Image

റിസര്‍വ്‌ ബാങ്കിന്റെ സ്വയംഭരണത്തില്‍ കൈ കടത്തില്ല; കേന്ദ്ര ധനമന്ത്രാലയം

Published on 31 October, 2018
റിസര്‍വ്‌ ബാങ്കിന്റെ സ്വയംഭരണത്തില്‍ കൈ കടത്തില്ല; കേന്ദ്ര ധനമന്ത്രാലയം
ന്യൂഡല്‍ഹി: റിസര്‍വ്‌ ബാങ്കിന്റെ സ്വയംഭരണത്തെ തങ്ങള്‍ മാനിക്കുന്നുവെന്നും ഇതില്‍ ഇനി കൈ കടത്തില്ലെന്നും അറിയിച്ച്‌ കേന്ദ്ര ധനമന്ത്രാലയം. കൂടിയാലോചന പുതിയ കാര്യമല്ലെന്ന്‌ ധനമന്ത്രാലയം വ്യക്തമാക്കിയിട്ടുണ്ട്‌.

എല്ലാ സ്ഥാപനങ്ങളും പൊതു താല്‍പര്യം സംരക്ഷിക്കണമെന്ന്‌ കേന്ദ്രം അറിയിക്കുകയും ചെയ്‌തു. ആര്‍ബിഐ-സര്‍ക്കാര്‍ തര്‍ക്കം രൂക്ഷമായ സാഹചര്യത്തിലാണ്‌ കേന്ദ്രം വിശദീകരണവുമായി രംഗത്തെത്തിയിരിക്കുന്നത്‌.

തര്‍ക്കത്തെ തുടര്‍ന്ന്‌ പ്രധാനമന്ത്രി ബാങ്ക്‌ മേധാവികളുടെ യോഗം വിളിച്ചിരുന്നു. അതേസമയം, സര്‍ക്കാര്‍ ഇടപെടലില്‍ ആര്‍ബിഐ ഗവര്‍ണര്‍ ഊര്‍ജിത്‌ പട്ടേല്‍ അതൃപ്‌തി രേഖപ്പെടുത്തുകയും ചെയ്‌തിരുന്നു. ആര്‍ബിഐ നിയമം ഏഴാം വകുപ്പനുസരിച്ച്‌ പ്രയോഗിക്കുന്നതിനെതിരെയാണ്‌ പ്രതിഷേധവുമായി ആര്‍ബിഐ രംഗത്തെത്തിയത്‌.

സ്വയംഭരണത്തെ പരിപാലിക്കുന്ന നടപടികള്‍ മാത്രമാണ്‌ കേന്ദ്രത്തില്‍ നിന്ന്‌ ഉണ്ടായിട്ടുള്ളതെന്നും രഹസ്യ ആശയ വിനിമയങ്ങള്‍ സര്‍ക്കാര്‍ പരസ്യപ്പെടുത്തിയിട്ടില്ലെന്നും ധനമന്ത്രാലയം പ്രസ്‌താവിച്ചു. ഇന്ന്‌ രാവിലെ റിസര്‍വ്‌ ബാങ്കിലെയും ധനമന്ത്രാലയത്തിലെയും ഉന്നതര്‍ തമ്മില്‍ ചര്‍ച്ച നടത്തിയ ശേഷമാണ്‌ ധനമന്ത്രാലയം ഈ പ്രസ്‌താവന നടത്തിയത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക