Image

സന്തോഷ് ശിവന്റെ ജാക്ക് ആന്‍ഡ് ജില്ലില്‍ മഞ്ജു വാര്യരും കാളിദാസ് ജയറാമും

Published on 29 October, 2018
സന്തോഷ് ശിവന്റെ ജാക്ക് ആന്‍ഡ് ജില്ലില്‍ മഞ്ജു വാര്യരും കാളിദാസ് ജയറാമും
മലയാളത്തില്‍ വീണ്ടുമൊരു ചിത്രം സംവിധാനം ചെയ്യാനെത്തുകയാണ് പ്രശസ്ത ഛായാഗ്രാഹകനായ സന്തോഷ് ശിവന്‍. ഇത്തവണ മഞ്ജു വാര്യരും കാളിദാസ് ജയറാമുമാണ് കേന്ദ്ര കഥാപാത്രങ്ങളായി എത്തുന്നത്. കാളിദാസിന്റെ അച്ഛനും പ്രമുഖ നടനുമായ ജയറാമിന്റെ നായികയായി നിരവധി സിനിമകളില്‍ അഭിനയിച്ചിട്ടുള്ള താരമായ മഞ്ജു വാര്യര്‍ കാളിദാസിനൊപ്പവും അഭിനയിക്കുന്നു എന്ന പ്രത്യേകത കൂടി ഈ ചിത്രത്തിനുണ്ട്.

സന്തോഷ് ശിവന്റെ ഓരോ ചിത്രങ്ങളും ഏറെ പ്രതീക്ഷകളോടെയാണ് ആരാദകര്‍ കാത്തിരിക്കുന്നത്. വിഷ്വല്‍ ബ്യൂട്ടി തന്നെയാണ് അതില്‍ പ്രധാനം. ഏഴുവര്‍ഷങ്ങള്‍ക്കു ശേഷമാണ് സന്തോഷ് ശിവന്‍ വീണ്ടുമൊരു മലയാള സിനിമ സംവിധാനം ചെയ്യാനെത്തുന്നത് എന്നതും ശ്രദ്ധേയമാണ്. പൃഥ്വിരാജ് നായകനായ ഉറുമിയാണ് സന്തോഷ് ശിവന്‍ അവസാനം സംവിധാനം ചെയ്ത സിനിമ.
ഞായറാഴ്ചയായിരുന്നു ചിത്രത്തിന്റെ പൂജ. പൂജയുമായി ബന്ധപ്പെട്ട ചിത്രങ്ങള്‍ സന്തോഷ്ശിവന്‍ തന്റെ ട്വിറ്റര്‍ അക്കൗണ്ടിലൂടെ പുറത്ത് വിട്ടിരുന്നു. സന്തോഷ് ശിവന്‍ തന്നെയാണ് ചിത്രത്തിന്റെ ഛായാഗ്രഹണം നിര്‍വഹിക്കുന്നത്. നെടുമുടി വേണു, സൗബിന്‍ താഹിര്‍, അജു വര്‍ഗീസ്, ഇന്ദ്രന്‍സ്, രമേഷ് പിഷാരടി തുടങ്ങിയവരാണ് മറ്റ് അഭിനേതാക്കള്‍. ലണ്ടന്‍, ഹരിപ്പാട് എന്നിവിടങ്ങളാണ് ചിത്രത്തിന്റെ പ്രധാന ലൊക്കേഷനുകള്‍. സൗബിന്‍ താഹിര്‍ വളരെ പ്രധാനപ്പെട്ട കഥാപാത്രമായിട്ടാണ് എത്തുന്നത് എന്നാണ് റിപ്പോര്‍ട്ടുകള്‍.

ദുബായ് ആസ്താനമാക്കിയുള്ള ലെന്‍സ്മാന്‍ സ്റ്റുഡിയോയുടെ സഹകരണത്തോടെയാണ് ജാക്ക് ആന്‍ഡ് ജില്‍ നിര്‍മ്മിക്കുന്നത്. ഗോപീ സുന്ദറാണ് ചിത്രത്തില്‍ സംഗീത സംവിധാനം നിര്‍വഹിക്കുന്നത്.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക