Image

കമല്‍റാം സജീവ്‌ മാതൃഭൂമിയില്‍ നിന്ന്‌ രാജിവെച്ചു

Published on 06 November, 2018
കമല്‍റാം സജീവ്‌ മാതൃഭൂമിയില്‍ നിന്ന്‌ രാജിവെച്ചു
കോഴിക്കോട്‌: സംഘപരിവാറിന്റെ സമ്മര്‍ദങ്ങള്‍ക്ക്‌ മാതൃഭൂമി വഴങ്ങുന്നതില്‍ പ്രതിഷേധിച്ച്‌ പ്രശസ്‌ത മാധ്യമ പ്രവര്‍ത്തകനും എഴുത്തുകാരനുമായ കമല്‍റാം സജീവ്‌ മാതൃഭൂമി ആഴ്‌ചപ്പതിപ്പില്‍നിന്ന്‌ രാജിവെച്ചു. മതേതര ഇന്ത്യ നീണാല്‍വാഴട്ടെ എന്ന സന്ദേശത്തോടെ, 15വര്‍ഷത്തെ മാതൃഭൂമിയിലെ തന്റെ സേവനങ്ങള്‍ അവസാനിക്കായാണെന്ന്‌ ട്വിറ്ററിലൂടെയാണ്‌ കമല്‍റാം അറിയിച്ചത്‌.

അതേസമയം മതേതര പത്രമായ മാതൃഭൂമിയെ സംഘപരിവാറിവിന്റെ സമ്മര്‍ദങ്ങള്‍ക്ക്‌ വഴങ്ങാന്‍ അനുവദിച്ചതില്‍ പ്രതിഷേധിച്ച്‌ മാധ്യമപ്രവര്‍ത്തകരുടെ രാജി മാതൃഭൂമിയില്‍നിന്ന്‌ തുടരുകയാണ്‌. നേരത്തെ ആഴ്‌ചപ്പതിപ്പിന്റെ പത്രാധിപ സമിതി അംഗമായ മനില സി മോഹനും ഇതേ കാരണത്താല്‍ രാജിവെച്ചിരുന്നു.

മാതൃഭൂമിയില്‍ സീനിയര്‍ ന്യൂസ്‌ എഡിറ്ററായ പ്രശസ്‌ത എഴുത്തുകാരന്‍ പി കെ രാജശേഖരനും ഇന്നലെ മാതൃഭൂമിയില്‍നിന്ന്‌ പടിയിറങ്ങിയിരുന്നു.കൂടുതല്‍ എഴുത്തിന്റെ മേഖലയില്‍ ശ്രദ്ധകേന്ദ്രീകരിക്കാനാണ്‌ താന്‍ രാജിവെച്ചതാണെന്നാണ്‌ രാജശേഖരന്‍ പറയുന്നതു. പക്ഷേ മാതൃഭൂമിയുടെ മാറിയ നിലപാടുകള്‍ രാജശേഖരനെയും വല്ലാതെ വ്രണപ്പെടുത്തിയെന്നതാണ്‌ ജീവനക്കാര്‍ പറയുന്നത്‌. അതിനിടെ സംഘിവത്‌ക്കരണത്തിനെതിരെ മാതൃഭൂമിയിലെ കൂടുതല്‍ ജീവനക്കാര്‍ പ്രതിഷേധവും രാജി ഭീഷണിയുമായി രംഗത്തെത്തിയിട്ടുണ്ട്‌.

സംഘപരിവാര്‍ സംഘടനകളേത്‌ അടക്കമുള്ള തുടര്‍ച്ചയായ സമ്മര്‍ദങ്ങളെ തുടര്‍ന്ന്‌ മാതൃഭൂമി ആഴ്‌ചപ്പതിപ്പിന്റെ എഡിറ്റര്‍ ഇന്‍ ചാര്‍ജ്‌ സ്ഥാനത്തുനിന്ന്‌ കമല്‍റാം സജീവിനെ മാറ്റി പകരം എഴുത്തുകാരന്‍ സുഭാഷ്‌ ചന്ദ്രനെ നിയമിക്കാന്‍ മാനേജ്‌മെന്റ്‌ കഴിഞ്ഞ ആഴ്‌ച തീരുമാനിച്ചിരുന്നു.

ഇതേതുടര്‍ന്നുള്ള പ്രശ്‌നങ്ങളാണ്‌ കൂട്ട രാജിയില്‍ കലാശിക്കുന്നത്‌. കമല്‍റാമിനെ മാറ്റിയതില്‍ എഴുത്തുകാരും സാംസ്‌കാരിക പ്രവര്‍ത്തകരും പ്രതിഷേധിച്ചിരുന്നു. കഴിഞ്ഞ എത്രയോ വര്‍ഷമായി സംഘപരിവാറിന്റെ നോട്ടപ്പുള്ളിയാണ്‌ കമല്‍റാം സജീവ്‌.പരിവാറിന്റെ നയവും രാഷ്ട്രീയവും നിരന്തമരമായി വിമര്‍ശിക്കുന്ന ഇദ്ദേഹത്തെ മാറ്റുക എന്നത്‌ ഇവരുടെ ദീര്‍ഘകാല ആവശ്യവുമായിരുന്നു.

മോഹന്‍ ഭാഗവതിന്‌ നേരിട്ട്‌ പേര്‌ അറിയാവുന്ന കേരളത്തിലെ മാധ്യമ പ്രവര്‍ത്തകരില്‍ അപൂര്‍വം ഒരാളാണ്‌ കമല്‍റാം എന്നാണ്‌ പലരും പറഞ്ഞിരുന്നത്‌.

മാതൃഭൂമി പത്രത്തിനകത്തെ സംഘപരിവാര്‍ സെല്ലായി പ്രവര്‍ത്തിക്കുന്ന ചില ജേര്‍ണലിസ്റ്റുകളാണ്‌ ഈ പ്രശ്‌നങ്ങള്‍ എല്ലാം ഉണ്ടാക്കിയതെന്ന്‌ ജീവനക്കാരില്‍ ഒരു വിഭാഗം ആരോപിക്കുന്നു. മീശ നോവലിലെ വിവാദ ഭാഗം ഇറങ്ങിഒരാഴ്‌ചയിലധികം കഴിഞ്ഞാണ്‌ അത്‌ വിവാദമാവുന്നത്‌. മാതൃഭൂമി പത്രത്തിന്റെ കോഴിക്കോട്‌ സെന്‍ട്രല്‍ ഡസ്‌ക്കിലെ ഏതാനും മുതിര്‍ന്ന പത്രപ്രവര്‍ത്തകര്‍ നോവലിലെ വിവാദ ഭാഗം മാത്രം അടര്‍ത്തിമാറ്റി ചില തീവ്ര ഹിന്ദുത്വ ഗ്രൂപ്പിലേക്ക്‌ വാട്‌സാപ്പ്‌ ചെയ്യുകയായിരുന്നു.

നോവല്‍ മൊത്തത്തില്‍ വായിക്കുമ്‌ബോള്‍ ഹിന്ദുക്കളെയും അമ്‌ബലങ്ങളെയും അപമാനിക്കാനുള്ള യാതൊരു അജണ്ടയും ഇതില്‍ ഇല്ലെന്ന്‌ വ്യക്തമാവും. ഈ പ്രശ്‌നം ഉണ്ടാക്കിയത്‌ മാതൃഭൂമി പത്രത്തിനകത്തെ ചിലരാണെന്ന്‌ കാണിച്ച്‌ കമല്‍റാം സജീവ്‌ മാനേജ്‌മെന്റിന്‌ പരാതി നല്‍കിയെങ്കിലും അതിലും യാതൊരു നടപടിയും ഉണ്ടായില്ല. ഇതെല്ലാം കണക്കിലെടുത്താണ്‌ ഇങ്ങനെ സമ്മര്‍ദത്തിന്‌ വഴങ്ങി ജോലിയില്‍ തുടരേണ്ടതില്ലെന്ന്‌ കമല്‍റാം തീരുമാനിക്കുന്നത്‌.

മലയാളം പത്രലോകത്തെ സംബന്ധിച്ചിടത്തോളം ഒട്ടു ആശാവഹമായ കാര്യങ്ങളല്ല അടുത്ത കാലങ്ങളിലായി നടക്കുന്നത്‌. പ്രളയം മൂലം കോടികള്‍ നഷ്ടമായ പത്രങ്ങള്‍ ഒരു വശത്ത്‌ പരസ്യക്കാരെ കിട്ടാതെ പാടുപെടുന്ന അവസ്ഥയാണുള്ളത്‌. മലയാള മനോരമയുടെ പരസ്യവരുമാനത്തില്‍ പോലും വലിയ ഇടിവാണ്‌ ഉണ്ടായിരിക്കുന്നത്‌.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക