Image

ഡേ ഓഫ് ദ ഡെഡ് വിപണി വര്‍ധിക്കുന്നു

ഏബ്രഹാം തോമസ് Published on 29 October, 2018
ഡേ ഓഫ് ദ ഡെഡ് വിപണി വര്‍ധിക്കുന്നു
മെക്‌സിക്കോ സിറ്റി:  ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 2 വരെ ഡേ ഓഫ് ദ ഡെഡ് പാരമ്പര്യ ഒഴിവ് ദിനങ്ങളായി മധ്യ, ദക്ഷിണ മെക്‌സിക്കോയിലും മെക്‌സിക്കന്‍ വംശജര്‍ ധാരാളം ഉള്ള അമേരിക്കന്‍ പ്രദേശങ്ങളിലും ആചരിച്ചു വരുന്നു. അമേരിക്കയില്‍ പൊതു ഒഴിവ് ഇല്ലെങ്കിലും ഹാലോ വീന്‍ ആചരിച്ചു വരുന്ന ഒക്ടോബര്‍ 31 നോടൊപ്പം എത്തുന്ന ദിനങ്ങളില്‍ വരുന്ന ദിനങ്ങളുടെ ആഘോഷം വര്‍ധിക്കുകയാണ്. പ്രത്യേകിച്ച് ഈ ദിനങ്ങള്‍ നല്‍കുന്ന വിപണ സാധ്യത വ്യാപാരികളെ കൂടുതല്‍ കൂടുതല്‍ പ്രലോഭിതരാക്കുന്നു. കത്തോലിക്ക മതവിശ്വാസികള്‍ ഓള്‍ സോള്‍സ് ഡേയും ഓള്‍ സെയിന്റ്‌സ് ഡേയും ഇതോടൊപ്പം വരുന്നു.

മിക്കവാറും എല്ലാ അമേരിക്കന്‍ ഇന്ത്യന്‍ ഗ്രാമങ്ങളും ഭംഗിയായി അലങ്കരിച്ച അള്‍ത്താരകള്‍ (ഒഫറിന്‍ഡാസ്) ഉണ്ടാക്കുന്നു. ഇവ മെഴുകുതിരികളും പുഷ്പങ്ങളും ഫലങ്ങളും നിറച്ച ബക്കറ്റുകളും കപ്പലണ്ടിയും ടര്‍ക്കിയും ടോര്‍ടിലകളും ഡേ ഓഫ് ദ ഡെഡ് ബ്രെഡും കൊണ്ട് അലങ്കരിക്കുന്നു. അള്‍ത്താരയില്‍ ധാരാളം ഭക്ഷണ വിഭവങ്ങളും സോഡകളും ചൂട് കൊക്കോ പാനീയവും വെള്ളവും വേണം. ഇവ ക്ഷീണിച്ച് തളര്‍ന്നെത്തുന്ന ആത്മാക്കള്‍ക്ക് വേണ്ടിയാണ്. കളിപ്പാട്ടങ്ങളും മിഠായികളും ആന്‍ജലിറ്റോകള്‍ക്കാണ് (കുട്ടികളുടെ ആത്മാക്കള്‍ക്കുവേണ്ടി) നവംബര്‍ 2 ന് എത്തുന്ന മുതിര്‍ന്നവരുടെ ആത്മാക്കള്‍ക്കുവേണ്ടി സിഗരറ്റുകളും മെസ്കാല്‍ (ലഹരി) പാനീയങ്ങളും വയ്ക്കുന്നു. ചിത്രപ്പണികള്‍ കൊണ്ട് അലങ്കരിച്ച അസ്ഥിപഞ്ചരവും പഞ്ചസാര തലയോട്ടികളും അലങ്കാരങ്ങള്‍ പൂര്‍ത്തിയാക്കുന്നു.

സത്യത്തില്‍ ഡേ ഓഫ് ദ ഡെഡ് സാധാരണ (പ്രത്യേകിച്ച് ഗ്രാമീണ) കുടുംബങ്ങള്‍ക്ക് വളരെ ചെലവേറിയ ആഘോഷദിനങ്ങളാണ്. പലരും തങ്ങളുടെ രണ്ടു മാസത്തെ വരുമാനം ഈ ആഘോഷത്തിനു വേണ്ടി ചെലവഴിക്കുന്നു.

സ്വര്‍ഗത്തിന്റെ വാതിലുകള്‍ ഒക്ടോബര്‍ 31 ന് അര്‍ധരാത്രി തുറക്കും എന്നാണ് വിശ്വാസം. സകല മരിച്ച കുട്ടികളുടെയും ആത്മാക്കള്‍ അവരുടെ കുടുംബങ്ങളുമായി അടുത്ത 24 മണിക്കൂര്‍ ഒന്നു ചേരാന്‍ അനുവാദമുണ്ട്. നവംബര്‍ 2 ന് മുതിര്‍ന്ന പരേതരുടെ ആത്മാക്കള്‍ അവര്‍ക്കായി ഒരുക്കിവച്ചിരിക്കുന്ന വിഭവങ്ങള്‍ ആസ്വദിക്കുവാനായി ഇറങ്ങി വരുമെന്നാണ് വിശ്വാസം. ഷുഗര്‍ സ്കൂളുകള്‍ക്ക് ഏറെ നവംബര്‍ രണ്ടാം തിയതി ഉച്ചയ്ക്കുശേഷം ആഘോഷങ്ങള്‍ സെമിത്തേരിയിലേയ്ക്ക് മാറുന്നു. വിശ്വാസികള്‍ കല്ലറകള്‍ കഴുകുകയും ചീട്ട് കളിക്കുകയും ഗ്രാമീണ ബാന്റിന്റെ സംഗീതം ആസ്വദിക്കുകയും മരിച്ചു പോയവരുടെ സ്മരണകള്‍ പുതുക്കുകയും ചെയ്യും.

പാരമ്പര്യം ഗ്രാമീണരില്‍ ഒത്തൊരുമ ഉണ്ടാക്കുന്നു. ഡേ ഓഫ് ദ ഡേ ചോക്ലേറ്റ് പഞ്ചസാര കൊണ്ടുണ്ടാക്കിയ തലയോട്ടി (ഇവ കൈകൊണ്ട് നിര്‍മ്മിക്കുന്നവ ആയിരുന്നു. ഇപ്പോള്‍ യന്ത്രത്തിലും നിര്‍മ്മിച്ചു വരുന്നു) കള്‍ അലങ്കരിച്ച് ഷുഗര്‍ സ്കൂള്‍ ഫെയറില്‍ ആയിരക്കണക്കിന് വിറ്റുവരുന്നു. മിഠായി ഉണ്ടാക്കുന്നവര്‍ 4, 6 മാസത്തെ പരിശ്രം കൊണ്ടാണ് ഷുഗര്‍ സ്കൂള്‍സ് ഉണ്ടാക്കുന്നത്. എങ്കില്‍ മാത്രമേ ആവശ്യക്കാരെ മുഴുവന്‍ തൃപ്തിപ്പെടുത്താനാവൂ.

ഷുഗര്‍ സ്കൂളുകള്‍ ചിലര്‍ ഭക്ഷിക്കാറുണ്ട്. പക്ഷെ ഇവയുടെ പ്രധാന ഉദ്ദേശം അള്‍ത്താരകളും കല്ലറകളും അലങ്കരിക്കുകയാണ്. സന്ദര്‍ശിക്കുന്ന പരേതാന്മാക്കളുടെ സന്തോഷത്തിനു വേണ്ടി. ചെറിയ കാന്‍ഡി സ്കൂളുകള്‍ ബേബി ആന്‍ജലിറ്റോകള്‍ക്കു വേണ്ടി ഉണ്ടാക്കി വീടുകളിലെ അള്‍ത്താരകളില്‍ വയ്ക്കുന്നു. നവംബര്‍ ഒന്നിന് വയ്ക്കുന്ന ഇവ അടുത്ത ദിവസം മാറ്റി പകരം മുതിര്‍ന്ന പരേതാത്മാക്കള്‍ക്കായി വലിയ പഞ്ചസാര തലയോട്ടികള്‍ വയ്ക്കുന്നു. ഇത് ഹോഷുഗര്‍ ആര്‍ട്ടായി അറിയപ്പെടുന്നു. 17ാം നൂറ്റാണ്ടില്‍ ഇറ്റാലിയന്‍ മിഷണറിമാരാണ് അമേരിക്കയിലും മറ്റും ഈ കല എത്തിച്ചത്. ഈസ്റ്റര്‍ ദിനങ്ങളില്‍ ചെറിയ പഞ്ചസാര ആട്ടിന്‍ കുട്ടികളെയും മാലാഖമാരെയും കത്തോലിക്ക പള്ളികളിലെ അള്‍ത്താരകളുടെ ഇരുവശത്തും അലങ്കാരപൂര്‍വ്വം നിറുത്തിയിരുന്നതിനെക്കുറിച്ചുള്ള പ്രതിപാദ്യമാണ് പഞ്ചസാര കല പ്രസിദ്ധമാക്കിയത്.

മെക്‌സിക്കോയില്‍ പഞ്ചസാര ധാരാളമായി ഉല്‍പാദിപ്പിക്കുന്നുണ്ട്. മാത്രമല്ല യൂറോപ്പില്‍ നിന്ന് ഇറക്കുമതി ചെയ്യുന്ന വിലയേറിയ അലങ്കാര വസ്തുക്കള്‍ പലര്‍ക്കും അപ്രാപ്യമായിരുന്നു. വളരെ വേഗം അവര്‍ കത്തോലിക്ക സന്യാസി സമൂഹത്തില്‍ നിന്ന് മതപരമായ ആഘോഷങ്ങള്‍ക്ക് പഞ്ചസാര കല ഉപയോഗിക്കുവാന്‍ പഠിച്ചു. കളിമണ്ണ് കൊണ്ടുണ്ടാക്കിയ, പഞ്ചസാരയില്‍ പൊതിഞ്ഞ മാലാഖമാരും ആടുകളും തലയോട്ടികളും 18ാം നൂറ്റാണ്ടിലെ കൊളോണിയല്‍ യുഗം മുതല്‍ ഉള്ളതാണ്. സമയവും അദ്ധ്വാനവും ആവശ്യമാണ്. ഇവ ഉണ്ടാക്കുന്നത് നിര്‍മ്മാണ കലയില്‍ വിരുതുള്ളവരാണ്. അവര്‍ സ്വന്തം വീടുകളില്‍ ചെറിയ ബാച്ചുകളായാണ് ഇവ നിര്‍മ്മിക്കുന്നത്. ഇവരുടെ വരും തലമുറകള്‍ക്ക് ഈ പ്രവൃത്തിയില്‍ താല്പര്യം ഇല്ലെന്നും ഈ കല അന്യം നിന്ന് പോകുമെന്നും ഇവര്‍ പറയുന്നു.
ഒക്ടോബര്‍ 31 മുതല്‍ നവംബര്‍ 2 വരെയുള്ള പരമ്പരാഗത ആഘോഷങ്ങള്‍ വ്യവസായങ്ങള്‍ ഏറ്റെടുത്തിരിക്കുകയാണ്. കമ്പനികളും വിതരണ സ്ഥാപനങ്ങളും ഈ തീമുള്ള വസ്ത്രങ്ങള്‍, അലങ്കാര വസ്തുക്കള്‍, ബക്കറ്റുകള്‍ എന്നിവ വിപണിയില്‍ എത്തിച്ചിട്ടുണ്ട്.

അഞ്ച് കോടി 70 ലക്ഷം ഹിസ്പാനിക് വംശജര്‍ അമേരിക്കയിലുണ്ടെന്നാണ് കണക്ക്. ജന സംഖ്യയുടെ 18% ത്തോളം വരുന്ന ഇവര്‍ പൊതുവെ ഒരു ഉപഭോക്തൃ സമൂഹമാണ്. സാധനങ്ങള്‍ വാങ്ങുവാനുള്ള ഇവരുടെ കഴിവ് മറ്റ് വംശജരെ അപേക്ഷിച്ച് അല്പം കൂടുതലാണെന്ന് സാമ്പത്തിക ശാസ്ത്രജ്ഞര്‍ വിലയിരുത്തുന്നു. 2016 ല്‍ 1.4 ട്രില്യന്‍ ഡോളര്‍ ഇവര്‍ ചെലവഴിച്ചു. 2021 ആകുമ്പോള്‍ ഇവര്‍ 1.8 ട്രില്യന്‍ ഡോളറിന്റെ സാധാനങ്ങള്‍ വാങ്ങുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഈ പ്രവണത മുതലെടുത്താണ് വ്യാപാര സ്ഥാപനങ്ങള്‍ ഡേ ഓഫ് ദ ഡെഡ് വിപണനം ചെയ്യുന്നത് എന്നാരോപണമുണ്ട്. പരേതാത്മാക്കളെ ഓര്‍ക്കാനും ആദരിക്കാനുമുള്ള ദിനങ്ങള്‍ ആര്‍ഭാട, ആഘോഷ ദിനങ്ങളാക്കി മാറ്റി എന്നാണ് ചിലര്‍ പരാതിപ്പെടുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക