Image

ഷാ, ജെയ്റ്റിലി, ഡോവല്‍ രാഷ്ട്രത്തിന് നല്‍കുന്ന സന്ദേശം എന്ത്? ( ഡല്‍ഹികത്ത്- പി.വി.തോമസ്)

പി.വി.തോമസ് Published on 01 November, 2018
 ഷാ, ജെയ്റ്റിലി, ഡോവല്‍  രാഷ്ട്രത്തിന് നല്‍കുന്ന സന്ദേശം എന്ത്? ( ഡല്‍ഹികത്ത്- പി.വി.തോമസ്)
'ഞാന്‍ ഗവണ്‍മെന്റുകളോടും കോടതികളോടും ഒരു കാര്യം പറയുവാന്‍ ആഗ്രഹിക്കുന്നു. അവര്‍ നടപ്പിലാക്കുവാന്‍ സാധിക്കുന്ന ഉത്തരവുകള്‍ മാത്രമെ പുറപ്പെടുവിക്കുവാന്‍ പാടുള്ളൂ. ജനങ്ങളുടെ വിശ്വാസത്തെ തകര്‍ക്കുന്ന വിധികള്‍ അവര്‍ നല്‍കരുത്. അങ്ങനെ ചെയ്താല്‍ ആ ഗവണ്‍മെന്റിനെ വലിച്ച് താഴെ ഇടും'- ബി.ജെ.പി. അദ്ധ്യക്ഷന്‍ അമിത്ഷായുടെ ആക്രോശവും ഭീഷണിയും ആണ് ഇത് ശബരിമല വിധി വിഷയത്തില്‍ കണ്ണൂരില്‍ വച്ച്. സുപ്രീം കോടതിയും കേരള ഗവണ്‍മെന്റും ആണ് അദ്ദേഹത്തിന്റെ ആക്രമണ ഇരകള്‍.

ചരിത്രവും സംസ്‌ക്കാരവും വിശ്വാസവും ആഭിജാത്യവും പാരമ്പര്യവും പിന്നെ രാഷ്ട്രീയവും ഒരു രാജ്യത്തിനുണ്ട്, അതിലെ ജനത്ക്ക് ഉണ്ട്. പക്ഷേ, അവയെ അധികാരത്തിനുവേണ്ടി നാല് കാശിനുവേണ്ടി വില്‍ക്കുന്നത് ചരിത്രമോ, പാരമ്പര്യമോ ആഭിജാത്യമോ അല്ല. അത് അവസരവാദപരമായ തെരുവു രാഷ്ട്രീയം ആണ്. അതാണ് ഇന്ന് കേരളത്തില്‍ ശബരിമലയിലെ സ്ത്രീപ്രവേശനം സംബന്ധിച്ച 10-50 സുപ്രീം കോടതി വിധിയുടെ പേരില്‍ നടക്കുന്നത്. നമ്മുടെ ഇതേ സംസ്‌ക്കാരത്തിന്റെയും പൈതൃകത്തിന്റെയും ആധാരശിലകള്‍ ആണ് ആദിവാസികളും, ദളിതരും, ന്യൂനപക്ഷവും. മറക്കരുത് അത്. അവര്‍ തെരുവില്‍ ചുട്ടെരിക്കപ്പെടുമ്പോള്‍, ആള്‍ക്കൂട്ടകൊലക്ക് ഇരയാക്കപെടുമ്പോള്‍, പട്ടിണി കിടന്ന് മരിക്കുമ്പോള്‍, കടക്കെണി മൂലം അവഗണിക്കപ്പെടുമ്പോള്‍ ഉണരാത്ത എന്ത് വികാരം ആണ് ഇപ്പോള്‍ ശബരിമലയിലെ സ്ത്രീപ്രവേശനത്തിന്റെ പേരില്‍ കാവി തെമ്മാടികള്‍ അരങ്ങേറുന്നത്? അവരുടെ ദേശീയ അദ്ധ്യക്ഷന്റെ പ്രസ്താവന അത്യന്തം നിന്ദാര്‍ഹം ആണെങ്കിലും വിമര്‍ശനാര്‍ഹം ആണ്. ഒന്നാം തൃപ്പടിയിലെ കരിമല അരയന്‍ എന്ന ലിഖിതവും ഭരണഘടനയിലെ ലിംഗനീതിയും അദ്ദേഹം അറിഞ്ഞിരിക്കണം.

അമിത് ഷാ ഭരണകക്ഷിയായ ബി.ജെ.പി.യുടെ ദേശീയ അദ്ധ്യക്ഷന്‍ ആണ്. പ്രധാനമന്ത്രി നരേന്ദ്രമോഡിയുടെ മനഃസാക്ഷിയുടെ സൂക്ഷിപ്പുകാരന്‍ ആണ്. വലംകൈ ആണ്. അതുകൊണ്ടാണ് അദ്ദേഹത്തിന്റെ പ്രസ്താവനക്ക് പ്രാധാന്യം ഏറുന്നത്. അദ്ദേഹം മുമ്പ് ഗുജറാത്തില്‍ മോഡിയുടെ ഗവണ്‍മെന്റില്‍ ഉപഗൃഹമന്ത്രി ആയിരുന്നു. ആപദം അദ്ദേഹത്തിന് രാജിവച്ച് ഒഴിയേണ്ടതായി വന്നു. കാരണം ഒരു വ്യാ ഏറ്റുമുട്ടല്‍ വധകേസില്‍ പ്രതിയായിരുന്ന അദ്ദേഹത്തിനെതിരെ കോടതി കുറ്റപത്രം ചുമത്തിയിരുന്നു. പിന്നീട് ആണ് അദ്ദേഹം ദേശീയ രാഷ്ട്രീയത്തില്‍ മോഡിയുടെ അംഗരക്ഷകന്‍ ആയി രംഗപ്രവേശനം ചെയ്തത്. ഇതുവരെ എത്തിയതും.
അദ്ദേഹം ശബരിമല വിഷയത്തില്‍ സുപ്രീം കോടതി വിധിയോടും കേരള ഗവണ്‍മെന്റിന്റെ നിലപാടിനോടും എടുത്ത നിലപാട് അത്യന്തം ധിക്കാരപരം ആണ്. അത് കോടതി അലക്ഷ്യം ആണ്. ആരാണ് അദ്ദേഹം കോടതികള്‍ക്ക് ഉപദേശം നല്‍കുവാന്‍? അവര്‍ എങ്ങനെ ഉള്ള വിധി പുറപ്പെടുവിക്കണം എന്ന് പറയുവാന്‍? ആരാണ് അദ്ദേഹം കേരള ഗവണ്‍മെന്റിനെ വലിച്ച് താഴെ ഇടും എന്ന് ഭീഷണി മുഴക്കുവാന്‍? അദ്ദേഹത്തിന്റെയും അദ്ദേഹത്തിന്റെ പാര്‍ട്ടിയുടെയും പാരമ്പര്യം ഇക്കാര്യത്തില്‍ ഉത്തരാഖണ്ഡിലും അരുണാചല്‍ പ്രദേശിലും ഏവര്‍ക്കും അറിയാവുന്നതാണ്. പക്ഷേ,  ആസംസ്ഥാന ഗവണ്‍മെന്റുകളെ സുപ്രീംകോടതി പുനഃസ്ഥാപിക്കുകയും ചെയ്തു. കോടതി ജനങ്ങളുടെ വിശ്വാസത്തെ തകര്‍ക്കുന്ന വിധി പുറപ്പെടുവിക്കരുതെന്നും നടപ്പിലാക്കുവാന്‍ സാധിക്കാത്ത വിധിന്യായങ്ങള്‍ നല്‍കരുതെന്നും പറയുവാന്‍ അമിത് ഷാ എന്താണ് കാര്യം.

ഭരണഘടനക്കും നീതിന്യായ വ്യവസഥക്കും അതീതനായ പരമോന്നതന്‍ ആണോ? എന്താണ് നടപ്പിലാക്കുവാന്‍ മാത്രം സാധിക്കുന്ന ഉത്തരവുകള്‍ കൊണ്ട് ഷാ ഉദ്ദേശിക്കുന്നത്? ഒരു തീവ്രവാദിയെ തൂക്കിക്കൊല്ലുവാന്‍ വിധിച്ചാല്‍, അതിനെതിരെ ജനകീയ പ്രക്ഷോഭണം ഉണ്ടായാല്‍, അത് പാടില്ലെന്നാണോ? മനസിലാകുന്നില്ല. എന്താണ് ജനങ്ങളുടെ വിശ്വാസത്തെ തകര്‍ക്കുന്ന വിധി പുറപ്പെടുവിക്കരുതെന്ന് പറയുന്നതിന്റെ അര്‍ത്ഥം? കോടതികള്‍ ഭരണഘടനയെയും ഇന്‍ഡ്യന്‍ പീനല്‍ കോഡിനെയും ക്രമിനല്‍ പ്രൊസീജിയറല്‍ കോഡിനെയും ആണോ പിന്തുടരേണ്ടത്? അതോ ആചാരാനുഷ്ഠാനങ്ങളെയും വിശ്വാസത്തെയും അന്ധവിശ്വാസത്തെയും ആണോ? ഷാ പറയണം. അദ്ദേഹം കോടതികളെ സുപ്രീം കോടതി ഉള്‍പ്പെടെ, ഉപദേശിക്കണം, നിഷ്‌ക്കര്‍ഷിക്കണം, ആജ്ഞാപിക്കണം. എങ്കിലല്ലേ ഫാസിസം അതിന്റെ പരിപൂര്‍ണ്ണതയിലാവുകയുള്ളൂ. കണ്ണൂര് അദ്ദേഹം തുടങ്ങി വച്ചത് അത് ആണ്. എന്താണ് വിശ്വാസത്തെ തകര്‍ക്കുന്ന വിധികള്‍ കോടതി നല്‍കരുതെന്ന് പറഞ്ഞതുകൊണ്ട് അദ്ദേഹം ശരിക്കും ഉദ്ദേശിച്ചത്? കാപ്പ് പഞ്ചായത്തുകളും അഭിമാന കൊലകളും ശരിയത്ത് നിയമങ്ങളും വിശ്വാസത്തിന്റെ പാരമ്പര്യത്തിന്റെ ഭാഗം ആണ്. സതിയും ബാലവിവാഹവും വിധവ വിവാഹ നിരോധനവും എല്ലാം ഒരു കാലത്ത് ഈ വകവിശ്വാസത്തിന്റെ ഭാഗം ആയിരുന്നു. സ്ത്രീകള്‍ക്ക് മാറ് മറക്കുവാനുള്ള അവകാശം നിഷേധം ഉള്‍പ്പെടെ, മുലക്കരവും ഇതില്‍പെടും.

ഒരു ഭീഷണി എന്ന രീതിയില്‍ ഷാ പറയുകയുണ്ടായി ബി.ജെ.പി. അയപ്പ ഭക്തരുടെ ഒപ്പം പാറപോലെ ഉറച്ച് നില്‍ക്കുമെന്നും ഏതറ്റം വരെ ഇതിനുവേണ്ടി പോകുവാന്‍ തയ്യാറാണെന്നും. അതായത് പിണറായി ഗവണ്‍മെന്റിനെ പിടിച്ച് താഴെ ഇറക്കുവാന്‍ വരെ. അദ്ദേഹം ഉദ്ദേശിച്ചത് ആര്‍ട്ടിക്കിള്‍ 356 ആയിരിക്കാം. അല്ലെങ്കില്‍ കേവലം ഒരംഗം മാത്രം കേരള നിയമസഭയില്‍ ഉള്ള ഒരു രാഷ്ട്രീയ കക്ഷിക്ക് ഇങ്ങനെ ഒരു ഹുങ്ക് പറയുവാന്‍ സാധിക്കും. ഷാ ഏത് ലോകത്താണ് ജീവിക്കുന്നത്? ഭരണഘടനയിലെ ആര്‍ട്ടിക്കിള്‍ 356 പ്രകാരം കേരള ഗവണ്‍മെന്റിനെ താഴെ ഇറക്കാമെന്ന് അദ്ദേഹം വിചാരിക്കുന്നുണ്ടെങ്കില്‍ അദ്ദേഹം വിഡ്ഢികളുടെ സ്വര്‍ഗ്ഗത്തില്‍ ആണ്. ഒരു പക്ഷേ ശബരിമല പ്രക്ഷോഭണത്തിലൂടെ  ഒരു ക്രമസമാധാന നില തകര്‍ച്ചക്ക് ആയിരിക്കാം അദ്ദേഹം ശ്രമിക്കുന്നത്. നടപ്പാവുകയില്ല.

അദ്ദേഹം ലിംഗനീതിയില്‍ വിശ്വസിക്കുന്നില്ല. പക്ഷേ, അത് ക്ഷേത്രങ്ങളില്‍ അല്ല പരീക്ഷിക്കേണ്ടത്, പ്രത്യേകിച്ച്ും ശബരിമലയില്‍. എന്തുകൊണ്ട് എന്ന് ചോദിച്ചാല്‍ ഷാക്ക് മറുപടി ഉണ്ടോ? ഭരണഘടനയില്‍ ലിംഗസമത്വവും ആരാധന സ്വാതന്ത്ര്യവും അനുവദിക്കണം എന്നാണ് ഷായുടെ വാദഗതി. അതായത് ശബരിമലയിലെ വിശ്വാസമായ സ്ത്രീനിരോധനം(10-50) തുടരണം. ഇത് അദ്ദേഹം സുപ്രീം കോടതിയോട് ചോദിക്കേണ്ടതാണ്. അല്ലെങ്കില്‍ അദ്ദേഹത്തിന്റെ ഗവണ്‍മെന്റിന് ഒരു ഓഡിന്‍സ് പുറപ്പെടുവിക്കാവുന്നതാണ്. എന്തുകൊണ്ട് അത് ചെയ്യാതെ രാഷ്ട്രീയം കളിക്കുന്നു? അതിനുപകരം കേരളത്തില്‍ ഇന്ന് അടിയന്തിരാവസ്ഥക്ക് തുല്യമായ സാഹചര്യമാണെന്ന് ആരോപിച്ച് ഒരു ജനകീയ ഗവണ്‍മെന്റിനെ താഴെ ഇറക്കുവാന്‍ ശ്രമിക്കുന്നത് തികച്ചും അപലനീയം ആണ്. ഒട്ടേറെ കോടതി വിധികള്‍ നടപ്പിലാക്കാതെ ഉണ്ടെന്നും ശബരിമല വിധിയും അതുപോലെ ആയിക്കൂടായോ എന്നും ഷാ ചോദിക്കുന്നു. ഒരു ഭരണകക്ഷിയുടെ ദേശീയ അദ്ധ്യക്ഷന്‍ ഇങ്ങനെയൊക്കെ  സംസാരിക്കുമ്പോള്‍ അദ്ദേഹം അരാജകത്വത്തിന്റെ വക്താവ് ആണോ  എന്ന് സംശയിച്ചു പോകും. കോടതി വിധിയും നിയമവും പരിപാലിക്കേണ്ടവര്‍ വിശ്വാസത്തിന്റെ പേരില്‍ അവയെ വെല്ലുവിളിക്കുമ്പോള്‍ അത് ഭാവി ദുരന്തങ്ങളിലേക്ക് വിരല്‍ചൂണ്ടുന്നു, അയോദ്ധ്യ ഉള്‍പ്പെടെ.

ധനമന്ത്രി അരുണ്‍ ജെയ്റ്റിലിയുടെ ഒരു പ്രസ്താവന ആണ് മറ്റൊരു വിവാദ വിഷയം. ഇതെല്ലാം അടിസ്ഥാനപരമായ ചില വിഷയങ്ങളിലേക്കാണ് വിരല്‍ ചൂണ്ടുന്നത്. അതുകൊണ്ടാണ് ഇവിടെ ഇത് എടുത്ത് വിശകലനം ചെയ്യുന്നത്. ജെയ്റ്റ്‌ലിയുടെ നിലപാട് പ്രകാരം തിരഞ്ഞെടുക്കപ്പെട്ട ഗവണ്‍മെന്റിന് ഉപരി അല്ല ഭരണഘടന സ്ഥാപനങ്ങള്‍. ഭരണഘടന എന്ന് അദ്ദേഹം പറഞ്ഞില്ല. പക്ഷേ, അത് പറയാതെ പറയുക ആയിരുന്നു. സി.ബി.ഐ.യും റിസര്‍വ്വ് ബാങ്കും, ഇലക്ഷന്‍ കമ്മീഷനും, സെന്‍ട്രല്‍ വിജിലന്‍സ് കമ്മീഷനും ഒക്കെ ആയിരിക്കാം അദ്ദേഹത്തിന്റെ മനസില്‍. ഈ ഭരണഘടന സ്ഥാപനങ്ങളുമായിട്ടുള്ള ഇപ്പോഴത്തെ ഉരസലും മനസില്‍ ഉണ്ടായിരിക്കാം. ഇവക്ക് അമിതപ്രാധാന്യം നല്‍കി തെരഞ്ഞെടുക്കപ്പെട്ട ഗവണ്‍മെന്റിനെ ബലഹീനം ആക്കരുതെന്നായിരുന്നു അദ്ദേഹത്തിന്റെ വാദം. ജനകീയ ഗവണ്‍മെന്റിന് ആണ് ജനങ്ങളോട് കണക്ക് ബോധിപ്പിക്കുവാനുള്ളത്. ഈ സ്ഥാപനങ്ങള്‍ക്ക് അല്ല. പക്ഷേ, ജയ്റ്റിലി മനസ്സിലാക്കേണ്ടത് ഈ സ്ഥാപനങ്ങള്‍ ആണ് ഒരു ജനാധിപത്യം ശക്തം ആക്കുന്നത്. അവ ശക്തവും സ്വതന്ത്രവും അല്ലെങ്കില്‍ രാജ്യം ബനാന റിപ്പബ്ലിക്ക് എന്ന പദവിയിലേക്ക് ഉയര്‍ത്തപ്പെടും. ഇന്‍ഡ്യ ഫൗണ്ടേഷന്‍ അടുത്ത ദിവസം സംഘടിപ്പിച്ച ആദ്യ അടല്‍ ബിഹാരി വാജ്‌പേയ് മെമ്മോറിയല്‍ ലക്ച്ചറില്‍ മുഖ്യ പ്രാസംഗികനായി സംസാരിക്കവെ ആണ് ജെയ്റ്റിലി ഇങ്ങനെ അഭിപ്രായപ്പെട്ടത്. എന്‍.ഡി.യെ ഗവണ്‍മെന്റ് അധികാരത്തില്‍ വന്നതിനുശേഷം ഓരോ ഭരണഘടനസ്ഥാപനത്തെയും തച്ചുടക്കുന്നതുമായി കൂട്ടി വായിച്ചാല്‍ ജെയ്റ്റിലിയുടെ ഈ പ്രസ്താവനയുടെ അന്തസാരം മനസിലാകും.

അടുത്തത് ദേശീയ സുരക്ഷ ഉപദേഷ്ടാവ് അജിത് ഡോവാളിന്റെ ഒരു വെളിപാട് ആണ്(ഒക്ടോബര്‍ 25). ആള്‍ ഇന്‍ഡ്യ റേഡിയോ സംഘടിപ്പിച്ച സര്‍ദാര്‍ പട്ടേല്‍ മെമ്മോറിയല്‍ ലക്ച്ചറില്‍ പ്രസംഗിക്കവെ അദ്ദേഹം അരുളിചെയ്തു ഇന്‍ഡ്യക്ക് അടുത്ത 10 വര്‍ഷത്തേക്ക് അതിശക്തമായ ഒരു ഗവണ്‍മെന്റ് വേണം. സംഖ്യകക്ഷി ഗവണ്‍മെന്റ് പോര. ഇന്‍ഡ്യയുടെ ശത്രുക്കള്‍ ഉള്ളില്‍ തന്നെ ഉണ്ട്. സ്ഥിരതയില്ലാത്ത മുന്നണി ഗവണ്‍മെന്റുകല്‍ ഇന്‍ഡ്യക്ക് നല്ലതല്ല. എന്നുവച്ചാല്‍ അദ്ദേഹം പറഞ്ഞതിന് അര്‍ത്ഥം മോഡി ഗവണ്‍മെന്റ് തിരിച്ച് വരണം. പ്രതിപക്ഷത്തിന്റെ വിശാലസഖ്യം വേണ്ട. ഒരു ദേശീയ സുരക്ഷ ഉപദേഷ്ടാവ് പറയേണ്ട കാര്യം ആണോ ഇത്. ഇത് ശുദ്ധ കക്ഷി രാഷ്ട്രീയം അല്ലേ? അത് പറയണമെങ്കില്‍ അദ്ദേഹം മുന്‍ ഐ.എസ്.ആര്‍.ഓ. മുഖ്യന്‍ മാധവന്‍ നായരെ പോലെ രാജിവച്ച് ബി.ജെ.പി.യില്‍ ചേരട്ടെ. പ്രധാനമന്ത്രിയുടെ ഓഫീസിലെ ഒരു ജീവനക്കാരന്‍ ആയിരുന്നുകൊണ്ട് കക്ഷിരാഷ്ട്രീയം കളിക്കരുത്. അത് ഷായുടെയും ജെയ്റ്റിലിയുടെയും അതിരുവിട്ട പ്രസ്താവനകള്‍പോലെ ജനാധിപത്യത്തിന് അപകടകരം ആണ്.

 ഷാ, ജെയ്റ്റിലി, ഡോവല്‍  രാഷ്ട്രത്തിന് നല്‍കുന്ന സന്ദേശം എന്ത്? ( ഡല്‍ഹികത്ത്- പി.വി.തോമസ്)
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക