന്നും സമയം പാഴാക്കി കളയില്ല. പണം ഉണ്ടാകുന്ന കാര്യങ്ങള്‍ക്കുവേണ്ടിയാണ് സാധാരണ ആളുകള്‍ കൈമെയ് മറന്ന് അധ്വാനിക്കുന്നത്. എന്നാല്‍ ഗിന്നസില്‍ ഇടംപിടിക്കുമ്പോള്‍ സര്‍ട്ടിഫിക്കറ്റിനപ്പുറം ഒന്നും തന്നെ പാരിതോഷികമായി ലഭിക്കുന്നില്ല. എങ്കിലും, നൂറ് രാജ്യങ്ങളില്‍ 23 ഭാഷകളില്‍ പ്രസിദ്ധീകൃതമാകുന്ന പുസ്തകത്തില്‍ ഇടം നേടുന്നത് ലോകം നമ്മളെ അംഗീകരിക്കുന്നതിന് തുല്യമാണ്. വര്‍ഷങ്ങളുടെ ശ്രമഫലമായി നേടുന്ന ഈ ഒന്നാം സ്ഥാനത്തിന് വിലമതിക്കാനാവാത്ത മധുരമുണ്ട്. അനുഭവിച്ചറിയുമ്പോള്‍ വീണ്ടും പ്രലോഭിപ്പിക്കുന്ന ആ മാധുര്യമാകാം ഫര്‍മാനെ വീണ്ടും വീണ്ടും ഗിന്നസിലേക്ക് ആകര്‍ഷിക്കുന്നത്...
ലോകത്തില്‍ ഒന്നാമന്‍ (മീട്ടു റഹ്മത്ത് കലാം)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക