Image

മഹാപ്രസ്ഥാനം-വഴികള്‍, മാതൃകകള്‍- (ഡി.ബാബുപോള്‍)

Published on 31 October, 2018
മഹാപ്രസ്ഥാനം-വഴികള്‍, മാതൃകകള്‍- (ഡി.ബാബുപോള്‍)
വാത്മീകം വളയുന്നതറിയാതെ വാത്മീകി ആയി ഭവിക്കുന്ന അനുഭവം രാമായണരചയിതാവില്‍ ഒതുങ്ങിന്നതല്ല എന്ന് വൈകിയാണ് ഞാന്‍ അറിഞ്ഞത്. ഹിമവല്‍സാനുക്കളിലും ഈജിപ്ഷ്യന്‍ മരുഭൂമികളിലും ഈശ്വരസാക്ഷാത്ക്കാരത്തിനായി തപോനിഷ്ഠയില്‍ ജീവിതം ഹോമിച്ചവരും മൗണ്ട് ആത്തോസിലും തുറബ്ദീനിലെ ദയറായിലും മിണ്ടാമഠങ്ങളിലും പ്രാര്‍ത്ഥനാനിരതരായി ജീവിക്കുന്നവരും വാത്മീകിമാര്‍ ആകാതിരിക്കുന്നത് അവിടെ ചിതലുകള്‍ പുറ്റുണ്ടാക്കാത്തതുകൊണ്ടാണ് എന്ന് ഇന്ന് ഞാന്‍ തിരിച്ചറിയുന്നു.
ആത്മീയ ഈശ്വരസാക്ഷാത്ക്കാരത്തിനുള്ള ഉപാധിയാണ്. മനുഷ്യനിര്‍മ്മിതങ്ങളായ മതഭേദങ്ങള്‍ ആ രംഗത്ത് അപ്രസക്തമാണ്. അതുകൊണ്ടാണ് മിസ്റ്റിസിസം മതബദ്ധമല്ല എന്ന് പറയുന്നത്. ഏക്കാലവും എല്ലാ സമൂഹങ്ങളിലും എല്ലാ മതങ്ങളിലും സന്നിഹിതമായ പ്രതിഭാസമാണ് മിസ്റ്റിസിസം. ആചാരാനുഷ്ഠാനങ്ങളും സാംസ്‌ക്കാരികഭൂമികളും പ്രതിഭിന്നമാവുമ്പോഴും ഒരേ ശാശ്വാതസത്യങ്ങളാണ് എല്ലാ മതങ്ങളിലും ദൃശ്യമാവുന്നത്. എന്ന് സ്ഥൂലമായി പറയാന്‍ കഴിയുന്നതിന്റെ കാരണവും മറ്റൊന്നല്ല.
ധര്‍മ്മപുത്രരെ ഓര്‍ക്കുക.

ബോധത്തിന്റെ അതീന്ദ്രീയഭാവം  എന്ന് മിസ്റ്റിസിസത്തെ ഏകദേശമായി നിര്‍വ്വഹിക്കാമെന്ന് തോന്നുന്നു. സാമാന്യബോധം വികസിച്ച്, അന്തര്‍ലീനമായ സാധ്യതകളെ വിളിച്ചുണര്‍ത്തി സാധാരണമായ മാനുഷികചിന്താപദ്ധതികള്‍ക്കപ്പുറം ബോധലോകത്തെ എത്തിക്കുന്നതാണ് ആ പ്രതിഭാസം. അനുഭവിച്ചിട്ടുള്ള വരെ ആന്തരികസന്തോഷത്തിന്റെ അഭൗമഭാവങ്ങളിലേയ്ക്ക് ഉയര്‍ത്തി ഈശ്വരനെ അകതാരിന്റെ അകത്തളങ്ങളില്‍ ്‌അനുഭവിച്ചറിയാന്‍ അത് സഹായിക്കുന്നു. ആ അനുഭവത്തിന്റെ പരകോടി ഈശ്വരസാക്ഷാത്ക്കാരമാണ്. അനുഭവിക്കുന്നവനും അനുഭവം നല്‍കുന്നവനും അഭിന്നമായി ഭവിക്കുന്നു. അയ്യപ്പനെ വണങ്ങുന്നവന്‍ സ്വയം അയ്യപ്പനായി മാറുകയും അപരനില്‍ അയ്യപ്പനെ തിരിച്ചറിയുകയും ചെയ്യുമ്പോള്‍ ഉണ്ടാകുന്നതും മിസ്റ്റിക് അനുഭവം തന്നെ.

ഭഗവദ്ഗീതയിലെ വിശ്വരൂപദര്‍ശനം പാര്‍ത്ഥന് നല്‍കിയത് ഈ മിസ്റ്റിക് അനുഭവമാണ്. ആദ്യത്തെ പത്ത് അദ്ധ്യായങ്ങളില്‍ ഇഷ്ടദേവതോപാസന മുതല്‍ ജ്ഞാനസാധന വരെ എല്ലാം സാരഥി ഉപദേശിച്ചുകഴിഞ്ഞു. അപ്പോഴാണ് പരമാത്മാവിന്റെ ഈശ്വരരൂപം കാണണമെന്ന് അര്‍ജുനന് മോഹം ഉദിച്ചത്. മോശയുടെ മോഹം തന്നെ മനുഷ്യന് താങ്ങാനാവുന്നതല്ല ആ ദൃശ്യം. യാഹ് വെ മോശയ്ക്ക് പാറയിടുക്കില്‍ നിന്ന് കാണാന്‍ അവസരം ഒരുക്കി. സാരഥി പാര്‍ത്ഥന് ഒരു പ്രത്യേക കണ്ണ് നല്‍കി. ഈശ്വരന്‍ അനുവദിക്കാതെയും അനുവദിക്കുന്നതിലേറെയും മനുഷ്യന്  ഈശ്വരനെ കാണാന്‍ കഴിയുകയില്ല. ആയിരം സൂര്യന്മാര്‍ ഒരുമിച്ചുദിച്ചാലെന്നത് പോലെ തേജോമയമായിരുന്നു ഈശ്വരന്റെ വിശ്വരൂപം. അത് എങ്ങനെ കാണും? വേദങ്ങളോ വ്രതാനുഷ്ഠാനങ്ങളോ ദാനമോ യാഗമോ അതിന് സഹായിക്കയില്ല. അതിന് വേണ്ടത് ഏകാന്തവും ഏകാഗ്രവും ആയ ഭക്തിയാണ്. ഭക്ത്യാ ത്വനന്യയാ ശക്യ(11.54).

ആ വിലക്കിലെ വിശുദ്ധ ത്രേസ്യ പറഞ്ഞിട്ടുണ്ട്, ഈ മിസ്റ്റിക് അനുഭവത്തിലൂടെ ആര്‍ജ്ജിക്കുന്ന അനുഭവജ്ഞാനത്തിന്റെ സഹസ്രാശം പ്രാപ്തമാകുവാന്‍ ഒരായുഷ്‌ക്കാലം മതിയാവുകയില്ല എന്ന്. ഒന്നും ഉരിയാടാതെ തന്നെ ആത്മാവ് സത്യങ്ങളില്‍ സുശിക്ഷിതമാവുന്നു. 'ഓള്‍ദോ നോ വേഡ്‌സ് ആര്‍ പ്രൊണനൗണ്‍സ്ഡ് ദ് സ്പിരറ്റ് ഈസ് ടോട്ട് മെനി ട്രൂത്ത്‌സ്.'
അതിനും മുമ്പാണ് ഇഗ്നേഷ്യസ് ലൊയോളയ്ക്ക് സമാനമായ അനുഭവം ഉണ്ടായത്. അന്ന് അറുപത്തിരണ്ട് വയസ് ആയിരുന്നു ലൊയോളയുടെ പ്രായം. അതിനോടകം ഈശ്വരനില്‍ നിന്ന് താന്‍ പ്രാപിച്ചിരുന്ന ആധ്യാത്മികപ്രകാശം മുഴുവന്‍ ചേര്‍ത്തുവച്ചാലും ആ ദര്‍ശനവേളയില്‍ ആത്മാവിന് പ്രാപ്യമായതിന് തുല്യമാവുകയില്ല എന്നാണ് ലൊയോളയുടെ ജീവചരിത്രത്തില്‍ വായിക്കുന്നത്.

ഇപ്രകാരം ഉള്ള അനേകം അനുഭവവിവരണങ്ങള്‍ കാണാന്‍ കഴിയും. അന്തരാത്മാവിന്റെ വികസനം- എന്‍ലാര്‍ജ്‌മെന്റ് ഓഫ് ദ് ഇന്‍വേഡ് സോള്‍- എന്നാണ് മഹാനായ ഗ്രിഗറി(ഗ്രിഗറി 1 മാര്‍പാപ്പ) ഈ പ്രക്രിയയെ വിവരിച്ചിട്ടുള്ളത്. ഈ അനുഭവത്തിലൂടെ കടന്നുപോയവരെല്ലാം അത് അത്യുന്നതമായ തലത്തിലെ ഒരു അതിന്ദ്രീയാനുഭവം ആയിട്ടാണ് കണ്ടത്. ജ്ഞാനമോ യുക്തിയോ കൊണ്ട് ആര്‍ജ്ജിക്കാവുന്നതല്ല ആ അവസ്ഥ.
അന്ധന്മാര്‍ മാത്രം അധിവസിക്കുന്ന ഒരു ഗ്രാമത്തില്‍ ഒരാള്‍ക്ക് പെട്ടെന്ന് കാഴ്ച കിട്ടുന്നു എന്ന് സങ്കല്പിക്കുക. അയാള്‍ താന്‍ കാണുന്ന സൂര്യോദയം വിവരിക്കുമ്പോള്‍ ശേഷം പേര്‍ക്ക് എന്താണ് തോന്നുക? ഒന്നുകില്‍ അയാള്‍ ഭോഷ്‌ക്ക് പറയുന്നു. അല്ലെങ്കില്‍ അയാള്‍ അസത്യം പറയുന്നു. ഒരു മിസ്റ്റിക്കിന്റെ അവസ്ഥ വ്യത്യസ്തമല്ല. അയാള്‍ മാത്രം അല്ല മിസ്റ്റിക് എന്നതിനാല്‍ മുമ്പും പിമ്പും ഉള്ളവര്‍ അയാള്‍ക്ക് സാക്ഷികളാകുന്നു എന്ന് മാത്രം.
അതേ സമയം എല്ലാവരിലും മിസ്റ്റിക്കാകാന്‍ പോന്ന വ്യക്ത്യംശം ഉണ്ട്. അതുകൊണ്ടാണ് മിസ്റ്റിക്കാകാത്തവര്‍ക്കും മിസ്റ്റിസിസം ഗ്രാഹ്യമാവുന്നത്. മിസ്റ്റിസിസം ഗ്രാഹ്യമായാലും സാധാരണക്കാരന്റെ ഈശ്വരാനുഭവം അനുഷ്ഠാനബദ്ധം ആയിരിക്കും: പൂജ, നാമജപം, കൊന്ത, കുര്‍ബ്ബാന, നോമ്പ് തുടങ്ങിയവ കൂടാതെ ഈശ്വരസാക്ഷാത്ക്കാരം അസാധ്യമാവുന്ന അവസ്ഥ മിസ്റ്റിക്കുകള്‍ക്ക് അങ്ങനെയല്ല. ഇപ്പറഞ്ഞതൊക്കെ അവര്‍ക്കും ഏറിയും കുറഞ്ഞും പ്രയോജകരമായി അനുഭവപ്പെട്ടേക്കാം. എന്നാല്‍ ഒന്നും അനുപേഷണീയമല്ല. അതുകൊണ്ടാണ് മിസ്റ്റിക്കുകള്‍ മതാതീതരാവുന്നത്. ഒരു മതവും അവരെ തളയ്ക്കുന്നില്ല.

എല്ലാ മിസ്റ്റിക്കുകളും ഏകദൈവവിശ്വാസികളാണ്. നാമാതീതനായ ഈശ്വരനാണ് അവരുടെ 'ഏകദൈവം' 'ഞാന്‍ ആകുന്നവന്‍ ഞാന്‍ ആകുന്നു.' സൃഷ്ടിക്കുന്നവന്‍ സൃഷ്ടികളുടെ അസംഖ്യതയ്ക്കും നാനാത്വത്തിനും അതീതനാവുമ്പോള്‍ അക്ഷരങ്ങളുടെ തടവറകളില്‍ ബന്ധിതനാവുക വയ്യ. ഈശ്വരന്‍ ആത്മാവില്‍ പകര്‍ന്നുകിട്ടുന്ന സ്‌നേഹമാണ്, പ്രകാശമാണ്, ജീവനാണ്. സ്‌നേഹത്തിന്റെയും പ്രകാശത്തിന്റെയും ജീവന്റെയും കണം പകര്‍ന്നുകൊടുക്കാന്‍ ഈശ്വരന് കഴിയുന്ന്ത അവിടുന്ന് അതിന്റെ അനന്തരന്താകരം ആകുന്നതിനാലാണ്. അപ്പോള്‍ ആത്മാവില്‍ ലഭ്യമായ കണവും അതിന്റെ സ്രോതസ്സും തമ്മിലുള്ള ബന്ധം സ്‌നേഹത്തില്‍ അധിഷ്ഠിതമാണ് എന്ന് സിദ്ധിക്കുന്നു. ആ സ്‌നേഹമാണ് പ്രകാശവും ജീവനും ആകുന്നത്. അവിടെ മനുഷ്യന്‍ സൃഷ്ടിച്ച മതം അപ്രസക്തമാവുന്നു. അതുകൊണ്ടാണ് രാമകൃഷ്ണപരമഹംസര്‍ക്ക് മാമ്മോദീസാ കൂടാതെ ക്രിസ്തുസാക്ഷാത്കൃതനാവാന്‍ കഴിയുന്നത്. ആത്മാവും ദൈവവും തമ്മിലുള്ള ബന്ധം സ്‌നേഹമാണ്. സ്‌നേഹത്തിന് മതം ഇല്ല. മതത്തില്‍ ഒതുങ്ങുന്ന സ്‌നേഹം സ്‌നേഹമല്ല.

ദൈവമാണ് ആത്മാവിന്റെ സത്തയും സ്രോതസ്സും. ആ ആത്മാവ് ദൈവത്തിന്റെ സകലസൃഷ്ടികളിലും സൂഷ്മമായോ സ്ഥൂലമായോ പ്രത്യക്ഷമായോ പരോക്ഷമായോ നിക്ഷിപ്തമാണ്. ഉറുമ്പിനും പുല്ലിനും ആത്മാവില്ല എന്ന് വേദശാസ്ത്രജ്ഞന് പറയാം. ഒരു മിസ്റ്റിക്കിന് ആവുകയില്ല. നദികളെയും കിളികളെയും ഏകോദര സഹോദരങ്ങളായി കാണാന്‍ അസീസിയിലെ ഫ്രാന്‍സിസിന് കഴിഞ്ഞത് അതുകൊണ്ടാണ്.
മിസ്റ്റിസിസത്തിന്റെ മറ്റൊരു  നിര്‍വ്വചനാത്മകഭാവം അഭാവം എന്ന് ഞാന്‍ വിളിക്കുന്ന ഭാവനിരപേക്ഷതയാണ്. മിണ്ടാമഠത്തിലെ കന്യാസ്ത്രീയിലും മദര്‍തെരേസയിലും അത് ഒരു പോലെ ശക്തമായിരിക്കും. ചിലര്‍ എസീന്യരെ പോലെയും ചിലര്‍ ശ്രീയേശുവിനെ പോലെയും ആയിരിക്കും. അവര്‍ കണ്ണടയ്ക്കുമ്പോള്‍ ഇരുട്ട് നിര്‍മ്മിക്കപ്പെടുന്നില്ല. ഇരുള്‍ എന്ന് തോന്നുന്നത് വെളിച്ചത്തിലേയ്ക്കുള്ള വഴിയാണ്. ആ യാത്ര ഈശ്വരസാക്ഷാത്ക്കാരത്തിലാണ് അവസാനിക്കുക. 'മുള്‍മരമെരിയാതെരിതീതന്‍ നടുവില്‍'   മോശ കണ്ടതും ഗുഹാദ്വാരത്തില്‍ ഏലിയാ കേട്ടതും കൊല്‍ക്കത്തയുടെ പ്രാന്തത്തില്‍ പരമഹംസര്‍ എതിരെ നടന്നുവന്ന് തന്നില്‍ കുടിയേറിയ ശ്രീയേശുവിനെ തിരിച്ചറിഞ്ഞതും എല്ലാം ഈ സാക്ഷാത്ക്കാരത്തിന്റെ നിമിഷങ്ങളായിരുന്നു. 'ഞാനും എന്റെ പിതാവും ഒന്നാകുന്നു.'

ഈ മിസ്റ്റിക്കല്‍ അനുഭവതലം അനൈഛികമായി ലബ്ധമാവുന്ന ദര്‍ശനം ആകണമെന്നില്ല. മിക്കവാറും അല്ല. ധ്യാനവും മനനവും  ഒക്കെ വഴി എത്തിച്ചേരുന്ന ഒരു ഇടമാണത്. പകലന്തിയോളം  കര്‍മ്മനിരതനായ ശ്രീയേശു രാത്രി നിര്‍ജ്ജനസ്ഥലത്ത് ഏകാന്തഭക്തിയില്‍  ഏര്‍പ്പെടുന്നത് മനുഷ്യന്റെ യാത്രയുടെ ഭാഗമാണ്. അവതരിച്ച ദൈവം പൂര്‍ണ്ണമനുഷ്യന്‍ ആയിരുന്നു എന്നറിയുമ്പോള്‍ ഇത് സുഗ്രാഹ്യമാവും.
ഈ ഏകാന്തഭക്തി വാചാമല്ല. അത് നാം സാധാരണ തിരിച്ചറിയുന്ന പ്രാര്‍ത്ഥനയും അല്ല. ഗിരിപ്രഭാഷണത്തില്‍(6:22) കണ്ണിനെക്കുറിച്ച് ഒരു പരാമര്‍ശം ഉണ്ട്. 'കണ്ണ് ചൊവ്വുള്ളതെങ്കില്‍' എന്ന് ചാത്തുമേനോന്‍ വിവര്‍ത്തനം ചെയ്തത് കിങ്ങ് ജയിംസ് ഇംഗ്ലീഷില്‍ ഇഫ് ദെയര്‍ഫോര്‍ ദൈന്‍ ഐ ബി സിംഗിള്‍ എന്നാണ് വായിക്കുന്നത്. എന്റെ ഗ്ിരിപ്രഭാഷണപഠനത്തില്‍ (ക്രിസ്തുഭഗവദ്ഗീത, മനോരമ പബ്ലിക്കേഷന്‍സ്, കോട്ടയം) പറഞ്ഞിട്ടുള്ളത് ഇവിടെ ഉദ്ധരിക്കുന്നത് ഒരിക്കല്‍ക്കൂടെ  എഴുതാനുള്ള മടി കൊണ്ടാണ്, മാപ്പ്.

ഈ 'സിംഗിള്‍ ഐ' ഫാലപ്രദേശത്ത് രണ്ട് ഭൗതികനേത്രങ്ങള്‍ക്ക് പിന്നില്‍ സ്ഥിതി ചെയ്യുന്നു എന്ന് ചിലര്‍ വിശദീകരിച്ചിട്ടുണ്ട്. നിരുവനന്തപുരത്ത് 'തിരുസന്നിധി' യില്‍ (മലങ്കര കത്തോലിക്കായുടെ ആസ്ഥാനം) ചെന്നുകയറുമ്പോള്‍ കാണുന്നത് ഈ കണ്ണ് ആണ്. ഭാരതീയവിചാര കേന്ദ്രത്തിലെ പരമേശ്വര്‍ജി ഒരിക്കല്‍ അതിനെ ശിവന്റെ മൂന്നാം കണ്ണ് എന്ന് വിശേഷിപ്പിച്ചതും സന്ദര്‍ഭവശാല്‍ ഓര്‍ത്തുപോവുന്നു. ധ്യാനത്തിന്റെ ആദ്യപടവില്‍ ലോകവ്യവഹാരങ്ങളില്‍ നിന്ന് മസ്തിഷ്‌ക്കത്തെ മുക്തമാക്കി ശ്രദ്ധ കേന്ദ്രീകരിക്കുന്ന ഇടമാണ് ഈ ഏകനേത്രം. അതാണഅ നേരത്തെ പറഞ്ഞ യാത്രയുടെ തുടക്കം. മുട്ടുമ്പോള്‍ തുറക്കുന്ന വാതിലാണത്. അന്വേഷിക്കുമ്പോള്‍ കണ്ടെത്തുന്ന യാഥാര്‍ത്ഥ്യത്തിലേയ്ക്കുള്ള വാതില്‍.

എന്നാല്‍ അത് യാത്രയുടെ ആരംഭം മാത്രം ആണ്. അവസാനത്തോളം പിടിച്ചുനില്‍ക്കുന്നവനാണ് രക്ഷ പ്രാപിക്കുന്നത്. ആത്മാവിലെ വെളിച്ചവും ആത്മാവിലെ  ശബ്ദവും അവനെ വഴി നടത്തും. ഒടുവില്‍ ദൈവത്തിങ്കലെത്തി വഴി മുട്ടും. അതാണ് ഈശ്വരസാക്ഷാത്ക്കാരം. 'ഞാനും എന്റെ പിതാവും ഒന്നാകുന്നു.'
ആ അവസ്ഥയില്‍ ആചാരബദ്ധമായ മതം അപ്രസ്‌ക്തമാവുന്നു. പുറംകടലിലും മരുഭൂമിയിലും അടയാളപ്പലകകള്‍ വേണ്ട. ജിദ്ദു കൃഷ്ണമൂര്‍ത്തി കാണുന്ന പാതകളില്ലാത്ത പീഠഭൂമിയാണ് അത്. എന്നാല്‍ യാത്ര പുരോഗമിക്കുമ്പോള്‍ ശീലിച്ച മതചിഹ്നങ്ങളാവുക വഴികാട്ടി.

ഞാന്‍ അറിയുന്ന ഒരാള്‍. മറ്റാരും അയാളെ എന്നെപ്പോല്‍ അറിയുന്നില്ല. നാല് വയസ്സില്‍ 23-ാം സങ്കീര്‍ത്തനം വായിച്ചിട്ട് സ്വന്തംമുട്ട് തപ്പിനോക്കിയ അന്വേഷകന്‍. അയാള്‍ ഇപ്പോള്‍ ദൈവത്തെ കാണുന്നത് പൂര്‍വ്വാകാശത്തിലാണ്. സൂര്യോദയത്തിന് മുമ്പ് കിഴക്ക് വെള്ള വീശുന്ന നേരത്തെ ആകാശം. അത് ത്രിയേകദൈവമാണ്. ദൗത്യത്തിന് പുത്രനെ പറഞ്ഞയച്ച പിതാവും ദൗത്യം പൂര്‍ത്തിയാക്കി തന്റെ സ്വത്വത്തില്‍ വീണ്ടും എത്തിയ പുത്രനും പുത്രന്റെ പാഠങ്ങള്‍ തുടര്‍ന്നു പറഞ്ഞുകൊടുക്കുവാന്‍ ചുമതലപ്പെടുത്തപ്പെട്ട ആത്മാവും ചേര്‍ന്ന ദൈവം. ആ മനുഷ്യന്റെ ആചാരപരമായ പ്രാര്‍്തഥനകളും മധ്യസ്ഥതകളും കഴിയുമ്പോള്‍ ദൈവം അയാള്‍ ഇരിക്കുന്ന ശീതീകരിച്ച മുറിയില്‍ വരും. യഹോവയുടെ മഹത്വം ആയിട്ടല്ല, ഗലീലയില്‍ നടന്ന മനുഷ്യനായിട്ട്. പിന്നെ അവര്‍ യാത്ര പോവും. അന്റാര്‍ട്ടിക്കയിലേയ്ക്ക്. ചമ്പല്‍ താഴ് വരകളിലേയ്ക്ക്. ഇരിങ്ങള്‍ കാവിലേയ്ക്ക്. ചമ്പല്‍ താഴ് വരകളിലേയ്ക്ക്. ഇരിങ്ങള്‍ കാവിലേയ്ക്ക്. തേക്കടി വനാന്തരങ്ങളില്‍ മുല്ലക്കുടിക്കും താന്നിക്കുടിക്കും അടുത്തുള്ള കാടുകളിലേയ്ക്ക്. 2018 ഒക്ടോബറില്‍ മഹാനവമിനാളില്‍ അവന്‍ ഒരു വാതില്‍ തുറന്നു. അയാള്‍ അകത്തുകയറി. എണ്ണിയാലൊടുങ്ങാത്ത അള്‍ത്താരകള്‍. എല്ലാ അള്‍ത്താരകളിലും വിശുദ്ധകുര്‍ബ്ബാന ധൂപകലശങ്ങള്‍ ഉയര്‍ത്തുന്ന ധൂമപടലങ്ങള്‍, കുന്തുരുക്കത്തിന്റെ മണം. അവിടെ മണിയും മറുവഹസയും ഇല്ല. മാലാഖമാരുടെ കരഘോഷമാണ് പകരം. അവരാകട്ടെ അള്‍ത്താരകള്‍ക്കിടയിലൂടെ അനായാസം പറഞ്ഞു നടക്കുന്നു. സന്ധ്യ അടുക്കുമ്പോള്‍ കൂട്ടംകൂട്ടമായി ചേക്കേറാന്‍ പറക്കുന്ന പക്ഷികളെപ്പോലെ. ആ ദൃശ്യം നല്‍കുന്ന അന്യാദൃശമായ അത്യാഹഌദത്തില്‍ നിന്ന് അയാള്‍ മോചനം ആഗ്രഹിക്കുന്നില്ല. എങ്കിലും അയാള്‍ വ്യാവഹാരികലോകത്തിലേയ്ക്ക മടങ്ങേണ്ടതുണ്ട്.

അയാള്‍ കാണുന്നത് അപരിചിതമായ ഇടങ്ങളാണ്. എന്നാല്‍ അവിടെ ഉള്ള ബിംബകല്പനകള്‍ അയാളുടെ മതത്തോടും സഭയോടും ജനിച്ചുവളര്‍ന്നതും വായിച്ചറിഞ്ഞതും ആയ ഇടങ്ങളോടും ബന്ധപ്പെട്ടിരിക്കുന്നു.
വിശുദ്ധകുര്‍ബ്ബാനയില്‍ സ്വര്‍ഗ്ഗം തുറന്നു വരുന്ന അനുഭൂതി ഉണ്ടാകുന്ന നേരങ്ങള്‍ ഉണ്ട്. വിശേഷിച്ച് സ്മൃതിവേളയിലും എപ്പിക്‌ളെസിസിലും 'ഖണ്ഡിപ്പിന്റെ ശുശ്രൂഷ' എന്ന് അന്ത്യോഖ്യന്‍ പാരമ്പര്യത്തില്‍ അറിയപ്പെടുന്ന നേരത്തും. അച്ചന്റെ ശബ്ദവും കപ്യാരുടെ ചലനവും ക്വൊയറിന്റെ കോലാഹലവും ശ്രദ്ധിക്കാതെ നടക്കുന്ന രഹസ്യാത്മക കര്‍മ്മങ്ങളുടെ ആത്മാവ് ആഗിരണം ചെയ്യുമ്പോള്‍ ആണ് സ്വര്‍ഗ്ഗം ദൃശ്യമാവുന്നത്. ആ സമയം തോന്നിയ പാട്ടുകള്‍ വിസ്തരിക്കാനുള്ളതല്ല, 'അന്‍പുടയോനേ' എന്ന കീര്‍ത്തനം മാത്രം ആണ് അനുവദനീയം എന്ന് കരുതുന്നവര്‍ ഉണ്ട്. ഒരു ശബ്ദവും ഇല്ലാതിരിക്കുന്നതാണ് ഭംഗി എന്നാണ് എന്റെ ചിന്ത. അത്രയേറെ മിസ്റ്റിക്കല്‍ സാധ്യതകള്‍ ഉള്ള നേരമാണഅ അത്. ഏകാഗ്രമായി ധ്യാനിച്ചാല്‍ കാല്‍വറിയിലെ കുരിശ് യാക്കോബിന്റെ ഗോവണി ആയി മാറുന്നത് അനുഭവിച്ചറിയാം.

ചാവറയച്ചന്‍ കത്തോലിക്കാസഭയിലെ വിശുദ്ധനാണ്. അദ്ദേഹം സംഘാടകനും ഭരണകര്‍ത്താവും സാമൂഹിക നവോത്ഥാന നായകനും ഒക്കെ ആയിരുന്നു എന്നതിനപ്പുറം മിസ്റ്റിസിസത്തിന്റെ വഴികള്‍ താണ്ടിയ താപസനും ആയിരുന്നു. മലങ്കരയിലെ സുറിയാനി കത്തോലിക്കാസഭയെ ഉലച്ച റോക്കോസ് വിപ്ലവത്തിന് ശേഷം ആണ് ചാവറയുടെ ആധ്യാത്മികത പക്വതയാര്‍ജ്ജിച്ചത് എന്ന് അദ്ദേഹത്തിന്റെ 'ഔദ്യോഗിക' ജീവചരിത്രകാരനായ മുണ്ടാടനച്ചന്‍ നിരീക്ഷിച്ചിട്ടുണ്ട്. ചവറ സ്പരിച്ചുവാലിറ്റി എന്നാണ് അദ്ദേഹം അതിന് പേരിട്ടിരിക്കുന്നത്. കണ്ണുകളുടെ കാഴ്ച നഷ്ടപ്പെട്ടപ്പോള്‍ ലൗകികകാര്യങ്ങള്‍ ശ്രദ്ധിക്കാതെ ഈശ്വരനുമായി ചേര്‍ന്നതിന് ഒരു വീക്ഷണസമവായം സൃഷ്ടിക്കാനുള്ള സന്ദര്‍ഭമായി ചാവറ തന്റെ ആന്ധ്യത്തെ മഹത്വവല്‍ക്കരിച്ചു എന്നു പറയുന്ന ഗ്രന്ഥകാരന്‍ മോശയെയും അര്‍ജ്ജുനനെയും പോലെ ദൈവമഹത്വം കാണാനുള്ള മോഹമായിരുന്നു ചാവറയെ ഭരിച്ചത് എന്ന് സ്ഥാപിക്കുന്നുണ്ട്.
ദര്‍ശനം മാത്രം അല്ല. കേരളത്തില്‍ തിരുക്കുടുംബസങ്കല്പവും തിരുകുടുംബഭക്തിയും പ്രചരിപ്പിച്ചത് ചാവറയാണ്. അത് തന്റെ ബാല്യകാല പരിശീലനത്തിന്റെ തുടര്‍ച്ചയാണ് എന്ന് അദ്ദേഹം പറഞ്ഞിട്ടുമുണ്ട്. അന്ത്യകാലത്ത് ആസ്യത്തിന് വഴങ്ങി വന്നപ്പോള്‍ തിരുകുടുംബത്തിലെ ഒരു അംഗമോ ഭൃത്യനോ ആയി സ്വയം കാണാന്‍ അദ്ദേഹത്തിന് കഴിഞ്ഞു. ഒപ്പം കൈനകരിയിലെ ജനങ്ങളുടെ പിതാവായും സ്വയം അടയാളപ്പെടുത്തി. അങ്ങനെയാണ് നല്ല അപ്പന്റെ ചാവരുള്‍ ഉണ്ടായത്.

മദര്‍ തെരേസയുടെ മിസ്റ്റിക്കല്‍ മാനവും ഇതുപോലെ ഒരു ദ്വന്ദ്വം ആയിരുന്നു. സേവനത്തിന്റെയും ശുശ്രൂഷയുടെയും ദൃശ്യമുഖം ഒരിടത്ത്, ആന്തരികവേദനകളുടെ മുഖം തന്റെ ഗുരുവും സുഹൃത്തും ആയിരുന്ന പിക്കാച്ചിക്കുള്ള കത്തുകളില്‍ നിറയെ ഇവ പരസ്പരപൂരകങ്ങളാണ് എന്നല്ല പറയുന്നത്; പരസ്പരപൂരകങ്ങളാണ് എന്നല്ല പറയുന്നത്; പരസ്പരനിരാസം കൂടാതെ ഒരാളുടെ ആധ്യാത്മിക യാത്രയുടെ രണ്ട് തലങ്ങളില്‍ മിസ്റ്റിസിസത്തിന്റെ ആത്മീയമാനവും പ്രയുക്തമാനവും സഹവര്‍ത്തിച്ചേക്കാം എന്നാണ്.
പരുമലത്തിരുമേനിയും അല്‍ഫൊണ്‍സാമ്മയും വിശുദ്ധരായ മിസ്റ്റിക്കുകളായി മലയാളികള്‍ അംഗീകരിക്കുന്നവരാണ്. അവരുടെ ഏകനേത്രാധിഷ്ഠിത യാത്രകളിലെ നാഴികക്കുറ്റികള്‍ അയാളപ്പെടുത്തുന്ന പ്രസ്താവനകള്‍ ലഭ്യമാണെങ്കിലും ബിയാഞ്ചിയുടെയും ലൊയോളയുടെയും ഹെര്‍മന്‍ ജോസഫ്, ഫൊളീനയിലെ ആഞ്ജല, മറീന എസ്‌കോബര്‍, അല്‍വാരസ് പാസ്, ആന്‍ കാതറൈന്‍ എമ്മെറിച്ച് തുടങ്ങിയവരുടേതു പോലുള്ള കൃതികള്‍ അവര്‍ അവശേഷിപ്പിച്ചില്ല. പരുമലത്തിരുമേനി ആവിലയിലെ ത്രേസ്യയെ പോലെ ഒരു 'ജേര്‍ണല്‍' സൂചിപ്പിച്ചിരുന്നുവെങ്കില്‍ പൗരസ്ത്യ ക്രൈസ്തവരുടെ മിസ്റ്റിസിസം നിര്‍വ്വചിച്ച്, വിവരിച്ച്, അടയാളപ്പെടുത്തുവാന്‍ അത് മതിയാകുമായിരുന്നു.

എവുപ്രാസ്യമ്മയുടെ ലിഖിതങ്ങള്‍ ഈ പ്രകൃതത്തില്‍ പ്രസ്‌കതമാണ്. തന്റെ ആ്ത്മനിയതാവായ മേനാച്ചേരി മെത്രാന്. അമ്മ എഴുതിയ കത്തുകള്‍ ആധ്യാത്മികയാത്രയുടെ ഡയറിക്കുറിപ്പുകളാണ്. പിശാചുക്കള്‍ പരിഹസിക്കുന്നതും ഉപായത്തില്‍ ഉപദ്രവിക്കാന്‍ ശ്രമിക്കുന്നതും ഒക്കെ വിവരിക്കുന്നത് വായിക്കുന്നത് നമ്മുടെ യാത്രയെ സഹായിക്കും. 'എവുപ്രാസ്യമ്മയുടെ ലിഖിതങ്ങള്‍' എന്ന കൃതിയിലെ 64-ാം കത്ത് വായിച്ചാല്‍ ഈ മിസ്റ്റിക്കല്‍ അനുഭവങ്ങള്‍ തിരിയും.
എവുപ്രാസ്യമ്മയുടെ ലിഖിതങ്ങള്‍, എവുപ്രാസിയ പബ്ലിക്കേഷന്‍സ്, ഒല്ലൂര്‍ 680306)

മഹാപ്രസ്ഥാനം-വഴികള്‍, മാതൃകകള്‍- (ഡി.ബാബുപോള്‍)
Join WhatsApp News
Mathew V. Zacharia, New Yorker 2018-10-31 12:34:44
D Babu Paul: one of the best analogies I ever read. I wish you could write this in English for our next generation. Also, I suggest C.S. Lewis" " Screw tape letters " as a supplemental for this article
Mathew V. Zacharia, Christian from New York
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക