Image

പോളണ്ട് സ്വദേശിക്ക് അടിമപ്പണി: ഇന്ത്യന്‍ വംശജരായ ദമ്പതികള്‍ ബ്രിട്ടനില്‍ അറസ്റ്റിലായി

Published on 03 November, 2018
പോളണ്ട് സ്വദേശിക്ക് അടിമപ്പണി: ഇന്ത്യന്‍ വംശജരായ ദമ്പതികള്‍ ബ്രിട്ടനില്‍ അറസ്റ്റിലായി

ലണ്ടന്‍: പോളണ്ട് സ്വദേശിയായ ജോലിക്കാരനെ നാലുവര്‍ഷത്തോളം വൃത്തിഹീനമായ കുടിലില്‍ പാര്‍പ്പിച്ചതിന് ഇന്ത്യന്‍ വംശജരായ ദമ്പതികള്‍ ബ്രിട്ടനില്‍ അറസ്റ്റില്‍. ബ്രിട്ടനില്‍ സര്‍വകലാശാല പ്രൊഫസറായ പ്രീത്പാല്‍ സിങ്, ഭര്‍ത്താവ് പല്‍വന്ദീര്‍ സിങ് എന്നിവരെയാണ് അധികൃതര്‍ കഴിഞ്ഞദിവസം പിടികൂടിയത്. നാലുവര്‍ഷത്തോളം ദമ്പതികളുടെ സതാംപ്റ്റണിലെ പൂന്തോട്ടത്തില്‍ ദുരിതജീവിതം നയിച്ചിരുന്ന പോളിഷ് പൗരനെ അധികൃതര്‍ മോചിപ്പിച്ചു.

ജോലിക്കുപകരം ഭക്ഷണം എന്ന വ്യവസ്ഥയിലാണ് ഇവര്‍ പോളണ്ട് സ്വദേശിയെ ഉപയോഗിച്ച് ജോലി ചെയ്യിപ്പിച്ചതെന്ന് അധികൃതര്‍ പറഞ്ഞു. പ്ലാസ്റ്റിക് കസേരയിലായിരുന്നു ഇയാള്‍ ഉറങ്ങിയിരുന്നത്. പലപ്പോഴും ഉപയോഗശൂന്യമായ ഭക്ഷണമായിരുന്നു കഴിക്കാന്‍ നല്‍കിയിരുന്നത്. മതിയായ ശുചിമുറി സൗകര്യവും ഒരുക്കിയിരുന്നില്ല.

തികച്ചും ഒരു അടിമയ്ക്ക് തുല്യമായിരുന്നു ജോലിക്കാരന്റെ ജീവിതമെന്നും, വിവരം അറിഞ്ഞയുടന്‍ തങ്ങള്‍ ഇടപെട്ടെന്നും തൊഴില്‍ചൂഷണത്തിനെതിരെ പ്രവര്‍ത്തിക്കുന്ന ബ്രിട്ടനിലെ ഗ്യാങ്മാസ്‌റ്റേഴ്‌സ് ആന്റ് ലേബര്‍ അബ്യൂസ് അതോറിറ്റി(ജി.എല്‍.എ.എ) അറിയിച്ചു. തൊഴിലാളിയെ ചൂഷണം ചെയ്ത കുറ്റമാണ് ദമ്പതികള്‍ക്കെതിരെ ചുമത്തിയിരിക്കുന്നത്. 

Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക