Image

ബിഹാറില്‍ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെ ട്രെയിനി കോണ്‍സ്റ്റബിള്‍മാര്‍ തല്ലിച്ചതച്ചു

Published on 02 November, 2018
ബിഹാറില്‍ മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെ ട്രെയിനി കോണ്‍സ്റ്റബിള്‍മാര്‍ തല്ലിച്ചതച്ചു

പട്‌ന: ബിഹാറില്‍ ട്രെയിനി കോണ്‍സ്റ്റബിള്‍മാര്‍ കമാന്‍ഡന്റ് അടക്കമുള്ള മുതിര്‍ന്ന പോലീസ് ഉദ്യോഗസ്ഥരെ തല്ലിച്ചതച്ചു. വനിതാ കോണ്‍സ്റ്റബിള്‍ ഡെങ്കിപ്പനി ബാധിച്ച് മരിച്ചതിനെ തുടര്‍ന്നാണിത്. ചികിത്സയ്ക്കായി മതിയായ അവധി അനുവദിക്കാതിരുന്നതാണ് വനിതാ കോണ്‍സ്റ്റബിളിന്റെ മരണത്തിന് ഇടയാക്കിയതെന്ന് ആരോപിച്ചായിരുന്നു മര്‍ദ്ദനം.

മൃതദേഹം കാണാനെത്തിയ ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ക്കുനേരെ ട്രെയിനി കോണ്‍സ്റ്റബിള്‍മാര്‍ കല്ലേറ് നടത്തി. എസ്.പി റാങ്കിലുള്ളവര്‍ അടക്കമുള്ളവരുടെ ഓദ്യോഗിക വാഹനങ്ങള്‍ അടിച്ചുതകര്‍ത്തു. സംഘര്‍ഷത്തിനിടെ മാധ്യമ പ്രവര്‍ത്തകര്‍ക്കും മര്‍ദ്ദനമേറ്റിട്ടുണ്ട്. മര്‍ദ്ദനത്തിന്റെ വീഡിയോ ദൃശ്യങ്ങള്‍ എഎന്‍ഐ വാര്‍ത്താ ഏജന്‍സി പുറത്തുവിട്ടു. പ്രത്യേക കര്‍മസേന, തീവ്രവാദ വിരുദ്ധ സ്‌ക്വാഡ്, ബിഹാര്‍ മിലിട്ടറി പോലീസ് എന്നിവയെ പോലീസ് ആസ്ഥാനത്തേക്ക് വിളിച്ചുവരുത്തിയാണ് സ്ഥിതിഗതികള്‍ നിയന്ത്രണ വിധേയമാക്കിയത്. സംഭവത്തെക്കുറിച്ച് വിശദമായ റിപ്പോര്‍ട്ട് നല്‍കണമെന്ന് ഡിജിപി കെ.എസ് ദ്വിവേദിയോട് ബിഹാര്‍ മുഖ്യമന്ത്രി നിതീഷ് കുമാര്‍ നിര്‍ദ്ദേശിച്ചിട്ടുണ്ട്. ദിവസങ്ങള്‍ക്കുമുമ്പ് പരിശീലനം തുടങ്ങിയവരാണ് അക്രമം കാട്ടിയതെന്ന് ഡിജിപി മാധ്യമങ്ങളോട് പറഞ്ഞു.

അക്രമം നടത്തിയവര്‍ക്കെതിരെ കര്‍ശന നടപടി ഉണ്ടാവുമെന്നും ഡിജിപി വ്യക്തമാക്കി. വനിതാ കോണ്‍സ്റ്റബിളിന് അവധി നല്‍കിയില്ലെന്ന ആരോപണം പോലീസ് നിഷേധിച്ചിട്ടുണ്ട്. അതിനിടെ പോലീസിനു മേലുള്ള നിയന്ത്രണം മുഖ്യമന്ത്രി നിതീഷ് കുമാറിന് നഷ്ടമായെന്ന ആരോപണവുമായി മുന്‍ മുഖ്യമന്ത്രി ജിതിന്‍ റാം മാഞ്ജി രംഗത്തെത്തിയിട്ടുണ്ട്.


Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക