Image

സൗന്ദര്യവും അഭിനയത്തികവും ഒത്തിണങ്ങിയ മലയാള സിനിമയിലെ ആദ്യ സൂപ്പര്‍ നായിക - മിസ്സ് കുമാരി (റജി നന്തികാട്ട്)

Published on 07 November, 2018
സൗന്ദര്യവും അഭിനയത്തികവും ഒത്തിണങ്ങിയ മലയാള സിനിമയിലെ ആദ്യ സൂപ്പര്‍ നായിക - മിസ്സ് കുമാരി (റജി നന്തികാട്ട്)
മലയാള സിനിമയുടെ ആദ്യകാല നായികമാരില്‍ സൗന്ദ്യരം കൊണ്ടും അഭിനയ മികവ് കൊണ്ടും മലയാള ചലച്ചിത്ര പ്രേമികളുടെ ഹൃദയം കീഴടക്കിയ നടിയായിരുന്നു മിസ്സ് കുമാരി. കോട്ടയം ജില്ലയില്‍ ഭരണങ്ങാനത്ത് കൊല്ലപ്പറമ്പില്‍ തോമസ് ഏലിയാമ്മ ദമ്പതിമാരുടെ ഏഴു മക്കളില്‍ രണ്ടാമതായി 1932 ജൂണ്‍ ഒന്നിനായിരുന്നു പിന്നീട് മിസ്സ് കുമാരി എന്നറിയപ്പെട്ട ത്രേസ്യാമ്മ തോമസിന്റെ ജനനം. വിദ്യാഭാസത്തില്‍ മിടുക്കിയായ ത്രേസിയാമ്മ സ്കൂള്‍ ഫൈനല്‍ പാസ്സായശേഷം ആ സ്കൂളില്‍ തന്നെ അദ്ധ്യാപികയായി. ജോലിയില്‍ പ്രവേശിച്ചു. അന്നൊക്കെ സ്കൂള്‍ നാടകങ്ങളില്‍ അഭിനയിക്കുമായിരുന്നു.

വീട്ടില്‍ വല്യപ്പന്‍ വലിയ നാടകക്കമ്പക്കാരനായിരുന്നു. വല്യപ്പന്റെ സുഹൃത്തായിരുന്നു അക്കാലത്തെ പ്രമുഖ നാടകനടന്‍ സെബാസ്റ്റ്യന്‍ കുഞ്ഞു കുഞ്ഞു ഭാഗവതര്‍. ഒരു ദിവസം അദ്ദേഹം വല്യപ്പന്റെ അതിഥിയായി വീട്ടില്‍ വന്നു. ത്രേസ്യാമ്മയെ കണ്ടപ്പോള്‍ ചോദിച്ചു " ത്രേസ്യാമ്മെ നിനക്ക് സിനിമയില്‍ അഭിനയിക്കാമോ?. ഉദയായുടെ അടുത്ത ചിത്രത്തിന്റെ ഷൂട്ടിംഗ് ആരംഭിക്കാന്‍ പോകുകയാണ് ." ഭാഗവതരുടെ വാക്ക് കേട്ട് താല്‍പ്പര്യം തോന്നിയപ്പോള്‍ വല്യപ്പനെയും കൂട്ടി ആലപ്പുഴയില്‍ ഉദയ സ്റ്റുഡിയോയില്‍ പോയി. അന്ന് വെള്ളിനക്ഷത്രം എന്ന സിനിമയുടെ ഷൂട്ടിംഗ് തുടങ്ങിയ ദിവസം ആയിരുന്നു. അതില്‍ കാര്യമായ റോള്‍ കിട്ടിയില്ല ഒരു നൃത്ത രംഗത്ത് മാത്രം അഭിനയിച്ചു. എന്നാല്‍ ഉദയായുടെ രണ്ടാമത്തെ ചിത്രമായ നല്ല തങ്കയില്‍ സെബാസ്റ്റ്യന്‍ കുഞ്ഞു കുഞ്ഞു ഭാഗവതരുടെ നായികയായി. ചിത്രത്തിന്റെ നിര്‍മാതാക്കളില്‍ ഒരാളായ കെ. വി. കോശി ത്രേസ്യാമ്മ എന്ന പേര് മാറ്റി മിസ്സ് കുമാരി എന്നാക്കി. നല്ല തങ്കയുടെ റിലീസോടുകൂടി മലയാള സിനിമയില്‍ തിരക്കുള്ള നായികമാരില്‍ ഒരാളായി മിസ്സ് കുമാരി വളര്‍ന്നു.1950 ല്‍ നല്ല തങ്കയ്കു ശേഷം രണ്ടു സിനിമകളിലും കൂടി നായികയായി മിസ്സ് കുമാരി അഭിനയിച്ചു യാചകിയും നവലോകവും. ഇതില്‍ യാചകി പരാജയം ആയിരുന്നെങ്കിലും വി.കൃഷ്ണന്‍ സംവിധാനം ചെയ്ത നവലോകം വന്‍ വിജയം ആയിരുന്നു. ഈ ചിത്രത്തില്‍ നായകന്‍ തിക്കുറിശ്ശി സുകുമാരന്‍ നായര്‍ ആയിരുന്നു.

1953 ല്‍ മിസ്സ് കുമാരിയുടേതായ അല്‍ഫോന്‍സ, ആത്മസഖി,ആത്മശാന്തി എന്നീ മൂന്ന് ചിത്രങ്ങള്‍ പുറത്തു വന്നു.ഇതില്‍ ആത്മസഖിയായിരുന്നു മലയാള സിനിമയിലെ പ്രമുഖ നിര്‍മ്മാതാക്കളായ നീല പ്രൊഡക്ഷന്റെ ആദ്യ ചിത്രം. സംവിധായകന്‍ പി. സുബ്രഹ്മണ്യവും നായകന്‍ സത്യനും ആയിരുന്നു. സത്യന്റെ റിലീസ് ചെയയപ്പെട്ട ആദ്യ ചിത്രവും ആത്മസഖിയായിരുന്നു.1953 ല്‍ തന്നെ തിക്കുറിശ്ശി സുകുമാരന്‍ നായര്‍ നിര്‍മ്മിക്കുകയും സംവിധാനം ചെയ്യുകയും ചെയ്ത ശരിയോ തെറ്റോ എന്ന ചിത്രവും റിലീസ് ചെയ്തു. നായകന്‍ തിക്കുറിശ്ശി സുകുമാരന്‍ നായര്‍ ആയിരുന്നു. ചിത്രം വലിയ വിജയമായിരുന്നു. പിന്നീട് തുടരെ ചിത്രങ്ങളില്‍ അഭിനയിച്ച മിസ്സ് കുമാരി മലയാള സിനിമയുടെ ഒന്നാംനിര നായികയായി വളര്‍ന്നു. 1954 ല്‍ സത്യനോടൊപ്പം അഭിനയിച്ച നീലക്കുയില്‍ മലയാള സിനിമാ ചരിത്രത്തിലെ തന്നെ മികച്ച ചിത്രങ്ങളില്‍ ഒന്നാണ്. ആ ചിത്രത്തോടെ സത്യന്‍ മിസ്സ് കുമാരി ജോഡി മലയാള സിനിമയിലെ ഏറ്റവും മൂല്യമുള്ള താര ജോഡിയായി മാറി.1949 മുതല്‍ 1961 വരെയുള്ള കാലഘട്ടത്തില്‍ വളരെ കുറച്ചു മാത്രം സിനിമകള്‍ റിലീസ് ചെയ്തരിരുന്ന മലയാള സിനിമയുടെ ആരംഭകാലത്തു 50 സിനിമകളില്‍ അഭിനയിച്ചു എന്നത് തന്നെ മലയാള സിനിമയില്‍ മിസ്സ് കുമാരിയുടെ സ്ഥാനം വെളിവാക്കുന്നു.

സിനിമയില്‍ പ്രശസ്തിയുടെ കൊടുമുടിയില്‍ നില്‍ക്കുമ്പോള്‍ 1962 ല്‍ ആയിരുന്നു വിവാഹം FACT യില്‍ എഞ്ചിനീയര്‍ ആയിരുന്ന ഹോര്‍മിസ് തളിയത്ത് ആയിരുന്നു ഭര്‍ത്താവ്. വിവാഹാനന്തരം ഭര്‍തൃവീട്ടുകാരുടെ എതിര്‍പ്പിനെ തുടര്‍ന്ന് അഭിനയം തുടരാന്‍ സാധിച്ചില്ല. പതുക്കെ പതുക്കെ സിനിമയുടെ വെള്ളി വെളിച്ചത്തില്‍ നിന്നും വീടിന്റെ നാല് ചുമരുകള്‍ക്കുള്ളിലേക്ക് മിസ്സ് കുമാരിയുടെ ജീവിതം ചുരുങ്ങി.

മിസ്സ് കുമാരി പങ്കെടുത്ത അവസാനത്തെ പൊതു ചടങ്ങ് എറണാകുളം മഹാരാജാസ് കോളേജില്‍ 1967 ല്‍ നടന്ന ചടങ്ങാണ്. അന്ന് എസ്. ജമാല്‍ , പി. ബി. ശ്രീനിവാസ് എന്നീ ഗായകരോടൊപ്പം മിസ്സ് കുമാരിയും പങ്കെടുത്തു. ചടങ്ങിന്റെ സംഘാടകരില്‍ ഒരാളായി മുന്‍ എംപി സെബാസ്റ്റ്യന്‍ പോളും ഉണ്ടായിരുന്നു. ഗംഭീരമായ ഒരു ചടങ്ങായിരുന്നെങ്കിലും ചടങ്ങില്‍ ഉടനീളം മിസ്സ് കുമാരി വളരെ നിരാശഭാവത്തിലായിരുന്നു.

മിസ്സ് കുമാരിയുടെ അവസാനത്തെ രണ്ടു വര്‍ഷം വളരെ ദുരിത പൂര്‍ണമായിരുന്നു. ഈ കാലത്ത് പ്രമുഖനായ ഒരു നിര്‍മാതാവ് തന്റെ പടത്തില്‍ മിസ്സ് കുമാരിയെ അഭിനയിപ്പിക്കാന്‍ ഒരു ശ്രമം നടത്തി മിസ്സ് കുമാരിക്ക് ആഗ്രഹം ഉണ്ടയിരുന്നുവെങ്കിലും വീട്ടുകാരുടെ കഠിനമായ എതിര്‍പ്പിനെ തുടര്‍ന്ന് ആ ശ്രമം വിജയിച്ചില്ല.

1969 ജൂണ്‍ പത്തിന് മലയാളി ഉണര്‍ന്നത് തങ്ങളുടെ പ്രിയ താരം മിസ്സ് കുമാരി അന്തരിച്ചു എന്ന വാര്‍ത്ത കേട്ടാണ് . പത്രങ്ങളുടെയെല്ലാം തലക്കെട്ട് മിസ്സ് കുമാരിയുടെ മരണം ആയിരുന്നു. പക്ഷെ വിശദമായി ഒന്നുമില്ല. വയറുവേദനയെ തുടര്‍ന്ന് മിസ്സ് കുമാരിയെ ഉദ്യോഗമണ്ഡലിലുള്ള ജവഹര്‍ലാല്‍ നെഹ്‌റു ഹോസ്പിറ്റലില്‍ പ്രവേശിപ്പിക്കുകയും അവിടെ വച്ച് മരണം സംഭിവിക്കുകയും ആയിരുന്നു. സംസ്കാരം ഭരണങ്ങാനത്ത് നടന്നു. ഇതായിരുന്നു വാര്‍ത്ത . സിനിമാലോകത്ത് വളരെയധികം ചര്‍ച്ച ചെയ്യപ്പെട്ടു മിസ്സ് കുമാരിയുടെ മരണം. മിസ്സ് കുമാരയുടെ വീട്ടുകാര്‍ കൂടുതല്‍ താല്പര്യം പ്രകടിപ്പിക്കാഞ്ഞത് കൊണ്ട് കൂടുതലായി അന്വേഷണം ഒന്നും നടന്നില്ല. എങ്കിലും ഇന്നും മിസ്സ് കുമാരിയുടെ മരണത്തില്‍ ദുരൂഹത ഉള്ളതായി പഴയ തലമുറയില്‍പ്പെട്ട ആളുകള്‍ വിശ്വസിക്കുന്നു.

മിസ്സ് കുമാരിയുടെ മരണത്തിനു ശേഷം 3 കുട്ടികളെയും മിസ്സ് കുമാരിയുടെ വീട്ടുകാര്‍ ഭരണങ്ങാനത്ത് കൊണ്ടുവന്നു. കുട്ടികളായ ജോണിയും തോമസും ബാബുവും പഠിച്ചത് ഭരണങ്ങാനത്താണ് . ജോണിയാണ് കുടുബ വീട്ടില്‍ താമസിക്കുന്നത്. തോമസ് കാലിഫോര്‍ണിയായില്‍ എഞ്ചിനീയാറാണ്. ബാബു തളിയത്ത് അറിയപ്പെടുന്ന വിദ്യാഭാസ വിചക്ഷണന്‍ ആണ്.
.
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക