Image

ഖഷോഗിയുടെ മൃതദേഹം ആസിഡിലിട്ട് ദ്രവിപ്പിച്ചതായി എര്‍ദോഗന്റെ ഉപദേഷ്ടാവ്

Published on 02 November, 2018
ഖഷോഗിയുടെ മൃതദേഹം ആസിഡിലിട്ട് ദ്രവിപ്പിച്ചതായി എര്‍ദോഗന്റെ ഉപദേഷ്ടാവ്

ഇസ്താംബുള്‍: സൗദി മാധ്യമ പ്രവര്‍ത്തകന്‍ ഖഷോഗിയെ കഴുത്ത് ഞെരിച്ച് കൊലപ്പെടുത്തിയതിനു ശേഷം മൃതദേഹം ആസിഡിലിട്ട് ദ്രവിപ്പിച്ചതായി തുര്‍ക്കി പ്രസിഡന്റ് എര്‍ദോഗന്റെ ഉപദേഷ്ടാവിന്റെ വെളിപ്പെടുത്തല്‍. മൃതദേഹം തുണ്ടം തുണ്ടമാക്കിയതിന് ശേഷമാണ് ഇത് നടപ്പാക്കിയതെന്നും എര്‍ദോഗന്റെ ഉപദേഷ്ടാവ് യാസിന്‍ അക്തായ് പറഞ്ഞു.

ആസിഡില്‍ ദ്രവിപ്പിക്കുന്നതിന് വേണ്ടിയിട്ടാണ് അവര്‍ മൃതദേഹം വെട്ടിമുറിച്ചതെന്നാണ് തങ്ങള്‍ക്ക് ലഭിച്ച ഏറ്റവും പുതിയ വിവരം. മൃതദേഹം ഒരിക്കലും കണ്ടെടുക്കരുതെന്ന് ഉറപ്പുവരുത്തുന്നതിനായിരുന്നു ഈ നടപടി. നിരപരാധിയായ ഒരാളെ കൊലപ്പെടുത്തിയത് ഒരു കുറ്റകൃത്യം. അതിനേക്കാള്‍ വലിയൊരു കുറ്റകൃത്യവും അനാദരവുമാണ് മരിച്ചതിന് ശേഷം ഖഷോഗിയുടെ മൃതദേഹത്തോട് ചെയ്തതെന്നും അദ്ദേഹം പറഞ്ഞു.

ഖഷോഗിയുടെ മൃതദേഹത്തെ സംബന്ധിച്ചുള്ള തുര്‍ക്കിയുടെ ആദ്യ ഒദ്യോഗിക പ്രതികരണമാണിത്. ഒക്ടോബര്‍ രണ്ടിനാണ് തുര്‍ക്കിയിലെ സൗദി കോണ്‍സുലേറ്റിലെത്തിയ ഖഷോഗിയെ കാണാതായത്. ആദ്യം കോണ്‍സുലേറ്റില്‍ നിന്ന് പുറത്ത് പോയെന്ന് പറഞ്ഞ സൗദി പിന്നീട് തര്‍ക്കത്തിനിടെ കൊല്ലപ്പെട്ടുവെന്ന് സമ്മതിച്ചിരുന്നു. ഖഷോഗിയുടെ കൊലപാതകത്തെ തുടര്‍ന്ന് രാജ്യാന്തര തലത്തില്‍ സൗദിക്കുനേരെ കടുത്ത പ്രതിഷേധമാണ് ഉയര്‍ന്നുവരുന്നത്.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക