Image

എവിടെയായിരുന്നു ലോക കേരളസഭാ നേതാക്കള്‍ (അന്വേഷി)

Published on 30 October, 2018
എവിടെയായിരുന്നു ലോക കേരളസഭാ നേതാക്കള്‍ (അന്വേഷി)
ന്യൂയോര്‍ക്ക്: കുടുംബത്തില്‍ പ്രശ്‌നമുണ്ടാകുമ്പോള്‍ കുടുംബനാഥനെ കാണാനില്ലാത്തതു പോലെയായി ലോക കേരള സഭാംഗങ്ങളുടെ സ്ഥിതി. കേരളത്തെ മുക്കിയ പ്രളയദുരി തത്തിന് പരിഹാരം കാണാനുളള യഞ്ജത്തില്‍ ലോക കേരള സഭാംഗങ്ങളെ ആരെയും കണ്ടാനുണ്ടായിരുന്നില്ല.

പ്രവാസികളുടെ പ്രശ്‌നങ്ങള്‍ക്ക് നിര്‍ദ്ദേശങ്ങളും പരിഹാര മാര്‍ഗങ്ങളും നിര്‍ദ്ദേശിക്കുക എന്ന സദുദ്ദേശത്തോടെയാണ് ലോക കേരള സഭക്ക് സര്‍ക്കാര്‍ രൂപം നല്‍കിയത്. കേരളത്തിന്റെ സമ്പദ് വ്യവസ്ഥ വിദേശ മലയാളികളുമായി ബന്ധപ്പെട്ടിരിക്കുന്നതിനാല്‍ അവരുടെ പ്രതിനികളെ ഉള്‍പ്പെടുത്തിയുളള ലോക കേരള സഭാ സംവിധാനം ഏറെ ആശാവഹമായിരുന്നു. വോട്ടവകാശമില്ലെങ്കിലും നിയമസഭാ സാമാജികരെപ്പോലെ കേരളത്തിന്റെ നയരൂപീകരണത്തില്‍ ഇടപെടാന്‍ വിദേശ മലയാളികള്‍ക്ക് അവസരമൊരുക്കുമെന്നും കരുതപ്പെട്ടിരുന്നു.

എന്നാല്‍ മഹാപ്രളയം കേരളത്തെ വിഴുങ്ങിയപ്പോള്‍ അമേരിക്കയിലെ ലോക കേരള സഭാംഗങ്ങള്‍ക്ക് കാര്യമായൊന്നും ചെയ്യാനായില്ലെന്നത് വസ്തുതയാണ്. ദുരിതാശ്വാസ പ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനോ അതിന് ദിശാബോധം നല്‍കുന്നതിലോ അമേരിക്കയില്‍ നിന്നുളള അഞ്ചു കേരള സഭാംഗങ്ങളില്‍ ആരെയും കണ്ടില്ല. പ്രളയ ദുരിതാശ്വാസ നിധി സമാഹരണത്തിനായി ഇവിടുത്തെ അസോസിയഷേനുകളും പളളികളും മത്സരിക്കുകയായിരുന്നു. ഇങ്ങനെ പരിച്ചെടുത്ത തുക വേറെങ്ങുമെത്താതെ മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിലേക്ക് ഉറപ്പാക്കുക എന്ന ചുമതല ഏറ്റെടുക്കേണ്ടിയിരുന്നത് ലോക കേരള സഭാംഗങ്ങളായിരുന്നു. എന്നാല്‍ സ്വയം ഈ ഉത്തരവാദിത്വം ഏറ്റെടുത്ത് ലോക കേരള സഭാംഗങ്ങളിലാരും രംഗത്തു വന്നതായി കണ്ടില്ല.

ഗവണ്‍മെന്റിന്റെ ഭാഗത്തു നിന്നും ഉണ്ടായി ഗുരുതര വീഴ്ചകള്‍. ലോക കേരള സഭാംഗങ്ങളെ വിഭവ സമാഹരണത്തിനായി ചുമതലപ്പെടുത്തി എന്ന ഔദ്യോഗിക അറിയിപ്പ് പുറത്തിറക്കിയിരുന്നെങ്കില്‍ അവര്‍ക്ക് ഔദ്യോഗിക ചുമതലയിലൂടെ കാര്യങ്ങള്‍ ചിട്ടപ്പെടുത്താമായിരുന്നു. ഫലത്തില്‍ കോടികള്‍ ചിലവിട്ട് രൂപപ്പെടുത്തിയ ലോക കേരള സഭാ രൂപീകരണം എന്തിനായിരുന്നു എന്ന ചോദ്യ ചിഹ്‌നമുയര്‍ന്നു.

ചികിത്സക്കായി മുഖ്യമന്ത്രി അമേരിക്കയിലെത്തിയപ്പോള്‍ അതിന്റെ വിശദാംശങ്ങളെങ്കിലും ലോക കേരള സഭാംഗങ്ങളെ അറിയിക്കുകയും അതിലൂടെ അവര്‍ക്ക് ജനങ്ങളോട് വിശദീകരിക്കുവാനും കഴിയുമായിരുന്നു. നാടിന്റെ ഭരണാധികാരിയുടെ ആരോഗ്യസ്ഥിതി ജനങ്ങള്‍ അറിയുന്നതില്‍ തെറ്റുണ്ടെന്ന് പറയാനാവില്ല. അമേരിക്കയില്‍ പ്രസിഡന്റ്‌വരെ വാര്‍ഷിക മെഡിക്കല്‍ റിപ്പോര്‍ട്ട് വിവരങ്ങള്‍ പരസ്യപ്പെടുത്താറുണ്ട്. ഭരണാധികാരി പൊതു സ്വത്താകുമ്പോള്‍ അതില്‍ നിഗൂഡത പുലര്‍ത്തുന്നത് ആശ്വാസ്യകരമല്ല.

ചികിത്സക്കു ശേഷം നാട്ടിലേക്ക് മടങ്ങുന്നതിനു മുമ്പ് മുഖ്യമന്ത്രി ന്യൂയോര്‍ക്കില്‍ നടത്തിയ സമ്മേളനത്തിന്റെ വിശദാംശങ്ങളും ലോക കേരള സഭാംഗങ്ങള്‍ അറിയുന്നത് വളരെ വൈകിയാണ്. സമ്മേളനത്തിന്റെ സ്വയം ഉത്തവാദിത്വമേറ്റെടുത്തവര്‍ എല്ലാം ചിട്ടപ്പെടുത്തിയ ശേഷമാണ് ലോക കേരള സഭാംഗങ്ങള്‍ ഇതേക്കുറിച്ച് അറിയുന്നതു പോലും. മുഖ്യമന്ത്രി ലോക കേരള സഭാംഗങ്ങളെ ബന്ധപ്പെടുന്നതും സമ്മേളനം ചിട്ടപ്പെടുത്തിക്കഴിഞ്ഞാണ്. പോകാനിരുന്നതല്ല, പക്ഷേ മുഖ്യമന്ത്രി വിളിച്ചതു കൊണ്ടു മാത്രമാണ് സമ്മേളനത്തിന് പോയതെന്ന് ലോക കേരള സഭയിലെ ഒരംഗം അന്വേഷിയോട് പറയുകയുണ്ടായി. സമ്മേളനത്തില്‍ അമേരിക്കയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും പ്രതിനിധികള്‍ എത്തിയിരുന്നു. അതിലൊരാളായി മാത്രം ലോക കേരള സഭാംഗങ്ങള്‍ ക്ഷണിക്കപ്പെട്ടതിന് എന്തു ന്യായം പറഞ്ഞാലും സാധൂകരണമില്ല.

ഇതേ അവസ്ഥയായിരുന്നു ഫോമ, ഫൊക്കാന നേതൃത്വത്തിനും. മുഖ്യമന്ത്രിയുടെ ഔദ്യോഗിക സമ്മേളനത്തില്‍ വെറും കാഴ്ചക്കാര്‍ മാത്രമായിരുന്നു അവര്‍. ഗവണ്‍മെന്റ് സംവിധാനത്തിന്റെ ഭാഗമല്ലെങ്കിലും ജനാധിപത്യ പ്രക്രിയയിലൂടെ തിരഞ്ഞെടുക്കപ്പെട്ടവരാണ് കേന്ദ്ര സംഘടനകളുടെ നേതൃത്വം എന്നോര്‍ക്കണം. ഇവരെ ഒരു കാര്യവും അറിയിക്കാതെ മൂന്നോ നാലോ പേര്‍ മാത്രമടങ്ങുന്ന ഒരു സംഘമാണ് സമ്മേളനം നിയന്ത്രിച്ചത്.

ദേശീയ സംഘടനാ നേതാക്കള്‍ ന്യൂയോര്‍ക്കില്‍ നിന്നും അകലെയാണെന്ന ന്യായമൊന്നും വിലപ്പോവുന്നതല്ല. ഫൊക്കാന പ്രസിഡന്റ്‌ന്യൂജേഴ്‌സിയിലാണ്. ഫോമ ജനറല്‍ സെക്രട്ടറിയും ട്രഷററും ന്യൂയോര്‍ക്കില്‍ തന്നെ. പക്ഷേ അവര്‍ വന്നതും ക്ഷണിതാക്കളായി മാത്രം.

അമേരിക്കയിലെ വിശാല മലയാളി സമൂഹത്തില്‍ നിന്നും ജനാധിപത്യപരമായി തിരഞ്ഞെടുക്കപ്പെട്ട ദേശീയ സംഘടനാ നേതൃത്വത്തെ അകറ്റി നിര്‍ത്തിക്കൊണ്ട് കേരളത്തിന്റെ പൊതു പുരോഗതിക്കായി എന്ന ആഹ്വാനം മുഴക്കുന്നതില്‍ അര്‍ത്ഥമില്ല. അമേരിക്കന്‍ മലയാളി സമൂഹത്തിന്റെ പതാകാ വാഹകരായ ദേശീയ സംഘടനകളെ അവഗണിച്ചു കൊണ്ടുളള ഇത്തരം പേക്കൂത്തുകള്‍ വെറും പ്രഹസനങ്ങളായി തരംതാഴുകയേ ഉളളൂ..
Join WhatsApp News
Mathuvarma pillai 2018-10-31 03:23:52
Who elected this Loka Kerala MPs. They are not legally or democratically elected. Their posts are unconstitutional. Who cares them. They are some "Thuthunukki ignorant puppets of some selfish people.
So ignore them. Please elect democratically from pravasis. Do not care about foma fokana etc.. K just elecect from common people, that is from ordinary people just like from You and me.
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക