Image

ആര്‍ക്കും ഇഷ്‌ടപ്പെടുന്ന ഡ്രാമ

Published on 03 November, 2018
ആര്‍ക്കും ഇഷ്‌ടപ്പെടുന്ന ഡ്രാമ
ലോഹം' എന്ന സിനിമയ്‌ക്കു ശേഷം രഞ്‌ജിത്തും മോഹന്‍ലാലും ഒരുമിക്കുന്ന ചിത്രമാണ്‌ `ഡ്രാമ'. ലോകമാകുന്ന വേദിയിലെ അഭിനേതാക്കളാണ്‌ നാം എല്ലാവരും.

ആ സത്യം ഒന്നുകൂടി ഊന്നിപ്പറയുകയാണ്‌ ഡ്രാമ എന്ന ചിത്രത്തിലൂടെ സംവിധായകനായ രഞ്‌ജിത്ത്‌. രംഗബോധമില്ലാത്ത കോമാളിയെ പോലെ മരണം കടന്നു വന്ന ജീവിത വേദിയില്‍ ബാക്കിയുള്ളവരുടെ നാടകങ്ങളാണ്‌ കഥയില്‍ പറയുന്നത്‌.

പുതിയ ലോകത്ത്‌ സ്‌നേഹബന്ധങ്ങള്‍ക്കും പരിസ്‌പര സ്‌നേഹത്തിലും വിശ്വാസത്തിലും അധിഷ്‌ഠിതമായ കുടുംബത്തിന്റെ കെട്ടുറപ്പിലും സംഭവിക്കുന്ന മൂല്യച്യുതി കപടനാടകം അഭിനയിക്കുന്ന കുറേ കഥാപാത്രങ്ങളിലൂടെ അവതരിപ്പിക്കുകയാണ്‌ സംവിധായകനായ രഞ്‌ജിത്‌. 

കട്ടപ്പനക്കാരി റോസമ്മയ്‌ക്ക്‌ അഞ്ചു മക്കളാണ്‌. മക്കളെല്ലാം പല വിദേശരാജ്യങ്ങളില്‍ നല്ല നിലയില്‍ കഴിയുന്നു. റോസമ്മയെ സംബന്ധിച്ച്‌ ഇനി പ്രാരാബ്‌ധങ്ങളൊന്നുമില്ല. സന്തോഷകരമായ ജീവിതം. ഒരാഗ്രഹം മാത്രമേയുള്ളൂ. താന്‍മരിച്ചാല്‍ കുടുംബക്കല്ലറയില്‍ ഭര്‍ത്താവിന്റെയൊപ്പം നിത്യനിദ്രയിലാഴണം.

ഇളയമകളെ കാണാന്‍ റോസമ്മ ലണ്ടനിലെത്തുന്നു. അവിടെ വച്ച്‌ അപ്രതീക്ഷിതമായി റോസമ്മ മരണപ്പെടുന്നു. നാട്ടിലെ കുടുംബക്കല്ലറയില്‍ തന്നെ അടക്കം ചെയ്യണമെന്നുള്ള അവരുടെ അന്ത്യാഭിഷാഷം നിറവേറ്റാന്‍ മക്കളാരും തയ്യാറാകുന്നില്ല.

മറിച്ച്‌ അവരുടെ ശവസംസ്‌ക്കാര ശുശ്രൂഷ ഒരു വലിയ ആഘോഷമാക്കി മാറ്റാനുള്ള അവരുടെ മക്കളുടെ തീരുമാനവും അതിനു വേണ്ടി അവര്‍ നടത്തുന്ന ശ്രമങ്ങളും അതിനെ തുടര്‍ന്നുണ്ടാകുന്ന സംഭവ വികാസങ്ങളുമാണ്‌ ചിത്രത്തിന്റ പ്രമേയം. സംസ്‌ക്കാരം നടത്താനെത്തുന്ന ഫ്യൂണറല്‍ ഈവന്റ്‌ മാനേജ്‌മെന്റ്‌ കമ്പനിയുടെ പാര്‍ട്ട്‌ണറാണ്‌ മോഹന്‍ലാല്‍ അവതരിപ്പിക്കുന്ന രാജഗോപാല്‍. 

പത്മരാജന്റെ തിങ്കളാഴ്‌ച നല്ല ദിവസം മുതല്‍ പല സിനിമകളിലും മാതാപിതാക്കളുടെ സ്വത്ത്‌ തന്ത്രപൂര്‍വം കൈക്കലാക്കാന്‍ മക്കള്‍ നടത്തുന്ന ശ്രമങ്ങളും വയോധികര്‍ നേരിടുന്ന അവഗണനയും സ്‌നേഹശൂന്യതയുമെല്ലാം പല സിനിമകളിലും പ്രേക്ഷകര്‍ കണ്ടിട്ടുണ്ട്‌.

ഡ്രാമ വിദേശ പശ്ചാത്തലത്തില്‍ ഒരു ക്രൈസ്‌ത കുടുംബത്തില്‍ നടക്കുന്ന കഥയായി അവതരിപ്പിച്ചിരിക്കുന്നു. അതിന്‌ പുതിയ കാലത്തിന്റെ തൊങ്ങലുകളും നിറങ്ങളും ചാര്‍ത്തിക്കൊടുത്തിരിക്കുന്നു സംവിധായതന്‍. പലപ്പോഴും മോഹന്‍ലാല്‍ എന്ന നടന്റെ സ്വാഭാവിക നര്‍മ്മരംഗങ്ങളുടെ പിന്‍ബലത്തിലാണ്‌ കഥ രസകരമായി മുന്നോട്ടു പോകുന്നത്‌. 

കുടുംബബന്ധങ്ങളിലെ ഉള്ളുകള്ളികളും അതിന്റെ യഥാര്‍ത്ഥ രൂപവും കാട്ടിത്തരാന്‍ സംവിധായകന്‌ കഴിയുന്നുണ്ട്‌.കഥയുടെ ആദ്യപകുതി നര്‍മ്മവും മറ്റുമായി വളരെ രസകരമായി തന്നെ പോകുന്നുണ്ട്‌.

പ്രേക്ഷകന്‍ ഒട്ടുമോര്‍ക്കാത്ത ഒരു ട്വിസ്‌റ്റും ഇടവേളയ്‌ക്കു മുമ്പായി സംഭവിക്കുന്നു. ഇടവേളയ്‌ക്ക്‌ ശേഷം കഥസന്ദര്‍ഭങ്ങള്‍ക്ക്‌ പിരിമുറുക്കം കൂടുന്നുണ്ട്‌ എങ്കിലും പ്രമേയവുമായി ബന്ധപ്പെടുത്തി നോക്കുമ്പോള്‍ രംഗങ്ങള്‍ക്ക്‌ വികാരതീവ്രത കുറയുന്നതായി അനുഭവപ്പെടും.

മാത്രവുമല്ല, ലാല്‍ ഇല്ലാത്ത സന്ദര്‍ഭങ്ങളില്‍ കഥയുടെ മുന്നോട്ടുള്ള സഞ്ചാരം അല്‍പ്പം ഇഴയുന്നുണ്ടോ എന്ന സംശയവും തോന്നാം. 

ചിത്രത്തിന്റെ ഏറ്റവും വലിയ ഹൈഹൈറ്റ്‌ എന്നു പറയുന്നത്‌ രാജഗോഗോപാലായി എത്തുന്ന മോഹന്‍ലാലിന്റെ നര്‍മ്മരസമുള്ള അഭിനയശൈലിയാണ്‌. അതിമാനുഷ കഥാപാത്രങ്ങളുടെ പുറന്തോടിനുള്ളില്‍ നിന്നും പുറത്തു വന്ന സാധാരണക്കാരനായ കഥാപാത്രമായി തന്നെ മോഹന്‍ലാല്‍ ഈ സിനിമയില്‍ ഉടനീളം നിറഞ്ഞു നില്‍ക്കുന്നു.

പ്രമുഖ തിയേറ്റര്‍ ആര്‍ട്ടിസ്റ്റായി അരുന്ധതി നാഗ്‌ ആണ്‌ റോസമ്മയെ അവതരിപ്പിക്കുന്നത്‌. മുമ്പ്‌ ആഷ്‌ക്‌ അബു സംവിധാനം ചെയ്‌ത `ഡാ തടിയാ' എന്ന ചിത്രത്തില്‍ ശ്രദ്ധേയമായ വേഷം ചെയ്‌ത നടിയാണ്‌ അരുന്ധതി നാഗ്‌.

സംവിധായകനായ ജോണി ആന്റിണി ഈ സിനിമയില്‍ വളരെ ശ്രദ്ധേയമായ ഒരു കഥാപാത്രത്തെ അവതരിപ്പിച്ചുകൊണ്ട്‌ കാണികളുടെ കൈയ്യടി 

നേടുന്നുണ്ട്‌. മോഹന്‍ലാല്‍-ബൈജു താരങ്ങളുടെ കോമ്പിനേഷന്‍ രംഗങ്ങളും കാണികളെ വളരെയധികം ചിരിപ്പിക്കുന്നുണ്ട്‌. ആശാശരത്തും തന്റെ കഥാപാത്രത്തോട്‌ പരമാവധി നീതി പുലര്‍ത്തിയിട്ടുണ്ട്‌. കനിഹയാണ്‌ 
മറ്റൊരു പ്രധാന സ്‌ത്രീകഥാപാത്രത്തെ അവതരിപ്പിച്ചിരിക്കുന്നത്‌. 

ശ്യാമപ്രസാദ്‌, ദിലീഷ്‌ പോത്തന്‍, ജോണി ആന്റണി എന്നീ മൂന്നു സംവിധായകര്‍ അഭിനയിച്ച സിനിമ എന്ന പ്രത്യേകത കൂടി ഡ്രാമ എന്ന ചിത്രത്തിനുണ്ട്‌. രണ്‍ജി പണിക്കര്‍, ഷാലിന്‍ സോയ, ടിനി ടോം എന്നിവരാണ്‌ മറ്റ്‌ അഭിനേതാക്കള്‍.

ഡ്രാമയില്‍ പശ്ചാത്തല സംഗീതം ഒരുക്കിയിരിക്കുന്നത്‌ ബിജിപാലാണ്‌. പുത്തന്‍പണത്തിനു ശേഷം രഞ്‌ജിത്ത്‌ തിരക്കഥയെഴുതി സംവിധാനം ചെയ്‌ത ചിത്രമാണ്‌ ഡ്രാമ. കുടുംബസമേതമോ സുഹൃത്തുക്കള്‍ക്കൊപ്പമോ പോയി കാണാന്‍ കഴിയുന്ന രസകരമായ ചിത്രം. ധൈര്യമായി ടിക്കറ്റെടുക്കാം. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക