Image

ധാര്‍മ്മികതയെ സംരക്ഷിക്കാന്‍ ഇന്ത്യയില്‍ സമഗ്ര നിയമങ്ങള്‍ വേണം: ആര്‍. ഐ. സി. സി. സെമിനാര്‍

Published on 08 November, 2018
ധാര്‍മ്മികതയെ സംരക്ഷിക്കാന്‍ ഇന്ത്യയില്‍ സമഗ്ര നിയമങ്ങള്‍ വേണം: ആര്‍. ഐ. സി. സി. സെമിനാര്‍
റിയാദ്:  ഇന്ത്യന്‍ സമൂഹം വളരെ അറപ്പോടെ നോക്കിക്കാണുന്ന സ്വവര്‍ഗ്ഗ രതി, വിവാഹേതര ലൈംഗിക ലൈംഗിക ബന്ധം തുടങ്ങിയ അധാര്‍മ്മികവും മ്ലേച്ഛവുമായ വൈകൃതങ്ങള്‍ക്ക് കോടതികളിലൂടെ നിയമപരിരക്ഷ ലഭിക്കുന്ന സാഹചര്യത്തില്‍ അവക്കെതിരെ സമഗ്ര നിയമങ്ങള്‍ ആവിഷ്‌കരിക്കാന്‍ രാഷ്ട്രീയ നേതൃത്വങ്ങളും ജനപ്രതിനിധികളും തയ്യാറാവണമെന്ന് ആര്‍. ഐ. സി. സി. സംഘടിപ്പിച്ച സാമൂഹിക സെമിനാര്‍ അഭിപ്രായപ്പെട്ടു. 'ഭരണഘടന; വിശ്വാസം; ജുഡീഷ്യറി; ധാര്‍മ്മികത'  എന്ന വിഷയത്തില്‍ നടന്ന സെമിനാറില്‍ ആര്‍. ഐ. സി. സി. ചെയര്‍മാന്‍ സുഫ്‌യാന്‍ അബ്ദുസ്സലാം മോഡറേറ്റര്‍ ആയിരുന്നു. 

വിശ്വാസകാര്യങ്ങളില്‍ കോടതികള്‍ ഇടപെടുന്നത് ഭരണഘടന നല്‍കുന്ന മൗലികാവകാശങ്ങള്‍ക്ക് എതിരാണെന്നും ഓരോ മത വിഭാഗത്തിന്റെയും പ്രമാണങ്ങള്‍ പരിഗണിച്ചുകൊണ്ടാണ് ഇത്തരം വിഷയങ്ങളില്‍ കോടതികള്‍ വിധികള്‍ പറയേണ്ടതെന്നും പ്രമുഖ മാധ്യമ പ്രവര്‍ത്തകന്‍ ജയന്‍ കൊടുങ്ങല്ലൂര്‍ അഭിപ്രായപ്പെട്ടു.  ശബരിമല വിഷയത്തില്‍ സംഘപരിവാര്‍ ശക്തികള്‍ വര്‍ഗ്ഗീയത ഇളക്കിവിട്ട് കലാപം സൃഷ്ടിക്കാന്‍ ശ്രമിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.  

മുസ്ലിം സ്ത്രീകളുടെ വിവാഹമോചനവുമായി ബന്ധപ്പെട്ട ഷാബാനുബീഗം കേസില്‍ മതവിശ്വാസികളുടെ വികാരത്തെ ഉള്‍ക്കൊണ്ടും സ്ത്രീകളുടെ സംരക്ഷണം ഉറപ്പാക്കിയും ശക്തമായ നിയമം ആവിഷ്‌കരിച്ചുകൊണ്ടാണ് രാജീവ് ഗാന്ധിയുടെ നേതൃത്വത്തില്‍ ഇന്ത്യന്‍ പാര്‍ലമെന്റ് പ്രശ്‌നത്തില്‍ ഇടപെട്ടതെന്നും അത്തരം മാതൃകകളാണ് ഇന്നും അവലംബിക്കേണ്ടതെന്നും ഇസ്‌ലാഹി സെന്റര്‍ പ്രതിനിധി  അഡ്വ: ജലീല്‍ കിണാശ്ശേരി അഭിപ്രായപ്പെട്ടു. 

സുപ്രീം കോടതിയില്‍ നിന്നും ഇപ്പോള്‍ പുറത്തുവന്നുകൊണ്ടിരിക്കുന്ന വിധികള്‍ പലതും ഇന്ത്യന്‍ സമൂഹത്തെ ആശ്ചര്യപ്പെടുത്തുന്നതാണെന്നും പൗരാവകാശം, ലംഗസമത്വം എന്നിവയുടെ പേര് പറഞ്ഞു ധാര്‍മികതയെ പടിക്കു പുറത്ത് നിര്‍ത്തി നിയമങ്ങളെ വ്യാഖ്യാനിക്കുന്ന രീതിയാണ് ചില ന്യായാധിപന്മാര്‍ സ്വീകരിക്കുന്നതെന്നും കെ. എം. സി. സി. നേതാവ് സത്താര്‍ താമരത്ത് പറഞ്ഞു.  രാജ്യത്ത് വലിയ അരാജകത്വം സൃഷ്ടിക്കുന്ന ഇത്തരം പ്രവണതകളെ തടയിടാനുള്ള ബാധ്യത രാജ്യത്തെ മത രാഷ്ട്രീയ സാംസ്‌കാരിക നായകന്മാര്‍ക്കുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 

ഇന്ത്യയുടെ ഏറ്റവും വലിയ സവിശേഷത സാംസ്‌കാരിക വൈവിധ്യമാണെന്നിരിക്കെ രാജ്യത്ത് ഏക സിവില്‍ കോഡ് നടപ്പാക്കണമെന്ന വാദം മൗഢ്യമാണെന്നും അതിനു വേണ്ടി മുറവിളി കൂട്ടിയിരുന്നവര്‍ക്ക് അത് ബോധ്യപ്പെടാന്‍ ശബരിമല വിധി വേണ്ടിവന്നു എന്നും നജിം കൊച്ചുകലുങ്ക് അഭിപ്രായപ്പെട്ടു.  

ധാര്‍മ്മികതക്കെതിരെ നടക്കുന്ന നിയമ ദുര്‍വ്യാഖ്യാനങ്ങളെ അതീവ ജാഗ്രതയോടെയാണ് വിശ്വാസി സമൂഹം കാണേണ്ടതെന്നും അധാര്‍മ്മികതക്കെതിരെ ശക്തമായ ബോധവല്‍ക്കരം നടത്തി വ്യക്തി വിശുദ്ധിയും കുടുംബ ഭദ്രതയും സാമൂഹിക സുരക്ഷയും ഉറപ്പാക്കാന്‍ മതവിശ്വാസികള്‍ക്ക് ബാധ്യതയുണ്ടെന്നും നിച്ച് ഓഫ് ട്രൂത്ത് ചെയര്‍മാന്‍ ഇഖ്ബാല്‍ കൊല്ലം പറഞ്ഞു. ഉബൈദ് എടവണ്ണ, സുഹൈര്‍ ചുങ്കത്തറ, കെ. ഇമ്പിച്ചിക്കോയ ദമ്മാം എന്നിവര്‍ സംബന്ധിച്ചു. നബീല്‍ പയ്യോളി ആമുഖ ഭക്ഷണം നടത്തി.  യാസര്‍ അറഫാത്ത് നന്ദി പറഞ്ഞു. 

ധാര്‍മ്മികതയെ സംരക്ഷിക്കാന്‍ ഇന്ത്യയില്‍ സമഗ്ര നിയമങ്ങള്‍ വേണം: ആര്‍. ഐ. സി. സി. സെമിനാര്‍
Join WhatsApp News
മലയാളത്തില്‍ ടൈപ്പ് ചെയ്യാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക