Image

ഒരു തീവണ്ടി യാത്രയും സുന്ദരിയായ പ്രേതവും (ജഗദീഷ് മാടായി)

Published on 03 November, 2018
ഒരു തീവണ്ടി യാത്രയും സുന്ദരിയായ പ്രേതവും (ജഗദീഷ് മാടായി)
രണ്ടായിരത്തി നാലിലെ ഒരു മെയ് മാസം. മുംബൈയില്‍ നിന്നും ബാംഗ്‌ളൂരിലേക്ക്. രാവിലെ ഡെല്‍ഹിയില്‍നിന്നെത്തി നാല് മണിക്കൂറിനു ശേഷം വീണ്ടും ഒരു യാത്ര . യാത്ര തുടങ്ങിയപ്പോഴേ ഞാന്‍ മുകളിലെ ബര്‍ത്തില്‍ കയറി ക്ഷീണം മാറ്റി . സൈഡ് സീറ്റിലിരുന്ന ഒരു മധ്യവയസ്കന്‍ ആരംഭം മുതലേ സൂക്ഷിച്ചു നോക്കുന്നുണ്ടായിരുന്നു. മാന്യമായ വസ്ത്രധാരണവും വെളുത്തു തുടുത്ത ശരീരവും ഒരല്‍പം കുടവയറും. "ഒറ്റക്കാണല്ലേ താമസം " യാത്രയുടെ വിരസതയകറ്റാന്‍ ഒരു പരിചയപ്പെടല്‍ എന്നേ ആ ചോദ്യത്തിനെ ഞാന്‍ കണ്ടുള്ളൂ. പക്ഷെ "ഈ അടുത്ത കാലത്തു നിറയെ വേദനയനുഭവിച്ചൂ, മാസങ്ങളോളം ആശുപത്രിയില്‍ കിടന്നു അല്ലെ " എന്ന അടുത്ത ചോദ്യം അയാളുമായി കൂടുതല്‍ സംസാരിക്കാന്‍ താല്പര്യം ജനിപ്പിച്ചു.

"കയറ്റുമതിയുമായി ബന്ധപ്പെട്ട ജോലി, തനിച്ചുള്ള താമസം, ആണ്‍പെണ്‍
ഭേദമന്യേ സൗഹൃദങ്ങള്‍, ചെറുപ്രായത്തിലേ ആഗ്രഹിച്ച വാഹനം സ്വപ്രയത്‌നത്താല്‍ സ്വന്തമാക്കി അല്ലെ "

അതെയെന്ന് തലയാട്ടി. "ഞാന്‍ ജ്യോതിഷിയൊന്നുമല്ല. ഒരു ആര്‍ക്കിട്ടെക്ക് ആണ്. പക്ഷെ എന്റെ അച്ഛനപ്പൂപ്പന്മാര്‍ ജ്യോതിഷത്തില്‍ തല്പരരായിരുന്നു . അതിനാലാണ് എന്നിലും അത് വന്നു ചേര്‍ന്നത്. നിങ്ങള്‍ ഇവിടെ കാലുകുത്തിയപ്പോള്‍ എനിക്ക് ഒരു പ്രത്യേകത തോന്നിയിരുന്നു. നിങ്ങള്‍ മാത്രമല്ല, നിങ്ങളുടെ കൂടെ വേറൊരാള്‍ കൂടെയുണ്ടെന്ന് എന്റെ മനസ്സ് പറഞ്ഞു , അദൃശ്യയായ ഒരാള്‍ "

"നിങ്ങള്‍ തനിച്ചു താമസിക്കുന്ന വീട്ടില്‍ നിങ്ങള്‍ രാത്രികളില്‍ പലപ്പോഴും പലതരത്തിലുള്ള ശബ്ദങ്ങള്‍ കേള്‍ക്കാറില്ലേ? ആരൊക്കെയോ നടക്കുന്ന, കരയുന്ന, പാത്രങ്ങള്‍ തട്ടി വീഴുന്ന, വാതില്‍ അടയുന്ന, അത്തരത്തിലുള്ള ശബ്ദങ്ങള്‍? കുളിമുറിയില്‍ വെള്ളം വീഴുന്ന ശബ്ദം കേട്ട് നിങ്ങള്‍ പലതവണ നോക്കാനായി അവിടേക്കു പോയില്ലേ? പക്ഷേ ഒന്നും കാണാന്‍ സാധിച്ചില്ല.. നിങ്ങള്‍ താമസിക്കുന്ന കെട്ടിടത്തിലെ മറ്റു താമസക്കാര്‍ ഈ കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ പല പല അപകടങ്ങളില്‍ പെട്ടിട്ടുണ്ടല്ലോ. അതിലൊരാളുടെ ജീവന്‍ തിരിച്ചുകിട്ടിയത് ഭാഗ്യം"

അയാള്‍ പറഞ്ഞത് മുഴുവനും സത്യമായിരുന്നു. പക്ഷേ ആ ശബ്ദങ്ങളെ ഞാനൊരിക്കലും കാര്യമായെടുത്തിരുന്നില്ല. കമ്പനിയുടെ ഗസ്റ്റ് ആയി വന്ന രണ്ടു മുതിര്‍ന്ന ആള്‍ക്കാര്‍ ഞാനില്ലാത്ത രണ്ടു നാള്‍ എന്റെ ഫ്‌ലാറ്റില്‍ താമസിക്കുകയും ഇതേ കാരണം പറഞ്ഞു ഹോട്ടലിലേക്ക് മാറുകയും ചെയ്തിരുന്നു. കമ്പനിയുടെ സ്വന്തമായ ഈ കെട്ടിടത്തില്‍ രണ്ടാം നിലയിലായിരുന്നു എന്റെ ഫ്‌ലാറ്റ്. ഒന്നാം നിലയിലെ താമസക്കാരന്റെ ഭാര്യ നിരവധി തവണ ഗര്‍ഭിണിയാകുകയും എല്ലാ തവണയും അതലസിപ്പോവുകയും ചെയ്തിരുന്നു. മൂന്നാം നിലയിലെ താമസക്കാരന്റെ കുട്ടികള്‍ രണ്ടും രണ്ടാള്‍ താഴ്ചയുള്ള വാട്ടര്‍ടാങ്കിലേക്കു വീഴുകയും വാച്ച്മാന്‍ കണ്ടത് കൊണ്ട് രക്ഷപ്പെടുകയും ആണ് ഉണ്ടായത്. ഗ്രൗണ്ട് ഫ്‌ലോറിലെ താമസക്കാരന്‍ കാറപകടത്തില്‍ പെട്ട് ഒരു വര്‍ഷം കിടക്കിയിലായിരുന്നു കെട്ടിടത്തിലെ എല്ലാ താമസക്കാരും ഏതെങ്കിലും തരത്തില്‍ ബുദ്ധിമുട്ടിക്കൊണ്ടിരുന്നു.

"നിങ്ങള്‍ താമസിക്കുന്ന ആ സ്ഥലം പണ്ട് മുക്കുവന്മാരുടേതായിരുന്നു. സ്വന്തമായ നിയമങ്ങള്‍ മാത്രം അനുസരിക്കുകയും അനുസരിപ്പിക്കുകയും ചെയ്യുന്നവര്‍. ഞാനും മഹാരാഷ്ട്രക്കാരന്‍ തന്നെ . പക്ഷേ അവരുടെ നിയമം ഒരു തരം കാടത്തം തന്നെയാണ്. കണ്ണിനു കണ്ണ് പല്ലിനു പല്ല് എന്നാണവരുടെ പ്രമാണം. രണ്ടു വിഭാഗക്കാര്‍ തമ്മിലുള്ള കലഹത്തില്‍ വിവാഹം നിശ്ചയിക്കപ്പെട്ട ഒരു പെണ്‍കുട്ടി അതിദാരുണമായാണ് നിങ്ങളുടെ കെട്ടിടം കിടക്കുന്ന സ്ഥലത്തു കൊല്ലപ്പെട്ടത്. വിവാഹം സ്വപ്നം കണ്ടിരുന്നവളുടെ ആത്മാവിനു ശാന്തി കിട്ടാത്തതിനാല്‍ അതവിടെത്തന്നെ അലയുന്നു. അവിടെയുള്ള താമസക്കാരെ അവള്‍ കടന്നുകയറ്റക്കാരെന്നു കരുതുന്നു. ആ മണ്ണിനു വേണ്ടിയുള്ള കലഹത്തിലാണവള്‍ മരിച്ചത്. അവിടെ സന്തോഷത്തോടെ ജീവിക്കാന്‍ ആരെയും അവളനുവദിക്കില്ല."

ദൈവമേ ഇയാളോട് സംസാരിക്കാന്‍ പോകേണ്ടായിരുന്നു. " പക്ഷേ നിങ്ങളെ ഉപദ്രവിക്കില്ല. നിങ്ങളുടെ വിവാഹം കഴിഞ്ഞില്ലല്ലോ. അതിനാല്‍ ഭയം വേണ്ട. നിങ്ങള്‍ ആ ശബ്ദങ്ങളൊന്നും ശ്രദ്ധിക്കാറില്ലെന്നും അവള്‍ക്കറിയാം." അങ്ങനെ ആ സംസാരം ഏറെ നേരം നീണ്ടു, ഏകദേശം പുലര്‍ച്ചെ വരെ.

ഈ യാത്രകഴിഞ്ഞെത്തിയതിനു ശേഷം രണ്ടു വര്‍ഷത്തോളം ഞാന്‍ അതേ ഫ്‌ലാറ്റില്‍ കഴിഞ്ഞിരുന്നു. പല ദിവസങ്ങളിലും ശബ്ദങ്ങള്‍ കേട്ടിരുന്നു. എന്നെ ഉപദ്രവിക്കാത്ത പ്രേതത്തിനെ ഞാനെന്തിന് ഭയക്കണം. മറ്റു താമസക്കാര്‍ ജ്യോതിഷിമാരെ കാണുകയും അവര്‍ അവിടെ നിന്നും താമസം മാറ്റാന്‍ ഉപദേശിച്ചതിനാല്‍ അവിടെ നിന്നും മാറുകയും ചെയ്തിരുന്നു.

ഞാനും പ്രേതവും മാത്രമായി കുറച്ചു നാള്‍ അതേ കെട്ടിടത്തില്‍ പരസ്പരം ഉപദ്രവിക്കാതെ ജീവിച്ചു. ഒരുമയുണ്ടെങ്കില്‍ പ്രേതക്കൊട്ടാരത്തിലും ജീവിക്കാം എന്ന് പരസ്പരം പറഞ്ഞു കൊണ്ട്.
Join WhatsApp News
വിദ്യാധരൻ 2018-11-03 14:59:58
ആ മുഖം കണ്ടപ്പഴേ തോന്നി വ്യത്യസ്തനാണെന്ന്
ഏത് പ്രേതത്തിന്റെ  കൂടെയും താമസിക്കാൻ തക്കവണ്ണം 
മനസ്സിനെ പാകപ്പെടുത്തിയെടുത്തിയാലാണെന്ന് 
ഇന്ന് ഇങ്ങനെയുള്ളർവരെ ചുരുക്കമായി മാത്രമേ കാണുകയുള്ളു 
പ്രേതം  എന്ന് കേട്ടാൽ മതി ചിലർ വീട് വിട്ട് പോകും 
വേണ്ടിവന്നാൽ  വിവാഹ മോചനവും 
കുറച്ചുനാളല്ലേ  ആയുള്ളൂ ഇനി എത്ര ദൂരം പോകാനുണ്ട്... 
ഞാനും ജീവിതയാത്രയിലാണ്, എത്രയോ വർഷമായി 
ഞാനും എന്റെ പ്രേതവും ഒരുമിച്ചു താമസിക്കുന്നു 
ഒരുമയുള്ളപ്പോൾ ഞങ്ങൾ ഉലക്കപ്പുറത്തു കിടന്നുറങ്ങും 
ഒരുമിയിലാത്തപ്പോൾ ഉലക്കകൊണ്ട് അടിയും -അത്രേയുള്ളു 
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക