Image

മതം വേദാന്തമോതുന്നു (ജി. പുത്തന്‍കുരിശ്‌)

Published on 06 April, 2012
മതം വേദാന്തമോതുന്നു (ജി. പുത്തന്‍കുരിശ്‌)
കാപട്യമേ നിന്റെ ചേവകനാകാനും
താപസ്സനായിട്ട്‌ വേഷം ധരിക്കാനും
ആവില്ലെനിക്കിനി എന്നെ വിളിക്കേണ്ടാ
പോവുക പോവുക എന്നെ വെടിഞ്ഞു നീ
മതി മതി നിന്റെ വേദാന്തമൊക്കയും
മതി നീ നല്‍കുമാ സുരക്ഷിതത്വവും
വെറുതെ വിടുക മതമെ നീ എന്നെ
കറക്കല്ലെ മനം മയക്കും ശക്‌തിയാല്‍
ഒന്നു തിരിഞ്ഞൊന്നു നോക്കു ചരിത്രത്തില്‍
ഒന്നതിന്‍ ഏടുകള്‍ മെല്ലെ മറിക്കുവിന്‍
കാണാം മതത്തിന്റെ താണ്ഡവ നൃത്തങ്ങള്‍
കാണാമതിന്റെ കഠോരമാം ചെയ്‌തികള്‍
സ്വര്‍ക്ഷരാജ്യത്തിന്റെ വാഗ്‌ദാവായി നര
വര്‍ക്ഷത്തിന്‍ കണ്ണില്‍ പൊടിയിട്ട്‌ പോന്നു നീ
ബുദ്ധിയാല്‍ ശക്‌തിയാല്‍ എന്നും മനുഷ്യന്റെ
ബുദ്ധിയെ നിഷ്‌ക്രിയമാക്കി ഭരിച്ചു നീ
മര്‍ത്ത്യ മനസ്സില്‍ വസിക്കുന്ന ദൈവത്തെ
എത്രയോ വിദൂരനാക്കി നിറുത്തി നീ
തൊട്ടടുത്തെങ്ങാനും ചെന്നുപെട്ടാല്‍ പിന്നെ
ചുട്ടുകരിക്കുന്ന കോപാഗ്നിയാക്കി നീ
ഭുമി ചെകുത്താന്റെ വാസസ്ഥലമെന്നും
നാമതില്‍ പാപത്താല്‍ ബന്ധിതരാണെന്നും
മതമെന്ന മാര്‍ക്ഷമല്ലാതതിനൊരു
പ്രതിവിധി വേറെയില്ലെന്നും ചൊന്നു നീ
സത്യത്താല്‍ ഈ മതം മാറ്റാന്‍ ശ്രമിച്ചോരെ
ഹത്യയില്‍ കൊണ്ടുചെന്നെത്തിച്ചു നിന്‍പൊളി
എന്നിട്ടവരെ നീ പുണ്യാളരാക്കി ഹാ!
ഇന്നും തുടരുന്നു വന്‍ചതി ഞങ്ങളില്‍
ഒന്നു തിരിഞ്ഞൊന്നു നോക്കു ചരിത്രത്തില്‍
ഒന്നതിന്‍ ഏടുകള്‍ മെല്ലെ മറിക്കുവിന്‍
കാണാം മതത്തിന്റെ കുത്സിത ബുദ്ധികള്‍
കാണാമതിന്റെ കഠോരമാം ചെയ്‌തികള്‍
സ്‌നേഹപാശത്തില്‍ കൊരുക്കാനായീശ്വരന്‍
ലോകത്തില്‍ വന്നചരിത്രം മറന്നുവോ
സത്യവും ജീവനും മാര്‍ക്ഷവുമായവന്‍
എത്തി നരരെ വിമോചിതരാക്കുവാന്‍
മര്‍ത്ത്യ മനസ്സിന്റെ നാഭിയിലെന്നെന്നും
കുത്തി പിടിച്ചു ഭരിക്കും മതത്തിന്റെ
മുഷ്‌ടി തകര്‍ക്കുവാന്‍ മുക്‌തിയരുളുവാന്‍
സൃഷ്‌ടാവു ഭൂമിയില്‍ വന്നവതാരമായ്‌
ഞെട്ടി നൃപര്‍ മതപണ്ഡിത ശ്രേഷ്‌ഠരും
കുട്ടിക്കായ്‌ വേട്ട തുടങ്ങിയുടനവര്‍
കൂട്ടകുല! ശിരസ്സ്‌ അറ്ററ്റുവീഴുന്നു
നാട്ടില്‍ നടമാടി സംഹാര താണ്ഡവം
എന്തിനിവിടെ ഞാന്‍ ഏറെ കഥിക്കുന്നു
ചിന്തിച്ചാല്‍ വിഭ്രാന്തമാക്കുമാ പാതകം
സത്യം സനാതനമാണതിനെയങ്ങു
ഹത്യയാല്‍ ഉന്മൂലമാക്കാന്‍ കഴിയുമോ?
അന്നു പീലാത്തോസിന്‍ മുന്നില്‍ പതറാതെ
നിന്നതാം മന്നനെ ഓര്‍ക്കുന്നില്ലെ നിങ്ങള്‍
ചുറ്റിലും മൃത്യുവിന്‍ നൃത്തം തുടരുമ്പോള്‍
ഒറ്റയ്‌ക്കു നിന്നതാം സത്യ സ്വരൂപനെ
ഭള്ളുകള്‍ തല്ലുകള്‍ മുള്ളിന്‍ കിരീടവും
തെല്ലും ഭയമെന്ന്യ ക്രൂശു വഹിച്ചവന്‍
കല്ലു നിറഞ്ഞൊരാ പാതയിലൂടന്നു
ഉള്ളു തകര്‍ന്നു നടന്നതങ്ങോര്‍ക്കുന്നോ?
ആണികള്‍ കൈയിലും കാലിലുംപാഞ്ഞപ്പോള്‍
പ്രാണവേദനയാല്‍ നിന്നു പിടഞ്ഞപ്പോള്‍
കേണു, `പിതാവേ പൊറുക്കുകി തെറ്റുകള്‍'
കാണി നീ കരുണ കാട്ടുകി മര്‍ത്ത്യരില്‍
ഇന്നോളം മതത്തിനപ്രാഭ്യമായതാം
ഉന്നത സത്യങ്ങള്‍ കാണിച്ചു തന്നോനെ
കുന്നിന്‍ മുകളിലാ കള്ളരോടത്തവര്‍
കൊന്നു കഴുകിന്മേല്‍ തൂക്കി നികൃഷ്‌ടമായ്‌
സത്യം സനാതനമാണതിനെയങ്ങു
ഹത്യയാല്‍ ഉന്മൂലമാക്കാന്‍ കഴിയുമോ?
മൃത്യുവിന്‍ ദംഷ്‌ട്രങ്ങളാലതിനെയങ്ങു
നിത്യമൊതുക്കി നിറുത്താന്‍ കഴിയുമോ?
തകര്‍ത്തു മൃത്യുവിന്‍ ബന്ധനമൊക്കയും
തികച്ചവന്‍ ലക്ഷ്യം ഉയര്‍ത്തെഴുന്നേറ്റു
പകച്ചു മതവും അതിനാചാര്യരും
ചകിതരായവര്‍ തികഞ്ഞു പോംവഴി
?കള്ളരാ ശിഷ്യന്മാര്‍ ഗുരുവിന്‍ ശരീരം
കൊള്ളചെയ്‌തെങ്ങൊ മറഞ്ഞതാവം നൂനം
ഭദ്രമാം കല്ലറക്കുള്ളില്‍ കിടന്നവന്‍
ഉദ്ധരിക്കാന്‍ വഴിയില്ലതസത്യമേ.
സത്യമേ നിന്നെ അകറ്റി നിറുത്തുവാന്‍
നിത്യവും പാടുപെടുന്നതെന്തെ മതം?
നശ്വരമായതിന്‍ പൊള്ളത്തരങ്ങളില്‍
വിശ്വസിച്ചു ജനം പായുന്നതിശയം
കൊല്ലമൊന്നല്ല രണ്ടായിരം പിന്നിട്ടു
ഇല്ലമതത്തിന്‌ മാറ്റമൊരല്‌പവും
കൊല്ലും കൊലയും തുടരുന്നു മാനുഷര്‍
എല്ലാം മതത്തിന്റെ പേരിലിയൂഴിയില്‍
വീണ്ടും വരില്ലെ വിശ്വംഭരാ നീയിനി
വീണ്ടെടുക്കാനിങ്ങു പൊയ്‌പോയ ചൈതന്യം
നിവര്‍ത്തിയാക്കുമോ നീ ചൊന്ന വാക്കുകള്‍
വിവശരായിതാ കാത്തിരിപ്പു ഞങ്ങള്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക