Image

റേച്ചല്‍ കോശി റാന്‍ഡോള്‍ഫ് ടൗണ്‍ഷിപ്പിലേക്ക് മത്സരിക്കുന്നു

Published on 03 November, 2018
റേച്ചല്‍ കോശി റാന്‍ഡോള്‍ഫ് ടൗണ്‍ഷിപ്പിലേക്ക് മത്സരിക്കുന്നു
ന്യൂജേഴ്സി: പാഴ്സിപ്പനിക്കു സമീപം സമ്പന്ന ടൗണുകളിലൊന്നായ റാന്‍ഡോള്‍ഫില്‍ നിന്നു ടൗണ്‍ഷിപ്പ് കൗണ്‍സിലിലേക്ക് റേച്ചല്‍ കോശി മത്സരിക്കുന്നു. ഏഴംഗ കൗണ്‍സിലില്‍ നാലു സ്ഥാനങ്ങളിലേക്കാണ് ഇലക്ഷന്‍.

ഡമോക്രാറ്റിക് സ്ഥാനാര്‍ത്ഥിയായ റേച്ചല്‍ കോശി പ്രൈമറിയില്‍ ഏറ്റവും കൂടുതല്‍ വോട്ടു നേടിയാണ് ചൊവ്വാഴ്ച വോട്ടര്‍മാരെ അഭിമുഖീകരിക്കുന്നത്. ഇലക്ഷന്‍ രംഗത്ത് ഇതാദ്യമെങ്കിലും വിവിധ തലങ്ങളില്‍ വോളന്റീയര്‍ ആയും, പേരന്റ് ടീച്ചേഴ്സ് സംഘടനയിലുമൊക്കെ പ്രവര്‍ത്തിച്ചിട്ടുണ്ട്.

മികച്ച സ്‌കൂളുകളാണ് റാന്‍ഡോള്‍ഫിന്റെ ആകര്‍ഷണം. അതിനാല്‍ വൈവിധ്യമാര്‍ന്ന ഒരു സമൂഹംഇപ്പോള്‍ ഇവിടെയുണ്ട്. എങ്കിലും അത് ടൗണ്‍ കൗണ്‍സിലില്‍ പ്രതിഫലിച്ചിട്ടില്ല. റിപ്പബ്ലിക്കന്‍ ആധിപത്യമുള്ള കൗണ്‍സിലില്‍ ന്യൂനപക്ഷാംഗങ്ങളില്ല.

മത്സരിക്കാന്‍ റേച്ചലിനോട് പാര്‍ട്ടി അഭ്യര്‍ത്ഥിക്കുകയായിരുന്നു. ടൗണ്‍ഷിപ്പിന്റെ വികസനം, പുതിയ മാസ്റ്റര്‍പ്ലാന്‍, ബിസിനസ് വളര്‍ച്ചയ്ക്ക് പുതിയ പദ്ധതികള്‍ തുടങ്ങിയവയൊക്കെ അവര്‍ ലക്ഷ്യമിടുന്നു. അതുപോലെ തൊഴിലാളി കുടുംബങ്ങളുടേയും സീനിയേഴ്സിന്റേയും യുവതലമുറയുടേയുമൊക്കെ പ്രശ്നങ്ങള്‍ക്ക് പരിഹാരം കാണണമെന്നും ആഗ്രഹിക്കുന്നു.

കോഴഞ്ചേരി കുഴികാലാ സ്വദേശിയായ റേച്ചലിന്റെ കുടുംബം മുംബൈയിലായിരുന്നു താമസം. അവിടെ നിന്നാണ് 26 വര്‍ഷങ്ങള്‍ക്കു മുമ്പ് അമേരിക്കയിലെത്തുന്നത്. 23 വര്‍ഷമായി റാന്‍ഡോള്‍ഫില്‍ താമസം.

നഴ്സിംഗ് രംഗത്ത് 35 വര്‍ഷത്തെ പരിചയമുണ്ട്. എല്‍.പി.എന്‍ ആയി തുടങ്ങിയ അവര്‍ പിന്നീട് ആര്‍. എന്‍ ആയി. ലിവിംഗ്സ്റ്റണിലെ സെന്റ് ബെര്‍ണബാസ് മെഡിക്കല്‍ സെന്ററില്‍ ജോലി ചെയ്തു. തുടര്‍ന്നു നഴ്സിംഗ് പ്രാക്ടീസില്‍ ഡോക്ടറേറ്റ് നേടി. ഇപ്പോള്‍ ന്യൂവാര്‍ക്ക് യൂണിവേഴ്സിറ്റി ഹോസ്പിറ്റലില്‍ സൂപ്പര്‍വൈസറി അഡ്വാന്‍സ്ഡ് പ്രാക്ടീസ് നഴ്സ് ആണ്.

നാഷണല്‍ അസോസിയേഷന്‍ ഓഫ് ഇന്ത്യന്‍ നഴ്സസ് (നൈന) കമ്മിറ്റി ചെയറായ അവര്‍ ന്യൂജേഴ്സി സ്റ്റേറ്റ് നഴ്സസ് അസോസിയേഷന്‍ റീജന്‍ ഒന്നിന്റെ ബോര്‍ഡ് അംഗവുമാണ്.

ചര്‍ച്ച് ഓഫ് സെന്റ് പോള്‍ ആന്‍ഡ് റിസറക്ഷന്‍ ക്വയറിലും പള്ളിയിലും സേവനം അനുഷ്ഠിക്കുന്നു.

മൊത്തം 15000-ത്തോളം വോട്ടര്‍മാരുള്ള ടൗണ്‍ഷിപ്പില്‍ ഇന്ത്യക്കാര്‍ ഒരു ശതമാനം പോലുമില്ല. രജിസ്ട്രേഡ് റിപ്പബ്ലിക്കന്‍സും, ഡമോക്രാറ്റുകളും ഏകദേശം തുല്യമാണ്.

ഭര്‍ത്താവ് കോശി ഫിലിപ്പ് തേവര്‍തുണ്ടില്‍ കുടുംബാംഗമാണ്. രണ്ടു മക്കള്‍. 
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക