Image

സമ്മതത്തോടെയല്ല, അക്‌ബര്‍ തന്നെ ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തുകയായിരുന്നു; പല്ലവി ഗൊഗോയി

Published on 03 November, 2018
സമ്മതത്തോടെയല്ല, അക്‌ബര്‍ തന്നെ ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തുകയായിരുന്നു; പല്ലവി ഗൊഗോയി
ന്യൂഡല്‍ഹി: മുന്‍ കേന്ദ്രമന്ത്രി എം.ജെ അക്‌ബര്‍ തന്നെ ബലപ്രയോഗത്തിലൂടെ കീഴ്‌പ്പെടുത്തുകയായിരുന്നുവെന്നും പരസ്‌പര സമ്മതപ്രകാരമുള്ള ബന്ധമായിരുന്നില്ലെന്നും യു.എസ്‌ മാധ്യമപ്രവര്‍ത്തക പല്ലവി ഗൊഗോയി. പല്ലവിയുമായി ഉണ്ടായിരുന്നത്‌ ഉഭയകക്ഷി സമ്മതപ്രകാരമുള്ള ബന്ധമായിരുന്നുവെന്നും ബന്ധം നല്ല നിലയിലല്ല അവസാനിച്ചതെന്നും നേരത്തെ അക്‌ബര്‍ വിശദീകരിച്ചിരുന്നു.

എന്നാല്‍, അക്‌ബറിന്റെ വാദങ്ങളെ തള്ളിയ പല്ലവി താന്‍ പറഞ്ഞ ഓരോ വാക്കുകളിലും ഉറച്ചു നില്‍ക്കുന്നുവെന്നും വ്യക്തമാക്കി. മേലധികാരിയെന്ന നിലയില്‍ ഭീഷണിപ്പെടുത്തി മാനഭംഗം ചെയ്‌തത്‌ പരസ്‌പര സമ്മതത്തോടെയാണെന്ന്‌ പറയാനാകില്ലെന്നും പല്ലവി പറഞ്ഞു.

വാഷിംഗ്‌ടണ്‍ പോസ്റ്റിലെഴുതിയ ലേഖനത്തിലാണ്‌ എം.ജെ അക്‌ബര്‍ തന്നെ ലൈംഗികമായും മാനസികമായും വാക്കുകള്‍കൊണ്ടും പീഡിപ്പിച്ചുവെന്ന്‌ വ്യക്തമാക്കിയിരുന്നത്‌. ഏഷ്യന്‍ ഏജില്‍ ജോലി ചെയ്യുന്ന കാലത്ത്‌ അക്‌ബറില്‍ നിന്ന്‌ പലതവണ ലൈംഗികാതിക്രമം ഉണ്ടായെന്നാണ്‌ പല്ലവി ഗൊഗോയിയുടെ ലേഖനത്തില്‍ ആരോപിച്ചത്‌.

അക്‌ബറിന്റെ വാക്‌ചാതുരിയിലും ഭാഷാ പ്രയോഗത്തിലും താന്‍ ആകൃഷ്ടയായിയെന്നും മാധ്യമപ്രവര്‍ത്തനം കൂടുതല്‍ പഠിക്കുന്നതിനുവേണ്ടി വാക്കുകള്‍ കൊണ്ടുള്ള അധിക്ഷേപങ്ങള്‍ താന്‍ സഹിച്ചിരുന്നതായും പല്ലവി പറയുന്നു.
അന്ന്‌ 22 വയസായിരുന്നു. ജോലിക്ക്‌ ചേര്‍ന്ന സമയം മുതല്‍ അക്‌ബറില്‍ നിന്ന്‌ മോശം പെരുമാറ്റമാണ്‌ ഉണ്ടായത്‌. വളരെ പെട്ടെന്ന്‌ തന്നെ തനിക്ക്‌ എഡിറ്റോറിയല്‍ പേജിന്റെ ചുമതല ലഭിച്ചു.
എന്നാല്‍, ഇതിന്‌ വലിയ വില നല്‍േകണ്ടി വന്നു. ഒരു തവണ അക്‌ബര്‍ ഓഫീസില്‍ വെച്ച്‌ തന്നെ ചുംബിച്ചു. അദ്ദേഹത്തിന്റെ പ്രവൃത്തിയില്‍ ഞെട്ടിത്തരിച്ച താന്‍ ഓഫീസില്‍ നിന്നിറങ്ങി പോയി.

പിന്നീട്‌ രണ്ട്‌ മാസങ്ങള്‍ക്ക്‌ ശേഷം മാഗസിന്‍ ലോഞ്ചിന്റെ സമയത്ത്‌ മുംബൈയിലെ താജ്‌ ഹോട്ടലിലെ മുറിയിലേക്ക്‌ തന്നെ അക്‌ബര്‍ വിളിച്ചുവരുത്തി. പേജിന്റെ ലേ ഔട്ടിനെക്കുറിച്ച്‌ സംസാരിക്കാനെന്നാണ്‌ അറിയിച്ചത്‌. എന്നാല്‍ മുറിയിലെത്തിയ തന്നെ വീണ്ടും ചുംബിക്കാനാണ്‌ അക്‌ബര്‍ ശ്രമിച്ചത്‌.

അവിടെ നിന്നും താന്‍ കുതറിയോടി.
എന്നാല്‍, മൂന്നാം തവണ അദ്ദേഹം കുറച്ച്‌ കൂടി ശക്തനായിരുന്നു. ജയ്‌പൂരിലെ ഹോട്ടലില്‍ വെച്ച്‌ വീണ്ടും ശാരീരികമായും മാനസികമായും അയാള്‍ ഉപദ്രവിച്ചു. ഇത്തവണ താന്‍ എതിര്‍ത്തെങ്കിലും അയാള്‍ തന്നേക്കാള്‍ കരുത്തനായിരുന്നു. വാക്കുകള്‍കൊണ്ടും, മാനസികമായും, ലൈംഗികമായും തന്നോടുള്ള അതിക്രമങ്ങള്‍ പിന്നീടും തുടര്‍ന്നുവെന്നും പല്ലവി പറയുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക