Image

മോദിയെക്കുറിച്ചുള്ള തേള്‍ പരാമര്‍ശം: തരൂരിനെതിരെ അപകീര്‍ത്തിക്കേസ്

Published on 03 November, 2018
മോദിയെക്കുറിച്ചുള്ള തേള്‍ പരാമര്‍ശം: തരൂരിനെതിരെ അപകീര്‍ത്തിക്കേസ്

ന്യൂഡല്‍ഹി: ബെംഗളുരു സാഹിത്യോത്സവത്തിലെ ചര്‍ച്ചയ്ക്കിടെ പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തേളിനോട് ഉപമിച്ച് നടത്തിയ പ്രസ്താവനയില്‍ കോണ്‍ഗ്രസ് നേതാവ് ശശി തരൂരിനെതിരെ അപകീര്‍ത്തിക്കേസ്. ഡല്‍ഹി ബിജെപി വൈസ് പ്രസിഡന്റ് രാജീവ് ബാബര്‍ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കേസ് രജിസ്റ്റര്‍ ചെയ്തിരിക്കുന്നത്. ബെംഗളുരുവിലെ ചടങ്ങില്‍ സംസാരിക്കവെ തരൂര്‍ നടത്തിയ പരാമര്‍ശമാണ് വിവാദമായത്.

പ്രധാനമന്ത്രി മോദി ശിവലിംഗത്തിന് മുകളിലിരിക്കുന്ന തേളിനെപ്പോലെയാണെന്ന് ഒരു ആര്‍.എസ്.എസ് നേതാവ് അഭിപ്രായപ്പെട്ടതായി തരൂര്‍ പറഞ്ഞിരുന്നു. പ്രസ്താവനയിലൂടെ തരൂര്‍ ശിവലിംഗത്തെ അപമാനിക്കുകയും അപകീര്‍ത്തിപ്പെടുത്തുകയും ചെയ്‌തെന്ന് ബാബര്‍ പരാതിയില്‍ വ്യക്തമാക്കുന്നു. പ്രസ്താവന അസഹിഷ്ണുവായ അധിക്‌ഷേപമാണെന്നും പരാതിയില്‍ പറയുന്നു.

'ശിവലിംഗത്തിന് മുകളിലിരിക്കുന്ന തേള്‍ ആണ് പ്രധാനമന്ത്രി നരേന്ദ്രമോദിയെന്ന് ഒരിക്കല്‍ ഒരു ആര്‍എസ്എസ് നേതാവ് പറഞ്ഞിരുന്നു. തേളായതു കൊണ്ട് കൈഉപയോഗിച്ച് എടുത്ത് മാറ്റാന്‍ കഴിയില്ല. അതേസമയം ശിവലിംഗത്തിന് മുകളിലായതിനാല്‍ ചെരുപ്പുകൊണ്ട് അടിക്കാനും കഴിയില്ല'  ഇതായിരുന്നു തരൂരിന്റെ പ്രസ്താവന. പ്രധാനമന്ത്രിയുടെ വ്യക്തിത്വം ആര്‍എസ്എസ്സുമായി ചേര്‍ന്നു പോവുന്നതല്ലെന്നും തരൂര്‍ പറഞ്ഞിരുന്നു.

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക