Image

എന്റെ മലയാളം (കവിത: ജയശ്രീ രാജേഷ്)

Published on 05 November, 2018
എന്റെ മലയാളം (കവിത: ജയശ്രീ രാജേഷ്)
അമ്മതന്‍ മിഴിനീരുണങ്ങാത്ത സ്‌നേഹത്തിന്‍
ഉറവയാണെന്നുമെന്‍ മലയാളം....

നടുമുറ്റത്തറയിലെ തുളസിക്കതിരു തന്‍
ഐശ്വര്യമാണെന്നുമെന്‍ മലയാളം......

സന്ധ്യക്ക് കത്തുന്ന നിലവിളക്കിന്‍ ചാരെ
ഉതിരുന്ന മുത്തശ്ശി കഥയാണെന്‍ മലയാളം....

തുമ്പയും തെച്ചിയും മുക്കുറ്റിയും തീര്‍ക്കും
പൂക്കളമാണെന്നുമെന്‍ മലയാളം......

ഓണ വെയിലത്ത് താളത്തില്‍ ആടുന്ന കൈകൊട്ടിപ്പാട്ടാണെന്‍ മലയാളം......

കണ്ണാന്തളി ചേല ചന്തത്തില്‍ ചുറ്റിയ
കുന്നിന്‍ നെറുകിലാണെന്‍ മലയാളം....

മുറ്റത്ത് തത്തിക്കളിക്കുന്ന മൈന തന്‍ ചേലൊത്ത കണ്ണുകള്‍ പോലെയെന്‍ മലയാളം....

ഓര്‍മ്മകള്‍ തന്‍ ഊയലിലാട്ടിടും മൂവാണ്ടന്‍ മാമ്പഴ മാധുര്യമെന്‍ മലയാളം......

നറുമണം വീശുന്ന തെന്നലിന്‍ കൈകളില്‍
അലിയുന്ന ചെമ്പകഗന്ധമെന്‍ മലയാളം.....

പുഞ്ച വരമ്പത്തെ പുന്നെല്ലിന്‍ കൊതിയൂറും
സൗരഭ്യമാണെന്നുമെന്‍ മലയാളം .....

പുലര്‍ക്കാലവേളയില്‍ അടുക്കള കിണറിലെ
നീര്‍മണിത്തുള്ളിതന്‍ നൈര്‍മല്യമെന്‍ മലയാളം....

അങ്ങു കിഴക്ക് ദിനകരന്‍ എത്തുമ്പോള്‍
ഉയരുന്ന വയല്‍ ശീലിലാണെന്‍ മലയാളം.....

കായലിന്നാഴപരപ്പിലെ ഓളത്തില്‍ വിരിഞ്ഞൊരാമ്പല്‍ അഴകാണെന്‍ മലയാളം.....

ഓര്‍ത്താലുമോര്‍ത്താലും മതിവരാ കൊതിയെന്റെ നാടിന്റെ സൗന്ദര്യമിതൊന്നു താന്‍ മലയാളം.......
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക