Image

ശബരിമല നല്‍കുന്ന പാഠങ്ങള്‍ (കുരുവിള വര്‍ഗീസ്)

Published on 06 November, 2018
ശബരിമല നല്‍കുന്ന പാഠങ്ങള്‍ (കുരുവിള വര്‍ഗീസ്)
ശബരിമല പ്രശ്‌നത്തില്‍ അഭിപ്രായം പറയാന്‍ എനിക്കെന്തു കാര്യം? ശരിയാണ്, എനിക്കെന്തുകാര്യം? അതുകൊണ്ടുതന്നെയാണ് ഇതേവരെ മിണ്ടാതിരുന്നതും. പക്ഷേ ഒന്നുകൂടി ആലോചിച്ചപ്പോള്‍, എനിക്കുമില്ലേ അല്‍പ്പം കാര്യം? ആചാരങ്ങളും ആചാരലംഘനവുമൊക്കെയാണല്ലോ വിഷയം. കുമ്പസാരവും ഒരാചാരമാണല്ലോ? എന്തിന് ഫ്രാങ്കോയും ഒരു നൈഷ്ഠിക ബ്രഹ്മചാരിയാണല്ലോ? കുമ്പസാരം അനാവശ്യമാണ്, സ്ത്രീപീഡനത്തിനുള്ള മറയാണ്, നിയമമുപയോഗിച്ചാണെങ്കിലും അത് നിര്‍ത്തലാക്കണം എന്നൊക്കെ കേരളം ചര്‍ച്ച ചെയ്തിട്ട് ചില ആഴ്ച്ചകളല്ലേ ആയിട്ടുള്ളൂ? നമ്മുടെ സ്വന്തം ബ്രഹ്മചാരിമാര്‍ പത്തിനും അമ്പതിനും പുറത്തുള്ളവരെപ്പോലും വെറുതെ വിട്ടില്ല എന്നാണല്ലോ ചരിത്രം?

അപ്പോള്‍ ആചാരങ്ങളെയും ആചാരലംഘനങ്ങളെയും പറ്റി അഭിപ്രായം പറയാനുള്ള യോഗ്യത എനിക്കുമുണ്ടെന്നാണ് തോന്നുന്നത്. വെള്ളപ്പൊക്കത്തിന്റെ കെടുതിയില്‍ പെട്ട കുറെ സാധുക്കള്‍ക്ക് സഹായമെത്തിച്ചുകൊടുക്കുന്ന തിരക്കിലായതുകൊണ്ട് എഴുതാനുള്ള സമയവും സൗകര്യവും ഒത്തുവരുന്നില്ല എന്നൊരു കുഴപ്പമേയുള്ളൂ. വെള്ളപ്പൊക്കത്തെക്കാളും ബീഭത്സമായ ഒരു ദുരന്തമുഖത്താണ് ഇന്ന് കേരളം നില്‍ക്കുന്നത്. വര്‍ഗീയതയും പരസ്പര വിദ്വേഷവും ഭീഷണികളും അട്ടഹാസങ്ങളുമൊക്കെ ഇത്ര നഗ്‌നമായി നമ്മുടെ സമൂഹത്തില്‍ പത്തിവിടര്‍ത്തിയാടിയ ഒരു കാലമുണ്ടാവുമോ എന്ന് സംശയമാണ്.

ആചാരങ്ങളും അത്യാചാരങ്ങളും അനുഷ്ഠാനങ്ങളും വഴക്കങ്ങളും മര്യാദകളും കുലത്തൊഴില്‍ സമ്പ്രദായവും ജാതിവ്യവസ്ഥകളുമൊക്കെ ചേര്‍ന്ന് സങ്കീര്‍ണ്ണമായ ഒരു പൂര്‍വകാല പശ്ചാത്തലം കേരളത്തിനുണ്ട്. അവിടേക്കുള്ള ഒരു മടങ്ങിപ്പോക്കാണോ ഇതെന്ന് സംശയിക്കണം. ചരിത്രം ചാക്രിക (ഇ്യരഹശര) മായിട്ടാണല്ലോ സഞ്ചരിക്കുന്നത്?

ഏതുകാലഘട്ടത്തിലായാലും ഏതു സമൂഹത്തിലായാലും പശ്ചാത്തലമേതായാലും ആചാരങ്ങള്‍ക്കും അനുഷ്ഠാനങ്ങള്‍ക്കും പിന്നില്‍ ഒളിപ്പിച്ചുവച്ചിരിക്കുന്ന ഒരു അജണ്ടയുണ്ട്. അത് ചൂഷണത്തിന്റേതാണ്. പണ്ടത്തെ ജാത്യാചാരങ്ങളുടെ ലക്ഷ്യം കീഴ്ജാതിക്കാരാരും മനുഷ്യരല്ല, അവര്‍ വയലില്‍ പണിയുന്ന കാളയെയും പോത്തിനേയും പോലെ അദ്ധ്വാനിക്കുന്ന വെറും ശരീരങ്ങള്‍ മാത്രമാണ്, അതിന്മേലുള്ള സമ്പൂര്‍ണ്ണ അവകാശം മേല്‍ജാതിക്കാര്‍ക്കു മാത്രമാണ് എന്ന് വരുത്തിത്തീര്‍ക്കുകയായിരുന്നു. ഇന്നു വിവിധ മതവിഭാഗങ്ങളുടെ ആരാധനാലയങ്ങളിലും ചട്ടക്കൂടുകളിലും നിലനില്‍ക്കുന്ന ഒട്ടുമിക്ക ആചാരങ്ങളുടെ ധര്‍മ്മവും ഇതേ മേല്‍ക്കോയ്മ സ്ഥാപിച്ചെടുക്കലാണ്. അല്ലാതെ ദൈവവുമായോ ഭക്തിയുമായോ ഒന്നും അതിന് യാതൊരു ബന്ധവുമില്ല എന്നതാണ് സത്യം. അതുകൊണ്ടാണ് ശ്രീ സുനില്‍ പി ഇളയിടം ആവര്‍ത്തിച്ചു ചോദിക്കുന്നത്, “മതം ആചാരമാണോ അതോ മൂല്യമാണോ?” എന്ന്.

ഇത് വിശദീകരിക്കാന്‍ ബൈബിളില്‍ മനോഹരമായ ഒരു കഥ (ഉപമ) യുണ്ട്. നല്ല ശമര്യക്കാരന്റെ ഉപമ. ഈ കഥ അറിയാന്‍ ക്രിസ്ത്യാനിയാവണമെന്നില്ല, സഖാവ് വി എസ് അച്യുതാനന്ദന്‍ പോലും പ്രസംഗങ്ങളില്‍ ഏറ്റവും കൂടുതല്‍ ഉദ്ധരിക്കുന്നത് ദാസ് ക്യാപ്പിറ്റലോ കമ്യൂണിസ്റ്റ് മാനിഫെസ്‌റ്റോയോ അല്ല, ബൈബിളാണ്. അതുകൊണ്ട് ബൈബിളിലെ കഥയെപ്പറ്റി ഹ്രസ്വമായി ഇവിടെ പരാമര്‍ശിക്കുന്നത് അസ്ഥാനത്താവില്ല എന്നുതോന്നുന്നു.

ഈ കഥയിലെ മുറിവേറ്റുകിടക്കുന്ന മനുഷ്യനെ മറികടന്ന് ഒരു പുരോഹിതനും ഒരു ലേവ്യനും പോകുന്നുണ്ട്. പുരോഹിതന്‍ ദേവാലയത്തിലെ കാര്‍മ്മികനും ലേവ്യന്‍ ജന്മം കൊണ്ട് ദേവാലയത്തിലെ ശുശ്രൂഷകനുമാണ്. അവര്‍ മുറിവേറ്റവനെ സഹായിക്കാന്‍ കാത്തുനില്‍ക്കാതെ ധൃതിയില്‍ കടന്നുപോയത് ഒരുപക്ഷേ ദേവാലയത്തിലെ കര്‍മ്മങ്ങള്‍ (ആചാരങ്ങള്‍) ക്കു വിഘ്‌നം വരരുതെന്ന് കരുതിയിട്ടാവാം.

എന്നാല്‍ മുറിവേറ്റവനെ സഹായിക്കാന്‍ തയ്യാറായ ശമര്യക്കാരനു ആചാരങ്ങളുടെ ബന്ധനമൊന്നുമില്ലായിരുന്നു. മുറിവേറ്റുകിടക്കുന്നവനെ സഹായിക്കുന്നതിനേക്കാള്‍ അടിയന്തിരസ്വഭാവം മറ്റൊന്നിനുമില്ല എന്ന് വിശ്വസിക്കുന്നയാളായിരുന്നു അയാള്‍.

കഥയുടെ അവസാനം യേശു ചോദിക്കുന്നുണ്ട് “ഈ മൂവരില്‍ ആരാണ് നല്ല അയല്‍ക്കാരന്‍?” എന്ന്. ഹതഭാഗ്യനായ സഹജീവിയെ ദൈവത്തിലുമുപരിയായി സ്‌നേഹിച്ച സമരിയാക്കാരനാണ് “നല്ല അയല്‍ക്കാരന്‍” അയാളാണ് നിത്യജീവന് അവകാശിയാവുന്നത് എന്ന സന്ദേശമാണ് ഈ കഥ മുന്നോട്ടുവെക്കുന്നത്. അതായത് മനുഷ്യനേക്കാള്‍ വലുതല്ല ഒരാചാരവും എന്ന്.

മതം കേവലം ആചാരമോ, അതോ മൂല്യമോ?
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക