Image

ജി രാമന്‍ നായരെ ബിജെപി സംസ്ഥാന ഉപാധ്യക്ഷനായി നിയമിച്ചു

Published on 03 November, 2018
ജി രാമന്‍ നായരെ ബിജെപി സംസ്ഥാന ഉപാധ്യക്ഷനായി നിയമിച്ചു
കോട്ടയം: കോണ്‍ഗ്രസില്‍നിന്ന് ബി.ജെ.പിയിലെത്തിയ തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് മുന്‍ പ്രസിഡന്റ് ജി രാമന്‍ നായരെ ബി.ജെ.പി സംസ്ഥാന ഉപാധ്യക്ഷനായി നിയമിച്ചു. യു.ഡി.എഫ് സര്‍ക്കാരിന്റെ കാലത്ത് വനിതാ കമ്മീഷന്‍ അംഗമായിരുന്ന ഡോ. പ്രമീളാ ദേവിയെ ബി.ജെ.പി സംസ്ഥാന കമ്മിറ്റി അംഗമായും നിയമിച്ചിട്ടുണ്ട്. കെ.പി.സി.സി നിര്‍വാഹക സമിതി അംഗമായിരുന്ന രാമന്‍ നായര്‍ അടുത്തിടെയാണ് ബി.ജെ.പിയില്‍ ചേര്‍ന്നത്. 

കൂടുതല്‍ കോണ്‍ഗ്രസ് നേതാക്കള്‍ ബി.ജെ.പിയിലെത്തുമെന്ന് കോട്ടയത്ത് നടന്ന ചടങ്ങില്‍ സംസ്ഥാന അധ്യക്ഷന്‍ അഡ്വ. പി.എസ് ശ്രീധരന്‍പിള്ള പറഞ്ഞു. സ്ഥാനമാനങ്ങള്‍ സംബന്ധിച്ച തീരുമാനം ആകാത്തിനാലാണ് നേതാക്കളുടെ പേരു വിവരങ്ങള്‍ പുറത്തുവിടാത്തതെന്നും അദ്ദേഹം വ്യക്തമാക്കി. ശബരിമല വിഷയത്തില്‍ ബി.ജെ.പിയുമായി ചേര്‍ന്ന് പ്രവര്‍ത്തിച്ചതിന്റെ പേരില്‍ രാമന്‍ നായര്‍ നടപടി നേരിട്ടിരുന്നു. 

ശബരിമലയിലെ യുവതീ പ്രവേശനവുമായി ബന്ധപ്പെട്ട് നിലയ്ക്കലില്‍ ബിജെപി നടത്തിയ ഉപവാസ സമരം അന്ന് കെ.പി.സി.സി നിര്‍വാഹക സമിതി അംഗമായിരുന്ന രാമന്‍ നായരാണ് ഉദ്ഘാടനം ചെയ്തത്. ഇതിനു പിന്നാലെ രാമന്‍ നായരെ കോണ്‍ഗ്രസില്‍നിന്ന് എഐസിസി സസ്‌പെന്‍ഡ് ചെയ്തിരുന്നു. പിന്നീട് ബിജെപി ദേശിയ അധ്യക്ഷന്‍ അമിത് ഷാ പങ്കെടുത്ത ചടങ്ങിലാണ് രാമന്‍ നായരും പ്രമീള ദേവിയും അടക്കമുള്ളവര്‍ ബിജെപിയില്‍ ചേര്‍ന്നത്. 

തുടര്‍ന്ന് ബിജെപിയിലെത്തിയ നേതാക്കള്‍ അമിത് ഷായുമായി അടച്ചിട്ട മുറിയില്‍ ചര്‍ച്ച നടത്തുകയും ചെയ്തിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക