Image

അയോധ്യ: പ്രക്ഷോഭം വേണ്ടിവന്നാല്‍ മോദി സര്‍ക്കാരിനെ വലിച്ചു താഴെയിടണമെന്ന് ഉദ്ധവ് താക്കറെ

Published on 02 November, 2018
അയോധ്യ: പ്രക്ഷോഭം വേണ്ടിവന്നാല്‍ മോദി സര്‍ക്കാരിനെ വലിച്ചു താഴെയിടണമെന്ന് ഉദ്ധവ് താക്കറെ
മുംബൈ: അയോധ്യയില്‍ രാമക്ഷേത്ര നിര്‍മാണത്തിന് പ്രക്ഷോഭം നടത്തേണ്ടിവരുന്ന സാഹചര്യമുണ്ടായാല്‍ നരേന്ദ്ര മോദി സര്‍ക്കാരിനെ വലിച്ചു താഴെയിടണമെന്ന് ആര്‍എസ്എസിനോട് ശിവസേനാ അധ്യക്ഷന്‍ ഉദ്ധവ് താക്കറെ. രാമക്ഷേത്ര നിര്‍മാണത്തിനായി പ്രക്ഷോഭം നടത്താന്‍ മടിക്കില്ലെന്ന ആര്‍എസ്എസിന്റെ പ്രഖ്യാപനത്തോടായിരുന്നു അദ്ദേഹത്തിന്റെ പ്രതികരണം.

അയോധ്യയില്‍ രാമക്ഷേത്രം നിര്‍മിക്കുന്നതുമായി ബന്ധപ്പെട്ട് ആര്‍എസ്എസ് പ്രക്ഷോഭം നടത്തണമെന്ന് ഉദ്ധവ് താക്കറെ ആവശ്യപ്പെട്ടു. സംഘപരിവാര്‍ അജണ്ടകള്‍ മുഴുവന്‍ മോദി സര്‍ക്കാര്‍ അവഗണിക്കുകയാണ്. മോദി സര്‍ക്കാര്‍ ഭരണത്തില്‍ വന്നശേഷം രാമക്ഷേത്ര നിര്‍മാണം സംബന്ധിച്ച വിഷയം കണക്കിലെടുത്തിട്ടില്ലെന്നും മുംബൈയില്‍ മാധ്യമങ്ങളോട് സംസാരിക്കവെ ഉദ്ധവ് താക്കറെ പറഞ്ഞു. ശിവസേന വിഷയം ഏറ്റെടുക്കുകയും ക്ഷേത്രനിര്‍മാണത്തിനായി പ്രക്ഷോഭം ആരംഭിക്കാന്‍ തീരുമാനിക്കുകയും ചെയ്തപ്‌പോഴാണ് ആര്‍എസ്എസ് പ്രക്ഷോഭത്തിന് മുന്നിട്ടിറങ്ങിയതെന്നും ഉദ്ധവ് താക്കറെ പറഞ്ഞു. 

സര്‍ക്കാര്‍ നിലനില്‍ക്കുക എന്നതിനേക്കാള്‍ ക്ഷേത്ര നിര്‍മാണം നടക്കണം. എന്ന് ആര്‍എസ്എസ് ആഗ്രഹിക്കുന്നുണ്ടെങ്കില്‍ എന്തുകൊണ്ട് അവര്‍ സര്‍ക്കാരിനെ വലിച്ചു താഴെയിടുന്നില്ല? ഉദ്ധവ് ചോദിച്ചു. രാമക്ഷേത്ര നിര്‍മാണത്തിനായി ഇനിയും അനന്തമായി കാത്തിരിക്കാനാകില്ലെന്നും ആവശ്യമെങ്കില്‍ 1992 ലേതുപോലെയുള്ള പ്രക്ഷോഭങ്ങള്‍ നടത്തുമെന്നും ആര്‍.എസ്.എസ് സര്‍ കാര്യവാഹ് സുരേഷ് ജോഷി നേരത്തെ പറഞ്ഞിരുന്നു. അയോധ്യ കോസ് സുപ്രീം കോടതി മുന്‍ഗണനാ വിഷയമായി പരിഗണിക്കമെന്നും ഹിന്ദുക്കളുടെ വികാരം മനസിലാക്കി കേസ് വേഗത്തില്‍ തീര്‍പ്പാക്കണമെന്നും ആര്‍.എസ്.എസ് ആവശ്യമുന്നയിച്ചിരുന്നു. 

2019ലെ പൊതു തിരഞ്ഞെടുപ്പിന് മുമ്പു തന്നെ രാമക്ഷേത്ര നിര്‍മാണത്തിനുള്ള ഓര്‍ഡിനന്‍സ് കേന്ദ്രസര്‍ക്കാര്‍ കൊണ്ടുവരണമെന്നാണ് ആര്‍.എസ്.എസ് ആവശ്യപ്പെട്ടത്. ബിജെപി അധ്യക്ഷന്‍ അമിത് ഷാ ആര്‍എസ്എസ് മേധാവി മോഹന്‍ ഭാഗവതുമായി കൂടിക്കാഴ്ച നടത്തിയിരുന്നു. ഇതിന് ശേഷമാണ് സംഘടന ആവശ്യം ഉന്നയിച്ചത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക